2017 ഫെബ്രുവരി 12, ഞായറാഴ്‌ച

ടൂറിസ്‌റ്റായെത്തി രണ്ട്‌ കേരളീയര്‍ക്ക്‌ പുതുജീവനേകി ബംഗാളി സ്‌ത്രീ യാത്രയായി




കൊച്ചി: പശ്ചിമ ബംഗാളില്‍ നിന്നും കേരളം കാണാനെത്തി കൊച്ചിയില്‍ വെച്ച്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച 55 കാരി രണ്ട്‌ മലയാളികള്‍ക്ക്‌ പുതുജീവന്‍ നല്‍കി യാത്രയായി. കൊച്ചിയിലെ വിപിഎസ്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ വെച്ച്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച കൊല്‍ക്കത്തയിലെ ബെഹാല സ്വദേശി കജോരി ബോസിന്റെ ഇരു വൃക്കകളുമാണ്‌ രണ്ട്‌ പേരിലേക്ക്‌ മാറ്റിവെച്ചത്‌. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഫിലിപ്‌ ടി.എ (55), എറണാകുളം മുളവൂര്‍ സ്വദേശി മക്കാര്‍ ടി.എം എന്നിവരിലേക്കാണ്‌ വൃക്കകള്‍ മാറ്റിവെച്ചത്‌. കേരള സര്‍ക്കാരിന്റെ അവയവദാന ശൃംഖലയായ മൃതസഞ്‌ജീവനിയില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്‌തവരില്‍ നിന്നാണ്‌ സ്വീകര്‍ത്താക്കളെ തെരഞ്ഞെടുത്തത്‌.

കുടുംബസമേതം കേരളത്തിലെത്തിയ കജോരി ബോസ്‌ ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടില്‍ വച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന്‌ ആലപ്പുഴ തത്തമ്പിള്ളിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച അവരെ പിന്നീട്‌ വിപിഎസ്‌ ലേക്‌ ഷോറിലെത്തിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അവരുടെ ഭര്‍ത്താവ്‌ അവയവദാനത്തിന്‌ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ്‌ അവയവമാറ്റ ശസ്‌ത്രക്രിയ നടന്നത്‌. വിപിഎസ്‌ ലേക്‌ ഷോറിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ ഡയറക്ടര്‍ ഡോ. എച്ച്‌. രമേഷ്‌, ഡോ. അഭിഷേക്‌ യാദവ്‌, ഡോ. മഹേഷ്‌ എസ്‌, ഡോ. ജോര്‍ജ്‌ പി. എബ്രഹാം, ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ്‌ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ്‌ ശസ്‌ത്രക്രിയകള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. 

രണ്ട്‌ പേര്‍ക്ക്‌ ജീവന്‍ നല്‍കുന്നതോടൊപ്പം അതിലൂടെ ഭാര്യയുടെ ഓര്‍മ നിലനിര്‍ത്താമെന്നതു കൊണ്ടാണ്‌ വൃക്കകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന്‌ കജോരി ബോസിന്റെ ഭര്‍ത്താവ്‌ ദേവിപ്രസാദ്‌ ബോസ്‌ പറഞ്ഞു. `ഞങ്ങളുടെ നാട്ടില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ചു കഴിഞ്ഞാല്‍ സാധാരണയായി ആളുകള്‍ അവയവങ്ങള്‍ ദാനം ചെയ്യുകയാണ്‌ പതിവ്‌. ഞങ്ങളുടെ ഈ തീരുമാനം ലോകത്തിന്റെ ഏത്‌ ഭാഗത്ത്‌ വെച്ച്‌ മരണം സംഭവിച്ചാലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആളുകള്‍ക്ക്‌ പ്രചോദകമാകുമെന്ന്‌ കരുതുന്നു,` അദ്ദേഹം പറഞ്ഞു. 

കജോരി ബോസിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ എംബാം ചെയ്‌തതിന്‌ ശേഷം വിമാനമാര്‍ഗം സ്വദേശത്തേക്ക്‌ കൊണ്ടുപോയി. 


ആത്മവിശ്വാസവും അര്‍പ്പണബോധവും രണ്ട്‌ പിഞ്ചോമനകള്‍ക്ക്‌ പുതുജീവനായി.




കൊച്ചി: ആത്മവിശ്വാസവും അര്‍പ്പണബോധവും പരസ്‌പരം കൈകോര്‍ത്തുപിടിച്ചു പൊരുതിയപ്പോള്‍ അത്‌ രണ്ട്‌ പിഞ്ചോമനകള്‍ക്ക്‌ പുതുജീവനായി. കാസര്‍ഗോഡ്‌ സ്വദേശികളായ രതീഷിന്റെയും സരിതയുടെയും മകനായ 6 മാസം പ്രായമുള്ള അഖില്‍, വയനാട്‌ സ്വദേശികളായ സജിത്‌ കുമാറിന്റെയും, ധന്യയുടെയും മകനായ മൂന്നു മാസം മാത്രം പ്രായമുള്ള ശിവനന്ദ്‌ എന്നിവരാണ്‌ ജീവിതം തിരികെ പിടിച്ച്‌ ലിസി ആശുപത്രിയില്‍ നിന്നും ഒരേ ദിവസം പടിയിറങ്ങിയത്‌. 
10 ദിവസങ്ങള്‍ക്ക്‌ മുന്‍പാണ്‌ ലിസി ആശുപത്രിയിലെ പീഡിയാട്രിക്‌ കാര്‍ഡിയാക്‌ സര്‍ജന്‍ ഡോ. തോമസ്‌ മാത്യുവിന്റെ ഫോണിലേക്ക്‌ തിരുവനന്തപുരത്തു നിന്നും ഒരു സന്ദേശമെത്തിയത്‌. അവിടെ ഒരു പ്രമുഖ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ പിതാവിന്റേതായിരുന്നു ആ സന്ദേശം. ജന്മനാതന്നെ കടുത്ത ഹൃദ്രോഗ ബാധിതനായിരുന്നു അഖില്‍. ചികിത്സക്കായി വിവിധ ആശുപത്രികളില്‍ കയറിയിറങ്ങി അവസാനം തിരുവനന്തപുരത്ത്‌ എത്തുകയായിരുന്നു. രക്തം പമ്പു ചെയ്യുന്ന പ്രധാന അറകളിലേക്കുള്ള രണ്ട്‌ വാല്‍വുകള്‍ ഒരുമിച്ച്‌ ചേര്‍ന്ന്‌ ഒറ്റ വാല്‍വായിരിക്കുന്ന അവസ്ഥയായിരുന്നു കുട്ടിക്കുണ്ടായിരുന്നത്‌. കൂടാതെ ഹൃദയത്തിന്റെ രണ്ട്‌ ഭിത്തികളിലും സുഷിരവും ഉണ്ടായിരുന്നു. ഇതെല്ലാം മൂലമുണ്ടായ അധിക രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന്‌ വലതു ശ്വാസകോശത്തിന്‌ ന്യുമോണിയ ബാധിക്കുകയും കുട്ടിയെ വെന്റിലേറ്ററിലേക്ക്‌ മാറ്റുകയും ചെയ്‌തിരുന്നു. ഒരു സുഹൃത്തില്‍ നിന്നും ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചാണ്‌ ഡോക്‌ടറെ അഖിലിന്റെ പിതാവ്‌ വിളിച്ചത്‌. ആ ഫോണ്‍വിളിയോട്‌ വളരെ വേഗം പ്രതികരിച്ച അദ്ദേഹം ഉടന്‍തന്നെ ചികിത്സ നടത്തുന്ന ആശുപത്രിയുമായി ബന്ധപ്പെടുകയും തന്റെ മെഡിക്കല്‍ സംഘത്തോടൊപ്പം തിരുവനന്തപുരത്തേക്ക്‌ തിരിക്കുകയും ചെയ്‌തു. പുലര്‍ച്ചെ അവിടെ എത്തിയ അവര്‍ വൈകാതെതന്നെ കുട്ടിയുമായി കൊച്ചിയിലേക്ക്‌ മടങ്ങി. അത്യാസന്ന നിലയിലായിരുന്ന കുട്ടിയേയും കൊണ്ട്‌ ഇത്ര ദൂരത്തേക്കുള്ള യാത്ര അത്യന്തം ശ്രമകരമായ ഒന്നായിരുന്നു. കേവലം മൂന്നുമണിക്കൂര്‍ കൊണ്ട്‌ അവര്‍ ലിസി ആശുപത്രിയില്‍ എത്തിച്ചേരുകയും അന്നുതന്നെ കുട്ടിയെ ഹൃദയം തുറന്നുള്ള ശസ്‌ത്രക്രിയക്ക്‌ വിധേയനാക്കുകയും ചെയ്‌തു.
സമാനമായ രീതിയില്‍ തൊട്ടടുത്ത ദിവസം പീഡിയാട്രിക്‌ കാര്‍ഡിയോളജിസ്റ്റ്‌ ഡോ. എഡ്‌വിന്‍ ഫ്രാന്‍സീസിന്റെ നേതൃത്വത്തില്‍ ശിവനന്ദ്‌ എന്ന മൂന്നുമാസം പ്രായമുള്ള കുട്ടികയേയും ക്രിട്ടിക്കല്‍ കെയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തുനിന്നും ലിസി ആശുപത്രിയില്‍ എത്തിച്ച്‌ ഹൃദയ ശസ്‌ത്രക്രിയ നടത്തുകയുണ്ടായി. ഡോ. സി. സുബ്രഹ്മണ്യന്‍, ഡോ. അനു 
ജോസ്‌ എന്നിവരും ശസ്‌ത്രക്രിയയിലും തുടര്‍ ചികിത്സയിലും പങ്കാളികളായിരുന്നു.
വിജയകരമായ ശസ്‌ത്രക്രിയക്കും ആശുപത്രിവാസത്തിനും ശേഷം രണ്ടുകുട്ടികളേയും ആശുപത്രിയില്‍ നിന്നും ഒരേ ദിവസം തന്നെ ഡിസ്‌ചാര്‍ജ്ജ്‌ ചെയ്‌തു. ആശുപത്രി ഡയറക്‌ടര്‍ ഫാ. തോമസ്‌ വൈക്കത്തുപറമ്പില്‍, ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ്ബ്‌ എബ്രഹാം എന്നിവരും കുട്ടികളെ യാത്രയാക്കാന്‍ എത്തിയിരുന്നു. 
രണ്ടു കുട്ടികളുടേയും കുടുംബങ്ങള്‍ സാമ്പത്തികമായി വളരെയധികം പിന്നാക്കാവസ്ഥയിലുള്ളതാണ്‌. ഡോ. വര്‍ഗീസ്‌ മൂലന്‍സ്‌ ഫൗണ്ടേഷനുമായും, ദുബായിലുള്ള മോര്‍ ഇഗ്നേഷ്യസ്‌ യാക്കോബൈറ്റ്‌ സിറിയന്‍ കത്തീഡ്രലുമായും സഹകരിച്ച്‌ പൂര്‍ണ്ണമായും സൗജന്യമായിട്ടാണ്‌ രണ്ടു ശസ്‌ത്രക്രിയകളും ലിസി ആശുപത്രിയില്‍ നടത്തിയത്‌. ജന്മനാതന്നെ ഹൃദ്രോഗം ബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക്‌ സൗജന്യമായി ശസ്‌ത്രക്രിയ നടത്തുവാന്‍ ലിസി ആശുപത്രിയില്‍ പ്രത്യേക പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നു ഫാ. തോമസ്‌ വൈക്കത്തുപറമ്പില്‍ പറഞ്ഞു.


2017 ഫെബ്രുവരി 8, ബുധനാഴ്‌ച

വൈ.എം.സി.എ. മുത്തൂറ്റ്‌ ചേഞ്ച്‌ ഏജന്‍റ്‌ 2016 സമാപിച്ചു


എറണാകുളം വൈഎംസിഎയുടെയും മുത്തൂറ്റ്‌ ഫിനാന്‍സിന്റെയും നേതൃത്വത്തില്‍ നടന്ന ചേഞ്ച്‌ ഏജന്റ്‌ 2016 സമാപന സമ്മേളനം �സാറ്റ്‌ വൈസ്‌ ചാന്‍സലര്‍ ഡോ. ജെ. ലത ഉദ്‌ഘാടനം ചെയ്യുന്നു. ജോണ്‍ ലൂക്കോസ്‌, കെ പി പോള്‍സണ്‍, ബാബുജോണ്‍ മലയില്‍, പി ജെ �ര്യച്ചന്‍, ജോര്‍ജ്‌ എം ജേക്കബ്‌, സജി എബ്രഹാം, എന്‍ വി എല്‍ദോ എന്നിവര്‍ സമീപം

എറണാകുളം: വൈ.എം.സി.എ.യുടെയും മുത്തൂറ്റ്‌ ഫിനാന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന ചേഞ്ച്‌ ഏജന്റ്‌ 2016 പദ്ധതി സമാപിച്ചു. കുസാറ്റ്‌ വൈസ്‌ ചാന്‍സലര്‍ ഡോ. ജെ. ലത ഉത്‌ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ചേഞ്ച്‌ ഏജന്റു്‌മാരായി തിരഞ്ഞെടുത്ത 250 കുട്ടികളെ ആദരിച്ചു. കഴിഞ്ഞ 2 വര്‍ഷത്തോളം 31 ഗവണ്മെന്റ്‌ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ തീവ്രപരിശീലനത്തിലൂടെ വ്യക്തിത്വ വികാസനത്തിനും സ്വഭാവരൂപീകരണത്തിനും ഉതകുന്ന രീതിയില്‍ ആദ്യഘട്ടത്തില്‍ 10000 വിദ്യാര്‍ത്ഥികള്‍ക്ക്‌ വിദഗ്‌ധപരിശീലനം നല്‍കി. 

യുവാക്കളുടെ ഇടയില്‍ ചേഞ്ച്‌ ഏജന്റുമാരായി പ്രവര്‍ത്തിച്ച അവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി മാറ്റാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെയാണ്‌ തിരഞ്ഞെടുക്കപ്പെട്ട 250 ചേഞ്ച്‌ ഏജന്റുമാര്‍ക്ക്‌ ശാസ്‌ത്രീയമായ രീതിയില്‍ വിവിധ വിഷയങ്ങളെ അധികരിച്ചു വിദഗ്‌ധ പരിശീലനം നല്‍കിയത്‌. മുത്തൂറ്റ്‌ ഫിനാന്‍സ്‌ ഡയറക്ടര്‍ ജോര്‍ജ്‌. എം. ജേക്കബ്‌ മുഖ്യ അതിഥിയായിരുന്നു. വൈ.എം.സി.എ. പ്രസിഡന്‍റ്‌ പി.ജെ. കുര്യാച്ചന്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ ജോണ്‍ ലൂക്കോസ്‌, കെ.പി. പോള്‍സണ്‍, വി. കെ. വര്‍ഗീസ്‌, ബാബുജോണ്‍ മലയില്‍, നിതിന്‍ തോമസ്‌, വിപിന്‍ ചന്ദ്ര, എന്‍.വി. എല്‍ദോ, സജി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. വരും വര്‍ഷങ്ങളിലും ഈ പ്രൊജക്‌റ്റ്‌ തുടരും എന്ന്‌ സംഘടകര്‍ അറിയിച്ചു.




കലയോട് ഭരണകൂടങ്ങള്‍ പുലര്‍ത്തുന്നത് അവഗണന: റിയാസ് കോമു




കൊച്ചി: അരനൂറ്റാണ്ടായി രാജ്യത്തെ കലാകാരന്മാര്‍ സൃഷ്ടിച്ച ക്രിയാശീലത്തിന്റെ  പാരമ്പര്യമാണ് കൊച്ചി ബിനാലെയ്ക്കുള്ളതെന്ന് പ്രശസ്ത ആര്‍ട്ടിസ്റ്റും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറിയുമായ റിയാസ് കോമു പറഞ്ഞു. ക്യൂറേറ്റിംഗ് അണ്ടര്‍ പ്രഷര്‍ എന്ന വിഷയത്തില്‍ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു റിയാസ്.


