2021, മേയ് 22, ശനിയാഴ്‌ച

കോവിഡ് രോഗികൾക്കായി ‘ഓസ ഓട്ടോ ആംബുലൻസ്’ സേവനം

 




 കൊച്ചി : കോവിഡ് രോഗികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അടിയന്തിര ഓസ ആമ്പുലൻസ് സേവനം തുടങ്ങുന്നു. കോവിഡ് രോഗികളെ ആശുപത്രികളിലേക്ക് കൊണ്ടുപോകുക, മരുന്നുകൾ വിതരണം ചെയ്യുക, പൾസ് ഓക്സിമീറ്റർ, ഇൻഫ്രാറെഡ്തെർമോമീറ്റർ എന്നിവ ആവശ്യക്കാരുടെ  ഉപയോഗത്തിനായി ലഭ്യമാക്കുക, രോഗികളുടെ വീടുകളിലേക്ക് വാഹന സൗകര്യം, തുടങ്ങിയവ കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്തിനായി ആസൂത്രണം ചെയ്തിട്ടുണ്ട്. 
         കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും (KMC) എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡും (EJADCS) ചേർന്നുള്ള ഒരു  സംയുക്ത സംരംഭമാണിത്.   ഇന്തോ-ജർമ്മൻ ഗ്രീൻ അർബൻ മൊബിലിറ്റി പാർട്ണർഷിപ്പിന്റെ - BMZ- കീഴിൽ ജർമ്മൻ ഗവർണ്മെൻ്റിൻ്റെ ഇൻഡോ ജർമ്മൻ സഹകരണത്തിനായുള്ള അന്താരാഷ്ട്ര ഏജൻസിയായ GIZ - GmbH , ഇന്ത്യാ ഗവൺമെൻറിൻ്റെ ഭവന, നഗരകാര്യ മന്ത്രാലയം (MoHUA) എന്നിവയും ചേർന്ന് സംയുക്തമായി ഇത് നടപ്പിലാക്കുന്നു.  നാഷണൽ ഹെൽത്ത് മിഷൻ, കേരള സർക്കാർ, കൊറോണ സേഫ് നെറ്റ് വർക്ക്, ദി സെന്റർ ഫോർ ഹെറിറ്റേജ് - എൻവയോൺമെന്റ് ആൻഡ് ഡവലപ്മെന്റ് (C-HED), ടെക്നോവിയ ഇൻഫോ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻറ്എന്നിവ ഇത് ഏകോപിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
 രണ്ട് ഷിഫ്റ്റുകളിലായി രാവും പകലും (24 മണിക്കൂർ) സേവന സന്നദ്ധതയോടെ പ്രവർത്തിക്കുന്നു. കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള 8 സോണുകളിലായി (കൊച്ചി 1 & 2, പള്ളുരുത്തി,  ഇടപ്പള്ളി, സെൻട്രൽ, പാലാരിവട്ടം, വൈറ്റില, പച്ചാളം) 8 ഓട്ടോറിക്ഷ ആമ്പുലൻസുകൾ വിന്യസിക്കും.  ഒരു വനിതാ ഡ്രൈവർ ഉൾപ്പെടെ 18 സന്നദ്ധ പ്രവർത്തകർക്ക് ഇതിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനം  എറണാകുളം ടൗൺ ഹാളിൽ നടന്നു.  കോവിഡ് രോഗികളെ കൈകാര്യം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചുള്ള പരിശീലനം ദേശീയ ആരോഗ്യ മിഷനു (NHM) കീഴിലുള്ള തമ്മനം അർബൻ പ്രൈമറി ഹെൽത്ത് സെന്ററിൽ നിന്നുള്ള ഡോ. വിനീത, പ്രവീൺ സി.എസ് എന്നിവരും, കൊറോണ സേഫ്റ്റി നെറ്റ്‌വർക്കിലെ  അമൃത വിജയ് മൊബൈൽ അധിഷ്ഠിത ആപ്ലിക്കേഷന്റെ ഉപയോഗവും നൽകി.  GIZ ൻ്റെ Smart-SUT പദ്ധതിയിലൂടെ ലഭ്യമാക്കിയ കോവിഡ് രോഗികളെ സഹായിക്കുന്നതിനായി സേവനം ചെയ്യുന്നവർക്കുള്ള സുരക്ഷാ കിറ്റുകളും (പി‌പി‌ഇ കിറ്റുകൾ, മാസ്കുകൾ, കയ്യുറകൾ, ഫെയ്സ് ഷീൽഡ് ഉൾപ്പെടെ) മെഡിക്കൽ ഉപകരണങ്ങളും (പൾസ് ഓക്സിമീറ്റർ, ഇൻഫ്രാ റെഡ് തെർമോ മീറ്റർ, പോർട്ടബിൾ ഓക്സിജൻ ക്യാനുകൾ എന്നിവ)  ഓട്ടോ ഡ്രൈവർമാർക്ക് കൈമാറി.  വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  പി. ആർ. റെനീഷ്,  വിദ്യാഭ്യാസ, കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  വി.എ ശ്രീജിത്ത്, ഓട്ടോ സൊസൈറ്റി പ്രസിഡൻ്റ്  സ്യമന്തഭദ്രൻ എം.ബി, സെക്രട്ടറി  കെ.കെ.ഇബ്രാഹിംകുട്ടി,    സി-ഹെഡ് ഡയറക്ടർ ഡോ.രാജൻ,  എൻഫോഴ്മെൻറ് ആർ.ടി.ഒ
ഷാജി മാധവൻ, ആദർശ്കുമാർ ജി നായർ, കെ‌.എം‌.ടി‌.എ, ഓട്ടോ സൊസൈറ്റി ഭരണസമിതി അംഗങ്ങളായ ബിനു വർഗ്ഗീസ്, സൈമൺ ഇടപ്പള്ളി, ടി ബി മിനി,  വി.കെ. അനിൽകുമാർ, കെ.ജി.ബിജു,  എൻ‌എച്ച്‌എം, ടെക്നോവിയ ഇൻഫോ സൊലൂഷൻസ് സി.ഇ.ഒ നിഷാന്ത് രവീന്ദ്രൻ, GlZ  Smart-SUT ൻ്റെ ബി.ജെ.ആൻ്റണി, സ്വപ്ന ആൻ വിൽസൺ, കല്യാണി മേനോൻ  എന്നിവർ പങ്കെടുത്തു.
 ഓസ ഓട്ടോ ആംബുലൻസ് സേവനം നാളെ മുതൽ നഗരത്തിൽ ലഭ്യമാകും.

