2017, ജനുവരി 27, വെള്ളിയാഴ്‌ച

സാന്ദ്ര തോമസിനെതിരെ കേന്ദ്ര റവന്യു ഇന്റലിജന്‍സ്‌ അന്വേഷണം തുടങ്ങി




കൊച്ചി
ഡിവൈഎഫ്‌ഐ നേതാവ്‌ കറുകപ്പിള്ളി സിദ്ധിഖ്‌ പ്രതിയായ ക്വട്ടേഷന്‍ കേസിലെ പരാതിക്കാരി സാന്ദ്ര തോമസിനെതിരെ കേന്ദ്ര റവന്യു ഇന്റലിജന്‍സ്‌ അന്വേഷണം തുടങ്ങി. 
ആദായനികുതി റിട്ടേണും ബാലന്‍സ്‌ ഷീറ്റും പെരുപ്പിച്ചു കാണിച്ചതും വ്യാജമാണെന്നതു ചൂണ്ടിക്കാട്ടി റവന്യു ഇന്റലിജന്‍സ്‌ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര അന്വേഷണ ഏജന്‍്‌സികള്‍ക്കും കത്തുനല്‍കി. പെപരുപ്പിച്ച ബാലന്‍സ്‌ ഷീറ്റ്‌ ഉപയോഗിച്ചു ബാങ്കുകളെ സമര്‍ത്ഥമായി കബളിപ്പിച്ചുവെന്നാണ്‌ ഡി.ആര്‍.ഐയുടെ റിപ്പോര്‍ട്ട്‌. 
നേരത്തെ തന്നെ ഇവരെക്കുറിച്ചു സംശയം ഉണ്ടായിരുന്നുവെങ്കിലും ഡിവൈഎഫ്‌ഐ നേതാവ്‌ പ്രതിയായതോടെയാണ്‌ പരാതിക്കാരിയായ സാന്ദ്ര തോമസും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടത്‌. 26 വയസുള്ള യുവതി കൊച്ചി നഗരത്തില്‍ ആസ്‌തികള്‍ വാങ്ങിക്കൂട്ടുന്നതും കോടികള്‍ വിലമതിക്കുന്ന ജഗ്വാര്‍ കാറും ലക്ഷങ്ങള്‍ വിലമതിക്കുന്ന വാച്ചും സ്വന്തമാണെന്നും പോലീസില്‍ അറിയിക്കുകയും ഇവ ക്വട്ടേഷ,ന്‍ സംഘം പിടിച്ചെടുത്തുവെന്നും പാലാരിവട്ടം സ്‌റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ്‌ അന്വേഷണ ഏജന്‍സിക്ക്‌ ഇവരെക്കുറിച്ചു സംശയം തോന്നിയത്‌. 
എറണാകുളം ബ്രോഡ്‌ വെയില്‍ കൃത്രിമ പൂക്കളുടെ വില്‍പ്പനയ്‌ക്കായി സാന്ദ്ര ആന്റ്‌ കമ്പനി എന്ന പേരിലുള്ള ഒറ്റമുറി കടകൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. 2011-12 സാമ്പത്തികവര്‍ഷം 58 ലക്ഷം രൂപയുടെ വരുമാനമാണ്‌ സാന്ദ്രയുടെ ബാലന്‍സ്‌ ഷീറ്റില്‍ കാണിച്ചിരിക്കുന്നത്‌. എന്നാല്‍ രണ്ടുവര്‍ഷത്തിനു ശേഷം ഇത്‌ പതിന്മടങ്ങ്‌ കോടികളായി. കൃത്രിമ പൂക്കളുടെ കയറ്റുമതിയും ഇറക്കുമതിയും ചെയ്‌താണ്‌ കോടിക്കണക്കിനു രൂപ സമ്പാദിച്ചുവെന്നാണ്‌ ബാലന്‍സ്‌ ഷീറ്റില്‍ ഉണ്ടായിരുന്നത്‌. എന്നാല്‍ നാള്‍ ഇതുവരെ ഒറ്റ ഷിപ്പ്‌മെന്റ്‌ പോലും ഇറക്കുമതി നടത്തിയട്ടില്ലെന്ന്‌ ഡി.ആര്‍.ഐ അന്വേഷണത്തില്‍ തെളിഞ്ഞു. 
ഇതോടെയാണ്‌ പെരുപ്പിച്ചു കാട്ടിയ ബാലന്‍സ്‌ ഷീറ്റും ഐടി റിട്ടേണുമായിരുന്നുവെന്ന്‌ ബോധ്യപ്പെട്ടത്‌. പെരുപ്പിച്ചെടുത്ത ബാലന്‍സ്‌ ഷീറ്റിന്‌ കൃത്യമായ ആദായ നികുതിയും നല്‍കി. ഇത്‌ കാണിച്ച്‌ ബാങ്കുകളില്‍ നിന്ന്‌ കോടികള്‍ ലോണ്‍ എടുത്ത്‌ കാറുകളും വസ്‌തുക്കളും വാങ്ങിക്കൂട്ടി. മാസങ്ങള്‍ക്കു ശേഷം ഇവ സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളില്‍ പണയപ്പെടുത്തി വീണ്ടും പണം വാങ്ങുകയായിരുന്നു. 
അന്വേഷണം തുടങ്ങിയതോടെ ബ്രോഡ്‌ വെയിലെ സാന്ദ്ര തോമസിന്റെ സ്ഥാപനം ആഴ്‌ചകളായി അടഞ്ഞു കിടക്കുകയാണ്‌. സാന്ദ്ര തോമസിനെ ഫോണിലും ലഭ്യമല്ല. 
പെരുപ്പിച്ച ബാലന്‍സ്‌ ഷീറ്റ്‌ ഉപയോഗിച്ച്‌ ബാങ്കുകളെ കബളിപ്പിക്കുന്ന സമര്‍ത്ഥമായ തട്ടിപ്പ്‌ ആണ്‌ നടത്തിയതെന്ന്‌ റവന്യു ഇന്റിലജന്‍സ്‌ കേന്ദ്ര ഏജന്‍സിളെയും ഒപ്പം റിസര്‍വ്‌ ബാങ്കിനെയും അറിയിച്ചിരിക്കുന്നത്‌. സാന്ദ്രയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ നേരത്തെ ഹൈക്കോടതിയും സംശയം പ്രകടിപ്പിച്ചിരുന്നു. ബാങ്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇതുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്‌. 

2017, ജനുവരി 18, ബുധനാഴ്‌ച

മുഖ്യമന്ത്രിയുടെ പ്രസ്‌താവന ഇടതുമുന്നണി നയമാണോ?




KER ഭേദഗതി: നേതൃയോഗം വെള്ളിയാഴ്‌ച എറണാകുളത്ത്‌


സംസ്ഥാനത്തെ ക്രൈസ്‌തവ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ആക്ഷേപിച്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ പ്രസ്‌താവന പ്രതിഷേധാര്‍ഹമാണെന്ന്‌ കേരള കാത്തലിക്‌ ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌ സംസ്ഥാനസമിതി അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസരംഗത്ത്‌ ഒരു മാതൃകാസംസ്ഥാനമായി കേരളം രൂപപ്പെട്ട ചരിത്രം അദ്ദേഹം വിസ്‌മരിക്കരുത്‌. എയ്‌ഡഡ്‌ വിദ്യാഭ്യാസമേഖലയ്‌ക്കും ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ട ഭരണകൂടങ്ങളുടെ ചരിത്രം എല്ലാവരും ഓര്‍ക്കുന്നത്‌ നന്നായിരിക്കും.

ചെമ്പേരി വിമല്‍ജ്യോതി കോളേജിനു നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണവും, ഭരണഘടനാപരമായ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന കെ.ഇ.ആര്‍. ഭേദഗതിയും, മുഖ്യമന്ത്രിയുടെ പ്രസ്‌താവനയും ചേര്‍ത്തു വായിക്കേണ്ടതുണ്ട്‌. ന്യൂനപക്ഷ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന ഇടതുപക്ഷജനാധിപത്യമുന്നണിയുടെഇക്കാര്യത്തിലുള്ള നയം എന്താണെന്ന്‌ ബന്ധപ്പെട്ടവര്‍ വ്യക്തമാക്കണം.