കലാരംഗത്ത് സക്രിയരായ ആര്‍ട്ടിസ്റ്റുകളുടെ ശ്രമഫലമായാണ് കാര്യമായ സര്‍ക്കാര്‍ പിന്തുണയില്ലാതെയും മികച്ച സ്ഥാപനങ്ങളുടെ അഭാവത്തിലും ഇന്ത്യന്‍ കലാരംഗം വളര്‍ന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയ നേതൃത്വവും ദേശീയ ബജറ്റും കാലാകാലങ്ങളായി കലാരംഗത്തെ തഴയുകയാണ്. ഈ പതിവിന് ബിനാലെ വെല്ലുവിളിയാണ് എന്നും അദ്ദേഹം പറഞ്ഞു.
ജര്‍മന്‍ സംസ്‌കാരിക കേന്ദ്രമായ ഗെയ്‌ഥെ  ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് ബിനാലെ ഫൗണ്ടേഷന്‍ ഈ സമ്മേളനം സംഘടിപ്പിച്ചത്. ബിനാലെ വേദിയായ കബ്രാള്‍ യാര്‍ഡിലാണ് ദ്വിദിന സമ്മേളനം നടക്കുന്നത്.


ബിനാലെയില്‍ ഉണ്ടായ രാഷ്ട്രീയവും സാമ്പത്തികവുമായ സമ്മര്‍ദ്ദങ്ങള്‍, സെന്‍സര്‍ഷിപ്പ് തുടങ്ങിയവയെ  സമകാലീന കലാരംഗം എങ്ങിനെ നേരിട്ടു തുടങ്ങിയ കാര്യങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നത്. കാലങ്ങളായി കലയ്ക്കുമേല്‍ സാഹചര്യങ്ങങ്ങളുടെ സമ്മര്‍ദ്ദമുണ്ട്. ഇത്തരം സമ്മര്‍ദ്ദങ്ങളുടെ നിരവധി തലങ്ങളാണ് കൊച്ചി ബിനാലെയ്ക്കുള്ളതെന്ന് റിയാസ് കോമു പറഞ്ഞു. എന്നാല്‍തന്നെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് വ്യവസ്ഥിതിയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ബിനാലെയ്ക്ക കഴിഞ്ഞു. കഴിഞ്ഞ മൂന്നു ലക്കങ്ങളായി കലാരംഗത്തെ ആവേശം കെടാതെ കൊച്ചി ബിനാലെ കാത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഇക്കഴിഞ്ഞ കേന്ദ്രബജറ്റില്‍ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കായി 2500 കോടി രൂപയാണ് അനുവദിച്ചത്. രാജ്യത്തെ വായനാശാലകള്‍, മ്യൂസിയം, പുരാവസ്തുവകുപ്പ്, കലാ സംസ്‌കൃതി വികാസ് യോജന, സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം കൂടിയാണ് ഈ തുക വീതിക്കേണ്ടിവരുന്നത്. ഈ വ്യവസ്ഥിതിയെയാണ് കലാസൃഷ്ടിയിലൂടെയും ക്യൂററ്റോറിയല്‍ പരീക്ഷണങ്ങളിലൂടെയും ബിനാലെ വെല്ലുവിളിക്കുന്നതെന്നും റിയാസ് പറഞ്ഞു.

ഗൊയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേഷ്യ പ്രോഗ്രാം ഡയറക്ടര്‍ ലിയോനാര്‍ഡ് എമ്മേര്‍ളിംഗ്, കാന്റര്‍ബറി സര്‍വകലാശാലയിലെ ഇലാം സ്‌കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്‌സ് തലവന്‍ ആരോണ്‍ ക്രിസ്ലര്‍,  ഷാങ്ഹായ് ബിനാലെ ക്യൂറേറ്റ് ചെയ്ത രക്‌സ് മീഡിയ കളക്ടീവ് അംഗം ശുദ്ധബ്രത സെന്‍ഗുപ്ത, ബെര്‍ലിന്‍ ബിനാലെ ഡയറക്ടര്‍ ഗബ്രിയേല്‍ ഹോണ്‍, ആറാം മരാക്കെഷ് ബിനാലെ ക്യൂറ്റേര്‍ റീം ഫാദ്ദ എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും കൊച്ചി-മുസിരിസ് ബിനാലെയില്‍ കലാകാരന്മാര്‍ക്ക് നല്‍കിയ സ്വാതന്ത്ര്യത്തില്‍ വിട്ടു വീഴ്ച ചെയ്തിട്ടില്ലെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ചൂണ്ടിക്കാട്ടി. അതിനാല്‍ തന്നെ ബിനാലെ വേറിട്ടു നില്‍ക്കുന്നു. രാഷ്ട്രീയമായ സമ്മര്‍ദ്ദം നേരിടുന്ന കലാരംഗത്തെ വിവിധ വശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. സെന്‍സര്‍ഷിപ്പ്, കലാപ്രദര്‍ശനങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള ശ്രമങ്ങള്‍ എന്നിവയ്‌ക്കെതിരെ എങ്ങിനെ പ്രതികരിക്കണമെന്ന വിഷയവും ചര്‍ച്ചയായി.

ബോസ് കൃഷ്ണമാചാരിയെ കൂടാതെ സെന്‍ഗുപ്ത, ഉറാല്‍ ഇന്‍ഡസ്ട്രിയല്‍ ബൈനിയല്‍ ഓഫ് കണ്ടംപററി ആര്‍ട്ട് ഇന്‍ റഷ്യ അലീസ പ്രുഡുനിക്കോവ, പതിനൊന്നാം ഗ്വാന്‍ജു ബിനാലെ ക്യൂറേറ്റ് സംഘാംഗം അസര്‍ മഹമൂദിയാന്‍ എന്നിവരാണ് വൈകീട്ടത്തെ ചര്‍ച്ചയില്‍ പങ്കെടുത്തത്.

എ.പി.വര്‍ക്കി മിഷന്‍ ആശുപത്രി രണ്ടാംഘട്ട വികസനം ഒരു വര്‍ഷത്തിനകം



കൊച്ചി : സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന എ.പി.വര്‍ക്കിയുടെ സ്‌മരണാര്‍ത്ഥം ആരക്കുന്നത്ത്‌ ആരംഭിച്ച എ.പി.വര്‍ക്കി മിഷന്‍ ആശുപത്രിയുടെ രണ്ടാം ഘട്ട വികസനം ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്ന്‌ സി.പി.എം. ജില്ലാ സെക്രട്ടറി പി. രാജീവ്‌. ആരക്കുന്നം ആശുപത്രി അങ്കണത്തില്‍ കൂടിയ എ.പി.വര്‍ക്കിയുടെ 15-ാം ചരമ വാര്‍ഷിക അനുസ്‌മരണവും, രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി 6 നിലകെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു ആദ്ദേഹം. കാത്ത്‌ലാബ്‌ ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, വൃദ്ധസദനം, പഠനകേന്ദ്രം എന്നിവയാണ്‌ 27 ഏക്കര്‍ സ്ഥലത്ത്‌ വിഭാവനം ചെയ്‌തിരിക്കുന്ന പദ്ധതികള്‍.

ആശുപത്രി ചെയര്‍മാന്‍ ജോണ്‍ ഫെര്‍ണാണ്ടസ്‌ എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ എല്ലാ ഡോക്ടര്‍മാരെയും 10 വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ വിഭാഗം ജീവനക്കാരെയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശ സനില്‍ ആദരിച്ചു. 







2017 ഫെബ്രുവരി 6, തിങ്കളാഴ്‌ച

കാർഷിക വിള സംരംഭക്ഷക്ക് അർഹമായ പ്രോത്സാഹനം നല്കും. എ സി. മൊയ്തീൻ ,വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി

.കാർഷിക വിള സംരംഭക്ഷക്ക് അർഹമായ പ്രോത്സാഹനം നല്കും.എ സി. മൊയ്തീൻ ,വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി


വ്യവസായ - വാണിജ്യ വകുപ്പ് സംഘടിപ്പിച്ച കേരള അഗ്രി എക്സ്പോ 2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
മന്ത്രി.
കാർഷീക വിള സംസ്കരണ മേഖലയിലെ
ചെറുകിട- സൂക്ഷ്മ സംരംഭകർക്ക് വിപണി, സാങ്കേതിക വിദ്യ, പശ്ചാത്തല സൗകര്യം തുടങ്ങിയ മേഖലകളിൽ
അർഹമായ  പ്രോത്സാഹനം നല്കാൻ ഉള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പ്രസ്താവിച്ചു.
സംരംഭകൻ ഒരു വ്യവസായം തുടങ്ങുമ്പോൾ നേരിടുന്ന എല്ലാ പ്രതിസന്ധികളും പരിഹരിക്കാൻ നടപടി ഉണ്ടാകും. ഇതിനായി വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കുo,
എസ്.ശർമ്മ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ,വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി ഐ.എസ്, പ്രത്യേക പ്രഭാഷണം നടത്തി. ജില്ലാ വ്യവസായ കേന്ദ്രം 
ജനറൽ മാനേജർ കെ.എൻ കൃഷ്ണകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുളവ്കാട് ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ്  വിജി ഷാജൻ ആശംസ നേർന്നു.
വ്യവസായ ' വകുപ്പ് ഡയറക്ടർ പി.എം. ഫ്രാൻസീസ് ഐ.എ.എസ്
സ്വാഗതവും ജോയന്റ് ഡയറക്ടർ എസ്. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
വ്യവസായ വാണിജ്യ വകുപ്പ് ആഭിമുഖ്യത്തിൽ നടക്കുന്ന  കേരള അഗ്രി ഫുഡ്‌ പ്രോ 2017ൽ ചക്ക, നാളികേരം, മാങ്ങ, പൈനാപ്പിൾ ,അരി, സുഗന്ധവ്യജ്ഞനങ്ങൾ 
എന്നിവയുടെ മൂല്യവ വർദ്ധിത ഉല്പന്നങ്ങളുടെ വൈവിധ്യം കൊണ്ട് സമ്പന്നമായി.
ചക്കയിൽ നിന്നും 60 ൽ പരം, മാങ്ങയിൽ നിന്നും 20 ഓളം, നാളികേരത്തിൽ 30 ഓളം, പൈനാപ്പിളിൽ നിന്നും 5 ഓളം, സുഗന്ധ വ്യജ്ഞനങ്ങളിൽ ന്നും 25 ഓളം, ഉല്പന്നങ്ങളുമായി, കാർഷിക സംസ്കരണ മേഖലയുടെ ശക്തി തെളിയിക്കുന്നതായി,.
കാർഷിക സംസ്കരണ
മേഖലയുടെ പ്രാധാന്യം തിരിച്ചറി' ഞ്ഞ് ആണ് വ്യവസായ വകുപ്പ് ഈ മേഖലയിലെ സംരംഭകരെ ശാക്തീകരിക്കുന്നതിന് കേരള' അഗ്രോ ഫുഡ് പ്രോ
2017 സംഘടിപ്പിച്ചിരിക്കുന്നത്.
കാർഷീക സംസ്കരണ 
മേഖലയിലെ സംരംഭകരുടെ ഉല്പന്നങ്ങൾക്ക് വിപണി, സാങ്കേതീ ക വിദ്യ ഉറപ്പാക്കുന്നതിനും ആണ് മേള ഒരുക്കിയിരിക്കുന്നത്.
നൂറോളം സ്റ്റാളുകൾക്ക് പുറമേ സാങ്കേതികവിദ്യ 
പ്രകടമാക്കുന്ന മെഷീനറി സ്റ്റാളുകളും എക്സോപ്പിയിൽ ഒരുക്കിയിട്ടുണ്ട്.
ബോൽഗാട്ടി പാലസ് ഐലന്റ് റിസോർട്ടിൽ നടക്കുന്ന എക്സ്പ്പോ 7 ന് സമാപിക്കും

ബിനാലെയുടെ അഭ്രപാളിയില്‍ വിദ്യാര്‍ഥികളുടെ സിനിമാപരീക്ഷണങ്ങള്‍



കൊച്ചി: വിദ്യാര്‍ഥികളുടെ ചലച്ചിത്ര പരീക്ഷണങ്ങള്‍ക്ക് വെള്ളിത്തിരയൊരുക്കി കൊച്ചി മുസിരിസ് ബിനാലെ 2016. രാജ്യത്തെ എട്ടു ഫിലിം സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ നിര്‍മിച്ച, വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇരുപത്തിയഞ്ചോളം ഡിപ്ലോമ ചലച്ചിത്രങ്ങളാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ പ്രോഗ്രാമിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്. 

'നയരഹിത ആഖ്യാനങ്ങള്‍'  എന്ന പേരില്‍ അവതരിപ്പിക്കുന്ന ചലച്ചിത്ര പാക്കേജിന്റെ ക്യുറേറ്റര്‍ പ്രശസ്ത സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണിയാണ്. ഫെബ്രുവരി രണ്ടിന് തുടങ്ങി കബ്രാള്‍ യാര്‍ഡ് പവിലിയനില്‍ ദിവസവും വൈകിട്ട് 6.30ന് നടക്കുന്ന പ്രദര്‍ശനം ഞായറാഴ്ച വരെ തുടരും.

യുവ ചലച്ചിത്രകാരന്മാരുടെ അനുഭവങ്ങളും ഭൂമികകളും മാനസിക പശ്ചാത്തലങ്ങളും കൂടിക്കലരുന്ന അവതരണത്തിനാണു താന്‍ ശ്രമിച്ചതെന്ന് ഉമേഷ് കുല്‍ക്കര്‍ണി പറഞ്ഞു. വ്യത്യസ്ത ഭൂവിഭാഗങ്ങളില്‍നിന്നുള്ള വിവിധ വിഷയങ്ങള്‍ പ്രമേയമാക്കുന്ന സിനിമകള്‍ തിരഞ്ഞെടുത്തതിലൂടെ വൈവിധ്യമാര്‍ന്ന വീക്ഷണങ്ങള്‍ കൊണ്ടുവരാനായി. അതുകൊണ്ടു തന്നെ ഓരോ സിനിമയും വ്യത്യസ്തമായ രീതിയിലാണ് പ്രശ്‌നങ്ങളെ വീക്ഷിക്കുന്നത്. സ്ത്രീകളുടെ സിനിമകള്‍ക്കും പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്ന് കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി. 

പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും കൊല്‍ക്കത്ത സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുമാണ് ഏറെയും ചിത്രങ്ങളെങ്കിലും സമീപകാലത്തു തുടങ്ങിയ കോട്ടയം കെ.ആര്‍.നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ്, ഹരിയാനയിലെ റോഹ്തക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിംസ് ആന്‍ഡ് ടെലിവിഷന്‍ എന്നീ സ്ഥാപനങ്ങളില്‍നിന്നുമുള്ള ചിത്രങ്ങളുമുണ്ട്.

പുതിയ ഫിലിം സ്‌കൂളുകള്‍ പിറവിയെടുക്കുമ്പോള്‍ നൂതന വീക്ഷണങ്ങളും അവതരണ രീതികളും യഥേഷ്ടമുണ്ടാകുന്നതായും കുല്‍ക്കര്‍ണി പറയുന്നു. ഹരിയാനയുടെ പശ്ചാത്തലത്തില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാന്‍ കഴിയാത്ത കഥകളാണ് റോഹ്തക് സ്‌കൂളില്‍നിന്നു വരുന്നത്. സമാനമാണ് ഡല്‍ഹിയിലെ ശ്രീ അരബിന്ദോ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്റെ കാര്യവും. ഈ രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നും മൂന്നു ചിത്രങ്ങള്‍ വീതം പാക്കേജില്‍ ഉള്‍പ്പെടുത്തി.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വവിദ്യാര്‍ഥി കൂടിയായ ഉമേഷ് യുവചലച്ചിത്രകാരന്മാരുടെ സംരംഭങ്ങളുടെ നിര്‍മാണച്ചുമതല ഏറ്റെടുത്തും സഹായിക്കാറുണ്ട്. ഗിര്‍നി, ത്രീ ഓഫ് അസ് തുടങ്ങിയ കുല്‍ക്കര്‍ണിയുടെ ഹ്രസ്വചലച്ചിത്രങ്ങള്‍ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും രാജ്യാന്തര അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 

ഹ്രസ്വ ചലച്ചിത്രങ്ങള്‍ വിസ്മയകരങ്ങളാണെന്നും ആവിഷ്‌കാരത്തിനും പരീക്ഷണങ്ങളിലേര്‍പ്പെടാനും വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍നിന്നു പുറത്തുവരാനും യുവചലച്ചിത്രകാരന്മാരെ അവ പ്രേരിപ്പിക്കുന്നുവെന്നും കുല്‍ക്കര്‍ണി പറയുന്നു.  ഡിപ്ലോമ ചലച്ചിത്രങ്ങളും ഫിലിം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറ്റു ചലച്ചിത്ര പരീക്ഷണങ്ങളും കാഴ്ചക്കാരിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ പാക്കേജ്. ചലച്ചിത്ര മാധ്യമത്തിന്റെ സാധ്യതകളെ അത് വിശാലമാക്കുന്നു.

