കൊച്ചി: ആത്മവിശ്വാസവും അര്‍പ്പണബോധവും പരസ്‌പരം കൈകോര്‍ത്തുപിടിച്ചു പൊരുതിയപ്പോള്‍ അത് രണ്ട് പിഞ്ചോമനകള്‍ക്ക് പുതുജീവനായി. കാസര്‍ഗോഡ് സ്വദേശികളായ രതീഷിന്റെയും സരിതയുടെയും മകനായ 6 മാസം പ്രായമുള്ള അഖില്‍, വയനാട് സ്വദേശികളായ സജിത് കുമാറിന്റെയും, ധന്യയുടെയും മകനായ മൂന്നു മാസം മാത്രം പ്രായമുള്ള ശിവനന്ദ് എന്നിവരാണ് ജീവിതം തിരികെ പിടിച്ച് ലിസി ആശുപത്രിയില്‍ നിന്നും ഒരേ ദിവസം പടിയിറങ്ങിയത്.
10 ദിവസങ്ങള്‍ക്ക് മുന്‍പാണ് ലിസി ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. തോമസ് മാത്യുവിന്റെ ഫോണിലേക്ക് തിരുവനന്തപുരത്തു നിന്നും ഒരു സന്ദേശമെത്തിയത്. അവിടെ ഒരു പ്രമുഖ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ പിതാവിന്റേതായിരുന്നു ആ സന്ദേശം. ജന്മനാതന്നെ കടുത്ത ഹൃദ്രോഗ ബാധിതനായിരുന്നു അഖില്‍. ചികിത്സക്കായി വിവിധ ആശുപത്രികളില്‍ കയറിയിറങ്ങി അവസാനം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. രക്തം പമ്പു ചെയ്യുന്ന പ്രധാന അറകളിലേക്കുള്ള രണ്ട് വാല്‍വുകള്‍ ഒരുമിച്ച് ചേര്‍ന്ന് ഒറ്റ വാല്‍വായിരിക്കുന്ന അവസ്ഥയായിരുന്നു കുട്ടിക്കുണ്ടായിരുന്നത്. കൂടാതെ ഹൃദയത്തിന്റെ രണ്ട് ഭിത്തികളിലും സുഷിരവും ഉണ്ടായിരുന്നു. ഇതെല്ലാം മൂലമുണ്ടായ അധിക രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് വലതു ശ്വാസകോശത്തിന് ന്യുമോണിയ ബാധിക്കുകയും കുട്ടിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. ഒരു സുഹൃത്തില്‍ നിന്നും ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചാണ് ഡോക്‌ടറെ അഖിലിന്റെ പിതാവ് വിളിച്ചത്. ആ ഫോണ്‍വിളിയോട് വളരെ വേഗം പ്രതികരിച്ച അദ്ദേഹം ഉടന്‍തന്നെ ചികിത്സ നടത്തുന്ന ആശുപത്രിയുമായി ബന്ധപ്പെടുകയും തന്റെ മെഡിക്കല്‍ സംഘത്തോടൊപ്പം തിരുവനന്തപുരത്തേക്ക് തിരിക്കുകയും ചെയ്‌തു. പുലര്‍ച്ചെ അവിടെ എത്തിയ അവര്‍ വൈകാതെതന്നെ കുട്ടിയുമായി കൊച്ചിയിലേക്ക് മടങ്ങി. അത്യാസന്ന നിലയിലായിരുന്ന കുട്ടിയേയും കൊണ്ട് ഇത്ര ദൂരത്തേക്കുള്ള യാത്ര അത്യന്തം ശ്രമകരമായ ഒന്നായിരുന്നു. കേവലം മൂന്നുമണിക്കൂര്‍ കൊണ്ട് അവര്‍ ലിസി ആശുപത്രിയില്‍ എത്തിച്ചേരുകയും അന്നുതന്നെ കുട്ടിയെ ഹൃദയം തുറന്നുള്ള ശസ്‌ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്‌തു.
സമാനമായ രീതിയില്‍ തൊട്ടടുത്ത ദിവസം പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. എഡ്‌വിന്‍ ഫ്രാന്‍സീസിന്റെ നേതൃത്വത്തില്‍ ശിവനന്ദ് എന്ന മൂന്നുമാസം പ്രായമുള്ള കുട്ടികയേയും ക്രിട്ടിക്കല്‍ കെയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തുനിന്നും ലിസി ആശുപത്രിയില്‍ എത്തിച്ച് ഹൃദയ ശസ്‌ത്രക്രിയ നടത്തുകയുണ്ടായി. ഡോ. സി. സുബ്രഹ്മണ്യന്‍, ഡോ. അനു
ജോസ് എന്നിവരും ശസ്‌ത്രക്രിയയിലും തുടര്‍ ചികിത്സയിലും പങ്കാളികളായിരുന്നു.
വിജയകരമായ ശസ്‌ത്രക്രിയക്കും ആശുപത്രിവാസത്തിനും ശേഷം രണ്ടുകുട്ടികളേയും ആശുപത്രിയില്‍ നിന്നും ഒരേ ദിവസം തന്നെ ഡിസ്‌ചാര്‍ജ്ജ് ചെയ്‌തു. ആശുപത്രി ഡയറക്‌ടര്‍ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ്ബ് എബ്രഹാം എന്നിവരും കുട്ടികളെ യാത്രയാക്കാന്‍ എത്തിയിരുന്നു.
രണ്ടു കുട്ടികളുടേയും കുടുംബങ്ങള്‍ സാമ്പത്തികമായി വളരെയധികം പിന്നാക്കാവസ്ഥയിലുള്ളതാണ്. ഡോ. വര്‍ഗീസ് മൂലന്‍സ് ഫൗണ്ടേഷനുമായും, ദുബായിലുള്ള മോര്‍ ഇഗ്നേഷ്യസ് യാക്കോബൈറ്റ് സിറിയന്‍ കത്തീഡ്രലുമായും സഹകരിച്ച് പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് രണ്ടു ശസ്‌ത്രക്രിയകളും ലിസി ആശുപത്രിയില്‍ നടത്തിയത്. ജന്മനാതന്നെ ഹൃദ്രോഗം ബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി ശസ്‌ത്രക്രിയ നടത്തുവാന്‍ ലിസി ആശുപത്രിയില്‍ പ്രത്യേക പദ്ധതികള്‍ രൂപീകരിച്ചിട്ടുണ്ടെന്നു ഫാ. തോമസ് വൈക്കത്തുപറമ്പില്‍ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