കെ. ഇ. ആര്‍ ഭേദഗതി, 2014 മുതലുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ വേതനമില്ലാത്ത സാഹചര്യം, അധ്യാപകരുടെ ബ്രോക്കണ്‍ സര്‍വ്വീസുകള്‍ പെന്‍ഷന്‍ കണക്കാക്കാന്‍ പരിഗണിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവ്‌ എന്നീ വിഷയങ്ങളില്‍ ഭാവി പരിപാടികളെ കുറിച്ച്‌ ആലോചിക്കാന്‍ ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌ സംസ്ഥാന നേതൃയോഗം ജനുവരി 20-ാം തിയതി വെള്ളിയാഴ്‌ച രാവിലെ 10.00 മണിക്ക്‌ എറണാകുളത്ത്‌ വെച്ച്‌ ചേരുന്നതാണ്‌. കേരള കത്തോലിക്കസഭാ ആസ്ഥാനമായ പാലാരിവട്ടം പി.ഒ.സി. യില്‍ ചേരുന്ന യോഗത്തില്‍ സംസ്ഥാന ഭാരവാഹികള്‍, എക്‌സിക്യൂട്ടീവ്‌ അംഗങ്ങള്‍, ടീച്ചേഴ്‌സ്‌ ഗില്‍ഡിന്റെ വിവിധ രൂപത പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന്‌ കെ.സി.ബി.സി. വിദ്യാഭ്യാസകമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ്‌ പാലയ്‌ക്കാപ്പിള്ളി, ടീച്ചേഴ്‌സ്‌ ഗില്‍ഡ്‌ സംസ്ഥാനപ്രസിഡന്റ്‌ ജോഷി വടക്കന്‍, ജനറല്‍ സെക്രട്ടറി സാലു പതാലില്‍ എന്നിവര്‍ അറിയിച്ചു.

ജനീഷയുടെ മാതാപിതാക്കളെ കാണാന്‍ ഇന്നസെന്റ്‌




തന്റേതായ ശൈലിയില്‍ നര്‍മ്മങ്ങള്‍ ചാലിച്ച്‌ ഇന്നസെന്റ്‌ അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ പെയ്‌തൊഴിഞ്ഞ ആകാശംപോലെ ആശങ്കകള്‍ അകന്ന്‌ നിര്‍മലയുടെയും വര്‍ഗീസിന്റെയും മുഖത്ത്‌ പുഞ്ചിരിച്ചു വിടര്‍ന്നു. കേരളത്തില്‍ ആദ്യമായി ശ്വാസകോശവും ഹൃദയവും ഒരുമിച്ച്‌ മാറ്റിവച്ച വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെയാണ്‌ നടനും എം.പിയുമായ ഇന്നസെന്റ്‌ അറിഞ്ഞത്‌. എറണാകുളത്ത്‌ മറ്റൊരാവശ്യവുമായി വന്നപ്പോള്‍ ലിസി ആശുപത്രിയില്‍ എത്തി 
ജനീഷയുടെ മാതാപിതാക്കളെ കാണാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ജനീഷയുടെ ചികിത്സയ്‌ക്ക്‌ വലിയ തുക ആവശ്യമാണ്‌. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും സാധാരണ ഹൃദയശസ്‌ത്രക്രിയകള്‍ക്കു നല്‍കുന്ന തുകയായ അന്‍പതിനായിരം രൂപ മാത്രമാണ്‌ അനുവദിച്ചിരിക്കുന്നത്‌. ഇത്‌ അപര്യാപ്‌തമാണെന്നും ഹൃദയം മാറ്റിവയ്‌ക്കല്‍ പോലുള്ള വലിയ ശസ്‌ത്രക്രിയകള്‍ക്ക്‌ കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രിയുമായി സംസാരിക്കുമെന്നും ഇന്നസെന്റ്‌ പറഞ്ഞു. ജനീഷയുടെ കാര്യത്തില്‍ മണ്‌ഡലത്തിന്റെ എം.പിയായ ജോയ്‌സ്‌ ജോര്‍ജുമായി സംസാരിച്ച്‌ പ്രത്യേകമായി എന്തുചെയ്യാന്‍ സാധിക്കുമെന്ന്‌ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ്‌ സര്‍ക്കാരുകള്‍ ചെയ്യുന്നതുപോലെ ഇത്തരം ശസ്‌ത്രക്രിയകള്‍ക്ക്‌ കൂടുതല്‍ സഹായങ്ങള്‍ നല്‍കുന്ന കാര്യം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അവയവദാനം എന്ന വലിയ പുണ്യകര്‍മം നടത്തിയ നിഥിന്റെ കുടുംബത്തെ അദ്ദേഹം പ്രത്യേകം സ്‌മരിച്ചു. ശസ്‌ത്രക്രിയയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തെ അദ്ദേഹം പൊന്നാട അണിയിച്ച്‌ ആദരിച്ചു. കഴിഞ്ഞ മാസം ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞ്‌ തുടര്‍ പരിശോധനകള്‍ക്കായി ലിസി ആശുപത്രിയില്‍ എത്തിയ തൃശൂര്‍ ഒല്ലൂര്‍ സ്വദേശി വി.ആര്‍. ഷാജുവിനെയും ഇന്നസെന്റ്‌ സന്ദര്‍ശിച്ചു. ലിസി ആശുപത്രി ഡയറക്‌ടര്‍ ഫാ. തോമസ്‌ വൈക്കത്തുപറമ്പില്‍, പബ്ലിക്‌ റിലേഷന്‍സ്‌ മാനേജര്‍ വി.ആര്‍. രാജേഷ്‌ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഗുരുതരമായ അസുഖത്തെ അതിജീവിക്കാന്‍ തന്നെ സഹായിച്ച ആത്മവിശ്വാസമെന്ന ജീവാമൃതം ജനീഷയ്‌ക്ക്‌ കൂടി പകര്‍ന്നു നല്‍കാന്‍ മാതാപിതാക്കളോട്‌ പറഞ്ഞിട്ടാണ്‌ ആ വലിയ മനുഷ്യന്‍ ആശുപത്രിയില്‍നിന്ന്‌ മടങ്ങിയത്‌.
ജനീഷയ്‌ക്ക്‌ വളരെ ഇഷ്‌ടപ്പെട്ട നടനാണ്‌ ഇന്നസെന്റ്‌ എന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനത്തെപ്പറ്റി അറിയുമ്പോള്‍ മകള്‍ക്ക്‌ വലിയ സന്തോഷമാകുമെന്നും നിര്‍മ്മല പറഞ്ഞു.

