2017, ഫെബ്രുവരി 1, ബുധനാഴ്‌ച

കെ എം എ യും കെ എസ്‌ ഐ ഡി സി യും കൈകോര്‍ക്കുന്നു


കേരളത്തിലെ ജീവശാസ്‌ത്ര മേഖലയെ പ്രോത്സാഹിപ്പിക്കാന്‍
കെ എം എ യും കെ എസ്‌ ഐ ഡി സി യും കൈകോര്‍ക്കുന്നു


കൊച്ചി: കേരളത്തിലെ ജീവശാസ്‌ത്രമേഖലയില്‍ വാണിജ്യസംരംഭങ്ങള്‍ തുടങ്ങുന്നതു പ്രോത്സാഹിപ്പിക്കാനുള്ള കെ എസ്‌ ഐ ഡി സി യുടെ സംരംഭങ്ങളെ കേരള മാനേജ്‌മെന്റ്‌ അസോസിയേഷന്‍ പിന്തുണയ്‌ക്കണമെന്ന്‌ കെ എസ്‌ ഐ ഡി സി ചെയര്‍മാന്‍ ഡോ.ക്രിസ്റ്റി ഫെര്‍ണാണ്ടസ്‌ ഐ എ എസ്‌ (റിട്ട.) അഭ്യര്‍ത്ഥിച്ചു. കെ എം എ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗങ്ങളുടെ നിരയിലുള്ള പരിചയസമ്പന്നരേയും പ്രതിഭാശാലികളെയും ഉപയോഗിച്ച്‌, ഈ മേഖലയില്‍ സംരംഭങ്ങളാരംഭിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ക്ക്‌ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കണമെന്ന്‌ കെ എം എ യോട്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യപ്രകാരം, ഈ തലത്തില്‍ മുന്നോട്ടു പോകുന്നതിനുള്ള വിശദമായ ഒരു പദ്ധതി തയ്യാറാക്കുന്നതിന്‌ ഒരു സമിതി രൂപീകരിക്കുവാന്‍ കെ എം എ നേതൃത്വം തീരുമാനിച്ചു. 
സമ്പന്നമായ ജൈവവൈവിദ്ധ്യവും മാനവവിഭവശേഷിയും നിക്ഷേപം നടത്താന്‍ താത്‌പര്യമുള്ള സംരംഭകരും കൊണ്ട്‌ അനുഗൃഹീതമാണു കേരളമെങ്കിലും ജീവശാസ്‌ത്ര മേഖലയില്‍ കേരളത്തിന്റെ ദേശീയ വിഹിതം 2 % മാത്രമാണെന്ന്‌ ഡോ.ഫെര്‍ണാണ്ടസ്‌ ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ പദ്ധതികളില്‍ ഉത്തരവാദിത്വം ഇല്ലാത്തതും, വ്യവസായമേഖലയുമായി ഇടപെടുന്നതിന്‌ അക്കാദമിക്‌ സ്ഥാപനങ്ങള്‍ കാണിക്കുന്ന മടിയുമാണ്‌ ഈ പരാജയത്തിനു കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്‌. ഈ മേഖല വളര്‍ത്തിക്കൊണ്ടു വരുന്നതിനു ഗവണ്‍മെന്റിന്റെ സജീവതാത്‌പര്യം ഉണ്ടായിരിക്കേണ്ടതാണെന്ന്‌ അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്‌ ബയോടെക്‌നോളജി പാര്‍ക്‌ തുടങ്ങുന്നതിനു 10 വര്‍ഷം മുമ്പു വാങ്ങിയ 75 ഏക്കര്‍ സ്ഥലം വികസിപ്പിക്കപ്പെടാതെ കിടക്കുന്നത്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ വൈദഗ്‌ദ്ധ്യവും ബന്ധങ്ങളും ദര്‍ശനവും ഉപയോഗിച്ചുകൊണ്ട്‌ ഈ മേഖലയില്‍ സംഭാവനകള്‍ നല്‍കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന്‌ അദ്ദേഹം പറഞ്ഞു. ബയോടെക്‌നോളജി മേഖലയില്‍ വളര്‍ച്ചയ്‌ക്കും ആദായമുണ്ടാക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനും വളരെ വലിയ സാദ്ധ്യതകളാണുള്ളതെന്നും ജീവശാസ്‌ത്ര വ്യവസായമേഖലയിലെ സാങ്കേതികവിദ്യയുടെ വാണിജ്യവത്‌കരണത്തിനു സഹായം നല്‍കുന്നതിനു ആരുമായും കൈ കോര്‍ക്കാന്‍ തനിക്കു താത്‌പര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. 
കെ എം എ പ്രസിഡന്റ്‌ മാത്യു ഉറുമ്പത്ത്‌ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. മരിയ അബ്രാഹം സ്വാഗതവും കെ എം എ ഓണററി സെക്രട്ടറി ആര്‍ മാധവ്‌ ചന്ദ്രന്‍ നന്ദിയും പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