2015, നവംബർ 25, ബുധനാഴ്‌ച

28ന്‌ പൈതൃകം ഇന്നലെയില്‍ നിന്നും ഇന്നിലേക്ക്‌

കൊച്ചി: തൃപ്പൂണിത്തുറ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ 28ന്‌ പൈതൃകം ഇന്നലെയില്‍ നിന്നും ഇന്നിലേക്ക്‌ എന്ന വിഷയത്തില്‍ സാംസ്‌കാരിക യോഗം നടത്തുന്നു. വൈകിട്ട്‌ 3.30 ന്‌ നടക്കുന്ന യോഗം നഗരസഭ ചെയര്‍പേഴ്‌സണ്‍ ചന്ദ്രികദേവി ഉദ്‌ഘാടനം ചെയ്യുമെന്ന്‌ സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എളമന ഹരി മുഖ്യാതിഥിയാകും. കലാസാംസ്‌കാരിക രംഗത്ത്‌ തൃപ്പൂണിത്തുറയുടെ പ്രൗഡിയും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനാണ്‌ ഇത്തരമൊരു സംരംഭം നടത്തുന്നത്‌.
ചടങ്ങില്‍ മഹാത്മ വായനശാല,ശ്രീ പൂര്‍ണത്രയീശ സംഗീത സഭ,സെന്റര്‍ ഫോര്‍ കൂടിയാട്ടം,തൃപ്പൂണിത്തുറ കഥകളി കേന്ദ്രം,വനിത കഥകളി സംഘം എന്നീ സംഘടനകളെ ആദരിക്കും. ശ്രീരാജ്‌ വര്‍മ, ദശരത്‌ മേനോന്‍, നന്ദഗോപാല്‍, വിശ്വനാഥ്‌ എന്നിവരുടെ നേതൃത്വത്തില്‍ ചതുര്‍ തായമ്പകയും അഭിനവ്‌ മേനോന്‍ പൂതനാമോക്ഷം കഥകളിയും അവതരിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി ജില്ലാ ഡയറക്‌റ്റര്‍ പി.എന്‍. നാരായണന്‍, മുന്‍ പ്രസിഡന്റ്‌ വി.ജെ. ജോയ്‌ എന്നിവര്‍ പങ്കെടുത്തു

കൊച്ചിയില്‍ ഔഷധത്തോട്ടം നിര്‍മിക്കണമെന്ന്‌


കൊച്ചി : പതിനേഴാം നൂറ്റാണ്ടില്‍ ലത്തീന്‍ ഭാഷയില്‍ പുറത്തിറങ്ങിയ ഹോര്‍ത്തൂസ്‌ മലബാറികസ്‌ എന്ന ലോക പ്രശസ്ഥ ഗ്രന്ഥത്തിന്റെ സഹ കര്‍ത്താക്കളായിരുന്ന കൊങ്കിണി വൈദ്യന്‍മാര്‍ രംഗഭട്ട്‌,വിനായക പണ്ഡിറ്റ്‌,അപ്പു ഭട്ട്‌ എന്നിവരുടെ സ്‌മരണാര്‍ഥം കൊച്ചിയില്‍ ഔഷധത്തോട്ടം നിര്‍മിക്കണമെന്ന്‌ സ്‌മാരകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 
ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ ഗവര്‍ണറായി കൊച്ചിയില്‍ ജോലി എയ്‌തിരുന്ന അഡ്‌മിറല്‍ വാണ്ട്‌ റീഡ്‌ ആണ്‌ ഈ ഗ്രന്ഥം പുറത്തിറക്കിയതെങ്കിലും ഇതിന്റെ രചനയില്‍ പ്രധാന സംഭാവന നല്‍കിയിരുന്നത്‌ ഈ മൂന്ന്‌ കൊങ്കിണി വൈദ്യന്‍മാരാണ്‌. ഇവരുടെ സ്‌മരണക്കായി രംഗഭട്ട്‌, വിനായക പണ്ഡിറ്റ്‌, അപ്പു ഭട്ട്‌ സ്‌മാരക സമിതിയുടെ നേതൃത്വത്തില്‍ ആര്‍ട്ടിസ്റ്റ്‌ സി.കെ. സുനില്‍കുമാര്‍ നിര്‍മിച്ച മൂവരുടെയും ശില്‍പവുമായി ഹോര്‍ത്തൂസ്‌ മലബാറികല്‍ സ്‌മൃതി യാത്ര നടത്തും. 26ന്‌ തൃപ്പൂണിത്തുറ ശ്രീരാമചന്ദ്ര ദേവസ്വത്തില്‍ നിന്നും സ്‌മൃതി യാത്ര ആരംഭിച്ച്‌ രണ്ട്‌ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.29 ന്‌ കൊച്ചി തിരുമലദേവസ്വത്തിന്റെ കീഴിലുള്ള ചേര്‍ളായില്‍ പ്രതിമ സ്ഥാപിക്കും.ഗോവ മുഖ്യമന്ത്രി ലക്ഷ്‌മിഘട്ട്‌ പര്‍സേക്കര്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യും. ചെയര്‍മാന്‍ ആര്‍. ഭാസ്‌ക്കര്‍ ഷേണായ്‌ അധ്യക്ഷനാകും. മേയര്‍ സൗമിനി ജയിന്‍, കെ.വി. തോമസ്‌ എംപി, ഡൊമിനിക്‌ പ്രസന്റേഷന്‍ എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്‌മാരക സമിതി ചെയര്‍മാന്‍ ആര്‍. ഭാസ്‌ക്കര്‍ ഷേണായ്‌,സെക്രട്ടറി എന്‍. മുരളീധര പൈ, പി. രാംദാസ്‌ പ്രഭു,സി.ജി. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം സതേണ്‍ നേവല്‍ കമാന്റിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാകുമെന്ന്‌


കൊച്ചി : പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന സ്ഥാനത്ത്‌ നിലനില്‍ക്കുന്ന കൊച്ചി കപ്പല്‍ശാലയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള നീക്കം സതേണ്‍ നേവല്‍ കമാന്റിന്റെ സുരക്ഷയ്‌ക്ക്‌ ഭീഷണിയാകുമെന്ന്‌ തൊഴിലാളികള്‍. ഓഹരി വില്‍പ്പന നടത്തുന്നത്‌ സ്വകാര്യവത്‌കരണത്തിന്‌ വാതില്‍ തുറന്നിടാനാണെന്ന്‌ കൊച്ചി ഷിപ്പിയാര്‍ഡ്‌ ജോയിന്റ്‌ ആക്ഷന്‍ ഫ്രണ്ട്‌ ജനറല്‍ കണ്‍വീനര്‍ പി. രാജീവ്‌ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊഴിലാളികളുടെ എതിര്‍പ്പിനെ തുടര്‍ന്ന്‌ ഉപേക്ഷിച്ച കൊച്ചി കപ്പല്‍ശാല സ്വകാര്യവത്‌കരണം വീണ്ടും നടപ്പാക്കാനുള്ള ശ്രമമാണ്‌ നിലവില്‍ നടക്കുന്നത്‌. 