കത്തോലിക്ക കോണ്‍ഗ്രസിനു പുതിയ ഭരണഘടന



കൊച്ചി: സീറോ മലബാര്‍ സഭയുടെ അല്‌മായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ആഗോളതലത്തിലേക്കു വ്യാപിപ്പിക്കുന്നതിനു വഴിതുറന്നു പുതിയ ഭരണഘടന. സഭ അംഗീകരിച്ച പുതിയ ഭരണഘടന ഡയറക്ടര്‍ ഫാ. ജിയോ കടവിക്കും ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയിലത്തിനും നല്‍കി മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പ്രകാശനം ചെയ്‌തു.
വിവിധ രാജ്യങ്ങളിലായി അമ്പതു ലക്ഷത്തോളം സഭാവിശ്വാസികളെ ഏകോപിപ്പിച്ചു സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനു പുതുക്കിയ ഭരണഘടനയിലൂടെ കത്തോലിക്ക കോണ്‍ഗ്രസിനു സാധിക്കുമെന്നു മേജര്‍ ആര്‍ച്ച്‌ബിഷപ്‌ പ്രതീക്ഷ പ്രകടിപ്പിച്ചു. സഭയും സമുദായവും ധാരാളം വെല്ലുവിളികള്‍ നേരിടുന്ന വര്‍ത്തമാന സാഹചര്യങ്ങളില്‍ കൂട്ടായ പരിശ്രമങ്ങള്‍ അനിവാര്യമാണ്‌. പ്രതിസന്ധികളെ അതിജീവിക്കുവാന്‍ അല്‌മായരുടെ പങ്ക്‌ വിലപ്പെട്ടതാണെന്നും കര്‍ദിനാള്‍ പറഞ്ഞു.
കേരളത്തിനു പുറത്തുള്ള സീറോ മലബാര്‍ സഭാംഗങ്ങളെ കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ സജീവമാക്കാനുള്ള ഭേദഗതികളാണു ഭരണഘടനയില്‍ വരുത്തിയിരിക്കുന്നത്‌. കേന്ദ്രസമിതിയിലും നേതൃത്വത്തിലും നിശ്ചിത ശതമാനം ഭാരവാഹികള്‍ ഇനി കേരളത്തിനു പുറത്തുനിന്നാകും.
കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ നടന്ന ചടങ്ങില്‍ ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, ഫരീദാബാദ്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ കുര്യാക്കോസ്‌ ഭരണിക്കുളങ്ങര, തലശേരി ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌്‌, കോട്ടയം ആര്‍ച്ച്‌ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, തൃശൂര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, കത്തോലിക്ക കോണ്‍ഗ്രസ്‌ ബിഷപ്‌ ലെഗേറ്റ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍, ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, കേന്ദ്ര ഭാരവാഹികളായ ഡേവിസ്‌ പുത്തൂര്‍, ബേബി പെരുമാലി. സെലിന്‍ സിജോ, സാജു അലക്‌സ്‌, പ്രഫ. ജോസുക്കുട്ടി ഒഴുകയില്‍, സൈബി അക്കര, ജോസുക്കുട്ടി മാടപ്പിള്ളില്‍ എന്നിവര്‍ പങ്കെടുത്തു.



കത്തോലിക്ക കോണ്‍ഗ്രസിന്റെ പുതിയ ഭരണഘടന, ഡയറക്ടര്‍ ഫാ. ജിയോ കടവിക്കും ജനറല്‍ സെക്രട്ടറി അഡ്വ.ബിജു പറയിലത്തിനും നല്‍കി മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പ്രകാശനം ചെയ്യുന്നു. ആര്‍ച്ച്‌ബിഷപ്പുമാരായ മാര്‍ ജോസഫ്‌ പെരുന്തോട്ടം, മാര്‍ കുര്യാക്കോസ്‌ ഭരണിക്കുളങ്ങര, മാര്‍ ജോര്‍ജ്‌ ഞരളക്കാട്ട്‌, മാര്‍ മാത്യു മൂലക്കാട്ട്‌, മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, ബിഷപ്‌ മാര്‍ റെമിജിയോസ്‌ ഇഞ്ചനാനിയില്‍, കേന്ദ്രഭാരവാഹികളായ ഡേവിസ്‌ പുത്തൂര്‍, ബേബി പെരുമാലി, സെലിന്‍ സിജോ, സാജു അലക്‌സ്‌, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, സൈബി അക്കര, ജോസുക്കുട്ടി മാടപ്പിള്ളില്‍, ബിഷപ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ സമീപം.)  

)  

2017, ജനുവരി 13, വെള്ളിയാഴ്‌ച

കൊച്ചിയില്‍ ഫാബ്‌ലാബിന്റെ ഏഷ്യാ നെറ്റ്‌വര്‍ക്ക്‌ കോണ്‍ഫറന്‍സ്‌




കൊച്ചി:
:ഫാബ്‌ലാബ്‌ ഏഷ്യ നെറ്റ്‌വര്‍ക്ക്‌ കോണ്‍ഫറന്‍സ്‌ മൂന്നാമത്‌ എഡിഷന്റെ രണ്ടാം ഭാഗം കൊച്ചിയില്‍ ജനുവരി 17നും 18നും നടക്കും. മുംബൈയില്‍ 12 മുതല്‍ 15 വരെ നടക്കുന്ന ആദ്യ ഭാഗത്തിന്റെതുടര്‍ച്ചയാണിത്‌. ഏഷ്യാ പസഫിക്‌ മേഖലയില്‍ 21 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 81 ഫാബ്‌ ലാബുകളുടെ ശൃംഖലയായ ഫാബ്‌ ലാബ്‌ ഏഷ്യ ഫൗണ്ടേഷനാണ്‌ ഒരാഴ്‌ച നീളുന്ന കോണ്‍ഫറന്‍സ്‌ സംഘടിപ്പിക്കുന്നത്‌. കേരള സ്റ്റാര്‍ട്ടപ്‌ മിഷന്‍, വിഗ്യാന്‍ ആശ്രം, റിസര്‍ച്ച്‌ ഇന്നൊവേഷന്‍ ഇന്‍കുബേഷന്‍ ഡിസൈന്‍ ലാബ്‌സ്‌എന്നിവചേര്‍ന്ന്‌ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പരിപാടി പ്രധാനമായും ശ്രദ്ധയൂന്നുന്നത്‌ ഡിജിറ്റല്‍ ഫാബ്രിക്കേഷനിലും ഇന്റര്‍നാഷണല്‍ കൊളാബറേഷനിലുമായിരിക്കും.
ചെറിയ പരിശീലനം മാത്രം സിദ്ധിച്ചിട്ടുള്ള ആളുകള്‍ക്ക്‌ കംപ്യൂട്ടറുമായി ബന്ധപ്പെടുത്തിയിട്ടുള്ള നൂതന നിര്‍മാണോപകരണങ്ങള്‍ ഉപയോഗിച്ച്‌ ഏത്‌ ഉല്‍പന്നവുംരൂപകല്‍പന ചെയ്‌ത്‌ നിര്‍മിക്കാനുള്ള സൗകര്യങ്ങളാണ്‌ ഫാബ്‌ലാബ്‌സ്‌ (ഫാബ്രിക്കേഷന്‍ ലബോറട്ടറീസ്‌) നല്‍കുന്നത്‌. സ്‌റ്റാര്‍ട്ടപ്‌ അന്തരീക്ഷവുമായി സംയോജിപ്പിച്ചിട്ടുള്ള ഈ സൗകര്യങ്ങള്‍ സംരംഭകരെ തങ്ങളുടെ ആശയങ്ങള്‍ക്ക്‌ എളുപ്പത്തില്‍ പ്രാഥമിക രൂപം നല്‍കുന്നതിന്‌ സഹായിക്കുന്നു. മസാച്ചുസെറ്റ്‌സ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജിസെന്റര്‍ഓഫ്‌ ബിറ്റ്‌സ്‌ ആന്‍ഡ്‌ ആറ്റംസുമായിചേര്‍ന്ന്‌സ്റ്റാര്‍ട്ടപ്‌ മിഷന്‍ തിരുവനന്തപുരത്തുംകൊച്ചിയിലുമായിഇപ്പോള്‍തന്നെ രണ്ട്‌ ഫാബ്‌ ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്‌.
ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ 80 രാജ്യാന്തര പ്രതിനിധികളും 200 പ്രാദേശിക നിര്‍മാതാക്കളും പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 

