2017, ജനുവരി 2, തിങ്കളാഴ്‌ച

പ്ലാസ്റ്റിക്‌ മാലിന്യ പ്രതിസന്ധി പ്രമേയമാക്കി ബിനാലെയില്‍ ആര്‍ട്ട്‌ പ്രോജക്‌റ്റ്‌







കൊച്ചി: പ്ലാസ്റ്റിക്‌ മാലിന്യ പ്രതിസന്ധി പ്രമേയമാക്കിയ ആര്‍ട്ട്‌ പ്രോജക്‌റ്റുമായി പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍. 150 സ്‌കൂളുകളില്‍നിന്നായി ശേഖരിച്ച ആറ്‌ ലക്ഷം പേനകള്‍ കൊണ്ട്‌ ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കുന്നതാണ്‌ പെന്‍െ്രെഡവ്‌ എന്നു പേരിട്ടിരിക്കുന്ന പദ്ധതി. ബിനാലെയുടെ പ്രധാനവേദിയായ ആസ്‌പിന്‍വാള്‍ ഹൗസില്‍ ഞായറാഴ്‌ച നടന്ന ചടങ്ങില്‍ ശ്രീ. കെ. ജെ. മാക്‌സി എംഎല്‍എ പെന്‍െ്രെഡവ്‌ ഉദ്‌ഘാടനം ചെയ്‌തു.
ഹരിത കേരളം മിഷന്‌ തുടക്കമിട്ട കേരള സര്‍ക്കാര്‍ പെന്‍െ്രെഡവ്‌ എന്ന പദ്ധതിയേയും പിന്തുണയ്‌ക്കുമെന്ന്‌ കെ. ജെ. മാക്‌സി പറഞ്ഞു. പദ്ധതിയുടെ കീഴില്‍ തയ്യാറാക്കുന്ന ഇമ്മിണി ബല്യ ഒന്ന്‌ എന്നു പേരിട്ടിരിക്കുന്ന ഇന്‍സ്റ്റലേഷന്‍ സ്ഥാപിക്കാന്‍ ഫോര്‍ട്ട്‌ കൊച്ചിയിലെ പ്രധാന പൊതുഇടത്തുതന്നെ സ്ഥിരം വേദി അനുവദിക്കുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തു.
മലയാളത്തിലെ ഇതിഹാസ സാഹിത്യകാരനായ വൈക്കം മുഹമ്മദു ബഷീറിന്റെ പ്രശസ്‌തമായ ബാല്യകാലസഖി എന്ന നോവലിലെ ഏറെ പ്രചാരം ലഭിച്ച പ്രയോഗമായ ഇമ്മിണി ബല്യ ഒന്ന്‌ ആണ്‌ ഈ പദ്ധതിക്ക്‌ പേരിടാന്‍ ഉപയോഗിച്ചതെന്ന്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സെക്രട്ടറി ശ്രീ റിയാസ്‌ കോമു പറഞ്ഞു. ശേഖരിച്ച പേനകളുപയോഗിച്ച്‌ വലിയൊരു '1' സൃഷ്ടിച്ച്‌ അത്‌ ഒരു പൊതുസ്ഥലത്ത്‌ സ്ഥാപിക്കും. പരിസ്ഥിതി സംരക്ഷിക്കുക എന്ന വലിയ സന്ദേശമാണ്‌ ഇതിലൂടെ തങ്ങള്‍ നല്‍കുന്നതെന്നും ഒരുമയുടെ സ്വരവും ഈ ശില്‌പത്തിനുണ്ടെന്നും ശ്രീ റിയാസ്‌ കോമു അറിയിച്ചു. 



പാഴാക്കപ്പെടുന്ന പേനകളുടെ എണ്ണത്തിന്റെ വലിപ്പം അളക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ലക്ഷ്‌മി മേനോന്‍ പറയുന്നു. പ്ലാസ്റ്റിക്‌ പേനകള്‍ വഴിയുണ്ടാവുന്ന മാലിന്യം നമ്മള്‍ പൊതുവേ അവഗണിക്കുകയാണ്‌. റീസൈക്കിള്‍ ചെയ്യാന്‍ പ്രയാസമേറിയ ഉപയോഗിച്ച പ്ലാസ്റ്റിക്‌ പേനകള്‍ വലിച്ചെറിയാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന ഉപയോഗിച്ച്‌ വലിച്ചെറിയുന്ന സംസ്‌കാരം അവസാനിപ്പിക്കണം. കലയുടേയും സാഹിത്യത്തിന്റെയും പരിസ്ഥിതിയുടേയും മികച്ച കൂട്ടുകെട്ടാണ്‌ പദ്ധതിയെന്നും ലക്ഷ്‌മി മേനോന്‍ പറഞ്ഞു.

രണ്ടു മാസത്തില്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുമെന്ന്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു. കോഴിക്കോടുനിന്നുള്ള സൈക്കിളിംഗ്‌ ക്ലബ്ബായ ടീം മലബാര്‍ റൈഡേഴ്‌സ്‌, ജില്ലാ ശുചിത്വ മിഷന്‍, ഗ്രീന്‍ കെയര്‍ മിഷന്‍ എന്നിവര്‍ ഫൗണ്ടേഷന്റെ സംരംഭത്തെ പിന്തുണയ്‌ക്കുന്നതിനായി കൊച്ചിയിലേക്ക്‌ സൈക്കിള്‍ യാത്ര നടത്തിയിരുന്നു. ഫോര്‍ട്ട്‌ കൊച്ചി കൗണ്‍സിലര്‍ ശ്രീമതി ഷൈനി മാത്യു ചടങ്ങില്‍ സംസാരിച്ചു. 
പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ബിനാലെയിലെ തമിഴ്‌നാട്‌ സ്വദേശികളായ ഹൗസ്‌കീപ്പിംഗ്‌ ജീവനക്കാര്‍ രംഗോലി ഉള്‍പ്പെടെയുള്ള പരമ്പരാഗത അലങ്കാരങ്ങളോടെ മുഖ്യവേദിയായ ആസ്‌പിന്‍വാള്‍ ഹൗസ്‌ അലങ്കരിച്ചിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