സ്വകാര്യ കപ്പല്‍ നിര്‍മാണശാലകള്‍ കടക്കെണിയില്‍ അകപ്പെട്ടു നട്ടം തിരിയുമ്പോള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കൊച്ചി കപ്പല്‍ നിര്‍മാണശാലയെ തകര്‍ക്കാനുള്ള നീക്കമാണ്‌ ഇതിന്‌്‌ പിന്നില്‍. 900 കോടി ലാഭവിഹിതമാണ്‌ കൊച്ചി കപ്പല്‍ നിര്‍മാണശാല നേടിയത്‌. നികുതി കഴിച്ച്‌ 200 കോടിയുടെ അറ്റാദായം നേടിയ കപ്പല്‍ശാലയ്‌ക്ക്‌ 1240 കോടിയുടെ നീക്കിയിരിപ്പുണ്ട്‌. എന്നാല്‍, കപ്പല്‍ശാലയുടെ ഓഹരിവില്‍പ്പനക്ക്‌ വേണ്ടി സ്ഥാപനത്തിന്റെ വികസനാവശ്യങ്ങളെ മുന്നില്‍ നിര്‍ത്തി പ്രചരണം നടത്താനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. 1240 കോടി നീക്കിയിരിപ്പുള്ള കമ്പനിക്ക്‌ അഞ്ചു വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കേണ്ട വികസന പദ്ധതികള്‍ക്കായി ആകെ 2700 കോടിയാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ഈ തുക തന്നെ ഓഹരി വില്‍പ്പനയ്‌ക്കു വേണ്ടി പെരുപ്പിച്ചു കാട്ടുന്നതാണെന്ന്‌ ബോധ്യപ്പെടാന്‍ മാനേജ്‌മെന്റ്‌ തന്നെ ഒരേ വികസന പദ്ധതിക്കുവേണ്ടി ആറു മാസത്തിനിടെ പുറത്തിറക്കിയ രണ്ടു പ്രപ്പോസലുകള്‍ തമ്മിലുള്ള 800 കോടിയുടെ വ്യത്യാസം പരിശോധിച്ചാല്‍ മനസിലാവുമെന്നും ചൂണ്ടിക്കാട്ടി.
കപ്പല്‍ ശാലയുടെ 1240 കോടി നീക്കിയിരുപ്പ്‌ കൂടാതെ ഇന്നത്തെ നിലയില്‍ പുതിയ കപ്പലുകള്‍ നിര്‍മിക്കാനുള്ള ഓര്‍ഡറുകള്‍ കരസ്ഥമാക്കാന്‍ കഴിഞ്ഞാല്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ടു 1500 കോടിയിലേറെ ലാഭം നേടാന്‍ കഴിയുന്ന വിധത്തില്‍ പ്രവര്‍ത്തനം ചിട്ടപ്പെടുത്താന്‍ കഴിയും. അതുകൊണ്ടു തന്നെ വികസന പദ്ധതികള്‍ തടസമില്ലാതെ നടത്താനാവും. ബോണ്ടു വഴി 500 കോടി സമാഹരിക്കുന്നതിന്‌ മുന്‍കേന്ദ്ര സര്‍ക്കാരിന്റെ കാലത്തു അനുമതി ലഭിട്ടുണ്ട്‌. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ യൂണിയനുകള്‍ സംയുക്തമായി ഓഹരി വില്‍പ്പന നീക്കത്തെ എതിര്‍ക്കുന്നത്‌. കൊച്ചി കപ്പല്‍ ശാലയെ മാത്രം മാറ്റി നിര്‍ത്തി സംരക്ഷിക്കുന്നതിനും വികസിപ്പിക്കുന്നതിനും കേന്ദ്രം കാട്ടുന്ന താല്‍പര്യങ്ങളിലൂടെ കപ്പല്‍ നിര്‍മാണ റിപ്പയര്‍ രംഗത്ത്‌ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എല്‍ ആന്‍ഡ്‌ ടി പോലുള്ള സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ്‌ ശ്രമിക്കുന്നത്‌. അദാനി അംബാനിമാര്‍ ഷിപ്പിങ്‌ വ്യവസായത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന കാലഘട്ടത്തില്‍ കൊച്ചി കപ്പല്‍ ശാലയുടെ ഓഹരി വില്‍പ്പന ഇതുമായി കൂട്ടിവായിക്കാവുന്നതാണ്‌. കപ്പല്‍ശാലയുടെ ഓഹരി വില്‍പ്പനയ്‌ക്കെതിരേ തൊഴിലാളികള്‍ പ്രക്ഷോഭങ്ങള്‍ ആരംിക്കുമെന്നും വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ്‌ കെ.കെ. ഇബ്രാഹിംകുട്ടി, ബിഎംഎസ്‌ ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, കൊച്ചിന്‌ ഷിപ്പ്‌യാര്‍ഡ്‌ എംപ്ലോയിസ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.കെ. കിഷോര്‍കുമാര്‍, എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം ജോണ്‍ ലൂക്കോസ്‌, ഐഎന്‍ടിയുസി വൈസ്‌ പ്രസിഡന്റ്‌്‌ കെ. ജോണ്‍ വര്‍കീസ്‌, അഡ്വ. എം. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

സ്‌മാര്‌ട്ട്‌ സിറ്റി പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു.