ജനകീയ അടുക്കളകളിൽ മധുരക്കനി പദ്ധതി വഴി രണ്ടര ടൺ കപ്പ



എറണാകുളം : എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന ജനകീയ അടുക്കളകളിലേക്ക് മധുരക്കനി പദ്ധതിയിലൂടെ രണ്ടര ടൺ കപ്പ നൽകി. നോർത്ത് കുത്തിയതോട് സെന്റ് തോമസ് ഇടവകയിലെ കർഷകരിൽ നിന്നും ശേഖരിച്ച രണ്ടര ടൺ കപ്പ  സഹൃദയയുടെ സന്നദ്ധ സേവക കൂട്ടായ്മയായ സഹൃദയ സമരിറ്റൻസാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊവിഡ് രോഗികൾക്ക്  ഭക്ഷണം ഒരുക്കുന്ന ജനകീയ അടുക്കളകളിൽ എത്തിച്ചു നൽകിയത്.  കൊച്ചി കോർപറേഷൻ, എസ്. എസ് കലാമന്ദിർ എന്നിവിടങ്ങളിലെ ജനകീയ അടുക്കളകളിലേക്കും തുതിയൂർ സെന്റ് ജോസഫ് ഇടവകയിലേക്കുമായി കപ്പ വിതരണം ചെയ്യുന്നതിന് സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മയ്പ്പാൻ, സെന്റ് തോമസ് ഇടവക വികാരി ഫാ. ജോസ് മയ്പ്പാൻ, നെൽവിൻ വർഗീസ്, ഷിംജോ ദേവസ്യ എന്നിവർ നേതൃത്വം നൽകി. ഈ ലോക് ഡൗൺ കാലത്ത് ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചു ടണ്ണിലേറെ കപ്പ, ചക്ക, നേന്ത്രക്കായ തുടങ്ങിയ കാർഷികോത്പന്നങ്ങൾ മധുരക്കനി പദ്ധതി വഴി വിതരണം ചെയ്തു കൊണ്ട് പങ്കുവയ്പിന്റെ
മഹത്തായ മാതൃക നൽകാൻ  സാധിക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.