2017, ജനുവരി 6, വെള്ളിയാഴ്‌ച

ആര്‍ക്കിടെക്‌റ്റ്‌ ഒരു സവിശേഷശൈലിയുടെ തടവില്‍ ആയിപ്പോകരുത്‌,` റായ അനി




കൊച്ചി: ന്യൂയോര്‍ക്കിലെ പ്രശസ്‌തമായ വിമെന്‍സ്‌ ബില്‍ഡിംഗിന്റെ ആര്‍ക്കിടെക്‌റ്റുമാരിലൊരാളും ന്യൂയോര്‍ക്കിലും യുഎഇയിലും പ്രവര്‍ത്തിക്കുന്ന ആര്‍ക്കിടെക്‌ചര്‍ സ്ഥാപനമായ റാ-എന്‍വൈസി ആര്‍ക്കിടെക്‌റ്റ്‌സിന്റെ സ്ഥാപകയുമായ റായ അനി തന്റെ ആഗോള ആര്‍ക്കിടെക്‌ചര്‍ അനുഭവങ്ങള്‍ പങ്കുവെയ്‌ക്കാന്‍ കൊച്ചിയിലെത്തി. കൊച്ചിയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ്‌ ഇന്നവേഷന്‍സ്‌ (ആസാദി) സംഘടിപ്പിച്ച എകദിന സെമിനാറില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ്‌ ഇറാക്കിവംശജയായ റായ എത്തിയത്‌. രൂപകല്‍പ്പനയില്‍ വിട്ടുവീഴ്‌ച ചെയ്യാതെയും കെട്ടിട ഉടമയുടെ അല്ലെങ്കില്‍ പദ്ധതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുമുള്ള സൃഷ്ടിക്ക്‌ ഊന്നല്‍ നല്‍കണമെന്ന്‌ ആര്‍ക്കിടെക്‌റ്റുമാരും ആസാദിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത സെമിനാറില്‍ പങ്കെടുത്തുകൊണ്ട്‌ റായ അനി പറഞ്ഞു. `ഓരോ രൂപകല്‍പ്പനയും വ്യതിരിക്തമായിരിക്കണം. അതായത്‌ ഒരു ആര്‍ക്കിടെക്‌റ്റ്‌ ഒരു സവിശേഷശൈലിയുടെ തടവില്‍ ആയിപ്പോകരുത്‌,` റായ അനി പറഞ്ഞു.

ഒരു സ്‌ത്രീ എന്ന നിലയില്‍ വിമെന്‍സ്‌ ബില്‍ഡിംഗിന്റെ രൂപകല്‍പ്പന ചെയ്യാനായതില്‍ ഏറെ അഭിമാനമുണ്ടെന്നും റായ പറഞ്ഞു. സ്‌ത്രീകളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക്‌ മാത്രം പ്രവര്‍ത്തിക്കാനൊരിടം എന്ന നിലയിലാണ്‌ നോവോ ഫൗണ്ടേഷന്‍ എന്ന സംഘടന ന്യൂയോര്‍ക്കിലെ വിമെന്‍സ്‌ ബില്‍ഡിംഗ്‌ നിര്‍മാണത്തിന്‌ തുടക്കമിട്ടിരിക്കുന്നത്‌. ന്യൂയോര്‍ക്കായതുകൊണ്ട്‌ സ്ഥലദൗര്‍ലഭ്യമായിരുന്നു ബില്‍ഡിംഗ്‌ നിര്‍മാണത്തെപ്പറ്റി ആലോചിച്ചപ്പോള്‍ നേരിട്ട പ്രധാന പ്രശ്‌നം. ഒടുവില്‍ ചെല്‍സിയിലുണ്ടായിരുന്ന സ്‌ത്രീകള്‍ക്കായുള്ള ഒരു ജയിലാണ്‌ പൊളിച്ചു പണിതും പരിഷ്‌കരിച്ചും വിമന്‍സ്‌ ബില്‍ഡിംഗാക്കാന്‍ തീരുമാനിച്ചത്‌. വൈരൂപ്യത്തിന്റെ പ്രതീകമായ പ്യൂപ്പ ശലഭമാകുന്നതുപോലെ ഇരുട്ടിന്റെ ഇടം സൗന്ദര്യത്തിന്റെ വാസസ്ഥലമാകുന്നു എന്നാണ്‌ ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്‌. 2012-ല്‍ പ്രഖ്യാപിച്ച ഈ പദ്ധതി 2020-ഓടെ പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിടുന്നു. സ്‌ത്രീകളെ അപമാനിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയ റൊണാള്‍ഡ്‌ ട്രംപ്‌ പ്രസിഡന്റാകാന്‍ പോകുന്ന ഇത്തരുണത്തില്‍ ഈ ബില്‍ഡിംഗിന്‌ ഏറെ പ്രസക്തിയുണ്ടെന്ന്‌ ഈ ബില്‍ഡിംഗിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫെമിനിസ്റ്റുകള്‍ പറയുന്നു. സാമൂഹ്യനീതിക്കായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രൂപമാവുകയാണ്‌ കെട്ടിടത്തിന്റെ ധര്‍മം. സ്‌ത്രീകള്‍ക്കു മാത്രമായി 300 തൊഴിലവസരങ്ങളും പ്രതിവര്‍ഷം 43 മില്യന്‍ ഡോളര്‍ മതിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളും ഈ ബില്‍ഡിംഗ്‌ സൃഷ്ടിക്കുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. 

ആര്‍ക്കിടെക്‌ചര്‍ രംഗത്തെ നൂതന പ്രവണതകളെ സംബന്ധിച്ച്‌ ആസാദി ചെയര്‍മാനും പ്രമുഖ ആര്‍ക്കിടെക്‌റ്റുമായ ബി. ആര്‍. അജിതും സെമിനാറില്‍ പ്രഭാഷണം നടത്തി. 

ഫോട്ടോ ക്യാപ്‌ഷന്‍: ആര്‍ക്കിടെക്‌റ്റ്‌ റായ അനി കൊച്ചിയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ ആന്‍ഡ്‌ ഇന്നവേഷന്‍സില്‍ (ആസാദി) നടന്ന സെമിനാറില്‍ സംസാരിക്കുന്നു.