കൊച്ചി
പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിന്റെ അകമ്പടിയോടെ സ്‌മാര്‌ട്ട്‌ സിറ്റി പദ്ധതിയുടെ രൂപരേഖ കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചു. 
ചെന്നൈയിലെ ഇക്ര മാനേജ്‌മെന്റ്‌ കണ്‍സല്‍ട്ടന്‍സിയാണ്‌ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്‌. 
കൊച്ചി ഉള്‍പ്പെടെ ഇന്ത്യയിലെ 98 നഗരങ്ങളാണ്‌ ഈ പദ്ധതിക്കു വേണ്ടി മത്സരിക്കുന്നത്‌. ഇതില്‍ നിന്നും 20 നഗരങ്ങള്‍ക്കാണ്‌ രണ്ടാം ഘട്ടത്തിലേക്കു അനുമതി ലഭിക്കുക. ആദ്യ കടമ്പകഴിഞ്ഞാല്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട്‌ തയ്യാറാക്കേണ്ടിവരും. 

മൂന്നു പദ്ധതികളാണ്‌ കൊച്ചി നഗരസഭയ്‌ക്കു മുന്നിലുണ്ടായിരുന്നത്‌. ഇതില്‍ ഗ്രീന്‍ഫീല്‍ഡ്‌ പദ്ധതിയ്‌ക്കു വേണ്ടി വികസനത്തിനു ആവശ്യമായി 250 ഏക്കര്‍ തുറസായ സ്ഥലം ആവശ്യമായിരുന്നു. മറ്റൊരു നിര്‍ദ്ദേശം 500 ഏക്കറില്‍ നിലവിലുള്ള സാഹചര്യങ്ങള്‍ മുഴുവനും മാറ്റിയശേഷം പുനര്‍ നിര്‍മ്മാണ പദ്ധതി എന്നിവയായിരുന്നു. ഇതു രണ്ടും കൊച്ചിയുടെ സാഹചര്യത്തില്‍ അപ്രയോഗ്യമാണെന്ന തിരിച്ചറവിനെ തുടര്‍ന്നാണ്‌ റെട്രോ ഡെവലപ്പ്‌മെന്റ്‌ എന്ന പദ്ധതി തിരഞ്ഞെടുത്തത്‌. 24ഓളം ആശയങ്ങള്‍ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രം നടപ്പിലാക്കി. അവ ഒരു മാതൃക പദ്ധതി പ്രദേശമാക്കി വികസിപ്പിക്കുകയും അതിനു ശേഷം നരഗതതിലെ മറ്റു ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കുകയാണ്‌ റെട്രോ ഡെവലപ്പ്‌മെന്റിലൂടെ ലക്ഷ്യമാക്കുന്നത്‌.