ഫിലിം സ്‌കൂളുകളില്‍ മാത്രം നിര്‍മിക്കാനാവുന്ന ചില സിനിമകളുണ്ട്. അത്തരം ചിത്രങ്ങള്‍ കുറ്റമറ്റതാകണമെന്നില്ല, പക്ഷേ ആധികാരികമായിരിക്കും. സംവിധാനകലയിലും ഛായാഗ്രഹണത്തിലും ശബ്ദ സങ്കലനത്തിലുമെല്ലാം സ്വന്തം ഇടം കണ്ടെത്താന്‍ ശ്രമം നടത്തുന്ന ഭാവി ചലച്ചിത്രകാരന്‍മാരെ അത്തരം ചിത്രങ്ങളില്‍ കാണാനാകുമെന്നതാണ് ഏറ്റവും വലിയ പ്രചോദനം. പുറത്തു പലപ്പോഴും ലഭിക്കാന്‍ പ്രയാസമുള്ള നിര്‍മാണ സാമഗ്രികളും ഫിലിം സ്‌കൂളുകളില്‍ അനായാസം ലഭിക്കുമെന്ന സൗകര്യവുമുണ്ടെന്നും കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി. 
  
അഹമ്മദാബാദ് നാഷനല്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ എല്‍വി പ്രസാദ് ഫിലിം അക്കാദമി, ബംഗളൂരു സൃഷ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്, ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി, അഹമ്മദ് നഗര്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസ് എന്നിവിടങ്ങളില്‍നിന്നുള്ള ഡിപ്ലോമ ചലച്ചിത്രങ്ങളും പാക്കേജില്‍ ഇടംകണ്ടു.  

ജനീഷ ഇനി സാധാരണ ജീവിതത്തിന്റെ പടവുകള്‍ ചവിട്ടും.




കൊച്ചി: അവയവദാനത്തിന്റെ മഹത്വം ലോകത്തിനുമുന്നില്‍ അടയാളപ്പെടുത്തിക്കൊണ്ട്‌ പുതിയ ഹൃദയവും ശ്വാസകോശവുമായി ആശുപത്രിയോട്‌ യാത്രപറഞ്ഞ ജനീഷ ഇനി സാധാരണ ജീവിതത്തിന്റെ പടവുകള്‍ ചവിട്ടും. കൃത്യം ഒരുമാസം മുന്‍പാണ്‌ ശ്വാസകോശവവും ഹൃദയവും ഒരുമിച്ച്‌ മാറ്റിവച്ചുകൊണ്ട്‌ ലിസി ആശുപത്രിയും ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും കേരള വൈദ്യശാസ്‌ത്രരംഗത്ത്‌ പുതിയ ചരിത്രമെഴുതിയത്‌. 
ആശുപത്രിക്കു സമീപം വാടകയ്‌ക്ക്‌ എടുത്തിരിക്കുന്ന വീട്ടിലേക്കാണ്‌ ജനീഷ ഇപ്പോള്‍ താമസം മാറ്റിയിരിക്കുന്നത്‌. തുടര്‍ പരിശോധനകള്‍ക്കുള്ള സൗകര്യത്തിനായി ഏകദേശം മൂന്നുമാസത്തോളം ഇവിടെ കഴിയുവാനാണ്‌ തീരുമാനം. അതിനുശേഷം സ്വവസതിയിലേക്ക്‌ മടങ്ങും. ആശുപത്രി ഡയറക്‌ടര്‍ ഫാ. തോമസ്‌ വൈക്കത്തുപറമ്പിലിന്റെ നേതൃത്വത്തിലുള്ള വൈദികരും സന്യാസിനികളും ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും ജനീഷയെ യാത്രയാക്കുവാന്‍ എത്തിയിരുന്നു.
ശ്വാസകോശവും ഹൃദയവും തകരാറിലാകുന്ന എൈസന്‍മെംഗര്‍ എന്ന അപൂര്‍വ അസുഖമായിരുന്നു കുട്ടമ്പുഴ സ്വദേശികളായ വര്‍ഗീസിന്റെയും നിര്‍മ്മലയുടെയും മകളായ ജനീഷ(26)യ്‌ക്ക്‌. ജന്മനാ ഉണ്ടായ ഹൃദ്രോഗം കണ്ടുപിടിക്കുകയോ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തി ചികിത്സ നടത്താതിരിക്കുകയോ ചെയ്‌തതുമൂലം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കൂടി മോശമാവുകയായിരുന്നു. കടുത്ത ചുമയും, ശ്വാസതടസ്സവും മൂലം നടക്കുവാനോ കിടന്നുറങ്ങുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നതിനാല്‍ അവയവങ്ങള്‍ മാറ്റിവയ്‌ക്കുകയാണ്‌ ഏകപോംവഴിയെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന്‌ കേരള സര്‍ക്കാരിന്റെ മൃതസഞ്‌ജീവനി പദ്ധതിയില്‍ കേരള നെറ്റ്‌വര്‍ക്ക്‌ ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ്‌ (KNOS) മുഖേന രജിസ്റ്റര്‍ ചെയ്‌ത്‌ കാത്തിരിക്കുകയായിരുന്നു. ജനുവരി 6-ാം തീയതി അനുയോജ്യമായ അവയവങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന്‌ ഡോക്‌ടര്‍മാര്‍ വളരെയധികം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഈ ശസ്‌ത്രക്രിയയ്‌ക്ക്‌ തയ്യാറെടുക്കുകയായിരുന്നു. ശസ്‌ത്രക്രിയ തുടങ്ങി 4 മണിക്കൂറിനുള്ളില്‍തന്നെ പുതിയ അവയവങ്ങള്‍ ജനീഷയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ യന്ത്രസഹായങ്ങളെല്ലാം പൂര്‍ണ്ണമായി ഒഴിവാക്കുകയും ഒരാഴ്‌ചയ്‌ക്കകം ജനീഷയെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മാറ്റുകയും ചെയ്‌തു. വളരെ വേഗം തന്നെ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തിയ ജനീഷയുടെ അവയവങ്ങളെല്ലാം സാധാരണ രീതിയിലാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.
ഇതിനിടയില്‍ അവയവങ്ങള്‍ ശരീരത്തില്‍ സ്വീകരിക്കപ്പെട്ടോ എന്നറിയുവാന്‍ ബയോപ്‌സി എടുത്ത്‌ ചെന്നൈയില്‍ അയച്ച്‌ വിദഗ്‌ധ പരിശോധന നടത്തിയിരുന്നു. പരിപൂര്‍ണ്ണ തൃപ്‌തി നല്‍കുന്ന ഫലമാണ്‌ ഇതില്‍നിന്നും ലഭിച്ചത്‌.
ഡോ. ജേക്കബ്‌ എബ്രഹാം, ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്‌ക്കര്‍ രംഗനാഥന്‍, ഡോ. തോമസ്‌ മാത്യു, ഡോ. ജോ ജോസഫ്‌, ഡോ. എ.ആര്‍. പരമേസ്‌, ഡോ. രാഹുല്‍ സൈമണ്‍, ഡോ. ജോബ്‌ വിത്സണ്‍, ഡോ. സി. സുബ്രഹ്മണ്യന്‍, ഡോ. ഗ്രേസ്‌ മരിയ, ഡോ. രോഹിത എസ്‌. ചന്ദ്ര, ഡോ. മനോരസ്‌ മാത്യു, ഡോ. കൊച്ചുകൃഷ്‌ണന്‍, ഡോ. സുമേഷ്‌ മുരളി തുടങ്ങിയവര്‍ ശസ്‌ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായിരുന്നു.
അസിസ്റ്റന്റ്‌ ഡയറക്‌ടര്‍മാരായ ഫാ. വര്‍ഗീസ്‌ പാലാട്ടി, ഫാ. ആന്റോ ചാലിശ്ശേരി, ഫാ. അജോ മൂത്തേടന്‍ എന്നിവരും സന്നിഹിതരായിരുന്നു. 

2017 ഫെബ്രുവരി 1, ബുധനാഴ്‌ച

17 ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം കൊച്ചിയില്‍ ഫെബ്രു 8ന്‌




കൊച്ചി: പ്രമുഖ വിദേശ വിദ്യഭ്യാസ കണ്‍സള്‍ട്ടന്റും ഐഇഎല്‍ടിഎസിന്റെ ഉടമകളിലൊന്നുമായ ഐഡിപി എഡ്യുക്കേഷന്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ പ്രദര്‍ശനം ഫെബ്രുവരി 8ന്‌ എറണാകുളത്തെ ഹോട്ടല്‍ താജ്‌ ഗേറ്റ്‌വേയില്‍ നടക്കും. രാജ്യത്തെ 14 പട്ടണങ്ങളില്‍ നടക്കുന്ന ഈ പ്രദര്‍ശനത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള 40 വിദ്യഭ്യാസ സ്ഥാപനങ്ങളാണ്‌ പങ്കെടുക്കുന്നത്‌. അതത്‌ സര്‍വകലാശാലകളുടെ പ്രതിനിധികളുമായി ഓസ്‌ട്രേലിയയിലെ പഠന സാധ്യതകളെ സംബന്ധിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നേരിട്ട്‌ സംസാരിച്ചറിയാമെന്നതാണ്‌ ഈ ബ്രഹദ്‌ പ്രദര്‍ശനത്തിന്റെ സവിശേഷതയെന്ന്‌ ഐഡിപി എഡ്യുക്കേഷന്‍ കണ്‍ട്രി ഡയറക്ടര്‍ പിയൂഷ്‌കുമാര്‍ പറഞ്ഞു. പ്രവേശന ഫീസിലെ ഇളവുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയടെ വിവരങ്ങളും പ്രദര്‍ശനത്തില്‍ ലഭ്യമാക്കും. വിദ്യാര്‍ത്ഥികള്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്‌ അഭികാമ്യമാവുമെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ആഗോളതലത്തില്‍ത്തന്നെ മുന്‍നിരസ്ഥാനമാണുള്ളതെന്ന്‌ പിയൂഷ്‌കുമാര്‍ ചൂണ്ടിക്കാണിച്ചു. ഓസ്‌ട്രേലിയയിലെ 39ല്‍ 20 യൂണിവേഴ്‌സിറ്റികളും ടോപ്‌ 400 ടൈംസ്‌ ഹയര്‍ എഡ്യുക്കേഷന്‍ റാങ്കിംഗ്‌സ്‌ എന്ന പട്ടികയിലുണ്ട്‌. പഠനനാന്തരമുള്ള മികച്ച തൊഴിലവസരങ്ങളും ഓസ്‌ട്രേലിയയെ ആകര്‍ഷമാക്കുന്നു.

ബ്ലൂ മൗണ്ടന്‍സ്‌ ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്‌മെന്റ്‌ സ്‌കൂള്‍, സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌നോളജി, ചാള്‍സ്‌ ഡാര്‍വിന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ്‌ സൗത്ത്‌ ഓസ്‌ട്രേലിയ, ഡീകിന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ്‌ സതേണ്‍ ക്വീന്‍സ്‌ലാന്‍ഡ്‌, എഡിത്‌ കൊവാന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ്‌ ടാസ്‌മാനിയ, ഫെഡറേഷന്‍ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌നോളജി സിഡ്‌നി, ജെയിംസ്‌ കുക്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ വൊള്ളോംഗോങ്ങ്‌, മര്‍ദോക്‌ യൂണിവേഴ്‌സിറ്റി, വെസ്‌റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റി, ക്യൂയൂട്ടി, ആര്‍എംഐടി യൂണിവേഴ്‌സിറ്റി, സ്റ്റഡി പേര്‍ത്ത്‌ തുടങ്ങിയ സ്ഥാപനങ്ങളാണ്‌ കൊച്ചിയിലെ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്‌. 


വ്യാപാര്‍ 2017നു വ്യാഴാഴ്‌ച കൊച്ചിയില്‍ തുടക്കം




കൊച്ചി: സംസ്ഥാനത്തെ ചെറുകിട, സൂക്ഷ്‌മ വ്യവസായങ്ങളെ (എംഎസ്‌എംഇ) പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്‌ നടത്തുന്ന ബിസിനസ്‌ ടു ബിസിനസ്‌ മീറ്റായ വ്യാപാര്‍ 2017ന്‌ ഫെബ്രുവരി രണ്ടിന്‌ വ്യാഴാഴ്‌ച കൊച്ചി ബോള്‍ഗാട്ടി പാലസില്‍ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടിനു രാവിലെ 10.30ന്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. വ്യവസായ മന്ത്രി .എ.സി.മൊയ്‌തീന്‍ അധ്യക്ഷനാകും. 

ഫെബ്രുവരി നാലു വരെ നീളുന്ന വ്യാപാര്‍ 2017ല്‍ 7500 ബിസിനസ്‌ ടു ബിസിനസ്‌ ചര്‍ച്ചകള്‍ നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടര്‍ ശ്രീ. പി.എം. ഫ്രാന്‍സിസ്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 46 വിദേശരാജ്യങ്ങളില്‍നിന്നുള്ള 160 പേരുള്‍പ്പെടെ 683 ബയര്‍മാര്‍ റജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. 18 സംസ്ഥാനങ്ങളില്‍നിന്നായി അഞ്ഞൂറോളം ബയര്‍മാരും പങ്കെടുക്കും. അമേരിക്ക, ഇംഗ്ലണ്ട്‌, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 160 പേര്‍ക്കു പുറമെ ജപ്പാനില്‍നിന്ന്‌ 39 പേരുടെ പ്രതിനിധി സംഘവുമെത്തും. കഴിഞ്ഞ വര്‍ഷം 300 കോടി രൂപയുടെ ബിസിനസ്‌ അന്വേഷണങ്ങളാണ്‌ നടന്നത്‌. 

ഉദ്‌ഘാടന ദിവസമായ ഫെബ്രുവരി രണ്ട്‌ ഉച്ചയ്‌ക്കു 2.30 മുതല്‍ ഫെബ്രുവരി നാല്‌ ഉച്ചവരെയാണ്‌ മുന്‍നിശ്ചയ പ്രകാരമുള്ള ബിസിനസ്‌ ടു ബിസിനസ്‌ മീറ്റിംഗുകള്‍. ഫെബ്രുവരി നാലിന്‌ ഉച്ച കഴിഞ്ഞ്‌ വ്യാപാറില്‍ പങ്കാളികളായ ബയര്‍മാരും സെല്ലര്‍മാരും സംയുക്ത ചര്‍ച്ചയും നടത്തും. 

മുന്‍കൂറായി രജിസ്റ്റര്‍ ചെയ്‌ത കേരളത്തിനു പുറത്തുനിന്നുള്ള സംരംഭകര്‍ക്ക്‌ മാത്രമായാണ്‌ ഫെബ്രുവരി 2, 3 തീയതികളിലെ ബിസിനസ്‌ മീറ്റിംഗുകള്‍. ഫെബ്രുവരി നാലിന്‌ വ്യാപാര്‍ നടക്കുന്ന സ്ഥലത്ത്‌ സ്‌പോട്ട്‌ രജിസ്‌ട്രേഷന്‍ വഴി കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്കും ഉച്ചവരെ പങ്കെടുക്കാം.