2021, മേയ് 1, ശനിയാഴ്‌ച

ഓക്സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കാന്‍ നിര്‍ദ്ദേശം

 

   എറണാകുളം: ജില്ലയിലെ വിവിധ വ്യവസായ കേന്ദ്രങ്ങളിലായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ ആവശ്യത്തിനായി സജ്ജമാക്കും. ജില്ലാ കളക്ടറുടെ ആഭിമുഖ്യത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വ്യവസായ ആവശ്യത്തിനായുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ ചികിത്സാ രംഗത്ത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടർ എസ്. സുഹാസ് നിര്‍ദ്ദേശം നല്‍കി. 
   മെഡിക്കല്‍ ഓക്സിജനേക്കാള്‍ ശുദ്ധമാണ് വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന ഓക്സിജന്‍. വ്യാവസായിക ഓക്സിജന്‍ സിലിണ്ടറുകളുടെ അനധികൃത കൈമാറ്റത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത പെട്രോളിയം ആന്‍റ് എക്സ്പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
    കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്കുള്ള ഓക്സിജന്‍ വിതരണത്തിന് തടസം നേരിടില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ചികിത്സാരംഗത്ത് വ്യാവസായിക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതിനാവശ്യമായ വാല്‍വുകളുടെ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

 മെയ് 2 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ  30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും   ഇടിമിന്നലോട് കൂടിയ മഴയ്ക്കും   സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.



ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.  ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശ്രിംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

– ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

– ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.  

– കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.

– ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.

– മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ  ഇടിമിന്നലുള്ള സമയത്ത് പോകരുത്.

– കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. 

– ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാം.  

– ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മൽസ്യബന്ധനം, ബോട്ടിങ് തുടങ്ങിയ കാര്യങ്ങൾ നിർത്തി വെച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വെക്കണം.

– പട്ടം പറത്തുന്നത് ഒഴിവാക്കുക.

– ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇത് നിങ്ങൾക്ക് ഇടിമിന്നലേൽക്കാൻ കാരണമായേക്കാം.

– അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

– മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കുക.

ഭിന്നശേഷി സുഹൃത്തുക്കൾക്കുള്ള പ്രത്യേക സന്ദേശം – https://www.youtube.com/watch?v=So1uMkDyzd4
ദൃശ്യമാധ്യമങ്ങള്‍ ഈ ആംഗ്യ സന്ദേശം പ്രദര്‍ശിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു

ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ലിക്കേഷൻ ഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details?id=com.lightening.live.damini&hl=en_IN എന്ന ലിങ്കിൽ നിന്ന് Damini app ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

ശക്തമായ കാറ്റ് വളരെ അപകടകാരിയാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള ശക്തമായ കാറ്റിനെ നേരിടാനുള്ള മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണം.
https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ഇവ ലഭ്യമാണ്.

പ്രവചനാതീത സ്വഭാവമുള്ള വേനൽമഴ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ ഉച്ച കഴിഞ്ഞ സമയത്തായിരിക്കും ആരംഭിക്കുക. പകൽ സമയത്തെ തെളിഞ്ഞ ആകാശം കണ്ട് ജാഗ്രത കുറയ്ക്കാൻ പാടുള്ളതല്ല. അടുത്ത 3 മണിക്കൂറിൽ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുള്ള ജില്ലകളുടെ പ്രവചനം (NOWCAST) കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ https://mausam.imd.gov.in/Thiruvananthapuram/ എന്ന വെബ്‌സൈറ്റിൽ കൃത്യമായ ഇടവേളകളിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ശ്രദ്ധിക്കുക. ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ നിർദേശങ്ങൾ കർശനമായി പിന്തുടരുക.

