2016, മാർച്ച് 31, വ്യാഴാഴ്‌ച

അനാഥമാക്കപ്പെട്ട പേനകള്‍ക്ക്‌ ഇതാ ഒരു നാഥന്‍













കൊച്ചി: ചെറുപ്പം മുതല്‍ എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി ജോളിക്ക്‌ പേന ഒരു വീക്ക്‌നെസ്‌ ആയിരുന്നു. വിലപിടിച്ച പേനകള്‍ കാണുമ്പോള്‍ കൊതിയൂറും.... വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും പേനകള്‍ ഒന്നിനു പുറകെ ഒന്നായി സ്വന്തമാക്കാനുള്ള ഈ കൊതിക്ക്‌ ഒരു അവസാനമില്ലായിരുന്നു. വീടുകളില്‍ പെയിന്റിങ്ങ്‌ പണി കിട്ടിയപ്പോള്‍ ഈ കൊതി ഒന്നുകൂടി കൂടി.
മുറികള്‍ വെള്ളപൂശുമ്പോള്‍ സാധരണയായി ഉപയോഗമില്ലാതെ കിടക്കുന്നവയ്‌ക്ക്‌ എല്ലാം പുറത്തേക്കു പോകാനുള്ള വാതില്‍ തുറക്കപ്പെടും. അലമാരകളിലും മേശകളിലും ഉപയോഗമില്ലാതെ കിടക്കുന്ന വസ്‌തുക്കള്‍ എല്ലാം വലിച്ചു പുറത്തേക്കു കളയുന്ന കൂട്ടത്തില്‍ ഉപയോഗമില്ലാതെ കിടക്കുന്ന പേനകളെ കണ്ടപ്പോള്‍ ജോളിയുടെ ഹൃദയം വല്ലാതെ പെടച്ചു. അങ്ങനെ അനാഥമായി വലിച്ചെറിയപ്പെടുന്ന പേനകളുടെ നാഥനായി ജോളി മാറി. ഇത്‌ കഥയുടെ ഫ്‌ളാഷ്‌ ബാക്ക്‌.
ഇപ്പോള്‍, അനാഥമാക്കപ്പെട്ട ഈ പേനകള്‍ കൊണ്ട്‌ ജോളി പടുത്തുയര്‍ത്തിയ സാമ്രാജ്യം ഒന്നു നോക്കുക.
നാല്‌ ലിംകാ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, അഞ്ച്‌ ഇന്ത്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, യൂണീക്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌, ഏഷ്യ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌, തമിഴ്‌നാട്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡസ്‌ ഗോള്‍ഡന്‍ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌..... എന്നിങ്ങനെ 15ഓളം റെക്കോര്‍ഡുകളാണ്‌ അനാഥരായി മാറിയ ഈ പേനകള്‍ ജോളിക്കു പ്രതിഫലമായി നേടിക്കൊടുത്തത്‌
ഇനി സാക്ഷാല്‍ റെക്കോര്‍ഡുകളുടെ തമ്പുരാന്‍ എന്നു തന്നെ പറയാവുന്ന ഗിന്നസ്‌ ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്‌സ്‌ തന്നെ ജോളിയെ തേടി കടന്നുവരുകയാണ്‌. ഇതിനുവേണ്ടി കഴിഞ്ഞ ദിവസം എറണകുളം വുമന്‍സ്‌ അസോസിയേഷന്‍ ഹാളില്‍ ആറായിരം വെരൈറ്റി പേനകളുടെ ഏകദിന പ്രദര്‍ശനം നടത്തി. 14 വര്‍ഷമായി ജോളി ശേഖരിച്ച 30,000 പേനകള്‍പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു.