ഏറ്റവുമധികം സ്റ്റാളുകളുള്ളത്‌ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ നിന്നാണ്‌. 87 സ്റ്റാളുകളാണ്‌ ഇതിലുള്ളത്‌. കൈത്തറി, ടെക്‌സ്‌റ്റൈല്‍സ്‌ഗാര്‍മെന്റ്‌സ്‌, ഫാഷന്‍ ഡിസൈനിങ്‌, ഫര്‍ണിഷിങ്‌, റബര്‍, കയര്‍, കരകൗശലം, ആയുര്‍വേദം, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്‌ തുടങ്ങിയ മേഖലകളിലെ സ്റ്റാളുകളും വ്യാപാര്‍ 2017 ല്‍ ഉണ്ടായിരിക്കും.

200 ചെറുകിട വ്യവസായ യൂണിറ്റുകളാണ്‌ വ്യാപാര്‍ 2017ല്‍ പങ്കെടുക്കുന്നത്‌. ജില്ലാ വ്യവസയായ കേന്ദ്രങ്ങള്‍ വഴി റജിസ്റ്റര്‍ ചെയ്‌ത 331 യൂണിറ്റുകളില്‍നിന്ന്‌ വ്യവസായ വാണിജ്യ ഡയറക്ടര്‍ അധ്യക്ഷനായ സമിതി 200 യൂണിറ്റുകളെ തിരഞ്ഞെടുക്കുകയായിരുന്നു. തിരഞ്ഞെടുത്ത വ്യവസായ യൂണിറ്റുകളുടെ വിവരങ്ങള്‍ വ്യാപാര്‍ 2017ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.സലൃമഹമയൗശെിലാൈലല.േീൃഴ ല്‍ ലഭ്യമാക്കിയിട്ടുണ്ട്‌.

സംസ്ഥാനത്തിന്റെ വ്യവസായിക ഉല്‍പാദനക്ഷമത പ്രദര്‍ശിപ്പിക്കുക, ബ്രാന്‍ഡ്‌ ചെയ്‌തതും അല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുക, നിലവിലുള്ള വ്യവസായങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, നിക്ഷേപകരെ ആകര്‍ഷിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുക എന്നിവയും വ്യാപാര്‍ 2017ന്റെ ലക്ഷ്യങ്ങളാണ്‌. സംസ്ഥാനത്തിന്റെ വ്യവസായസംരഭകത്വ മികവ്‌, തൊഴില്‍ നൈപുണ്യം എന്നിവ രാജ്യത്തും ആഗോള തലത്തിലും പ്രദര്‍ശിപ്പിക്കാനും അതു വഴി സംസ്ഥാനത്തെ ചെറുകിട, സൂക്ഷ്‌മ സംരംഭങ്ങളെ ആഗോള വിപണിയില്‍ പരിചയപ്പെടുത്താനും കഴിയും. 

വ്യാപാര്‍ മീറ്റ്‌ കഴിഞ്ഞതിനു ശേഷവും ഇതില്‍ ഉയര്‍ന്നു വന്ന വാണിജ്യനിര്‍ദ്ദേശങ്ങളിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്ലാറ്റ്‌ഫോം സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്‌. ഭാവിയിലേക്ക്‌ പ്രയോജനമാകുന്ന ഡാറ്റാ ബേസിനും വാണിജ്യ ബന്ധങ്ങള്‍ നിരീക്ഷിക്കാനും ഇത്‌ സഹായകരമാകുമെന്ന്‌ വ്യവസായ വകുപ്പ്‌ ഡയറക്ടര്‍ പി എം ഫ്രാന്‍സിസ്‌ പറഞ്ഞു.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്‌, ഹാന്‍ഡ്‌ലൂംസ്‌ ആന്‍ഡ്‌ ടെക്‌സ്‌റ്റൈല്‍സ്‌ ഡയറക്ടറേറ്റ്‌, വ്യവസായ വികസന കോര്‍പ്പറേഷന്‍, ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മേളയുടെ സംഘാടനച്ചുമതല കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രമോഷനാ(കെബിപ്‌)ണ്‌. ഫിക്കിയാണ്‌ വ്യവസായവാണിജ്യ പങ്കാളി. 

വ്യവസായവാണിജ്യ ഡയറക്ടറേറ്റ്‌ വഴി ബിസിനസ്‌ ടു ബിസിനസ്‌ മീറ്റുകളില്‍ പങ്കെടുത്ത ഏറ്റവും മികച്ച സെല്ലര്‍ക്ക്‌ വ്യാപാര്‍ ഉദ്‌ഘാടനവേളയില്‍ അവാര്‍ഡ്‌ വിതരണം ചെയ്യും. ചാലക്കുടിയില്‍ നിന്നുള്ള റാപോള്‍ സാനിപ്ലാസ്റ്റിനാണ്‌ പ്രഥമ അവാര്‍ഡ്‌. വ്യവസായ വാണിജ്യ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയാണ്‌ അവാര്‍ഡു നിര്‍ണയിച്ചത്‌. 

കെ ബിപ്‌ സി ഇ ഓ ശ്രീ വി രാജഗോപാല്‍, ഫിക്കി കേരള ഘടകം മേധാവി ശ്രീ സാവിയോ മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

കെ എം എ യും കെ എസ്‌ ഐ ഡി സി യും കൈകോര്‍ക്കുന്നു


കേരളത്തിലെ ജീവശാസ്‌ത്ര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍
കെ എം എ യും കെ എസ്‌ ഐ ഡി സി യും കൈകോര്‍ക്കുന്നു


കൊച്ചി: കേരളത്തിലെ ജീവശാസ്‌ത്രമേഖലയില്‍ വാണിജ്യസംരംഭങ്ങള്‍ തുടങ്ങുന്നതു പ്രോത്സാഹിപ്പിക്കാനുള്ള കെ എസ്‌ ഐ ഡി സി യുടെ സംരംഭങ്ങളെ കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്‍ പിന്തുണയ്‌ക്കണമെന്ന്‌ കെ എസ്‌ ഐ ഡി സി ചെയര്‍മാന്‍ ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ ഐ എ എസ്‌ (റിട്ട.) അഭ്യര്‍ത്ഥിച്ചു. കെ എം എ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗങ്ങളുടെ നിരയിലുള്ള പരിചയസമ്പന്നരേയും പ്രതിഭാശാലികളെയും ഉപയോഗിച്ച്‌, ഈ മേഖലയില്‍ സംരംഭങ്ങളാരംഭിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക്‌ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കണമെന്ന്‌ കെ എം എ യോട്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യപ്രകാരം, ഈ തലത്തില്‍ മുന്നോട്ടു പോകുന്നതിനുള്ള വിശദമായ ഒരു പദ്ധതി തയ്യാറാക്കുന്നതിന്‌ ഒരു സമിതി രൂപീകരിക്കുവാന്‍ കെ എം എ നേതൃത്വം തീരുമാനിച്ചു. 
സമ്പന്നമായ ജൈവവൈവിദ്ധ്യവും മാനവവിഭവശേഷിയും നിക്ഷേപം നടത്താന്‍ താത്‌പര്യമുള്ള സംരംഭകരും കൊണ്ട്‌ അനുഗൃഹീതമാണു കേരളമെങ്കിലും ജീവശാസ്‌ത്ര മേഖലയില്‍ കേരളത്തിന്റെ ദേശീയ വിഹിതം 2 % മാത്രമാണെന്ന്‌ ഡോ.ഫെര്‍ണാണ്ടസ്‌ ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ പദ്ധതികളില്‍ ഉത്തരവാദിത്വം ഇല്ലാത്തതും, വ്യവസായമേഖലയുമായി ഇടപെടുന്നതിന്‌ അക്കാദമിക്‌ സ്ഥാപനങ്ങള്‍ കാണിക്കുന്ന മടിയുമാണ്‌ ഈ പരാജയത്തിനു കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്‌. ഈ മേഖല വളര്‍ത്തിക്കൊണ്ടു വരുന്നതിനു ഗവണ്‍മെന്റിന്റെ സജീവതാത്‌പര്യം ഉണ്ടായിരിക്കേണ്ടതാണെന്ന്‌ അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ ബയോടെക്‌നോളജി പാര്‍ക്‌ തുടങ്ങുന്നതിനു 10 വര്‍ഷം മുമ്പു വാങ്ങിയ 75 ഏക്കര്‍ സ്ഥലം വികസിപ്പിക്കപ്പെടാതെ കിടക്കുന്നത്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ വൈദഗ്‌ദ്ധ്യവും ബന്ധങ്ങളും ദര്‍ശനവും ഉപയോഗിച്ചുകൊണ്ട്‌ ഈ മേഖലയില്‍ സംഭാവനകള്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്‌ അദ്ദേഹം പറഞ്ഞു. ബയോടെക്‌നോളജി മേഖലയില്‍ വളര്‍ച്ചയ്‌ക്കും ആദായമുണ്ടാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനും വളരെ വലിയ സാദ്ധ്യതകളാണുള്ളതെന്നും ജീവശാസ്‌ത്ര വ്യവസായമേഖലയിലെ സാങ്കേതികവിദ്യയുടെ വാണിജ്യവത്‌കരണത്തിനു സഹായം നല്‍കുന്നതിനു ആരുമായും കൈ കോര്‍ക്കാന്‍ തനിക്കു താത്‌പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 
കെ എം എ പ്രസിഡന്റ്‌ മാത്യു ഉറുമ്പത്ത്‌ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മരിയ അബ്രാഹം സ്വാഗതവും കെ എം എ ഓണററി സെക്രട്ടറി ആര്‍ മാധവ്‌ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. 

വരള്‍ച്ച നേരിടുന്നതിന്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കും മന്ത്രി മാത്യു ടി.തോമസ്‌




കൊച്ചി: വരള്‍ച്ച നേരിടുന്നതിന്‌ അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന്‌ മന്ത്രി മാത്യു ടി. തോമസ്‌. ജലസ്രോതസുകളുടെ നവീകരണത്തിനും ജലസ്രോതസുകളില്‍ തടയിണകള്‍ സ്ഥാപിക്കുന്നതിനും നി?ദേശം ന?കിയിട്ടുണ്ട്‌. വരള്‍ച്ചനേരിടാനുള്ള മുന്നൊരക്കങ്ങളുടെ ഭാഗമായി ജലവിഭവവകുപ്പിന്‍റെ കീഴിലെ ജലസേചനം, ഭൂജലവികസനം, കേരള ജല അതോറിറ്റി, ജലനിധി എന്നിവയിലെ ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോ
ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ സ്ഥിതിയാണ്‌ മന്ത്രി വിലയിരുത്തിയത്‌. ഇന്നു തിരുവനന്തപുരത്തും ആറിന്‌ തൃശൂരിലും സമാനനമായി യോഗം ചേരും. 
തുലാവ?ഷവും കൈവിട്ടതോടെ കേരളം കടുത്ത ജലക്ഷാമത്തിലേക്കാണ്‌ നീങ്ങുന്നതെന്നും മന്ത്രി പറഞ്ഞു. നദീജല കരാറുകളില്‍ ഇതര സംസ്ഥാനങ്ങള്‍ വീഴ്‌ച്ച വരുത്തുന്നതാണ്‌ കേരളത്തിലെ ജലക്ഷാമത്തിനു കാരണം. പറമ്പിക്കുളം, ആഴിയാര്‍ പദ്ധതികളില്‍ വലിയ നഷ്ടമാണ്‌ കേരളത്തിനുണ്ടായിരിക്കുന്നത്‌. അന്ത? സംസ്ഥാന നദീജല പ്രശ്‌നങ്ങ? ചര്‍ച്ച ചെയ്യാന്‍ ഇന്ന്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. 
നിലവിലെ ജല സ്രോതസുകളില്‍ നിന്നും കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള ജലം ലഭിച്ചില്ലെങ്കില്‍ ബദല്‍ മാര്‍ഗഗങ്ങളെ കുറിച്ചും ആലോചിക്കും. നാട്ടിന്‍ പുറങ്ങളിലെ പൂട്ടിക്കിടക്കുന്ന പാറമടകളില്‍ വലിയ ജലശേഖരം സംഭരിക്കുന്നുണ്ട്‌. ഇത്‌ ഉപയോഗ പ്രദമാക്കാന്‍എന്തുചെയ്യാന്‍ കഴിയുമെന്നും വകുപ്പ്‌ ആലോചിക്കുന്നുണ്ട്‌. 
ഇത്തവണ 5500 കുഴല്‍ക്കിണറുകളുമാണ്‌ സംസ്ഥാനത്ത്‌ നവീകരിക്കുന്നത്‌. ഫെബ്രുവരി 1520നുള്ളില്‍ ഇത്തരം പ്രവര്‍ത്തനം പൂര്‍ത്തിയാക്കി കമ്മിഷന്‍ ചെയ്യാനാണ്‌ ഉദ്ദേശിക്കുന്നത്‌. ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ വെള്ളമില്ലെന്നു കണ്ടെത്തിയ സ്ഥലങ്ങളില്‍ ചെറുകിട പദ്ധതികളും കുഴല്‍ക്കിണറുകളും നവീകരിക്കും. ഇടുക്കിയില്‍ 556 പുതിയ കുഴല്‍കിണറുകള്‍ സ്ഥാപിക്കും. കോട്ടയത്ത്‌ 281ഉം, എറണാകുളത്ത്‌ 260 കുഴല്‍കിണറുകളും ഉപയോഗ്യമാക്കും, കൂടാതെ ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലാല്‍ 24 വീതം ചെറുകിട ജലവിതരണ പദ്ധതികളും പൂര്‍ത്തിയാക്കും. മാര്‍ച്ച്‌ 31നുള്ളില്‍ ഇവ കമ്മീഷന്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കിണറുകളും മറ്റു ജലസ്രോതസുകളും വറ്റിവരളുന്ന സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധീകരിച്ച ജലത്തിന്‍റെ ഉപയോഗം വാര്‍ധിക്കാം എന്നത്‌ മുന്‍കൂട്ടി കണ്ട്‌ ഉപഭോഗത്തിന്‌ അനുസൃതമായി വെള്ളം കൊടുക്കാന്‍ നിലവിലുള്ള എല്ലാ സംവിധാനങ്ങളിലും മതിയായ അളവില്‍ വെള്ളം സൂക്ഷിക്കാന്‍ നടപടി സ്വീകരിക്കും. വരള്‍ച്ചയെ നേരിടുന്നതിന്‍റെ ഭാഗമായി റവന്യൂവകുപ്പിന്‍റെ നിര്‍ദേശപ്രകാരം വാര്‍ഡ്‌ തലത്തില്‍ സ്ഥാപിക്കുന്ന കിയോസ്‌കുകളില്‍ നിറയ്‌ക്കാനുള്ള ശുദ്ധീകരിച്ച ജലം ജലവിഭവവകുപ്പ്‌ നല്‍കും. പൈപ്പ്‌ പൊട്ടുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്‌. പൈപ്പ്‌ പൊട്ടി ജലം പാഴാകുന്നത്‌ കണ്ടാല്‍ 18004255313 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി രേഖപ്പെടുത്താം. ശുദ്ധീകരിച്ച വെള്ളം എത്തിക്കാന്‍പറ്റുന്ന സ്ഥലങ്ങളില്‍ അതിനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ വിദ്യാര്‍ത്ഥി സമരം ജില്ലയില്‍ സമ്പൂര്‍ണ്ണം.




കൊച്ചി ; കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പുതിയ നെക്‌സ്റ്റ്‌ പരീക്ഷാ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്ക്‌ സമരം നടത്തി. ജില്ലയിലെ നാല്‌ മെഡിക്കല്‍ കോളേജിലെയും വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുത്തു.

കളമശ്ശേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ ധര്‍ണ്ണ എച്ച്‌.എം.ടി കവലയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ എറണാകുളം ജില്ലാ ചെയര്‍മാന്‍ ഡോ. ജോസഫ്‌ മനോജ്‌ ഉദ്‌ഘാടനം ചെയ്‌തു. ഐ.എം.എ കൊച്ചി പ്രസിഡന്റ്‌ ഡോ.എം.നാരായണന്‍, മുന്‍ പ്രസിഡന്റ്‌ ഡോ. സണ്ണി പി ഓരത്തേല്‍, ഐ.എം.എ കളമശ്ശേരി, പെരുമ്പാവൂര്‍ പ്രസിഡന്റുമാരായ ഡോ.ജേക്കബ്‌ ബേബി, ഡോ.സുകുമാരന്‍ തുടങ്ങിയവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ സംസാരിച്ചു. 