വിധിയെ തോല്‍പിച്ച്‌ രമ്യാപ്രഭു ജീവിതത്തിന്റെ പടിക്കെട്ടുകള്‍ നടന്നു കയറി



കൊച്ചി : ഈയടുത്ത കാലം വരെ, ജനനസമയത്ത്‌ ഉണ്ടാകുന്ന തലച്ചോറിന്റെ ക്ഷതം ഭേദപ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു വിശ്വാസം. എന്നാല്‍ സ്റ്റെം സെല്‍ തെറാപ്പികൊണ്ട്‌ തലച്ചോറിലെ കോശങ്ങളുടെ ക്ഷതം ഭേദമാക്കാന്‍ കഴിയുമെന്ന്‌ പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. ന്യൂറോളജിക്കലുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്കും രോഗികള്‍ക്കും, അഡള്‍ട്ട്‌ സ്റ്റെം സെല്‍ തെറാപ്പി ഒരു പുതിയ പ്രതീക്ഷയാണ്‌ നല്‍കുന്നത്‌.
കൊച്ചി സ്വദേശിയും സ്‌പാസ്റ്റിക്‌ ക്വാഡ്രിപ്ലീജിക്‌ സെറിബ്രല്‍ പാള്‍സി രോഗബാധിതയുമായ രമ്യാ വി പ്രഭുവിന്റെ കേസ്‌ ഇതിന്റെ പ്രകടമായ തെളിവാണ്‌. 
പ്രസവ സമയത്ത്‌ എല്ലാം സാധാരണ നിലയിലായിരുന്നുവെന്ന്‌ എല്‍ഐസി ഉദ്യോഗസ്ഥയും രമ്യയുടെ മാതാവുമായ സന്ധ്യാപ്രഭു പറഞ്ഞു. പിതാവ്‌ വിദ്യാധരപ്രഭു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥനാണ്‌. പക്ഷേ ജനിച്ച്‌ മൂന്നാം നാള്‍ രമ്യയ്‌ക്ക്‌ കടുത്ത മഞ്ഞപിത്തം ബാധിച്ചു.
2016 ഓഗസ്റ്റില്‍ ന്യൂറോജനില്‍ രമ്യ പരിശോധനയ്‌ക്ക്‌ എത്തിയപ്പോള്‍ കണ്ടെത്തിയ അവളുടെ പ്രധാന പ്രശ്‌നം കൈകളുടെ പ്രവര്‍ത്തനത്തകരാര്‍ ആയിരുന്നു. ഓറല്‍ മോട്ടോര്‍ കണ്‍ട്രോള്‍ വേണ്ടവിധം വികസിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അവളുടെ സംസാരവും അവ്യക്തമായിരുന്നു. ശരാശരി ആയിരുന്നു അവളുടെ ശ്രദ്ധയും ഏകാഗ്രതയും. 15-20 മിനിട്ട്‌ കഴിയുമ്പോള്‍ അവളുടെ ശ്രദ്ധമാറിപ്പോകുക പതിവായിരുന്നു. ശരാശരി ആയിരുന്നു അവളുടെ ബുദ്ധിശക്തിയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷിയും. ഐ കോണ്ടാക്‌ടും വളരെ മോശമായിരുന്നു. എല്ലാ ദൈനംദിന കാര്യങ്ങള്‍ക്കും അവള്‍ക്ക്‌ ആരെയെങ്കിലും ആശ്രയിക്കേണ്ടിയും വന്നു. 
കുളിക്കാനോ വസ്‌ത്രം ധരിക്കാനോ വൃത്തിയായിരിക്കാനോ ഒന്നും അവള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. കക്കൂസില്‍ പോകണമെന്ന്‌ പറയുമെങ്കിലും കൃത്യം കഴിഞ്ഞാല്‍ വൃത്തിയാക്കാന്‍ മറ്റാരുടേയെങ്കിലും സഹായം വേണ്ടി വന്നിരുന്നു. നിരപ്പല്ലാത്ത പ്രതലങ്ങളില്‍ നടക്കാനും വഴിമദ്ധ്യേയുള്ള തടസ്സങ്ങള്‍ മറികടക്കാനും പടിക്കെട്ടുകള്‍ കയറാനും സഹായവും മേല്‍നോട്ടവും വേണ്ടി വന്നിരുന്നു. ഭക്ഷണം എടുത്തു കഴിക്കാന്‍ അവള്‍ക്ക്‌ കഴിഞ്ഞിരുന്നില്ല. അപ്രതീക്ഷിതമായി ആരെങ്കിലും സ്‌പര്‍ശിക്കുകയോ ഉച്ചത്തില്‍ ശബ്‌ദിക്കുകയോ ചെയ്‌താല്‍ അവള്‍ ഭയന്നു വിറയ്‌ക്കുകയും അത്‌ ചുഴലിയിലേക്ക്‌ നയിക്കുകയും ചെയ്യുമായിരുന്നു.
ന്യൂറോജെനില്‍ രമ്യ സ്റ്റെം സെല്‍ തെറാപ്പിക്ക്‌ വിധേയയാകുകയും അതോടൊപ്പം അവള്‍ക്കുവേണ്ടി മാത്രമായി ഒരു പുനരധിവാസ പ്രോഗ്രാം ചിട്ടപ്പെടുത്തുകയും ചെയ്‌തു. ബാലന്‍സ്‌ നടത്തം, പടിക്കെട്ട്‌ കയറല്‍, ബുദ്ധിശക്തി, അംഗവിന്യാസം, നിയന്ത്രണം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ അവള്‍ക്ക്‌ നല്‍കി. വേണ്ടത്ര വിശ്രമ ഇടവേളകള്‍ സഹിതം ചിട്ടയായ ഒരു രീതിയിലാണ്‌ ഈ വ്യായാമങ്ങള്‍ അവളെക്കൊണ്ട്‌ ചെയ്യിപ്പിച്ചത്‌. ന്യൂറോജെന്‍ സ്റ്റെം സെല്‍ തെറാപ്പിയിലൂടെ ഒരു പുതിയ പ്രതീക്ഷയാണ്‌ രക്ഷിതാക്കള്‍ക്ക്‌ ലഭിച്ചത്‌. ആശുപത്രി വിട്ട ശേഷവും ന്യൂറോജെനില്‍ പഠിപ്പിച്ച ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷനും വീട്ടിലും തുടര്‍ന്നു.
ഈ തെറാപ്പിക്കു ശേഷം 2016 നവംബറിലെ ഫോളോ അപ്പില്‍ വളരെ വലിയ തോതിലുള്ള മെച്ചപ്പെടലുകളാണ്‌ കാണാന്‍ കഴിഞ്ഞത്‌. അവളുടെ അംഗവിന്യാസം മെച്ചപ്പെട്ടു. മുമ്പ്‌ ഇടത്‌ കൈപ്പത്തിയും കണങ്കൈയും വിരലുകളും സാധാരണ നിലയിലായിരിക്കുന്നു. ഭാരം വഹിക്കാനുള്ള ശേഷി മെച്ചപ്പെട്ടു. നടത്തം വളരെയധികം പുരോഗമിച്ചു. ഇപ്പോള്‍ അവള്‍ക്ക്‌ ആരുടേയും സഹായമില്ലാതെ നടക്കാനും പടിക്കെട്ടുകള്‍ കയറാനും കഴിയുന്നുണ്ട്‌. ചുഴലിയുടെ ഇടവേളകള്‍ ഗണ്യമായി കുറഞ്ഞിരിക്കുന്നു. പെരുമാറ്റ പ്രശ്‌നങ്ങള്‍ മെച്ചപ്പെട്ടു. 
കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ പുരോഗതി കൈവരിച്ചിരിക്കുന്നു. ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെട്ടിരിക്കുന്നു. ശരീരാവയവങ്ങളുടെ നിയന്ത്രണം മെച്ചപ്പെട്ടു. തോള്‍, കൈമുട്ടുകള്‍, കണങ്കൈ, കൈ എന്നിവയുടെ പ്രവര്‍ത്തനം മെച്ചപ്പെട്ടു. ബാലന്‍സില്‍ നല്ല പുരോഗതി കൈവരിച്ചിരിക്കുന്നു. മുമ്പ്‌ ബാലന്‍സ്‌ നഷ്‌ടപ്പെട്ടു പോകുമെന്ന ഭയം ഉണ്ടായിരുന്നു. ഇപ്പോള്‍ നല്ല ബാലന്‍സ്‌ കൈവരിച്ചിരിക്കുന്നു. ഫൈന്‍ മോട്ടോര്‍ അസെസ്‌മെന്റ്‌ മെച്ചപ്പെട്ടു. കൈമുട്ട്‌ നിവര്‍ത്തി ഒരു വസ്‌തു എടുക്കാനും വിരലുകള്‍ കൊണ്ട്‌ അവ തുറക്കാനും അവള്‍ ശ്രമിക്കുന്നുണ്ട്‌.
20 വയസ്സുകാരിയായ രമ്യ ഗായികയും സംഗീത പ്രേമിയുമാണ്‌. സംഗീതം രമ്യയ്‌ക്ക്‌ ജീവനാണ്‌. രമ്യക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ടതും എപ്പോഴും മൂളുന്നതുമായ ഗാനങ്ങളിലൊന്ന്‌ സദ്‌മയിലെ സുറുമൈ അഖിയോ മെ ആണ്‌. ഇതിനെല്ലാം പുറമെ ആള്‍ക്കാരുമായി ഇപ്പോള്‍ നന്നായി ഇടപഴകുകയും ചെയ്യും രമ്യ.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മന്ദഗതിയിലായ മാനസിക വളര്‍ച്ച, മസ്‌കുലര്‍ ഡിസ്‌ട്രഫി, നട്ടെല്ലിലെ പരിക്ക്‌, പക്ഷാഘാതം, ബ്രെയ്‌ന്‍ സ്‌ട്രോക്ക്‌, സെറിബെലര്‍ അറ്റാക്‌സിയ, മറ്റ്‌ ന്യൂറോളജിക്കല്‍ തകരാറുകള്‍ എന്നിങ്ങനെയുള്ള രോഗാവസ്ഥകള്‍ക്കുള്ള ഏറ്റവും പുതിയ ചികിത്സാ മാര്‍ഗമായി ഉയര്‍ന്നു വരികയാണ്‌ സ്റ്റെം സെല്‍ തെറാപ്പി. മോളിക്യൂളര്‍, സ്‌ട്രക്‌ചറല്‍, ഫങ്‌ഷണല്‍ തലത്തില്‍ തന്നെ കേടായ തലച്ചോറിലെ കോശങ്ങളെ ഭേദപ്പെടുത്താനുള്ള കഴിവ്‌ ഈ ചികിത്സയ്‌ക്ക്‌ ഉണ്ടെന്ന്‌ ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ്‌ സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡയറക്‌ടറും സിയോണിലെ എല്‍ടിഎംജി ഹോസ്‌പിറ്റല്‍ ആന്റ്‌ എല്‍ടി മെഡിക്കല്‍ കോളേജ്‌ പ്രൊഫസറും ഹെഡ്‌ ഓഫ്‌ ന്യൂറോസര്‍ജറിയുമായ ഡോ.അലോക്‌ ശര്‍മ്മ പറഞ്ഞു.
വളരെ ലളിതവും സുരക്ഷിതവുമാണ്‌ സ്റ്റെം സെല്‍ തെറാപ്പിയെന്ന്‌ ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ്‌ സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഡോ. നന്ദിനി ഗോകുല ചന്ദ്രന്‍ പറഞ്ഞു. ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ്‌ സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചെയ്‌ത സ്റ്റെം സെല്‍ തെറാപ്പി (എസ്‌ സി ടി) ഒരു സൂചിയുടെ സഹായത്തോടെ രോഗിയുടെ മജ്ജയില്‍ നിന്ന്‌ സ്റ്റെം സെല്‍ എടുക്കുകയും പ്രോസസിങ്ങിനു ശേഷം അവരുടെ സ്‌പൈനല്‍ ഫ്‌ളൂയിഡിലേക്ക്‌ ശരീരത്തില്‍ നിന്നു തന്നെയാണ്‌ ഇവ എടുക്കുന്നത്‌ എന്നതിനാല്‍ റിജക്ഷനോ പാര്‍ശ്വഫലങ്ങളോ ഉണ്ടാകുകയില്ല. അതിനാല്‍ തന്നെ പൂര്‍ണമായും സുരക്ഷിതമാണ്‌.
ആയിരത്തില്‍ ഏതാണ്ട്‌ ഒന്നു മുതല്‍ മൂന്നു വരെ കുട്ടികള്‍ക്ക്‌ സെറിബ്രല്‍ പാള്‍സി ഉണ്ടാകാറുണ്ട്‌. എന്നാല്‍ വളരെ കുറഞ്ഞ ശരീരഭാരത്തിലും അശാലത്തിലും ജനിക്കുന്ന നവജാത ശിശുക്കള്‍ക്ക്‌ ഇത്‌ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌.
നവി മുംബയിലെ നെരുളില്‍ സ്ഥിതി ചെയ്യുന്ന ന്യൂറോജെന്‍ ബ്രെയ്‌ന്‍ ആന്റ്‌ സ്‌പൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്റ്റെല്‍ തെറാപ്പി മാത്രമല്ല റീഹാബിലിറ്റേഷനും നല്‍കുന്ന ഇന്ത്യയിലെ ഏക സ്ഥാപനമാണ്‌. 11 നിലകളിലായുള്ള ഈ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 51-ലധികം കിടക്കകളും സ്‌പെഷ്യല്‍ ന്യൂറോറീഹാബിലിറ്റേഷന്‍ തെറാപ്പി കേന്ദ്രവും ഉണ്ട്‌. ഭേദപ്പെടുത്താവുന്ന ന്യൂറോളജിക്കല്‍ തകരാറുകള്‍ കൊണ്ട്‌ ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന രോഗികള്‍ക്ക്‌ സഹായമാകാനാണ്‌ ബിഎസ്‌ഐ രൂപീകരിച്ചിരിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ എസ്‌. പുഷ്‌കല 09821529653.