ജോളിയുടെ കൈവശമുള്ള പേനകളില്‍ 90 ശതമാനം അനാഥരാണെങ്കിലും സനാഥരായ പേനകളും ഇടം നേടിയിട്ടുണ്ട്‌. സമൂഹത്തിലെ പ്രമുഖര്‍ സംഭാവന ചെയതവയാണ്‌ ഇതിലെ വമ്പന്മാര്‍. അന്തരിച്ച ജസ്റ്റിസ്‌ വി.ആര്‍ . കൃഷ്‌ണയ്യര്‍, പ്രൊഫ.എം.കെ. സാനു, സെബാസ്റ്റ്യന്‍ പോള്‍, കവി ചെമ്മനം ചാക്കോ, കെ.എം.റോയ്‌,പ്രൊഫ. എം.ലീലാവതി, സിനിമാ സംവിധായകന്‍ മെക്കാര്‍ട്ടിന്‍, മുന്‍ മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന്‍ എം.എല്‍.എ എന്നിവര്‍ ജോളിക്കു സമ്മാനമായി നല്‍കിയവയാണ്‌ ഈ വിഐപി പേനകള്‍.ഇതില്‍ഏറ്റവും വിലപിടിച്ചത്‌ സാനുമാഷ്‌ നല്‍കിയ 60 വര്‍ഷം പഴക്കം ചെന്ന പേനയാണ്‌. 32ഓളം വിദേശരാജ്യങ്ങളില്‍ നിന്നുള്ള പേനകളും വിഐപി കളായി ശേഖരത്തിലുണ്ട്‌.
മോണ്ട്‌ ബ്ലാങ്കിന്റെ 30,000 രൂപയുടെ പേനയാണ്‌ ജോളിയുടെ കളക്ഷനിലെ ഏറ്റവും വിലപിടിച്ച പേന. അതിനു പുറമെ റേഡിയോ പേന, റെക്കോര്‍ഡ്‌ ചെയ്യാവുന്ന പേന, അന്ത്യത്താഴത്തിന്റെ ചിത്രം ചുരുട്ടിവെച്ചിരിക്കുന്ന പേന.വിവിധ രാജ്യങ്ങളുടെ ദേശീയപതാകളോടുകൂടിയ പേനകള്‍ എന്നിവ എല്ലാം അപൂര്‍വ കളക്ഷന്റെ ഭാഗമാണ്‌. പാര്‍ക്കര്‍,ക്രോസ്‌, വാട്ടര്‍മാന്‍ഷീഫര്‍, എന്നിവയാണ്‌ ശേഖരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്‌. ഒരുകാലത്ത്‌ ജനപ്രീയമായിരുന്ന ഹീറോ പേനയുടെ 200ഓളം വെറൈറ്റികള്‍ വേറെ. സീരിയല്‍ നമ്പരുകളാണ്‌ ഇവയെ വ്യത്‌യസ്‌തമാക്കുന്നതെന്നു ജോളി. ഒരു കാലത്ത്‌ ജനപ്രീയമായിരുന്ന റെയ്‌നോള്‍ഡ്‌സ്‌, ബിസ്‌മി, സെല്ലോ, ലക്‌സോര്‍ ,ലില്ലി, മോണ്ടാക്‌സ്‌, തുടങ്ങി ഇപ്പോഴത്തെ ലക്‌സി പേനമുതല്‍ ഒരു രൂപ പേനവരെ ശേഖരത്തിലുണ്ട്‌. റീ ഫില്‍ തീര്‍ന്നാല്‍ വലിച്ചെറിയുന്ന തരത്തിലുള്ള ഈ ഒരു രൂപയുടെ പേനകളാണ്‌ കളക്ഷനിലെ ഏറ്റവും കീഴാളര്‍..
ജോളിയുടെ പേനക്കൊതി മനസിലാക്കി നഗരത്തിലെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാര്‍,അധ്യാപകന്മാര്‍,അഭിഭാഷകര്‍ എന്നിവര്‍ പേനകള്‍ സംഭാവന ചെയ്‌തിട്ടുണ്ട്‌. നിലവില്‍ ജോളിയുടെ വീട്‌ ഇങ്ങനെ അനാഥരായ പേനകളുടെ ആലയം തന്നെ ആയി മാറിയിരിക്കുകയാണ്‌ ഇതില്‍ ഭാര്യ ഡെയ്‌സിക്കും എന്‍ജിനിയറിങ്ങ്‌ വിദ്യാര്‍ഥിയായ മകന്‍ ജെഫിനും ഇതില്‍ എതിര്‍പ്പ്‌ ഇല്ലാതില്ല. മഞ്ഞുമ്മല്‍ പള്ളിയുടെ തെക്കു വശം വടശേരി വീട്ടില്‍ തോമസ്‌-മാഗി ദമ്പതിമാരുടെ പുത്രനായ ജോളി കുടുംബവീട്ടില്‍ തന്നെയാണ്‌ ഇപ്പോഴും താമസം. സ്വന്തമായി ഒരു വീട്‌ ഇല്ലാത്തതിനാല്‍ പേനകള്‍ സൂക്ഷിക്കാന്‍ പെടാപ്പാട്‌ പെടുന്നു. ഈ സ്ഥലപരിമിതി കാരണം രണ്ടു വര്‍ഷം മുന്‍പ്‌ ജോളി ഒരു കടും കൈ ചെയ്‌തു. 150 കിലോഗ്രാം വരുന്ന പേനകള്‍ ആക്രിക്കാരന്‌ വില്‍ക്കേണ്ടി വന്നു. കിട്ടിയത്‌ കേവലം 300 രൂപ 