അമ്യത മെഡിക്കല്‍ കോളേജില്‍ ഐ.എം.എ ഇടപ്പള്ളി ബ്രാഞ്ച്‌ പ്രസിഡന്റ്‌ ഡോ.ശബരീഷും, കോലഞ്ചരി മെഡിക്കല്‍ കോളേജില്‍ ഡോ.ജോസഫ്‌ മനോജ,്‌ കോലഞ്ചേരി ഐ.എം.എ സെക്രട്ടറി ഡോ.ജോസഫ്‌ വര്‍ഗീസ്‌ എന്നിവരും, മാഞ്ഞാലി മെഡിക്കല്‍ കോളേജില്‍ ഐ.എം.എ എറണാകുളം കോര്‍ഡിനേറ്റര്‍ ഡോ.ശ്രീകുമാര്‍ ശര്‍മയും, തുടര്‍ന്ന്‌ നോര്‍ത്ത്‌ പറവൂര്‍ താലൂക്ക്‌ ആശുപത്രിയിലേയ്‌ക്ക്‌ നടത്തിയ മാര്‍ച്ച്‌ ഡോ.ശ്രീവിലാസനും, ഉദ്‌ഘാടനം ചെയ്‌തു

അഞ്ച്‌ വര്‍ഷത്തെ പഠനത്തിനും, ഒരു വര്‍ഷത്തെ ഹൗസ്‌ സര്‍ജന്‍സിക്കും ശേഷം യൂണിവേഴ്‌സിറ്റി ഡിഗ്രി നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രാക്ടീസ്‌ ചെയ്യുന്നതിന്‌ നെക്‌സ്റ്റ്‌ പരീക്ഷ പാസാകണമെന്ന നയമാണ്‌ ഇപ്പോള്‍ ഹെല്‍ത്ത്‌ ആന്റ്‌ ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ കൊണ്ടുവന്നിരിക്കുന്നത്‌. വിദേശ രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കുന്നവര്‍ക്ക്‌ ഇത്‌ ബാധകമാക്കിയിട്ടില്ല. നെക്‌സ്റ്റ്‌ പരീക്ഷയും ഡോക്ടര്‍മാര്‍ക്ക്‌ പ്രാതിനിധ്യമില്ലാതെ രൂപീകരിച്ചിരിക്കുന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ത്തലാക്കുന്നതു വരെയും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന്‌ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമരത്തിന്‌ മെഡിക്കല്‍ കോളേജ്‌ യൂണിന്‍ ചെയര്‍മാന്‍ അഫ്‌താബ്‌ കാസിം, ഡോ. അനിത, ഡോ.സതീഷ്‌ എന്നിവര്‍ നേത്യത്വം നല്‍കി.



കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പുതിയ നെക്‌സ്റ്റ്‌ പരീക്ഷാ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠിപ്പുമുടക്ക്‌ സമരം എച്ച്‌.എം.ടി കവലയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ എറണാകുളം ജില്ലാ ചെയര്‍മാന്‍ ഡോ. ജോസഫ്‌ മനോജ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. അനിത, ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റ്‌ ഡോ. സണ്ണി പി ഓരത്തേല്‍, ഐ.എം.എ കളമശ്ശേരി പ്രസിഡന്റ്‌ ഡോ.ജേക്കബ്‌ ബേബി , ഐ.എം.എ കൊച്ചി പ്രസിഡന്റ്‌ ഡോ.എം.നാരായണന്‍ എന്നിവര്‍ സമീപം.

3000 ഹാര്‍ലി ഉടമകള്‍ പങ്കെടുക്കും

ഹാര്‍ലി ഓണേര്‍സ്‌ ഗ്രൂപ്പ്‌ - വാര്‍ഷികാഘോഷം: റാലിയില്‍ 3000 ഹാര്‍ലി ഉടമകള്‍ പങ്കെടുക്കും







കൊച്ചി: ഹാര്‍ലി ഓണേര്‍സ്‌ ഗ്രൂപ്പിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2017 ഫെബ്രുവരി 16 മുതല്‍ 18 വരെ ഗോവയില്‍ സംഘടിപ്പിക്കുന്ന ഹാര്‍ലി ഓണേര്‍സ്‌ ഗ്രൂപ്പ്‌ ഇന്ത്യ റാലിയില്‍ 26 ചാപ്‌റ്ററുകളില്‍ നിന്നായി 3000 ഹാര്‍ലി ഉടമകള്‍ പങ്കെടുക്കും. കൗതുകകരമായ അനുഭവങ്ങള്‍ പകര്‍ന്ന്‌ രാജ്യത്തെ ഹാര്‍ലി ഓണേര്‍സ്‌ ഗ്രൂപ്പിന്റെ വളര്‍ച്ചയ്‌ക്ക്‌ മികച്ച പിന്തുണയാണ്‌ ഇത്തരത്തിലുള്ള റാലികള്‍ നല്‍കുന്നത്‌.
ഹാര്‍ലി ഓണേര്‍സ്‌ ഗ്രൂപ്പ്‌ അംഗങ്ങള്‍ക്കായി കസ്റ്റം ചാമ്പ്യന്‍ കോണ്ടസ്‌റ്റ്‌, ബിഗ്‌ ഫൈവ്‌ റൈഡേര്‍സ്‌, ട്രിപ്പിള്‍ ഫൈവ്‌ എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കിയ അംഗങ്ങളെ കണ്ടെത്തല്‍, ചാപ്‌റ്റര്‍ ഓഫ്‌ ദി ഇയര്‍ പ്രഖ്യാപനം എന്നിവയും റാലിയുടെ ഭാഗമായി നടക്കുന്നതാണ്‌. 

2017 ജനുവരി 27, വെള്ളിയാഴ്‌ച

സാന്ദ്ര തോമസിനെതിരെ കേന്ദ്ര റവന്യു ഇന്റലിജന്‍സ്‌ അന്വേഷണം തുടങ്ങി




കൊച്ചി
ഡിവൈഎഫ്‌ഐ നേതാവ്‌ കറുകപ്പിള്ളി സിദ്ധിഖ്‌ പ്രതിയായ ക്വട്ടേഷന്‍ കേസിലെ പരാതിക്കാരി സാന്ദ്ര തോമസിനെതിരെ കേന്ദ്ര റവന്യു ഇന്റലിജന്‍സ്‌ അന്വേഷണം തുടങ്ങി. 
ആദായനികുതി റിട്ടേണും ബാലന്‍സ്‌ ഷീറ്റും പെരുപ്പിച്ചു കാണിച്ചതും വ്യാജമാണെന്നതു ചൂണ്ടിക്കാട്ടി റവന്യു ഇന്റലിജന്‍സ്‌ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര അന്വേഷണ ഏജന്‍്‌സികള്‍ക്കും കത്തുനല്‍കി. പെപരുപ്പിച്ച ബാലന്‍സ്‌ ഷീറ്റ്‌ ഉപയോഗിച്ചു ബാങ്കുകളെ സമര്‍ത്ഥമായി കബളിപ്പിച്ചുവെന്നാണ്‌ ഡി.ആര്‍.ഐയുടെ റിപ്പോര്‍ട്ട്‌. 
നേരത്തെ തന്നെ ഇവരെക്കുറിച്ചു സംശയം ഉണ്ടായിരുന്നുവെങ്കിലും ഡിവൈഎഫ്‌ഐ നേതാവ്‌ പ്രതിയായതോടെയാണ്‌ പരാതിക്കാരിയായ സാന്ദ്ര തോമസും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്‌. 26 വയസുള്ള യുവതി കൊച്ചി നഗരത്തില്‍ ആസ്‌തികള്‍ വാങ്ങിക്കൂട്ടുന്നതും കോടികള്‍ വിലമതിക്കുന്ന ജഗ്വാര്‍ കാറും ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ചും സ്വന്തമാണെന്നും പോലീസില്‍ അറിയിക്കുകയും ഇവ ക്വട്ടേഷ,ന്‍ സംഘം പിടിച്ചെടുത്തുവെന്നും പാലാരിവട്ടം സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ്‌ അന്വേഷണ ഏജന്‍സിക്ക്‌ ഇവരെക്കുറിച്ചു സംശയം തോന്നിയത്‌. 
എറണാകുളം ബ്രോഡ്‌ വെയില്‍ കൃത്രിമ പൂക്കളുടെ വില്‍പ്പനയ്‌ക്കായി സാന്ദ്ര ആന്റ്‌ കമ്പനി എന്ന പേരിലുള്ള ഒറ്റമുറി കടകൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. 2011-12 സാമ്പത്തികവര്‍ഷം 58 ലക്ഷം രൂപയുടെ വരുമാനമാണ്‌ സാന്ദ്രയുടെ ബാലന്‍സ്‌ ഷീറ്റില്‍ കാണിച്ചിരിക്കുന്നത്‌. എന്നാല്‍ രണ്ടുവര്‍ഷത്തിനു ശേഷം ഇത്‌ പതിന്മടങ്ങ്‌ കോടികളായി. കൃത്രിമ പൂക്കളുടെ കയറ്റുമതിയും ഇറക്കുമതിയും ചെയ്‌താണ്‌ കോടിക്കണക്കിനു രൂപ സമ്പാദിച്ചുവെന്നാണ്‌ ബാലന്‍സ്‌ ഷീറ്റില്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ നാള്‍ ഇതുവരെ ഒറ്റ ഷിപ്പ്‌മെന്റ്‌ പോലും ഇറക്കുമതി നടത്തിയട്ടില്ലെന്ന്‌ ഡി.ആര്‍.ഐ അന്വേഷണത്തില്‍ തെളിഞ്ഞു. 
ഇതോടെയാണ്‌ പെരുപ്പിച്ചു കാട്ടിയ ബാലന്‍സ്‌ ഷീറ്റും ഐടി റിട്ടേണുമായിരുന്നുവെന്ന്‌ ബോധ്യപ്പെട്ടത്‌. പെരുപ്പിച്ചെടുത്ത ബാലന്‍സ്‌ ഷീറ്റിന്‌ കൃത്യമായ ആദായ നികുതിയും നല്‍കി. ഇത്‌ കാണിച്ച്‌ ബാങ്കുകളില്‍ നിന്ന്‌ കോടികള്‍ ലോണ്‍ എടുത്ത്‌ കാറുകളും വസ്‌തുക്കളും വാങ്ങിക്കൂട്ടി. മാസങ്ങള്‍ക്കു ശേഷം ഇവ സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി വീണ്ടും പണം വാങ്ങുകയായിരുന്നു. 
അന്വേഷണം തുടങ്ങിയതോടെ ബ്രോഡ്‌ വെയിലെ സാന്ദ്ര തോമസിന്റെ സ്ഥാപനം ആഴ്‌ചകളായി അടഞ്ഞു കിടക്കുകയാണ്‌. സാന്ദ്ര തോമസിനെ ഫോണിലും ലഭ്യമല്ല. 
പെരുപ്പിച്ച ബാലന്‍സ്‌ ഷീറ്റ്‌ ഉപയോഗിച്ച്‌ ബാങ്കുകളെ കബളിപ്പിക്കുന്ന സമര്‍ത്ഥമായ തട്ടിപ്പ്‌ ആണ്‌ നടത്തിയതെന്ന്‌ റവന്യു ഇന്റിലജന്‍സ്‌ കേന്ദ്ര ഏജന്‍സിളെയും ഒപ്പം റിസര്‍വ്‌ ബാങ്കിനെയും അറിയിച്ചിരിക്കുന്നത്‌. സാന്ദ്രയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ നേരത്തെ ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു. ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്‌. 

2017 ജനുവരി 18, ബുധനാഴ്‌ച

മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഇടതുമുന്നണി നയമാണോ?




KER ഭേദഗതി: നേതൃയോഗം വെള്ളിയാഴ്‌ച എറണാകുളത്ത്‌


സംസ്ഥാനത്തെ ക്രൈസ്‌തവ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ആക്ഷേപിച്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ പ്രസ്‌താവന പ്രതിഷേധാര്‍ഹമാണെന്ന്‌ കേരള കാത്തലിക്‌ ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌ സംസ്ഥാനസമിതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്ത്‌ ഒരു മാതൃകാസംസ്ഥാനമായി കേരളം രൂപപ്പെട്ട ചരിത്രം അദ്ദേഹം വിസ്‌മരിക്കരുത്‌. എയ്‌ഡഡ്‌ വിദ്യാഭ്യാസമേഖലയ്‌ക്കും ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ഭരണകൂടങ്ങളുടെ ചരിത്രം എല്ലാവരും ഓര്‍ക്കുന്നത്‌ നന്നായിരിക്കും.

ചെമ്പേരി വിമല്‍ജ്യോതി കോളേജിനു നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണവും, ഭരണഘടനാപരമായ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കെ.ഇ.ആര്‍. ഭേദഗതിയും, മുഖ്യമന്ത്രിയുടെ പ്രസ്‌താവനയും ചേര്‍ത്തു വായിക്കേണ്ടതുണ്ട്‌. ന്യൂനപക്ഷ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെഇക്കാര്യത്തിലുള്ള നയം എന്താണെന്ന്‌ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം.

കെ. ഇ. ആര്‍ ഭേദഗതി, 2014 മുതലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ വേതനമില്ലാത്ത സാഹചര്യം, അധ്യാപകരുടെ ബ്രോക്കണ്‍ സര്‍വ്വീസുകള്‍ പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ്‌ എന്നീ വിഷയങ്ങളില്‍ ഭാവി പരിപാടികളെ കുറിച്ച്‌ ആലോചിക്കാന്‍ ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌ സംസ്ഥാന നേതൃയോഗം ജനുവരി 20-ാം തിയതി വെള്ളിയാഴ്‌ച രാവിലെ 10.00 മണിക്ക്‌ എറണാകുളത്ത്‌ വെച്ച്‌ ചേരുന്നതാണ്‌. കേരള കത്തോലിക്കസഭാ ആസ്ഥാനമായ പാലാരിവട്ടം പി.ഒ.സി. യില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍, ടീച്ചേഴ്‌സ്‌ ഗില്‍ഡിന്റെ വിവിധ രൂപത പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന്‌ കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ്‌ പാലയ്‌ക്കാപ്പിള്ളി, ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌ സംസ്ഥാനപ്രസിഡന്റ്‌ ജോഷി വടക്കന്‍, ജനറല്‍ സെക്രട്ടറി സാലു പതാലില്‍ എന്നിവര്‍ അറിയിച്ചു.