ജലഗതാഗത വികസനം, കാര്യക്ഷമമായ ശുദ്ധജല വിതരണം, ആരോഗ്യം,വിദ്യാഭ്യാസം, സ്‌മാര്‍ട്ട്‌ കാര്‍ഡ്‌ സൗകര്യം, സോളാര്‍ സിറ്റി സ്‌കീം തുടങ്ങിയ 24 ഇനങ്ങളിലാണ്‌ ഊന്നല്‍ നല്‍കുന്നത്‌. ഒരു മേഖലയില്‍ ഇവ വിജകയകരമായി നടപ്പിയശേഷം ആ മാതൃക മറ്റു ഭാഗങ്ങളിലും നടപ്പാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ പദ്ധതി രൂപരേഖ അവതരിപ്പിച്ചുകൊണ്ട്‌ എ.വി.സുന്ദര്‍രാജന്‍ പറഞ്ഞു.
പശ്ചിമ കൊച്ചിയിലെ ഒന്നു മുതല്‍ അഞ്ച്‌ വരെയുള്ള ഫോര്‍ട്ട്‌കൊച്ചി, കല്‍വത്തി, ഈരവേലി, കരിപ്പാലം, മട്ടാഞ്ചേരി എന്നീ ഡിവിഷനുകളും അമരാവതിയുടെ വടക്ക്‌ ഭാഗങ്ങളും ഉള്‍പ്പെട്ട 800 ഏക്കറും സെന്റര്‍ സിറ്റിയിലെ 900 ഏക്കറും അടക്കം മൊത്തം 1700 ഏക്കറോളം ആയിരം കോടി ചെലവഴിക്കുന്ന മെട്രോ സിറ്റി പദ്ധതിയുടെ ഭാഗമായുള്ള രൂപരേഖയില്‍ വരും.
കേന്ദ്രസര്‍ക്കാരിന്റെ വകയായി 500 കോടി രൂപയ്‌ക്കു പുറമെ സംസ്ഥാന - നഗസഭ എന്നിവയുടെ വിഹിതമായി 500 കോടി രൂപയും പദ്ധതി നടപ്പാക്കുന്നതിനായി കണ്ടെത്തേണ്ടിവരും. വിവിധ പദ്ധതികളില്‍ നിന്നും ഈ തുക കണ്ടെത്താനാവുമെന്നു കരുതുന്നു.
24 ഓളം അടിസ്ഥാന ആവശ്യങ്ങളാണ്‌ കണ്‍സെല്‍ട്ടന്‍സിയായ ഇക്ര മുന്നോട്ട്‌ വെക്കുന്നത്‌. ഈ ആശയങ്ങള്‍ അടങ്ങിയ രൂപരേഖ ബ്ലൂംബെര്‍ഗ്‌ എന്ന രാജ്യാന്തര ഏജന്‍സിയുടെ മുന്‍പാകെ സമര്‍പ്പിക്കും ഈ ഏജന്‍സിയുടെ മികച്ച റേറ്റിങ്ങ്‌ ലഭിക്കേണ്ടതുണ്ട്‌ . മികച്ച മെട്രോ സിറ്റി റേറ്റിങ്ങ്‌ ലഭിച്ചാല്‍ മാത്രമെ ആദ്യ 20 നഗരങ്ങളുടെ രണ്ടാം ഘട്ടത്തില്‍ പ്രവേശനം നേടുവാന്‍ കഴിയൂ.
ഡിസംബര്‍ 18നു മെട്രോ സിറ്റി പദ്ധതിയുടെ രൂപരേഖ കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ മുന്‍പാകെ സമര്‍പ്പിക്കണം.പദ്ധതി വളരെ സുതാര്യവും കൂടുതല്‍ ജനങ്ങള്‍ക്കു ഉപകാരപ്രദവും അതേപോലെ വരുമാനം ഉണ്ടാക്കുന്നതും ആയിരിക്കണമെന്നതാണ്‌ കേന്ദ്ര നഗരവികസന മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുള്ള നിബന്ധന.
