2017, ഫെബ്രുവരി 12, ഞായറാഴ്‌ച

ടൂറിസ്‌റ്റായെത്തി രണ്ട്‌ കേരളീയര്‍ക്ക്‌ പുതുജീവനേകി ബംഗാളി സ്‌ത്രീ യാത്രയായി




കൊച്ചി: പശ്ചിമ ബംഗാളില്‍ നിന്നും കേരളം കാണാനെത്തി കൊച്ചിയില്‍ വെച്ച്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച 55 കാരി രണ്ട്‌ മലയാളികള്‍ക്ക്‌ പുതുജീവന്‍ നല്‍കി യാത്രയായി. കൊച്ചിയിലെ വിപിഎസ്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ വെച്ച്‌ മസ്‌തിഷ്‌ക മരണം സംഭവിച്ച കൊല്‍ക്കത്തയിലെ ബെഹാല സ്വദേശി കജോരി ബോസിന്റെ ഇരു വൃക്കകളുമാണ്‌ രണ്ട്‌ പേരിലേക്ക്‌ മാറ്റിവെച്ചത്‌. കൊല്ലം അഞ്ചല്‍ സ്വദേശിയായ ഫിലിപ്‌ ടി.എ (55), എറണാകുളം മുളവൂര്‍ സ്വദേശി മക്കാര്‍ ടി.എം എന്നിവരിലേക്കാണ്‌ വൃക്കകള്‍ മാറ്റിവെച്ചത്‌. കേരള സര്‍ക്കാരിന്റെ അവയവദാന ശൃംഖലയായ മൃതസഞ്‌ജീവനിയില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്‌തവരില്‍ നിന്നാണ്‌ സ്വീകര്‍ത്താക്കളെ തെരഞ്ഞെടുത്തത്‌.

കുടുംബസമേതം കേരളത്തിലെത്തിയ കജോരി ബോസ്‌ ആലപ്പുഴയില്‍ ഹൗസ്‌ ബോട്ടില്‍ വച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന്‌ ആലപ്പുഴ തത്തമ്പിള്ളിയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച അവരെ പിന്നീട്‌ വിപിഎസ്‌ ലേക്‌ ഷോറിലെത്തിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. അവരുടെ ഭര്‍ത്താവ്‌ അവയവദാനത്തിന്‌ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ്‌ അവയവമാറ്റ ശസ്‌ത്രക്രിയ നടന്നത്‌. വിപിഎസ്‌ ലേക്‌ ഷോറിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്‌പ്ലാന്റേഷന്‍ ഡയറക്ടര്‍ ഡോ. എച്ച്‌. രമേഷ്‌, ഡോ. അഭിഷേക്‌ യാദവ്‌, ഡോ. മഹേഷ്‌ എസ്‌, ഡോ. ജോര്‍ജ്‌ പി. എബ്രഹാം, ഡോ. ഡാറ്റ്‌സണ്‍ ജോര്‍ജ്‌ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ്‌ ശസ്‌ത്രക്രിയകള്‍ക്ക്‌ നേതൃത്വം നല്‍കിയത്‌. 

രണ്ട്‌ പേര്‍ക്ക്‌ ജീവന്‍ നല്‍കുന്നതോടൊപ്പം അതിലൂടെ ഭാര്യയുടെ ഓര്‍മ നിലനിര്‍ത്താമെന്നതു കൊണ്ടാണ്‌ വൃക്കകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന്‌ കജോരി ബോസിന്റെ ഭര്‍ത്താവ്‌ ദേവിപ്രസാദ്‌ ബോസ്‌ പറഞ്ഞു. `ഞങ്ങളുടെ നാട്ടില്‍ മസ്‌തിഷ്‌ക മരണം സംഭവിച്ചു കഴിഞ്ഞാല്‍ സാധാരണയായി ആളുകള്‍ അവയവങ്ങള്‍ ദാനം ചെയ്യുകയാണ്‌ പതിവ്‌. ഞങ്ങളുടെ ഈ തീരുമാനം ലോകത്തിന്റെ ഏത്‌ ഭാഗത്ത്‌ വെച്ച്‌ മരണം സംഭവിച്ചാലും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആളുകള്‍ക്ക്‌ പ്രചോദകമാകുമെന്ന്‌ കരുതുന്നു,` അദ്ദേഹം പറഞ്ഞു. 

കജോരി ബോസിന്റെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയില്‍ എംബാം ചെയ്‌തതിന്‌ ശേഷം വിമാനമാര്‍ഗം സ്വദേശത്തേക്ക്‌ കൊണ്ടുപോയി. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