ബിഷപ്‌ മാക്കീല്‍ പുരസ്‌കാരം വരാപ്പുഴ അതിരൂപതയ്‌ക്കും എം.ഡി.റാഫേലിനും.



കൊച്ചി: കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന്‍, മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള 2016-ലെ ഏറ്റവും മികച്ച രൂപതയ്‌ക്കും വ്യക്തിയ്‌ക്കും ഏര്‍പ്പെടുത്തിയ ബിഷപ്‌ മാക്കീല്‍ പുരസ്‌കാരത്തിന്‌ വരാപ്പുഴ അതിരൂപത മദ്യവിരുദ്ധ സമിതിയും എം.ഡി.റാഫേല്‍ മുക്കത്തും അര്‍ഹരായി. 10,000/- രൂപയും ശില്‌പവും പ്രശസ്‌തിപത്രവും അടങ്ങിയതാണ്‌ പുരസ്‌കാരം. മികച്ച രണ്ടാമത്തെ രൂപതയ്‌ക്കുള്ള ഫാ.പോള്‍ കാരാച്ചിറ പുരസ്‌കാരം താമരശേരി രൂപതയും മൂന്നാംസ്ഥാനത്തിനുള്ള മറിയാമ്മ ഐക്കര മൈമ്മോറിയല്‍ പുരസ്‌കാരത്തിന്‌ തൃശ്ശൂര്‍ അതിരൂപതയും അര്‍ഹമായി. വരാപ്പുഴ അതിരൂപതയിലെ പുതുവൈപ്പ്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഇടവകാംഗവും സംസ്ഥാന വൈസ്‌പ്രസിഡന്റുമാണ്‌ എം.ഡി.റാഫേല്‍ മുക്കത്ത്‌.
കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ റെമജിയോസ്‌ ഇഞ്ചനാനിയല്‍, സെക്രട്ടറി ഫാ.ജേക്കബ്‌ വെള്ളമരുതുങ്കല്‍, പ്രസാദ്‌ കുരുവിള, സിസ്റ്റര്‍ ആനീസ്‌ തോട്ടപ്പിള്ളി, ആന്റണി ജേക്കബ്‌ ചാവറ എന്നിവരടങ്ങിയ ജഡ്‌ജിങ്‌ കമ്മിറ്റിയാണ്‌ അവാര്‍ഡ്‌ നിര്‍ണ്ണയം നടത്തിയത്‌. ഫെബ്രുവരി 3 ന്‌ വെള്ളിയാഴ്‌ച പാലാരിവട്ടം പി.ഒ.സി.യില്‍ നടക്കുന്ന സംസ്ഥാന വാര്‍ഷിക സമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാര്‍ ബിഷപ്‌ മാര്‍ റെമജിയോസ്‌ ഇഞ്ചനാനിയല്‍, പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന്‌ സസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളിപോള്‍ അറിയിച്ചു.