2016, മാർച്ച് 26, ശനിയാഴ്‌ച

വിശക്കുന്നവരെ സഹായിക്കാം, നന്മമരത്തണലിലേയ്‌ക്ക്‌ വരൂ




നിങ്ങളുടെ വീട്ടില്‍ അധികം വരുന്ന, കേടുവരാത്ത ഭക്ഷണസാധനങ്ങളുണ്ടെങ്കില്‍ അവ നന്നായി പായ്‌ക്കു ചെയ്‌ത്‌ കലൂരില്‍ പപ്പടവട റെസ്‌റ്റോറന്റ്‌ സ്ഥാപിച്ചിരിക്കുന്ന ഈ സ്‌നേഹ റഫ്രിജറേറ്ററില്‍ കൊണ്ടുവയ്‌ക്കൂ, അത്‌ ആവശ്യക്കാര്‍ എടുത്തോളും

കൊച്ചി: അങ്ങനെ കൊച്ചിക്കും കിട്ടി ഒരു സ്‌നേഹ റെഫ്രിജറേറ്റര്‍. കലൂര്‍ ബസ്‌റ്റാന്‍ഡിനടുത്ത്‌, കലൂര്‍-കതൃക്കടവ്‌ റോഡില്‍ ഉദ്‌ഘാടനം ചെയ്യപ്പെട്ട പപ്പടവട റെസ്റ്റോറന്റിന്റെ പുതിയ ശാഖയ്‌ക്കു മുന്നിലെ പൂത്തുനില്‍ക്കുന്ന കൊന്നമരത്തണലിലാണ്‌ വിശന്നുവലയുന്നവരെ കാത്ത്‌ ഈ സ്‌നേഹ റഫ്രിജറേറ്റര്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്‌. `അതാണ്‌ ഞങ്ങളിതിന്‌ നന്മമരം എന്നു പേരിട്ടത്‌,` പപ്പടവട റെസ്റ്റോറന്റ്‌ ഉടമ മിനു പൗളീന്‍ പറയുന്നു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 420 ലിറ്റര്‍ ശേഷിയുള്ള ഈ റഫ്രിജറേറ്ററിന്റെ മുഴുവന്‍ വൈദ്യുതിച്ചലവും പപ്പടവട റെസ്റ്റോറന്റ്‌ വഹിക്കും. രാത്രിയിലെ സെക്യൂരിറ്റിക്കായി ക്യാമറാ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഇതിനു പുറമെ ദിവസവും 50 ഭക്ഷണപ്പൊതികളും പപ്പടവടയുടെ വകയായി ഈ റഫ്രിജറേറ്ററില്‍ വെയ്‌ക്കും. ഭക്ഷണത്തിനു വകയില്ലാത്ത ആളുകള്‍ക്ക്‌ ഇവിടെ വന്ന്‌ ആവശ്യത്തിനനുസരിച്ച്‌ ഭക്ഷണമെടുത്ത്‌ കഴിയ്‌ക്കാം. 

`പപ്പടവട നല്‍കുന്നതിനു പുറമെ എറണാകുളത്തെ വീടുകളിലും ഹോട്ടലുകളിലും ബാക്കിയാവുന്ന, കേടുവരാത്ത ഭക്ഷണസാധനങ്ങള്‍ അവരവര്‍ തന്നെ വൃത്തിയായി പാക്കു ചെയ്‌ത്‌ ഈ സ്‌്‌നേഹ റഫ്രിജറേറ്ററില്‍ കൊണ്ടുവയ്‌ക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. അമൂല്യമായ പ്രകൃതിവിഭവങ്ങള്‍ പാഴാക്കിക്കളയാതിരിക്കാനും അവ വിശന്നു പൊരിയുന്നവര്‍ക്ക്‌ ലഭ്യമാക്കാനുമാണ്‌ ഈ നന്മമരത്തിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്‌,` മിനു പൗളീന്‍ വിശദീകരിച്ചു.