റേഡിയോ, ദൃശ്യമാധ്യമങ്ങള്‍ എന്നിവ ഉച്ചയ്ക്ക് 1 മണി മുതല്‍ ഇടിമിന്നല്‍ സുരക്ഷാ സന്ദേശം പ്രത്യേകമായി അടുത്ത ദിവസങ്ങളിൽ പരാമര്‍ശിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

പൊതു സുരക്ഷാ സന്ദേശം അടങ്ങിയ ലഘുലേഖ ഇവിടെ ലഭ്യമാണ് /wp-content/uploads/2018/11/2.Lightning.pdf

രക്തദാനവുമായി സഹൃദയ സമരിറ്റൻസ്

 


കോവിഡ് കാലത്ത് രക്തം ആവശ്യമായി വരുന്ന രോഗികൾക്കായി രക്തദാനം നടത്തി എറണാകുളം-അങ്കമാലി അതിരൂപതയുടെ സന്നദ്ധപ്രവർത്തന കൂട്ടായ്മയായ സഹൃദയ സമരിറ്റൻസ്. എറണാകുളം ജനറൽ ആശുപത്രിയിൽ സമരിറ്റൻസ് അംഗങ്ങളായ ഇരുപത്തിയഞ്ചോളം  യുവാക്കളാണ്  രക്തദാനം നടത്തിയത്. 18 വയസിനു മുകളിൽ പ്രായമുള്ളവർക്കും അടുത്തയാഴ്ച മുതൽ  വാക്‌സിൻ  ലഭ്യമാക്കുന്ന സാഹചര്യത്തിൽ രക്തദാതാക്കളുടെ കുറവ് അനുഭവപ്പെട്ടേക്കാമെന്ന സാധ്യതയുള്ളതിനാൽ  നേരത്തേ തന്നെ പരമാവധി രക്തം ശേഖരിച്ചുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹൃദയ സമരിറ്റൻസ് രക്തദാന ക്യാമ്പ് സംഘടിക്കുന്നതെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു. കോവിഡ് ഒന്നാം തരംഗകാലത്തും വൈദികർ ഉൾപ്പടെയുള്ള സമരിറ്റൻസ് പ്രവർത്തകർ രക്തദാനം നടത്തിയിരുന്നു.  രക്തം ദാനം ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ബ്ലഡ് ബാങ്ക് ടെക്‌നിഷ്യൻ  പ്രീതി ജോൺസ്  വിതരണം ചെയ്തു. രക്തദാന ക്യാമ്പിന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. അൻസിൽ മയ്പാൻ , സമരിറ്റൻസ് കോ ഓർഡിനേറ്റർ ലാലച്ചൻ കെ. ജെ. എന്നിവർ നേതൃത്വം നൽകി.   

ഫോട്ടോ: കോവിഡ് പ്രതിരോധനടപടികളുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിൽ രക്തദാനം നടത്തിയ സഹൃദയ സമരിറ്റൻസ്  പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു. ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഫാ.  അൻസിൽ മയ്പാൻ തുടങ്ങിയവർ സമീപം

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗിന് ഏജന്‍സിക്ക് അനുമതി നല്‍കിയിട്ടില്ല: മില്‍മ



തിരുവനന്തപുരം: വയനാട് ആസ്ഥാനമായുള്ള ഗ്രേസ് പ്ളസ് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജന്‍സി മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുത്തി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തങ്ങളുടെ അറിവോടെയല്ലെന്നും മില്‍മ അറിയിച്ചു.
 