ജനീഷയുടെ മാതാപിതാക്കളെ കാണാന്‍ ഇന്നസെന്റ്‌




തന്റേതായ ശൈലിയില്‍ നര്‍മ്മങ്ങള്‍ ചാലിച്ച്‌ ഇന്നസെന്റ്‌ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ പെയ്‌തൊഴിഞ്ഞ ആകാശംപോലെ ആശങ്കകള്‍ അകന്ന്‌ നിര്‍മലയുടെയും വര്‍ഗീസിന്റെയും മുഖത്ത്‌ പുഞ്ചിരിച്ചു വിടര്‍ന്നു. കേരളത്തില്‍ ആദ്യമായി ശ്വാസകോശവും ഹൃദയവും ഒരുമിച്ച്‌ മാറ്റിവച്ച വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെയാണ്‌ നടനും എം.പിയുമായ ഇന്നസെന്റ്‌ അറിഞ്ഞത്‌. എറണാകുളത്ത്‌ മറ്റൊരാവശ്യവുമായി വന്നപ്പോള്‍ ലിസി ആശുപത്രിയില്‍ എത്തി 
ജനീഷയുടെ മാതാപിതാക്കളെ കാണാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ജനീഷയുടെ ചികിത്സയ്‌ക്ക്‌ വലിയ തുക ആവശ്യമാണ്‌. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സാധാരണ ഹൃദയശസ്‌ത്രക്രിയകള്‍ക്കു നല്‍കുന്ന തുകയായ അന്‍പതിനായിരം രൂപ മാത്രമാണ്‌ അനുവദിച്ചിരിക്കുന്നത്‌. ഇത്‌ അപര്യാപ്‌തമാണെന്നും ഹൃദയം മാറ്റിവയ്‌ക്കല്‍ പോലുള്ള വലിയ ശസ്‌ത്രക്രിയകള്‍ക്ക്‌ കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും ഇന്നസെന്റ്‌ പറഞ്ഞു. ജനീഷയുടെ കാര്യത്തില്‍ മണ്‌ഡലത്തിന്റെ എം.പിയായ ജോയ്‌സ്‌ ജോര്‍ജുമായി സംസാരിച്ച്‌ പ്രത്യേകമായി എന്തുചെയ്യാന്‍ സാധിക്കുമെന്ന്‌ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌ സര്‍ക്കാരുകള്‍ ചെയ്യുന്നതുപോലെ ഇത്തരം ശസ്‌ത്രക്രിയകള്‍ക്ക്‌ കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവദാനം എന്ന വലിയ പുണ്യകര്‍മം നടത്തിയ നിഥിന്റെ കുടുംബത്തെ അദ്ദേഹം പ്രത്യേകം സ്‌മരിച്ചു. ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തെ അദ്ദേഹം പൊന്നാട അണിയിച്ച്‌ ആദരിച്ചു. കഴിഞ്ഞ മാസം ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ തുടര്‍ പരിശോധനകള്‍ക്കായി ലിസി ആശുപത്രിയില്‍ എത്തിയ തൃശൂര്‍ ഒല്ലൂര്‍ സ്വദേശി വി.ആര്‍. ഷാജുവിനെയും ഇന്നസെന്റ്‌ സന്ദര്‍ശിച്ചു. ലിസി ആശുപത്രി ഡയറക്‌ടര്‍ ഫാ. തോമസ്‌ വൈക്കത്തുപറമ്പില്‍, പബ്ലിക്‌ റിലേഷന്‍സ്‌ മാനേജര്‍ വി.ആര്‍. രാജേഷ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഗുരുതരമായ അസുഖത്തെ അതിജീവിക്കാന്‍ തന്നെ സഹായിച്ച ആത്മവിശ്വാസമെന്ന ജീവാമൃതം ജനീഷയ്‌ക്ക്‌ കൂടി പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കളോട്‌ പറഞ്ഞിട്ടാണ്‌ ആ വലിയ മനുഷ്യന്‍ ആശുപത്രിയില്‍നിന്ന്‌ മടങ്ങിയത്‌.
ജനീഷയ്‌ക്ക്‌ വളരെ ഇഷ്‌ടപ്പെട്ട നടനാണ്‌ ഇന്നസെന്റ്‌ എന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെപ്പറ്റി അറിയുമ്പോള്‍ മകള്‍ക്ക്‌ വലിയ സന്തോഷമാകുമെന്നും നിര്‍മ്മല പറഞ്ഞു.

കത്തോലിക്ക കോണ്‍ഗ്രസിനു പുതിയ ഭരണഘടന



കൊച്ചി: സീറോ മലബാര്‍ സഭയുടെ അല്‌മായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ആഗോളതലത്തിലേക്കു വ്യാപിപ്പിക്കുന്നതിനു വഴിതുറന്നു പുതിയ ഭരണഘടന. സഭ അംഗീകരിച്ച പുതിയ ഭരണഘടന ഡയറക്ടര്‍ ഫാ. ജിയോ കടവിക്കും ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയിലത്തിനും നല്‍കി മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പ്രകാശനം ചെയ്‌തു.
വിവിധ രാജ്യങ്ങളിലായി അമ്പതു ലക്ഷത്തോളം സഭാവിശ്വാസികളെ ഏകോപിപ്പിച്ചു സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനു പുതുക്കിയ ഭരണഘടനയിലൂടെ കത്തോലിക്ക കോണ്‍ഗ്രസിനു സാധിക്കുമെന്നു മേജര്‍ ആര്‍ച്ച്‌ബിഷപ്‌ പ്രതീക്ഷ പ്രകടിപ്പിച്ചു. സഭയും സമുദായവും ധാരാളം വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാന സാഹചര്യങ്ങളില്‍ കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമാണ്‌. പ്രതിസന്ധികളെ അതിജീവിക്കുവാന്‍ അല്‌മായരുടെ പങ്ക്‌ വിലപ്പെട്ടതാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
കേരളത്തിനു പുറത്തുള്ള സീറോ മലബാര്‍ സഭാംഗങ്ങളെ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ സജീവമാക്കാനുള്ള ഭേദഗതികളാണു ഭരണഘടനയില്‍ വരുത്തിയിരിക്കുന്നത്‌. കേന്ദ്രസമിതിയിലും നേതൃത്വത്തിലും നിശ്ചിത ശതമാനം ഭാരവാഹികള്‍ ഇനി കേരളത്തിനു പുറത്തുനിന്നാകും.
കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, ഫരീദാബാദ്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ ഭരണിക്കുളങ്ങര, തലശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌്‌, കോട്ടയം ആര്‍ച്ച്‌ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, തൃശൂര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, കത്തോലിക്ക കോണ്‍ഗ്രസ്‌ ബിഷപ്‌ ലെഗേറ്റ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍, ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കേന്ദ്ര ഭാരവാഹികളായ ഡേവിസ്‌ പുത്തൂര്‍, ബേബി പെരുമാലി. സെലിന്‍ സിജോ, സാജു അലക്‌സ്‌, പ്രഫ. ജോസുക്കുട്ടി ഒഴുകയില്‍, സൈബി അക്കര, ജോസുക്കുട്ടി മാടപ്പിള്ളില്‍ എന്നിവര്‍ പങ്കെടുത്തു.



കത്തോലിക്ക കോണ്‍ഗ്രസിന്റെ പുതിയ ഭരണഘടന, ഡയറക്ടര്‍ ഫാ. ജിയോ കടവിക്കും ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയിലത്തിനും നല്‍കി മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പ്രകാശനം ചെയ്യുന്നു. ആര്‍ച്ച്‌ബിഷപ്പുമാരായ മാര്‍ ജോസഫ്‌ പെരുന്തോട്ടം, മാര്‍ കുര്യാക്കോസ്‌ ഭരണിക്കുളങ്ങര, മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌, മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍, കേന്ദ്രഭാരവാഹികളായ ഡേവിസ്‌ പുത്തൂര്‍, ബേബി പെരുമാലി, സെലിന്‍ സിജോ, സാജു അലക്‌സ്‌, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, സൈബി അക്കര, ജോസുക്കുട്ടി മാടപ്പിള്ളില്‍, ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ സമീപം.)  

)  

2017 ജനുവരി 13, വെള്ളിയാഴ്‌ച

കൊച്ചിയില്‍ ഫാബ്‌ലാബിന്റെ ഏഷ്യാ നെറ്റ്‌വര്‍ക്ക്‌ കോണ്‍ഫറന്‍സ്‌




കൊച്ചി:
:ഫാബ്‌ലാബ്‌ ഏഷ്യ നെറ്റ്‌വര്‍ക്ക്‌ കോണ്‍ഫറന്‍സ്‌ മൂന്നാമത്‌ എഡിഷന്റെ രണ്ടാം ഭാഗം കൊച്ചിയില്‍ ജനുവരി 17നും 18നും നടക്കും. മുംബൈയില്‍ 12 മുതല്‍ 15 വരെ നടക്കുന്ന ആദ്യ ഭാഗത്തിന്റെതുടര്‍ച്ചയാണിത്‌. ഏഷ്യാ പസഫിക്‌ മേഖലയില്‍ 21 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 81 ഫാബ്‌ ലാബുകളുടെ ശൃംഖലയായ ഫാബ്‌ ലാബ്‌ ഏഷ്യ ഫൗണ്ടേഷനാണ്‌ ഒരാഴ്‌ച നീളുന്ന കോണ്‍ഫറന്‍സ്‌ സംഘടിപ്പിക്കുന്നത്‌. കേരള സ്റ്റാര്‍ട്ടപ്‌ മിഷന്‍, വിഗ്യാന്‍ ആശ്രം, റിസര്‍ച്ച്‌ ഇന്നൊവേഷന്‍ ഇന്‍കുബേഷന്‍ ഡിസൈന്‍ ലാബ്‌സ്‌എന്നിവചേര്‍ന്ന്‌ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പരിപാടി പ്രധാനമായും ശ്രദ്ധയൂന്നുന്നത്‌ ഡിജിറ്റല്‍ ഫാബ്രിക്കേഷനിലും ഇന്റര്‍നാഷണല്‍ കൊളാബറേഷനിലുമായിരിക്കും.
ചെറിയ പരിശീലനം മാത്രം സിദ്ധിച്ചിട്ടുള്ള ആളുകള്‍ക്ക്‌ കംപ്യൂട്ടറുമായി ബന്ധപ്പെടുത്തിയിട്ടുള്ള നൂതന നിര്‍മാണോപകരണങ്ങള്‍ ഉപയോഗിച്ച്‌ ഏത്‌ ഉല്‍പന്നവുംരൂപകല്‍പന ചെയ്‌ത്‌ നിര്‍മിക്കാനുള്ള സൗകര്യങ്ങളാണ്‌ ഫാബ്‌ലാബ്‌സ്‌ (ഫാബ്രിക്കേഷന്‍ ലബോറട്ടറീസ്‌) നല്‍കുന്നത്‌. സ്‌റ്റാര്‍ട്ടപ്‌ അന്തരീക്ഷവുമായി സംയോജിപ്പിച്ചിട്ടുള്ള ഈ സൗകര്യങ്ങള്‍ സംരംഭകരെ തങ്ങളുടെ ആശയങ്ങള്‍ക്ക്‌ എളുപ്പത്തില്‍ പ്രാഥമിക രൂപം നല്‍കുന്നതിന്‌ സഹായിക്കുന്നു. മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിസെന്റര്‍ഓഫ്‌ ബിറ്റ്‌സ്‌ ആന്‍ഡ്‌ ആറ്റംസുമായിചേര്‍ന്ന്‌സ്റ്റാര്‍ട്ടപ്‌ മിഷന്‍ തിരുവനന്തപുരത്തുംകൊച്ചിയിലുമായിഇപ്പോള്‍തന്നെ രണ്ട്‌ ഫാബ്‌ ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്‌.
ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ 80 രാജ്യാന്തര പ്രതിനിധികളും 200 പ്രാദേശിക നിര്‍മാതാക്കളും പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 

2017 ജനുവരി 6, വെള്ളിയാഴ്‌ച

ആര്‍ക്കിടെക്‌റ്റ്‌ ഒരു സവിശേഷശൈലിയുടെ തടവില്‍ ആയിപ്പോകരുത്‌,` റായ അനി




കൊച്ചി: ന്യൂയോര്‍ക്കിലെ പ്രശസ്‌തമായ വിമെന്‍സ്‌ ബില്‍ഡിംഗിന്റെ ആര്‍ക്കിടെക്‌റ്റുമാരിലൊരാളും ന്യൂയോര്‍ക്കിലും യുഎഇയിലും പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്‌ചര്‍ സ്ഥാപനമായ റാ-എന്‍വൈസി ആര്‍ക്കിടെക്‌റ്റ്‌സിന്റെ സ്ഥാപകയുമായ റായ അനി തന്റെ ആഗോള ആര്‍ക്കിടെക്‌ചര്‍ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാന്‍ കൊച്ചിയിലെത്തി. കൊച്ചിയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ്‌ ഇന്നവേഷന്‍സ്‌ (ആസാദി) സംഘടിപ്പിച്ച എകദിന സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ്‌ ഇറാക്കിവംശജയായ റായ എത്തിയത്‌. രൂപകല്‍പ്പനയില്‍ വിട്ടുവീഴ്‌ച ചെയ്യാതെയും കെട്ടിട ഉടമയുടെ അല്ലെങ്കില്‍ പദ്ധതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുമുള്ള സൃഷ്ടിക്ക്‌ ഊന്നല്‍ നല്‍കണമെന്ന്‌ ആര്‍ക്കിടെക്‌റ്റുമാരും ആസാദിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത സെമിനാറില്‍ പങ്കെടുത്തുകൊണ്ട്‌ റായ അനി പറഞ്ഞു. `ഓരോ രൂപകല്‍പ്പനയും വ്യതിരിക്തമായിരിക്കണം. അതായത്‌ ഒരു ആര്‍ക്കിടെക്‌റ്റ്‌ ഒരു സവിശേഷശൈലിയുടെ തടവില്‍ ആയിപ്പോകരുത്‌,` റായ അനി പറഞ്ഞു.

ഒരു സ്‌ത്രീ എന്ന നിലയില്‍ വിമെന്‍സ്‌ ബില്‍ഡിംഗിന്റെ രൂപകല്‍പ്പന ചെയ്യാനായതില്‍ ഏറെ അഭിമാനമുണ്ടെന്നും റായ പറഞ്ഞു. സ്‌ത്രീകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക്‌ മാത്രം പ്രവര്‍ത്തിക്കാനൊരിടം എന്ന നിലയിലാണ്‌ നോവോ ഫൗണ്ടേഷന്‍ എന്ന സംഘടന ന്യൂയോര്‍ക്കിലെ വിമെന്‍സ്‌ ബില്‍ഡിംഗ്‌ നിര്‍മാണത്തിന്‌ തുടക്കമിട്ടിരിക്കുന്നത്‌. ന്യൂയോര്‍ക്കായതുകൊണ്ട്‌ സ്ഥലദൗര്‍ലഭ്യമായിരുന്നു ബില്‍ഡിംഗ്‌ നിര്‍മാണത്തെപ്പറ്റി ആലോചിച്ചപ്പോള്‍ നേരിട്ട പ്രധാന പ്രശ്‌നം. ഒടുവില്‍ ചെല്‍സിയിലുണ്ടായിരുന്ന സ്‌ത്രീകള്‍ക്കായുള്ള ഒരു ജയിലാണ്‌ പൊളിച്ചു പണിതും പരിഷ്‌കരിച്ചും വിമന്‍സ്‌ ബില്‍ഡിംഗാക്കാന്‍ തീരുമാനിച്ചത്‌. വൈരൂപ്യത്തിന്റെ പ്രതീകമായ പ്യൂപ്പ ശലഭമാകുന്നതുപോലെ ഇരുട്ടിന്റെ ഇടം സൗന്ദര്യത്തിന്റെ വാസസ്ഥലമാകുന്നു എന്നാണ്‌ ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്‌. 2012-ല്‍ പ്രഖ്യാപിച്ച ഈ പദ്ധതി 2020-ഓടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു. സ്‌ത്രീകളെ അപമാനിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയ റൊണാള്‍ഡ്‌ ട്രംപ്‌ പ്രസിഡന്റാകാന്‍ പോകുന്ന ഇത്തരുണത്തില്‍ ഈ ബില്‍ഡിംഗിന്‌ ഏറെ പ്രസക്തിയുണ്ടെന്ന്‌ ഈ ബില്‍ഡിംഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റുകള്‍ പറയുന്നു. സാമൂഹ്യനീതിക്കായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രൂപമാവുകയാണ്‌ കെട്ടിടത്തിന്റെ ധര്‍മം. സ്‌ത്രീകള്‍ക്കു മാത്രമായി 300 തൊഴിലവസരങ്ങളും പ്രതിവര്‍ഷം 43 മില്യന്‍ ഡോളര്‍ മതിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഈ ബില്‍ഡിംഗ്‌ സൃഷ്ടിക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. 

ആര്‍ക്കിടെക്‌ചര്‍ രംഗത്തെ നൂതന പ്രവണതകളെ സംബന്ധിച്ച്‌ ആസാദി ചെയര്‍മാനും പ്രമുഖ ആര്‍ക്കിടെക്‌റ്റുമായ ബി. ആര്‍. അജിതും സെമിനാറില്‍ പ്രഭാഷണം നടത്തി. 