ഭക്ഷണ പായ്‌ക്കറ്റുകള്‍ കൊണ്ടുവന്നു വെയ്‌ക്കുമ്പോള്‍ അത്‌ പാചകം ചെയ്‌ത തീയതി ഏതാണെന്നു കൂടി പാക്കറ്റിനു മേല്‍ രേഖപ്പെടുത്തണമെന്നും പപ്പടവട റെസ്റ്റോറന്റ്‌ അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു. ഉപയോഗശൂന്യമാകുന്ന മുറയ്‌ക്ക്‌ ഭക്ഷണപ്പാക്കറ്റുകള്‍ നീക്കം ചെയ്യാനാണിത്‌. ആഴ്‌ചയില്‍ രണ്ടു തവണ റഫ്രിജറേറ്റര്‍ മുഴുവനായും വൃത്തിയാക്കുന്ന ചുമതലയും പപ്പടവട റെസ്റ്റോറന്റ്‌ ഏറ്റെടുത്തിട്ടുണ്ട്‌. 

2014 ജനുവരിയില്‍ സിറ്റിബാങ്കിലെ ജോലി ഉപേക്ഷിച്ച്‌ എറണാകളും എംജി റോഡില്‍ മിനു പൗളീന്‍ ആരംഭിച്ച പപ്പടവട റെസ്റ്റോറന്റ്‌ നാടന്‍ പലഹാരങ്ങള്‍ക്ക്‌ 4-5 രൂപ മാത്രം വില ഈടാക്കുന്നതിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. പപ്പടവട, കൊഴുക്കട്ട, ബജ്ജി, പരിപ്പുവട, ഉഴുന്നുവട, വത്സന്‍, സുഖിയന്‍, പഴംപൊരി, ഉന്നക്കായ, ഇറച്ചിപ്പത്തിരി തുടങ്ങിയ നാടന്‍ പലഹാരങ്ങളാണ്‌ പപ്പടവടയിലെ പ്രധാന ആകര്‍ഷണം. ഇവയ്‌ക്കു പുറമെ പുട്ട്‌-നാടന്‍ കോഴിക്കറി, കപ്പ-മീന്‍കറി, കഞ്ഞി-പയര്‍, ഇടിയപ്പം-കടലക്കറി തുടങ്ങിയ നാടന്‍കോമ്പിനേഷനുകളും മലബാര്‍ ബിരിയാണിയും പപ്പടവടയിലുണ്ട്‌.

ഇങ്ങനെ നാടന്‍വിഭവങ്ങളിലൂടെയും ന്യായവിലയിലൂടെയും വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിലൂടെയും ഹിറ്റായതിനെ തുടര്‍ന്ന്‌ റെസ്റ്റോറന്റുകളുടെ ചരിത്രത്തില്‍ ആദ്യമായി പഴങ്കഞ്ഞി എന്ന അതീവ രുചികരമായ പഴയകാല നാടന്‍ പ്രാതലും പപ്പടവടയുടെ മെനുവിലെത്തി. മറ്റ്‌ അരിവിഭവങ്ങള്‍ വിളമ്പാത്ത പപ്പടവടയില്‍ ഇതിനായി മാത്രമാണ്‌ ഇപ്പോള്‍ റോസ്‌ ചെമ്പാവരി കൊണ്ട്‌ ചോറുണ്ടാക്കുന്നത്‌. തലേദിവസം ഉണ്ടാക്കിയ ചോറ്‌ വെള്ളമൊഴിച്ച്‌ വെച്ചാണ്‌ പിറ്റേന്ന്‌ അത്‌ പഴങ്കഞ്ഞിയാക്കുന്നത്‌. ഇതില്‍ കപ്പപ്പുഴുക്ക്‌, കട്ടത്തൈര്‌, പുളിശ്ശേരി, തേങ്ങാച്ചമ്മന്തി, അച്ചാര്‍ എന്നിവയും ഒപ്പം പച്ചമുളകും രണ്ടല്ലി ചവന്നുള്ളിയും കൂടിച്ചേര്‍ത്താണ്‌ അമ്മച്ചീസ്‌ പഴങ്കഞ്ഞി എന്ന പേരില്‍ ഇവിടെ വിളമ്പുന്നത്‌. 

`എംജി റോഡിലെ നവീകരിച്ച പപ്പടവട റെസ്റ്റോറന്റ്‌ ഈ വരുന്ന തിങ്കളാഴ്‌ച ഉദ്‌ഘാടനം ചെയ്യുകയാണ്‌,` മിനു പൗളീന്‍ പറഞ്ഞു. എംജി റോഡിലേതു പോലെ കലൂരിലെ പുതിയ ഔട്ട്‌ലെറ്റും രാത്രി ഒരു മണി തുറന്നു പ്രവര്‍ത്തിക്കുമെന്നും പൗളീന്‍ പറഞ്ഞു. 