മില്‍മയുടെ വിതരണശൃംഖല ആണെന്ന മട്ടിലാണ് ഇതിന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നല്‍കിയിരിക്കുന്നത്. എന്നാല്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതിന് മില്‍മ ഒരു ഏജന്‍സിക്കും അനുവാദം നല്‍കിയിട്ടില്ല. ഈ കമ്പനി മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് നടത്തുന്നതുമായി മില്‍മയ്ക്ക് യാതൊരുവിധ ബന്ധവുമില്ല. ഇതുമൂലം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദി ആയിരിക്കില്ലെന്നും മില്‍മ അറിയിച്ചു.

കോവിഡ് മൃതസംസ്‌കാരത്തിന് സമരിറ്റൻസ് നേതൃത്വം നൽകി

 

തൃപ്പൂണിത്തുറയിൽ കോവിഡ് ബാധിച്ചു മരിച്ച എഴുപത്തൊന്നുകാരന്റെ  മൃതസംസ്കാരം  സഹൃദയ സമരിറ്റൻസിന്റെ നേതൃത്വത്തിൽ നടത്തി. കോവിഡ് ബാധിച്ച് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച തൃപ്പുണിത്തുറ സ്വദേശി ജോർജ്ജ് ജോയിയുടെ സംസ്കാരമാണ് തൃപ്പുണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി സിമിത്തേരിയിൽ സഹവികാരി ഫാ. ജെസാബ്  ഇഞ്ചക്കാട്ടുമണ്ണിലിന്റെ കാർമികത്വത്തിൽ നടത്തിയത്. എറണാകുളം -അങ്കമാലി അതിരൂപതയുടെ സന്നദ്ധസേവന വിഭാഗമായ സഹൃദയ സമരിറ്റൻസ് പ്രവർത്തകരായ അനന്തു ഷാജി, ഷാനോ ജോസ്, ഷിംജോ ദേവസ്യ, സിജിൻ ജോയ് എന്നിവരാണ് സംസ്കാരകര്മത്തിൽ  സഹായികളായത്. 
ഫോട്ടോ: തൃപ്പൂണിത്തുറയിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതസംസ്കാര കർമം സഹൃദയ സമരിറ്റൻസിന്റെ നേതൃത്വത്തിൽ നടത്തുന്നു.

കൊവിഡ് രോഗികള്‍ക്ക് 370 അധിക കിടക്കകള്‍ ഏര്‍പ്പെടുത്തണം; എഎച്ച്പിഐ



തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് 370 കിടക്കകള്‍കൂടി ഏര്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യയുടെ (എഎച്ച്പിഐ) കേരള സ്റ്റേറ്റ് ചാപ്റ്ററിന്‍റെ പ്രസിഡന്‍റും കിംസ്ഹെല്‍ത്ത് ഗ്രൂപ്പ്  ചെയര്‍മാനുമായ ഡോ. എം ഐ സഹദുള്ള ആവശ്യപ്പെട്ടു. ജില്ലയില്‍ കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാന ആശുപത്രികളുടെ പ്രതിനിധികളുമായി നടത്തിയ അടിയന്തരയോഗത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.

ഓക്സിജന്‍ ലഭ്യതയുള്ള കിടക്കകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കര്‍മ്മപദ്ധതി രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ള കൊവിഡ്  രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനയാണ് തലസ്ഥാനത്തെ ആശുപത്രികള്‍ നേരിടുന്ന പ്രധാന പ്രശ്നം. ഓക്സിജന്‍ പിന്തുണയും അതിതീവ്ര പരിചരണവും വെന്‍റിലേഷനും അവര്‍ക്ക് ആവശ്യമാണ്. നിലവില്‍ ഓക്സിജന്‍ പിന്തുണയുള്ള എല്ലാ കിടക്കകളും അതിതീവ്ര പരിചരണവിഭാഗങ്ങളിലെ കിടക്കകളും നിറഞ്ഞിരിക്കുകയാണ്. നിരവധിപേര്‍ പരിചരണത്തിനായി കാത്തുനില്‍ക്കുകയാണ്.  ഈ ഗുരുതര പ്രതിസന്ധിയില്‍ മാനവവിഭവശേഷിയുടെ അഭാവമാണ് പ്രധാന വെല്ലുവിളി.  കൊവിഡ് രോഗീപരിചരണത്തിന് നിരവധി ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കേണ്ടതും പരിശീലനം നല്‍കേണ്ടതും അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അത്യാസന്ന നിലയിലെത്തുന്നവര്‍ക്കുള്ള കിടക്കകളുടെ ശേഷിയും  ഓക്സിജന്‍റെ ലഭ്യതയും യോഗം വിലയിരുത്തി. എല്ലാ ആശുപത്രികളും അത്യാസന്ന നിലയിലുള്ള രോഗീപരചരണവുമായി  മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയാണ്.  കൊവിഡ് പ്രത്യേക ഡ്യൂട്ടിക്കായി ഡോക്ടര്‍മാരേയും നഴ്സുമാരേയും പാരാമെഡിക്കല്‍ ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. അണുബാധാ വ്യാപനം തടയുന്നതിന് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായാണ് നടത്തിവരുന്നത്.
 