ഫോട്ടോ ക്യാപ്‌ഷന്‍: ആര്‍ക്കിടെക്‌റ്റ്‌ റായ അനി കൊച്ചിയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ്‌ ഇന്നവേഷന്‍സില്‍ (ആസാദി) നടന്ന സെമിനാറില്‍ സംസാരിക്കുന്നു.

വിധിയെ തോല്‍പിച്ച്‌ രമ്യാപ്രഭു ജീവിതത്തിന്റെ പടിക്കെട്ടുകള്‍ നടന്നു കയറി



കൊച്ചി : ഈയടുത്ത കാലം വരെ, ജനനസമയത്ത്‌ ഉണ്ടാകുന്ന തലച്ചോറിന്റെ ക്ഷതം ഭേദപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ സ്റ്റെം സെല്‍ തെറാപ്പികൊണ്ട്‌ തലച്ചോറിലെ കോശങ്ങളുടെ ക്ഷതം ഭേദമാക്കാന്‍ കഴിയുമെന്ന്‌ പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ന്യൂറോളജിക്കലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും രോഗികള്‍ക്കും, അഡള്‍ട്ട്‌ സ്റ്റെം സെല്‍ തെറാപ്പി ഒരു പുതിയ പ്രതീക്ഷയാണ്‌ നല്‍കുന്നത്‌.
കൊച്ചി സ്വദേശിയും സ്‌പാസ്റ്റിക്‌ ക്വാഡ്രിപ്ലീജിക്‌ സെറിബ്രല്‍ പാള്‍സി രോഗബാധിതയുമായ രമ്യാ വി പ്രഭുവിന്റെ കേസ്‌ ഇതിന്റെ പ്രകടമായ തെളിവാണ്‌. 
പ്രസവ സമയത്ത്‌ എല്ലാം സാധാരണ നിലയിലായിരുന്നുവെന്ന്‌ എല്‍ഐസി ഉദ്യോഗസ്ഥയും രമ്യയുടെ മാതാവുമായ സന്ധ്യാപ്രഭു പറഞ്ഞു. പിതാവ്‌ വിദ്യാധരപ്രഭു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥനാണ്‌. പക്ഷേ ജനിച്ച്‌ മൂന്നാം നാള്‍ രമ്യയ്‌ക്ക്‌ കടുത്ത മഞ്ഞപിത്തം ബാധിച്ചു.
2016 ഓഗസ്റ്റില്‍ ന്യൂറോജനില്‍ രമ്യ പരിശോധനയ്‌ക്ക്‌ എത്തിയപ്പോള്‍ കണ്ടെത്തിയ അവളുടെ പ്രധാന പ്രശ്‌നം കൈകളുടെ പ്രവര്‍ത്തനത്തകരാര്‍ ആയിരുന്നു. ഓറല്‍ മോട്ടോര്‍ കണ്‍ട്രോള്‍ വേണ്ടവിധം വികസിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അവളുടെ സംസാരവും അവ്യക്തമായിരുന്നു. ശരാശരി ആയിരുന്നു അവളുടെ ശ്രദ്ധയും ഏകാഗ്രതയും. 15-20 മിനിട്ട്‌ കഴിയുമ്പോള്‍ അവളുടെ ശ്രദ്ധമാറിപ്പോകുക പതിവായിരുന്നു. ശരാശരി ആയിരുന്നു അവളുടെ ബുദ്ധിശക്തിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷിയും. ഐ കോണ്ടാക്‌ടും വളരെ മോശമായിരുന്നു. എല്ലാ ദൈനംദിന കാര്യങ്ങള്‍ക്കും അവള്‍ക്ക്‌ ആരെയെങ്കിലും ആശ്രയിക്കേണ്ടിയും വന്നു. 
കുളിക്കാനോ വസ്‌ത്രം ധരിക്കാനോ വൃത്തിയായിരിക്കാനോ ഒന്നും അവള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. കക്കൂസില്‍ പോകണമെന്ന്‌ പറയുമെങ്കിലും കൃത്യം കഴിഞ്ഞാല്‍ വൃത്തിയാക്കാന്‍ മറ്റാരുടേയെങ്കിലും സഹായം വേണ്ടി വന്നിരുന്നു. നിരപ്പല്ലാത്ത പ്രതലങ്ങളില്‍ നടക്കാനും വഴിമദ്ധ്യേയുള്ള തടസ്സങ്ങള്‍ മറികടക്കാനും പടിക്കെട്ടുകള്‍ കയറാനും സഹായവും മേല്‍നോട്ടവും വേണ്ടി വന്നിരുന്നു. ഭക്ഷണം എടുത്തു കഴിക്കാന്‍ അവള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി ആരെങ്കിലും സ്‌പര്‍ശിക്കുകയോ ഉച്ചത്തില്‍ ശബ്‌ദിക്കുകയോ ചെയ്‌താല്‍ അവള്‍ ഭയന്നു വിറയ്‌ക്കുകയും അത്‌ ചുഴലിയിലേക്ക്‌ നയിക്കുകയും ചെയ്യുമായിരുന്നു.
ന്യൂറോജെനില്‍ രമ്യ സ്റ്റെം സെല്‍ തെറാപ്പിക്ക്‌ വിധേയയാകുകയും അതോടൊപ്പം അവള്‍ക്കുവേണ്ടി മാത്രമായി ഒരു പുനരധിവാസ പ്രോഗ്രാം ചിട്ടപ്പെടുത്തുകയും ചെയ്‌തു. ബാലന്‍സ്‌ നടത്തം, പടിക്കെട്ട്‌ കയറല്‍, ബുദ്ധിശക്തി, അംഗവിന്യാസം, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ അവള്‍ക്ക്‌ നല്‍കി. വേണ്ടത്ര വിശ്രമ ഇടവേളകള്‍ സഹിതം ചിട്ടയായ ഒരു രീതിയിലാണ്‌ ഈ വ്യായാമങ്ങള്‍ അവളെക്കൊണ്ട്‌ ചെയ്യിപ്പിച്ചത്‌. ന്യൂറോജെന്‍ സ്റ്റെം സെല്‍ തെറാപ്പിയിലൂടെ ഒരു പുതിയ പ്രതീക്ഷയാണ്‌ രക്ഷിതാക്കള്‍ക്ക്‌ ലഭിച്ചത്‌. ആശുപത്രി വിട്ട ശേഷവും ന്യൂറോജെനില്‍ പഠിപ്പിച്ച ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷനും വീട്ടിലും തുടര്‍ന്നു.
ഈ തെറാപ്പിക്കു ശേഷം 2016 നവംബറിലെ ഫോളോ അപ്പില്‍ വളരെ വലിയ തോതിലുള്ള മെച്ചപ്പെടലുകളാണ്‌ കാണാന്‍ കഴിഞ്ഞത്‌. അവളുടെ അംഗവിന്യാസം മെച്ചപ്പെട്ടു. മുമ്പ്‌ ഇടത്‌ കൈപ്പത്തിയും കണങ്കൈയും വിരലുകളും സാധാരണ നിലയിലായിരിക്കുന്നു. ഭാരം വഹിക്കാനുള്ള ശേഷി മെച്ചപ്പെട്ടു. നടത്തം വളരെയധികം പുരോഗമിച്ചു. ഇപ്പോള്‍ അവള്‍ക്ക്‌ ആരുടേയും സഹായമില്ലാതെ നടക്കാനും പടിക്കെട്ടുകള്‍ കയറാനും കഴിയുന്നുണ്ട്‌. ചുഴലിയുടെ ഇടവേളകള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു. പെരുമാറ്റ പ്രശ്‌നങ്ങള്‍ മെച്ചപ്പെട്ടു. 
കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പുരോഗതി കൈവരിച്ചിരിക്കുന്നു. ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെട്ടിരിക്കുന്നു. ശരീരാവയവങ്ങളുടെ നിയന്ത്രണം മെച്ചപ്പെട്ടു. തോള്‍, കൈമുട്ടുകള്‍, കണങ്കൈ, കൈ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. ബാലന്‍സില്‍ നല്ല പുരോഗതി കൈവരിച്ചിരിക്കുന്നു. മുമ്പ്‌ ബാലന്‍സ്‌ നഷ്‌ടപ്പെട്ടു പോകുമെന്ന ഭയം ഉണ്ടായിരുന്നു. ഇപ്പോള്‍ നല്ല ബാലന്‍സ്‌ കൈവരിച്ചിരിക്കുന്നു. ഫൈന്‍ മോട്ടോര്‍ അസെസ്‌മെന്റ്‌ മെച്ചപ്പെട്ടു. കൈമുട്ട്‌ നിവര്‍ത്തി ഒരു വസ്‌തു എടുക്കാനും വിരലുകള്‍ കൊണ്ട്‌ അവ തുറക്കാനും അവള്‍ ശ്രമിക്കുന്നുണ്ട്‌.
20 വയസ്സുകാരിയായ രമ്യ ഗായികയും സംഗീത പ്രേമിയുമാണ്‌. സംഗീതം രമ്യയ്‌ക്ക്‌ ജീവനാണ്‌. രമ്യക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടതും എപ്പോഴും മൂളുന്നതുമായ ഗാനങ്ങളിലൊന്ന്‌ സദ്‌മയിലെ സുറുമൈ അഖിയോ മെ ആണ്‌. ഇതിനെല്ലാം പുറമെ ആള്‍ക്കാരുമായി ഇപ്പോള്‍ നന്നായി ഇടപഴകുകയും ചെയ്യും രമ്യ.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മന്ദഗതിയിലായ മാനസിക വളര്‍ച്ച, മസ്‌കുലര്‍ ഡിസ്‌ട്രഫി, നട്ടെല്ലിലെ പരിക്ക്‌, പക്ഷാഘാതം, ബ്രെയ്‌ന്‍ സ്‌ട്രോക്ക്‌, സെറിബെലര്‍ അറ്റാക്‌സിയ, മറ്റ്‌ ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിങ്ങനെയുള്ള രോഗാവസ്ഥകള്‍ക്കുള്ള ഏറ്റവും പുതിയ ചികിത്സാ മാര്‍ഗമായി ഉയര്‍ന്നു വരികയാണ്‌ സ്റ്റെം സെല്‍ തെറാപ്പി. മോളിക്യൂളര്‍, സ്‌ട്രക്‌ചറല്‍, ഫങ്‌ഷണല്‍ തലത്തില്‍ തന്നെ കേടായ തലച്ചോറിലെ കോശങ്ങളെ ഭേദപ്പെടുത്താനുള്ള കഴിവ്‌ ഈ ചികിത്സയ്‌ക്ക്‌ ഉണ്ടെന്ന്‌ ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ്‌ സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടറും സിയോണിലെ എല്‍ടിഎംജി ഹോസ്‌പിറ്റല്‍ ആന്റ്‌ എല്‍ടി മെഡിക്കല്‍ കോളേജ്‌ പ്രൊഫസറും ഹെഡ്‌ ഓഫ്‌ ന്യൂറോസര്‍ജറിയുമായ ഡോ.അലോക്‌ ശര്‍മ്മ പറഞ്ഞു.
വളരെ ലളിതവും സുരക്ഷിതവുമാണ്‌ സ്റ്റെം സെല്‍ തെറാപ്പിയെന്ന്‌ ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ്‌ സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. നന്ദിനി ഗോകുല ചന്ദ്രന്‍ പറഞ്ഞു. ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ്‌ സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചെയ്‌ത സ്റ്റെം സെല്‍ തെറാപ്പി (എസ്‌ സി ടി) ഒരു സൂചിയുടെ സഹായത്തോടെ രോഗിയുടെ മജ്ജയില്‍ നിന്ന്‌ സ്റ്റെം സെല്‍ എടുക്കുകയും പ്രോസസിങ്ങിനു ശേഷം അവരുടെ സ്‌പൈനല്‍ ഫ്‌ളൂയിഡിലേക്ക്‌ ശരീരത്തില്‍ നിന്നു തന്നെയാണ്‌ ഇവ എടുക്കുന്നത്‌ എന്നതിനാല്‍ റിജക്ഷനോ പാര്‍ശ്വഫലങ്ങളോ ഉണ്ടാകുകയില്ല. അതിനാല്‍ തന്നെ പൂര്‍ണമായും സുരക്ഷിതമാണ്‌.
ആയിരത്തില്‍ ഏതാണ്ട്‌ ഒന്നു മുതല്‍ മൂന്നു വരെ കുട്ടികള്‍ക്ക്‌ സെറിബ്രല്‍ പാള്‍സി ഉണ്ടാകാറുണ്ട്‌. എന്നാല്‍ വളരെ കുറഞ്ഞ ശരീരഭാരത്തിലും അശാലത്തിലും ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക്‌ ഇത്‌ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌.
നവി മുംബയിലെ നെരുളില്‍ സ്ഥിതി ചെയ്യുന്ന ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ്‌ സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്റ്റെല്‍ തെറാപ്പി മാത്രമല്ല റീഹാബിലിറ്റേഷനും നല്‍കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ്‌. 11 നിലകളിലായുള്ള ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 51-ലധികം കിടക്കകളും സ്‌പെഷ്യല്‍ ന്യൂറോറീഹാബിലിറ്റേഷന്‍ തെറാപ്പി കേന്ദ്രവും ഉണ്ട്‌. ഭേദപ്പെടുത്താവുന്ന ന്യൂറോളജിക്കല്‍ തകരാറുകള്‍ കൊണ്ട്‌ ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന രോഗികള്‍ക്ക്‌ സഹായമാകാനാണ്‌ ബിഎസ്‌ഐ രൂപീകരിച്ചിരിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ എസ്‌. പുഷ്‌കല 09821529653.



ബിഷപ്‌ മാക്കീല്‍ പുരസ്‌കാരം വരാപ്പുഴ അതിരൂപതയ്‌ക്കും എം.ഡി.റാഫേലിനും.



കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന്‍, മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള 2016-ലെ ഏറ്റവും മികച്ച രൂപതയ്‌ക്കും വ്യക്തിയ്‌ക്കും ഏര്‍പ്പെടുത്തിയ ബിഷപ്‌ മാക്കീല്‍ പുരസ്‌കാരത്തിന്‌ വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതിയും എം.ഡി.റാഫേല്‍ മുക്കത്തും അര്‍ഹരായി. 10,000/- രൂപയും ശില്‌പവും പ്രശസ്‌തിപത്രവും അടങ്ങിയതാണ്‌ പുരസ്‌കാരം. മികച്ച രണ്ടാമത്തെ രൂപതയ്‌ക്കുള്ള ഫാ.പോള്‍ കാരാച്ചിറ പുരസ്‌കാരം താമരശേരി രൂപതയും മൂന്നാംസ്ഥാനത്തിനുള്ള മറിയാമ്മ ഐക്കര മൈമ്മോറിയല്‍ പുരസ്‌കാരത്തിന്‌ തൃശ്ശൂര്‍ അതിരൂപതയും അര്‍ഹമായി. വരാപ്പുഴ അതിരൂപതയിലെ പുതുവൈപ്പ്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഇടവകാംഗവും സംസ്ഥാന വൈസ്‌പ്രസിഡന്റുമാണ്‌ എം.ഡി.റാഫേല്‍ മുക്കത്ത്‌.
കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ റെമജിയോസ്‌ ഇഞ്ചനാനിയല്‍, സെക്രട്ടറി ഫാ.ജേക്കബ്‌ വെള്ളമരുതുങ്കല്‍, പ്രസാദ്‌ കുരുവിള, സിസ്റ്റര്‍ ആനീസ്‌ തോട്ടപ്പിള്ളി, ആന്റണി ജേക്കബ്‌ ചാവറ എന്നിവരടങ്ങിയ ജഡ്‌ജിങ്‌ കമ്മിറ്റിയാണ്‌ അവാര്‍ഡ്‌ നിര്‍ണ്ണയം നടത്തിയത്‌. ഫെബ്രുവരി 3 ന്‌ വെള്ളിയാഴ്‌ച പാലാരിവട്ടം പി.ഒ.സി.യില്‍ നടക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാര്‍ ബിഷപ്‌ മാര്‍ റെമജിയോസ്‌ ഇഞ്ചനാനിയല്‍, പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന്‌ സസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍ അറിയിച്ചു.