ഡിവൈ എഫ്‌ ഐ അഖിലേന്ത്യാ സമ്മേളനം: സ്വാഗതസംഘം ഓഫീസ്‌ തുറന്നു

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ കേന്ദ്ര സ്വാഗതസംഘം ഓഫീസ്‌ ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്‌ കെ എന്‍ ബാലഗോപാല്‍ ഉദ്‌ഘാടനം ചെയ്യുന്നു. പി രാജീവ്‌, പ്രൊഫ. എം കെ സാനു, ഒളിംപ്യന്‍ മേഴ്‌സി കുട്ടന്‍, എം എം ലോറന്‍സ്‌, സി എന്‍ മോഹനന്‍, എസ്‌ സതീഷ്‌, അഡ്വ. കെ എസ്‌ അരുണ്‍കുമാര്‍, പ്രിന്‍സി കുര്യാക്കോസ്‌, രതീഷ്‌, ആര്‍ ബിജു, തുടങ്ങിയവര്‍ സമീപം




കൊച്ചിഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ കേന്ദ്ര സ്വാഗതസംഘം ഓഫീസ്‌ പ്രവര്‍ത്തനമാരംഭിച്ചു. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ഉദ്‌ഘാടനം ഡിവൈഎഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ്‌ കെ എന്‍ ബാലഗോപാല്‍ നിര്‍വഹിച്ചു. 
ഇതുവരെ ജനാധിപത്യപരമായി പ്രവര്‍ത്തിച്ചിരുന്ന ഇന്ത്യന്‍ പാര്‍ലമെന്റെ അന്തസത്ത തകര്‍ക്കുന്ന തരത്തിലേക്ക്‌ നരേന്ദ്രമോഡിയുടെ ഭരണം എത്തിയിരിക്കുകയാണെന്ന്‌ യോഗം ഉദ്‌ഘാടനം ചെയ്‌തുകൊണ്ട്‌ അദ്ദേഹം പറഞ്ഞു. നോട്ട്‌ നിരോധം മൂലമുള്ള പ്രതിസന്ധി തൊഴില്‍ മേഖലയെ ബാധിച്ചിരിക്കുന്നു. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന ഭാഗിക തൊഴില്‍രഹിതരുടെ പ്രശ്‌നങ്ങള്‍ രൂക്ഷമായിരിക്കുകയാണ്‌. ഇതിനെയെല്ലാം ഭ്രാന്തമായ ദേശീയതയും വര്‍ഗീയതയും ഉപയോഗിച്ച്‌ മറയ്‌ക്കാന്‍ മോഡി ശ്രമിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ രാജ്യത്തെ യുവജനങ്ങള്‍ക്ക്‌ വ്യക്തമായ ദിശാബോധം നല്‍കുന്നതായിരിക്കും ഫെബ്രുവരി രണ്ടു മുതല്‍ അഞ്ച്‌ വരെ കൊച്ചിയില്‍ നടക്കുന്ന ഡി വൈ എഫ്‌ ഐ അഖിലേന്ത്യാ സമ്മേളനമെന്ന്‌ കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ പി രാജീവ്‌ അധ്യക്ഷനായി. അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച്‌ ഡിവൈഎഫ്‌ഐ 13 കുടുംബങ്ങള്‍ക്ക്‌ വീടു നിര്‍മിക്കാനുള്ള പദ്ധതി പൂര്‍ത്തീകരിച്ചു വരികയാണെന്ന്‌ അദ്ദേഹം പറഞ്ഞു. സമ്മേളനത്തിനു വേണ്ട അരി, പച്ചക്കറി, മല്‍സ്യം തുടങ്ങിയവ ജനകീയമായാണ്‌ ഉല്‍പ്പാദിപ്പിക്കുന്നതെന്നും എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ്‌ സമ്മേളനത്തിന്റെ നടത്തിപ്പെന്നും അദ്ദേഹം വ്യക്തമാക്കി. 
ഡിവൈഎഫ്‌ഐ ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍വകാലിക പ്രാധാന്യമുള്ളതാണെന്ന്‌ ചടങ്ങില്‍ സംസാരിച്ച പ്രൊഫ. എം കെ സാനു പറഞ്ഞു. പാര്‍പ്പിടം നിര്‍മിച്ചു നല്‍കുക, കൃഷി നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തും പ്രസക്തിയുള്ളതാണ്‌. പോരാട്ടത്തിന്റെ കരുത്ത്‌ പ്രകടിപ്പിക്കാനും ഇതിനൊപ്പം ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കാനും സംഘടനയ്‌ക്ക്‌ കഴിയുന്നുണ്ടെന്ന്‌ പ്രൊഫ. എം കെ സാനു പറഞ്ഞു.
മുതിര്‍ന്ന സിപിഐ എം നേതാവ്‌ എം എം ലോറന്‍സ്‌, സംസ്ഥാന കമ്മിറ്റിയംഗം സി എന്‍ മോഹനന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എസ്‌ സതീഷ്‌, ജില്ലാ സെക്രട്ടറി അഡ്വ. കെ എസ്‌ അരുണ്‍കുമാര്‍, പ്രസിഡന്റ്‌ പ്രിന്‍സി കുര്യാക്കോസ്‌, ട്രഷറര്‍ പി ബി രതീഷ്‌, കൊല്ലം ജില്ലാ സെക്രട്ടറി ആര്‍ ബിജു, ഒളിംപ്യന്‍ മേഴ്‌സി കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്വാഗത സംഘം ഓഫീസ്‌ ഇമെയില്‍ വിലാസം റ്യളശമഹഹശിറശമരീിളലൃലിരല@ഴാമശഹ.രീാ



2017, ജനുവരി 4, ബുധനാഴ്‌ച

വൃക്കകള്‍ പ്രവര്‍ത്തനരഹിതമായ ബസ്‌ ജീവനക്കാരന്‌ രക്ഷകനായി ഡല്‍ഹി പ്രൊഫസര്‍


സഖി ജോണ്‍


കൊച്ചി: തിരുവല്ല സ്വദേശിയും ഡല്‍ഹി ജാമിയ ഹംദര്‍ദ്‌ സര്‍വകലാശാലയിലെ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌ വിഭാഗം പ്രൊഫസറുമായ സഖി ജോണിന്‌ ഒരാഗ്രഹമുണ്ടായിരുന്നു. ജീവിച്ചിരിക്കെ മറ്റൊരു ജീവന്‌ രക്ഷയാകണമെന്ന ആഗ്രഹം സഖി നിറവേറ്റിയത്‌ ഇരു വൃക്കകളും തകരാറിലായ ഒരു അപരിചിതന്‌ തന്റെ വൃക്ക ദാനം ചെയ്‌താണ്‌. 

വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന്‌ ഡയാലിസിസിന്‌ വിധേയമായികൊണ്ടിരുന്ന തൃശൂര്‍ പീച്ചിയിലെ സ്വകാര്യ ബസ്‌ ജീവനക്കാരനായ 44 കാരന്‍ ഷാജു പോളിനാണ്‌ സഖി ജോണ്‍ വൃക്ക ദാനം ചെയ്‌തത്‌. കൊച്ചിയിലെ വിപിഎസ്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ ഡിസംബര്‍ 28നായിരുന്നു വൃക്ക മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ. വൃക്കദാനത്തിലൂടെ മാതൃക സൃഷ്ടിച്ച ഫാദര്‍ ഡേവിസ്‌ ചിറമേല്‍ സ്ഥാപിച്ച കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവരില്‍ നിന്നാണ്‌ ഷാജുവിനെ സ്വീകര്‍ത്താവായി തെരഞ്ഞെടുത്തത്‌. 

2011ല്‍ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്‌തപ്പോള്‍ ശസ്‌ത്രക്രിയ നടത്തിയ ഡോക്ടര്‍ പറഞ്ഞ കാര്യമാണ്‌ അവയവദാനത്തെക്കുറിച്ച്‌ ചിന്തിക്കാനിടയായതെന്ന്‌ സഖി പറയുന്നു. തന്റെ പിതാവ്‌ കാരണം കാഴ്‌ചശേഷിയില്ലാത്ത രണ്ട്‌ പേര്‍ക്കാണ്‌ ഈ ലോകം കാണാന്‍ അവസരമുണ്ടായതെന്ന്‌ ഡോക്ടര്‍ പറഞ്ഞത്‌ സഖിയെ ഏറെ സ്‌പര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ 2015ല്‍ ഫാ. ഡേവിസ്‌ ചിറമേലിനെ സന്ദര്‍ശിച്ച്‌ വൃക്കദാനത്തിന്‌ സന്നദ്ധത അറിയിക്കുകയായിരുന്നു.