ഓക്സിജന്‍ വിതരണം ഉറപ്പാക്കുന്നതിനും മനവവിഭവശേഷി കണ്ടെത്തുന്നതിനും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കി നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഉപസമിതി രൂപീകരിച്ചു. വിഭവ സമാഹരണത്തിന് വിവിധ എന്‍ജിഒകള്‍, പൗര സംഘടനകള്‍, സര്‍ക്കാര്‍ എന്നിവയുമായി ചേര്‍ന്നായിരിക്കും  ഉപസമിതിയുടെ പ്രവര്‍ത്തനം. ശ്രീ. മുരുകന്‍ (പിആര്‍എസ്), ശ്രീ ഫൈസല്‍ ഖാന്‍ (നിംസ്), ശ്രീ മനോജ് (ഗോകുലം), ശ്രീ അശോകന്‍ (എസ്പി ഫോര്‍ട്ട്) , ശ്രീമതി രശ്മി ഐഷ (കിംസ്ഹെല്‍ത്ത്) ഡോ.ആനന്ദ് മാര്‍ത്താണ്ഡ പിള്ള (അനന്തപുരി), ഡോ. അശോക് മേനോന്‍ (കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍), ശ്രീ രഞ്ജിത്ത് കാര്‍ത്തികേയന്‍ (ആറ്റുകാല്‍ ഹോസ്പിറ്റല്‍) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വാക്സിന്‍ ചലഞ്ച്; മില്‍മ 15 ലക്ഷം രൂപ നല്‍കി



തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാരിന്‍റെ കോവിഡ് വാക്സിന്‍ ചലഞ്ചിലേക്ക് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ 15 ലക്ഷം രൂപ സംഭാവന നല്‍കി. മേഖല യൂണിയന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. വി.പി. സുരേഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജുവിന് ചെക്ക് കൈമാറി.
 
അവശ്യ സര്‍വീസായി പരിഗണിച്ച് മില്‍മയിലെയും ക്ഷീര സംഘങ്ങളിലെയും ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കണമെന്ന് ശ്രീ. വി.പി.സുരേഷ് കുമാര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു.

ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശ്രീമതി. മിനി രവീന്ദ്രദാസ് മുഖ്യപ്രഭാഷണം നടത്തി. സീനിയര്‍ മാനേജര്‍ ശ്രീ. എം.ജെ. വില്‍സണ്‍ യോഗത്തിന് ആശംസയര്‍പ്പിച്ചു. കെ.സി.എം.എം.എഫ് ജനറല്‍ മാനേജര്‍ ശ്രീ. പി. ഗോപാലകൃഷ്ണന്‍, ക്ഷീര ഭവനിലെയും ക്ഷീര വികസന വകുപ്പിലെയും ഉദ്യോഗസ്ഥര്‍, മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു. മാനേജിംഗ് ഡയറക്ടര്‍ ശ്രീ. ആര്‍.സുരേഷ് കുമാര്‍ സ്വഗതവും ഡെയറി എന്‍ജിനീയര്‍ ശ്രീ. എസ്. കുഞ്ഞുമോന്‍ നന്ദിയും പറഞ്ഞു.