ഡിവൈ എഫ്‌ ഐ അഖിലേന്ത്യാ സമ്മേളനം: സ്വാഗതസംഘം ഓഫീസ്‌ തുറന്നു

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ കേന്ദ്ര സ്വാഗതസംഘം ഓഫീസ്‌ ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്‌ കെ എന്‍ ബാലഗോപാല്‍ ഉദ്‌ഘാടനം ചെയ്യുന്നു. പി രാജീവ്‌, പ്രൊഫ. എം കെ സാനു, ഒളിംപ്യന്‍ മേഴ്‌സി കുട്ടന്‍, എം എം ലോറന്‍സ്‌, സി എന്‍ മോഹനന്‍, എസ്‌ സതീഷ്‌, അഡ്വ. കെ എസ്‌ അരുണ്‍കുമാര്‍, പ്രിന്‍സി കുര്യാക്കോസ്‌, രതീഷ്‌, ആര്‍ ബിജു, തുടങ്ങിയവര്‍ സമീപം




കൊച്ചിഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ കേന്ദ്ര സ്വാഗതസംഘം ഓഫീസ്‌ പ്രവര്‍ത്തനമാരംഭിച്ചു. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ഉദ്‌ഘാടനം ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്‌ കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. 
ഇതുവരെ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ പാര്‍ലമെന്റെ അന്തസത്ത തകര്‍ക്കുന്ന തരത്തിലേക്ക്‌ നരേന്ദ്രമോഡിയുടെ ഭരണം എത്തിയിരിക്കുകയാണെന്ന്‌ യോഗം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. നോട്ട്‌ നിരോധം മൂലമുള്ള പ്രതിസന്ധി തൊഴില്‍ മേഖലയെ ബാധിച്ചിരിക്കുന്നു. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ഭാഗിക തൊഴില്‍രഹിതരുടെ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്‌. ഇതിനെയെല്ലാം ഭ്രാന്തമായ ദേശീയതയും വര്‍ഗീയതയും ഉപയോഗിച്ച്‌ മറയ്‌ക്കാന്‍ മോഡി ശ്രമിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ രാജ്യത്തെ യുവജനങ്ങള്‍ക്ക്‌ വ്യക്തമായ ദിശാബോധം നല്‍കുന്നതായിരിക്കും ഫെബ്രുവരി രണ്ടു മുതല്‍ അഞ്ച്‌ വരെ കൊച്ചിയില്‍ നടക്കുന്ന ഡി വൈ എഫ്‌ ഐ അഖിലേന്ത്യാ സമ്മേളനമെന്ന്‌ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ പി രാജീവ്‌ അധ്യക്ഷനായി. അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച്‌ ഡിവൈഎഫ്‌ഐ 13 കുടുംബങ്ങള്‍ക്ക്‌ വീടു നിര്‍മിക്കാനുള്ള പദ്ധതി പൂര്‍ത്തീകരിച്ചു വരികയാണെന്ന്‌ അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനു വേണ്ട അരി, പച്ചക്കറി, മല്‍സ്യം തുടങ്ങിയവ ജനകീയമായാണ്‌ ഉല്‍പ്പാദിപ്പിക്കുന്നതെന്നും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ്‌ സമ്മേളനത്തിന്റെ നടത്തിപ്പെന്നും അദ്ദേഹം വ്യക്തമാക്കി. 
ഡിവൈഎഫ്‌ഐ ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍വകാലിക പ്രാധാന്യമുള്ളതാണെന്ന്‌ ചടങ്ങില്‍ സംസാരിച്ച പ്രൊഫ. എം കെ സാനു പറഞ്ഞു. പാര്‍പ്പിടം നിര്‍മിച്ചു നല്‍കുക, കൃഷി നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും പ്രസക്തിയുള്ളതാണ്‌. പോരാട്ടത്തിന്റെ കരുത്ത്‌ പ്രകടിപ്പിക്കാനും ഇതിനൊപ്പം ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും സംഘടനയ്‌ക്ക്‌ കഴിയുന്നുണ്ടെന്ന്‌ പ്രൊഫ. എം കെ സാനു പറഞ്ഞു.
മുതിര്‍ന്ന സിപിഐ എം നേതാവ്‌ എം എം ലോറന്‍സ്‌, സംസ്ഥാന കമ്മിറ്റിയംഗം സി എന്‍ മോഹനന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എസ്‌ സതീഷ്‌, ജില്ലാ സെക്രട്ടറി അഡ്വ. കെ എസ്‌ അരുണ്‍കുമാര്‍, പ്രസിഡന്റ്‌ പ്രിന്‍സി കുര്യാക്കോസ്‌, ട്രഷറര്‍ പി ബി രതീഷ്‌, കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജു, ഒളിംപ്യന്‍ മേഴ്‌സി കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗത സംഘം ഓഫീസ്‌ ഇമെയില്‍ വിലാസം റ്യളശമഹഹശിറശമരീിളലൃലിരല@ഴാമശഹ.രീാ



2017 ജനുവരി 4, ബുധനാഴ്‌ച

വൃക്കകള്‍ പ്രവര്‍ത്തനരഹിതമായ ബസ്‌ ജീവനക്കാരന്‌ രക്ഷകനായി ഡല്‍ഹി പ്രൊഫസര്‍


സഖി ജോണ്‍


കൊച്ചി: തിരുവല്ല സ്വദേശിയും ഡല്‍ഹി ജാമിയ ഹംദര്‍ദ്‌ സര്‍വകലാശാലയിലെ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌ വിഭാഗം പ്രൊഫസറുമായ സഖി ജോണിന്‌ ഒരാഗ്രഹമുണ്ടായിരുന്നു. ജീവിച്ചിരിക്കെ മറ്റൊരു ജീവന്‌ രക്ഷയാകണമെന്ന ആഗ്രഹം സഖി നിറവേറ്റിയത്‌ ഇരു വൃക്കകളും തകരാറിലായ ഒരു അപരിചിതന്‌ തന്റെ വൃക്ക ദാനം ചെയ്‌താണ്‌. 

വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന്‌ ഡയാലിസിസിന്‌ വിധേയമായികൊണ്ടിരുന്ന തൃശൂര്‍ പീച്ചിയിലെ സ്വകാര്യ ബസ്‌ ജീവനക്കാരനായ 44 കാരന്‍ ഷാജു പോളിനാണ്‌ സഖി ജോണ്‍ വൃക്ക ദാനം ചെയ്‌തത്‌. കൊച്ചിയിലെ വിപിഎസ്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ ഡിസംബര്‍ 28നായിരുന്നു വൃക്ക മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ. വൃക്കദാനത്തിലൂടെ മാതൃക സൃഷ്ടിച്ച ഫാദര്‍ ഡേവിസ്‌ ചിറമേല്‍ സ്ഥാപിച്ച കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവരില്‍ നിന്നാണ്‌ ഷാജുവിനെ സ്വീകര്‍ത്താവായി തെരഞ്ഞെടുത്തത്‌. 

2011ല്‍ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്‌തപ്പോള്‍ ശസ്‌ത്രക്രിയ നടത്തിയ ഡോക്ടര്‍ പറഞ്ഞ കാര്യമാണ്‌ അവയവദാനത്തെക്കുറിച്ച്‌ ചിന്തിക്കാനിടയായതെന്ന്‌ സഖി പറയുന്നു. തന്റെ പിതാവ്‌ കാരണം കാഴ്‌ചശേഷിയില്ലാത്ത രണ്ട്‌ പേര്‍ക്കാണ്‌ ഈ ലോകം കാണാന്‍ അവസരമുണ്ടായതെന്ന്‌ ഡോക്ടര്‍ പറഞ്ഞത്‌ സഖിയെ ഏറെ സ്‌പര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ 2015ല്‍ ഫാ. ഡേവിസ്‌ ചിറമേലിനെ സന്ദര്‍ശിച്ച്‌ വൃക്കദാനത്തിന്‌ സന്നദ്ധത അറിയിക്കുകയായിരുന്നു.

2016 ജൂലൈ മുതല്‍ 98 ഡയാലിസിസിന്‌ വിധേയമായിട്ടുണ്ട്‌ ഷാജു. തന്റെ ഇരു വൃക്കകളും തകരാറിലാണെന്ന്‌ അറിഞ്ഞതിനെ തുടര്‍ന്ന്‌ പ്രതീക്ഷയറ്റ്‌ കഴിയുമ്പോഴാണ്‌ ഭാര്യ ഷിബി മക്കളായ ആല്‍വിന്‍, ഏയ്‌ഞ്ചല്‍ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഷാജുവിന്റെ മുന്നില്‍ രക്ഷകനായി സഖി ജോണെത്തുന്നത്‌. എന്നാല്‍ ശസ്‌ത്രക്രിയ്‌ക്കുള്ള പണം കണ്ടെത്തുകയെന്നത്‌ ദിവസക്കൂലിക്കാരനായ ഷാജുവിന്‌ വലിയ കടമ്പ തന്നെയായിരുന്നു. പീച്ചിയിലെ മണക്കുഴി ഗ്രാമവാസികള്‍ ഒത്തുചേര്‍ന്നപ്പോള്‍ ശസ്‌ത്രക്രിയയ്‌ക്കുള്ള സഹായനിധിയിലേക്ക്‌ 22 ലക്ഷം രൂപ ഒഴുകിയെത്തി.
ഷാജു. 

നെഫ്രോളജി, ട്രാന്‍സ്‌പ്ലാന്റ്‌ സര്‍വീസസ്‌ ഡയറക്ടര്‍ ഡോ. എബി എബ്രഹാം, ട്രാന്‍സ്‌പ്ലാന്റ്‌ സര്‍ജന്‍ ഡോ. ജോര്‍ജ്‌ പി. എബ്രഹാം, അനസ്‌തേഷ്യ വിഭാഗം ഡയറക്ടര്‍ ഡോ. മോഹന്‍ എ. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ്‌ ശസ്‌ത്രക്രിയകള്‍ നടത്തിയത്‌. ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം വൃക്കദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. സഖി ജനുവരി 2ന്‌ ആശുപത്രി വിട്ടു. ഷാജുവിനെ ഐസിയുവില്‍ നിന്നും മുറിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.  

2017 ജനുവരി 2, തിങ്കളാഴ്‌ച

പ്ലാസ്റ്റിക്‌ മാലിന്യ പ്രതിസന്ധി പ്രമേയമാക്കി ബിനാലെയില്‍ ആര്‍ട്ട്‌ പ്രോജക്‌റ്റ്‌







കൊച്ചി: പ്ലാസ്റ്റിക്‌ മാലിന്യ പ്രതിസന്ധി പ്രമേയമാക്കിയ ആര്‍ട്ട്‌ പ്രോജക്‌റ്റുമായി പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍. 150 സ്‌കൂളുകളില്‍നിന്നായി ശേഖരിച്ച ആറ്‌ ലക്ഷം പേനകള്‍ കൊണ്ട്‌ ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കുന്നതാണ്‌ പെന്‍െ്രെഡവ്‌ എന്നു പേരിട്ടിരിക്കുന്ന പദ്ധതി. ബിനാലെയുടെ പ്രധാനവേദിയായ ആസ്‌പിന്‍വാള്‍ ഹൗസില്‍ ഞായറാഴ്‌ച നടന്ന ചടങ്ങില്‍ ശ്രീ. കെ. ജെ. മാക്‌സി എംഎല്‍എ പെന്‍െ്രെഡവ്‌ ഉദ്‌ഘാടനം ചെയ്‌തു.
ഹരിത കേരളം മിഷന്‌ തുടക്കമിട്ട കേരള സര്‍ക്കാര്‍ പെന്‍െ്രെഡവ്‌ എന്ന പദ്ധതിയേയും പിന്തുണയ്‌ക്കുമെന്ന്‌ കെ. ജെ. മാക്‌സി പറഞ്ഞു. പദ്ധതിയുടെ കീഴില്‍ തയ്യാറാക്കുന്ന ഇമ്മിണി ബല്യ ഒന്ന്‌ എന്നു പേരിട്ടിരിക്കുന്ന ഇന്‍സ്റ്റലേഷന്‍ സ്ഥാപിക്കാന്‍ ഫോര്‍ട്ട്‌ കൊച്ചിയിലെ പ്രധാന പൊതുഇടത്തുതന്നെ സ്ഥിരം വേദി അനുവദിക്കുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
മലയാളത്തിലെ ഇതിഹാസ സാഹിത്യകാരനായ വൈക്കം മുഹമ്മദു ബഷീറിന്റെ പ്രശസ്‌തമായ ബാല്യകാലസഖി എന്ന നോവലിലെ ഏറെ പ്രചാരം ലഭിച്ച പ്രയോഗമായ ഇമ്മിണി ബല്യ ഒന്ന്‌ ആണ്‌ ഈ പദ്ധതിക്ക്‌ പേരിടാന്‍ ഉപയോഗിച്ചതെന്ന്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി ശ്രീ റിയാസ്‌ കോമു പറഞ്ഞു. ശേഖരിച്ച പേനകളുപയോഗിച്ച്‌ വലിയൊരു '1' സൃഷ്ടിച്ച്‌ അത്‌ ഒരു പൊതുസ്ഥലത്ത്‌ സ്ഥാപിക്കും. പരിസ്ഥിതി സംരക്ഷിക്കുക എന്ന വലിയ സന്ദേശമാണ്‌ ഇതിലൂടെ തങ്ങള്‍ നല്‍കുന്നതെന്നും ഒരുമയുടെ സ്വരവും ഈ ശില്‌പത്തിനുണ്ടെന്നും ശ്രീ റിയാസ്‌ കോമു അറിയിച്ചു. 



പാഴാക്കപ്പെടുന്ന പേനകളുടെ എണ്ണത്തിന്റെ വലിപ്പം അളക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ലക്ഷ്‌മി മേനോന്‍ പറയുന്നു. പ്ലാസ്റ്റിക്‌ പേനകള്‍ വഴിയുണ്ടാവുന്ന മാലിന്യം നമ്മള്‍ പൊതുവേ അവഗണിക്കുകയാണ്‌. റീസൈക്കിള്‍ ചെയ്യാന്‍ പ്രയാസമേറിയ ഉപയോഗിച്ച പ്ലാസ്റ്റിക്‌ പേനകള്‍ വലിച്ചെറിയാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന ഉപയോഗിച്ച്‌ വലിച്ചെറിയുന്ന സംസ്‌കാരം അവസാനിപ്പിക്കണം. കലയുടേയും സാഹിത്യത്തിന്റെയും പരിസ്ഥിതിയുടേയും മികച്ച കൂട്ടുകെട്ടാണ്‌ പദ്ധതിയെന്നും ലക്ഷ്‌മി മേനോന്‍ പറഞ്ഞു.

രണ്ടു മാസത്തില്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുമെന്ന്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു. കോഴിക്കോടുനിന്നുള്ള സൈക്കിളിംഗ്‌ ക്ലബ്ബായ ടീം മലബാര്‍ റൈഡേഴ്‌സ്‌, ജില്ലാ ശുചിത്വ മിഷന്‍, ഗ്രീന്‍ കെയര്‍ മിഷന്‍ എന്നിവര്‍ ഫൗണ്ടേഷന്റെ സംരംഭത്തെ പിന്തുണയ്‌ക്കുന്നതിനായി കൊച്ചിയിലേക്ക്‌ സൈക്കിള്‍ യാത്ര നടത്തിയിരുന്നു. ഫോര്‍ട്ട്‌ കൊച്ചി കൗണ്‍സിലര്‍ ശ്രീമതി ഷൈനി മാത്യു ചടങ്ങില്‍ സംസാരിച്ചു. 
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ബിനാലെയിലെ തമിഴ്‌നാട്‌ സ്വദേശികളായ ഹൗസ്‌കീപ്പിംഗ്‌ ജീവനക്കാര്‍ രംഗോലി ഉള്‍പ്പെടെയുള്ള പരമ്പരാഗത അലങ്കാരങ്ങളോടെ മുഖ്യവേദിയായ ആസ്‌പിന്‍വാള്‍ ഹൗസ്‌ അലങ്കരിച്ചിരുന്നു.