ഈ ആശയങ്ങളില്‍ പ്രതിപക്ഷത്തിന്റെ ആശങ്കകളും പുതിയ നിര്‍ദ്ദേശങ്ങളും രേഖാമൂലം എഴുതിക്കൊടുക്കാമെന്നു ഡപ്യുട്ടി മേയര്‍ ടി.ജെ. വിനോദ്‌ പറഞ്ഞു.
നഗരസഭയുടെ എല്ലാ മേഖലയിലേക്കും നിലവില്‍ ഈ മെട്രോ സിറ്റി പദ്ധതി വ്യാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്താണ്‌ ഈ നിര്‍ദ്ദേശം അംഗീകരിച്ചത്‌. പുതിയ കൗണ്‍സില്‍ അംഗങ്ങള്‍ക്കുള്ള ഒരു പരിചയപ്പെടുത്തല്‍ എന്ന നിലയിലാണ്‌ പദ്ധതിയുടെ അവതരണം ഇന്നലെ കൗണ്‍സില്‍ ഹാളില്‍ നടന്നത്‌. 
വിശദമായ റിപ്പോര്‍ട്ട്‌ ഉണ്ടാക്കുന്നതിനു ബ്രിട്ടീഷ്‌ ഹൈക്കമ്മീഷന്റെ സഹായത്തോടെ പ്രമുഖ ഉപദേഷ്ടാക്കളായ ആറ്റ്‌കിന്‍സ്‌ സൗജന്യ സേവനം വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന്‌ മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. 
സ്‌പെഷ്യല്‍ പര്‍പ്പസ്‌ വെഹിക്കിളിന്റെ കാര്യത്തിലും പദ്ധതി നിര്‍വഹണത്തിലുമുള്ള ആശങ്ക പൂര്‍ണിമ നാരായണന്‍ പ്രകടിപ്പിച്ചു. പദ്ധതി രൂപരേഖയില്‍ പഷ്‌ണിത്തോട്‌, രാമേശ്വരം കനാല്‍ എന്നിവയുടെ ശോചനീയ അവസ്ഥ പരിഹാരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നും ഇല്ലെന്ന്‌ തമ്പി സുബ്രഹ്മണ്യം പരാതിപ്പെട്ടു. കൊച്ചിയിലേക്കു കൊണ്ടുവന്ന ജനറം ബസുകളുടെ കാര്യംപോലയാകുമോയെന്നായിരുന്നു എ.കെ.പ്രേമന്റെ ആശങ്ക. പശ്ചിമകൊച്ചിക്കു മാത്രമായി പദ്ധതി ഒതുങ്ങിയെന്നും,ആറരക്കോടി ചെലവില്‍ കൊണ്ടുവന്ന ഇടപ്പള്ളിതോട്‌ വികസന പദ്ധതിയുടെ കഥ എന്തായെന്നു കൗണ്‍സിലര്‍ വത്സലകുമാരി ചോദിച്ചു. ഏതാനും ഡിവിഷനുകള്‍ക്കു വേണ്ടി മാത്രം ആയിരംകോടി രൂപ ചെവലഴിക്കുന്നത്‌ വൈരുദ്ധ്യങ്ങള്‍ക്കു ഇടയാക്കുമെന്നു ജോണ്‍സണ്‍ മാസ്‌റ്റര്‍ പറഞ്ഞു. 
മെട്രോ സിറ്റി പദ്ധതി രൂപരേഖയ്‌ക്കു പിന്തുണയുമായി സീനിയര്‍ കൗണ്‍സിലര്‍മാരായ എ.ബി സാബു .കെ.എം.ഹംസക്കുഞ്ഞ്‌ എന്നിവരും എത്തി. 
സ്‌മാര്‍ട്ട്‌ കൊച്ചി മിഷന്‍ ഡയറക്ടര്‍ മുഹമ്മദ്‌ ഹനീഷ്‌, നോഡല്‍ ഓഫീസര്‍ ,ആര്‍ .ഗിരിജ എന്നിവരാണ്‌ ഇപദ്ധതി രൂപരേഖയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്‌.