അഞ്ചു വര്‍ഷം സിറ്റിബാങ്കിലും അതിനു മുന്‍പു ഇന്‍ഡിഗോ എയറിലും വീറ്റ ഇന്‍സ്‌റ്റിറ്റിയൂട്ടിലും ജോലി ചെയ്‌ത ശേഷമാണ്‌ ബിസിനസ്സുകാരനായ ഭര്‍ത്താവ്‌ അമല്‍ നായരുടെ പ്രോത്സാഹനത്തില്‍ മിനു ഈ വ്യത്യസ്‌ത വഴി തെരഞ്ഞെടുത്തത്‌. 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 96452 21111 



2016, മാർച്ച് 23, ബുധനാഴ്‌ച

തീവ്രപ്രണയയവുമായ്‌ അടൂരിന്റെ പുതിയചിത്രം പ്രധാന റോളില്‍ ദീലീപും കാവ്യയും


തീവ്രപ്രണയയവുമായ്‌ അടൂരിന്റെ പുതിയചിത്രം പ്രധാന റോളില്‍ ദീലീപും കാവ്യയും 



കൊച്ചി
പ്രണയത്തിന്‌ വാര്‍ദ്ധക്യമെന്നോ, ചെറുപ്പമെന്നോ ഇല്ല, ഏത്‌ പ്രായത്തിലും പ്രണയിക്കാം. പ്രണയം നഷ്ടപ്പെടുമ്പോള്‍ ജീവിതം തന്നെ അവസാനിക്കും... തീവ്ര പ്രണയം ഇതിവൃത്തമാക്കി നിര്‍മിക്കുന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയായിരുന്നു ദേശീയ, സംസ്ഥാന അവാര്‍ഡുകളുടെ തോഴനായ അടൂര്‍ ഗോപാലകൃഷ്‌ണന്‍. തൂവെള്ള നിറത്തില്‍ നരച്ചു നീണ്ട മുടിയും വരയന്‍ ജുബ്ബയും അല്‍പം ഗൗരവം തോന്നിപ്പിച്ചുവെങ്കിലും പതിവ്‌ ശൈലിയില്‍ സരസമായിരുന്നു സംഭാഷണം. ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ പകരുന്ന ജനപ്രിയ താരങ്ങളായ ദിലീപും കാവ്യാ മാധവനും അടൂരിനൊപ്പം ഉണ്ടായിരുന്നു. 
എട്ട്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷമാണ്‌ അടൂര്‍ വീണ്ടും പ്രേക്ഷകര്‍ക്കായി ഒരു ദൃശ്യ വിരുന്നൊരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്‌. 
മെയ്‌ മാസം ഷൂട്ടിങ്‌ തുടങ്ങാനിരിക്കുന്ന ചിത്രത്തെ കുറിച്ച്‌ അദ്ദേഹം വാചാലനായി. ഒരു സിനിമ റിലീസ്‌ ചെയ്യുന്നതോടെ അടുത്തതിനെ കുറിച്ച്‌ ചിന്തിക്കുന്നതല്ല തന്റെ പതിവ്‌. റിലീസ്‌ ചെയ്‌തു കഴിഞ്ഞാലും തന്റെ സിനിമകള്‍ക്ക്‌ ലോകമെമ്പാടും വിവിധ ഫെസ്റ്റിവലുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ തുടരും. തുടര്‍ന്ന്‌ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി ലോകം ചുറ്റലാണ്‌ പ്രധാന പരിപാടി. ദീര്‍ഘനാള്‍ ഒരു സിനിമയ്‌ക്ക്‌ വേണ്ടി താന്‍ ചിലവഴിക്കും. ഇതിനു ശേഷമാണ്‌ അടുത്ത സിനിമ ആലോചനയില്‍ വരുന്നത്‌. അതുകൊണ്ട്‌ തന്നെ മുന്‍പ്‌ ചെയ്‌ത സിനിമകളുടെ സ്വാധീനം തന്റെ സിനിമകളില്‍ ഉണ്ടാവാറില്ല. ആറോ, ഏഴോ വര്‍ഷത്തെ ആലോചനയില്‍ നിന്നാണ്‌ പിന്നെയും എന്ന സിനിമ. തിരക്കഥ പൂര്‍ത്തിയാക്കിയശേഷം ബേബി മാത്യു സോമതീരവുമായി ഇക്കാര്യം സംസാരിക്കുകയുണ്ടായി. അദ്ദേഹം താല്‍പര്യമറിയിച്ചതോടെയാണ്‌ പിന്നെയും എന്ന സിനിമയ്‌ക്ക്‌ തുടക്കമാകുന്നത്‌. 
തീവ്ര പ്രണയമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ കഥയെ സംബന്ധിച്ച്‌ ഒന്നുംതന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അടൂര്‍.
മെയ്‌ 11 ന്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ തുടങ്ങി ജൂണ്‍ 10 ഓടെ പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ശാസ്‌താംകോട്ടക്കടുത്താണ്‌ പ്രധാന ലൊക്കേഷന്‍. 
ചിത്രത്തിലേക്ക്‌ ദിലീപ്‌ കാവ്യ ജോടികളെ തെരഞ്ഞെടുത്തതിനു പിന്നിലെ രഹസ്യത്തെ കുറിച്ചുള്ള ചോദ്യത്തിന്‌ ദിലീപിന്റെ സിനിമകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു, അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രമുണ്ടായിരുന്നു. പിന്നെയും കാണുമ്പോള്‍ എന്തുകൊണ്ടാണ്‌ ദിലീപിനെയും കാവ്യയെയും തിരഞ്ഞെടുത്തതെന്നു ബോധ്യമാകുമെന്നായിരുന്നു മറുപടി. 
അവാര്‍ഡ്‌ സിനിമകള്‍ താന്‍ എടുത്തിട്ടില്ല, പലപ്പോഴും അത്‌ അങ്ങനെ സംഭവിച്ചു പോയതാണ്‌. ആരെയും സ്വാധീനിച്ച്‌ അവാര്‍ഡ്‌ വാങ്ങിയിട്ടില്ല. പത്രത്തില്‍ വാര്‍ത്ത വരുമ്പോഴാണ്‌ തന്റെ സിനിമയക്ക്‌ അവാര്‍ഡ്‌ ലഭിച്ചതായി അറിയാറെന്നും അടൂര്‍...