2016 ജൂലൈ മുതല്‍ 98 ഡയാലിസിസിന്‌ വിധേയമായിട്ടുണ്ട്‌ ഷാജു. തന്റെ ഇരു വൃക്കകളും തകരാറിലാണെന്ന്‌ അറിഞ്ഞതിനെ തുടര്‍ന്ന്‌ പ്രതീക്ഷയറ്റ്‌ കഴിയുമ്പോഴാണ്‌ ഭാര്യ ഷിബി മക്കളായ ആല്‍വിന്‍, ഏയ്‌ഞ്ചല്‍ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഷാജുവിന്റെ മുന്നില്‍ രക്ഷകനായി സഖി ജോണെത്തുന്നത്‌. എന്നാല്‍ ശസ്‌ത്രക്രിയ്‌ക്കുള്ള പണം കണ്ടെത്തുകയെന്നത്‌ ദിവസക്കൂലിക്കാരനായ ഷാജുവിന്‌ വലിയ കടമ്പ തന്നെയായിരുന്നു. പീച്ചിയിലെ മണക്കുഴി ഗ്രാമവാസികള്‍ ഒത്തുചേര്‍ന്നപ്പോള്‍ ശസ്‌ത്രക്രിയയ്‌ക്കുള്ള സഹായനിധിയിലേക്ക്‌ 22 ലക്ഷം രൂപ ഒഴുകിയെത്തി.
ഷാജു. 

നെഫ്രോളജി, ട്രാന്‍സ്‌പ്ലാന്റ്‌ സര്‍വീസസ്‌ ഡയറക്ടര്‍ ഡോ. എബി എബ്രഹാം, ട്രാന്‍സ്‌പ്ലാന്റ്‌ സര്‍ജന്‍ ഡോ. ജോര്‍ജ്‌ പി. എബ്രഹാം, അനസ്‌തേഷ്യ വിഭാഗം ഡയറക്ടര്‍ ഡോ. മോഹന്‍ എ. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ്‌ ശസ്‌ത്രക്രിയകള്‍ നടത്തിയത്‌. ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം വൃക്കദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. സഖി ജനുവരി 2ന്‌ ആശുപത്രി വിട്ടു. ഷാജുവിനെ ഐസിയുവില്‍ നിന്നും മുറിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.  

2017, ജനുവരി 2, തിങ്കളാഴ്‌ച

പ്ലാസ്റ്റിക്‌ മാലിന്യ പ്രതിസന്ധി പ്രമേയമാക്കി ബിനാലെയില്‍ ആര്‍ട്ട്‌ പ്രോജക്‌റ്റ്‌







കൊച്ചി: പ്ലാസ്റ്റിക്‌ മാലിന്യ പ്രതിസന്ധി പ്രമേയമാക്കിയ ആര്‍ട്ട്‌ പ്രോജക്‌റ്റുമായി പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍. 150 സ്‌കൂളുകളില്‍നിന്നായി ശേഖരിച്ച ആറ്‌ ലക്ഷം പേനകള്‍ കൊണ്ട്‌ ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കുന്നതാണ്‌ പെന്‍െ്രെഡവ്‌ എന്നു പേരിട്ടിരിക്കുന്ന പദ്ധതി. ബിനാലെയുടെ പ്രധാനവേദിയായ ആസ്‌പിന്‍വാള്‍ ഹൗസില്‍ ഞായറാഴ്‌ച നടന്ന ചടങ്ങില്‍ ശ്രീ. കെ. ജെ. മാക്‌സി എംഎല്‍എ പെന്‍െ്രെഡവ്‌ ഉദ്‌ഘാടനം ചെയ്‌തു.
ഹരിത കേരളം മിഷന്‌ തുടക്കമിട്ട കേരള സര്‍ക്കാര്‍ പെന്‍െ്രെഡവ്‌ എന്ന പദ്ധതിയേയും പിന്തുണയ്‌ക്കുമെന്ന്‌ കെ. ജെ. മാക്‌സി പറഞ്ഞു. പദ്ധതിയുടെ കീഴില്‍ തയ്യാറാക്കുന്ന ഇമ്മിണി ബല്യ ഒന്ന്‌ എന്നു പേരിട്ടിരിക്കുന്ന ഇന്‍സ്റ്റലേഷന്‍ സ്ഥാപിക്കാന്‍ ഫോര്‍ട്ട്‌ കൊച്ചിയിലെ പ്രധാന പൊതുഇടത്തുതന്നെ സ്ഥിരം വേദി അനുവദിക്കുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
മലയാളത്തിലെ ഇതിഹാസ സാഹിത്യകാരനായ വൈക്കം മുഹമ്മദു ബഷീറിന്റെ പ്രശസ്‌തമായ ബാല്യകാലസഖി എന്ന നോവലിലെ ഏറെ പ്രചാരം ലഭിച്ച പ്രയോഗമായ ഇമ്മിണി ബല്യ ഒന്ന്‌ ആണ്‌ ഈ പദ്ധതിക്ക്‌ പേരിടാന്‍ ഉപയോഗിച്ചതെന്ന്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി ശ്രീ റിയാസ്‌ കോമു പറഞ്ഞു. ശേഖരിച്ച പേനകളുപയോഗിച്ച്‌ വലിയൊരു '1' സൃഷ്ടിച്ച്‌ അത്‌ ഒരു പൊതുസ്ഥലത്ത്‌ സ്ഥാപിക്കും. പരിസ്ഥിതി സംരക്ഷിക്കുക എന്ന വലിയ സന്ദേശമാണ്‌ ഇതിലൂടെ തങ്ങള്‍ നല്‍കുന്നതെന്നും ഒരുമയുടെ സ്വരവും ഈ ശില്‌പത്തിനുണ്ടെന്നും ശ്രീ റിയാസ്‌ കോമു അറിയിച്ചു. 



പാഴാക്കപ്പെടുന്ന പേനകളുടെ എണ്ണത്തിന്റെ വലിപ്പം അളക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ലക്ഷ്‌മി മേനോന്‍ പറയുന്നു. പ്ലാസ്റ്റിക്‌ പേനകള്‍ വഴിയുണ്ടാവുന്ന മാലിന്യം നമ്മള്‍ പൊതുവേ അവഗണിക്കുകയാണ്‌. റീസൈക്കിള്‍ ചെയ്യാന്‍ പ്രയാസമേറിയ ഉപയോഗിച്ച പ്ലാസ്റ്റിക്‌ പേനകള്‍ വലിച്ചെറിയാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന ഉപയോഗിച്ച്‌ വലിച്ചെറിയുന്ന സംസ്‌കാരം അവസാനിപ്പിക്കണം. കലയുടേയും സാഹിത്യത്തിന്റെയും പരിസ്ഥിതിയുടേയും മികച്ച കൂട്ടുകെട്ടാണ്‌ പദ്ധതിയെന്നും ലക്ഷ്‌മി മേനോന്‍ പറഞ്ഞു.

രണ്ടു മാസത്തില്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുമെന്ന്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു. കോഴിക്കോടുനിന്നുള്ള സൈക്കിളിംഗ്‌ ക്ലബ്ബായ ടീം മലബാര്‍ റൈഡേഴ്‌സ്‌, ജില്ലാ ശുചിത്വ മിഷന്‍, ഗ്രീന്‍ കെയര്‍ മിഷന്‍ എന്നിവര്‍ ഫൗണ്ടേഷന്റെ സംരംഭത്തെ പിന്തുണയ്‌ക്കുന്നതിനായി കൊച്ചിയിലേക്ക്‌ സൈക്കിള്‍ യാത്ര നടത്തിയിരുന്നു. ഫോര്‍ട്ട്‌ കൊച്ചി കൗണ്‍സിലര്‍ ശ്രീമതി ഷൈനി മാത്യു ചടങ്ങില്‍ സംസാരിച്ചു. 
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ബിനാലെയിലെ തമിഴ്‌നാട്‌ സ്വദേശികളായ ഹൗസ്‌കീപ്പിംഗ്‌ ജീവനക്കാര്‍ രംഗോലി ഉള്‍പ്പെടെയുള്ള പരമ്പരാഗത അലങ്കാരങ്ങളോടെ മുഖ്യവേദിയായ ആസ്‌പിന്‍വാള്‍ ഹൗസ്‌ അലങ്കരിച്ചിരുന്നു.