ചാന്‍സ്‌ തേടി ചെന്ന ഏക സംവിധായകന്‍ 

അഭിനയിക്കാന്‍ ഒരു അവസരം തേടി ചെന്ന ഏക സംവിധായകനായിരുന്നു അടൂര്‍ ഗോപാലകൃഷ്‌ണനെന്നായിരുന്നു ദിലീപിന്റെ കമന്റ്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അടൂരിനെ കണ്ടപ്പോഴായിരുന്നു ഇത്‌. എന്നാല്‍ അടൂര്‍ തന്റെ സിനിമകള്‍ കാണാറുണ്ടായിരുന്നുവെന്ന്‌ അറിയില്ലായിരുന്നു. ജീവിതത്തില്‍ ഭാഗ്യങ്ങള്‍ പലതരത്തില്‍ വരാറുണ്ട്‌. അടൂരിനൊപ്പം ഒരു സിനിമ തന്റെ വലിയ ആഗ്രഹമായിരുന്നു. ആദ്യമായി അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുന്നതിന്റെ ത്രില്ലിലാണ്‌ താനെന്നും ദിലീപ്‌. 

ഡയലോഗ്‌ പഠിപ്പിക്കുന്നത്‌ സ്‌കൂള്‍ കുട്ടികളെ പോലെ..


അടൂര്‍ ഗോപാലകൃഷ്‌ണന്റെ നാലുപെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള കാവ്യ മാധവന്‍ അന്നത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു. മുന്‍ കൂട്ടി കഥയോ തിരക്കഥയോ പറയാറില്ല. സെറ്റില്‍ ചെല്ലുമ്പോള്‍ മാത്രമാണ്‌ എന്താണ്‌ ചെയ്യാന്‍ പോകുന്നതെന്ന്‌ അറിയുക. ഡയലോഗുകള്‍ അദ്ദേഹം തന്നെ നേരിട്ട്‌ പറഞ്ഞു പഠിപ്പിക്കും. അതൊരു വല്ലാത്ത അനുഭവമാണ്‌. അടൂര്‍ ഗോപാലകൃഷ്‌ണന്റെ സ്‌ക്രിപ്‌റ്റ്‌ തൊടാന്‍ താന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ട്‌. പുതിയ സിനിമ ഏറെ പ്രതീക്ഷ തരുന്നുണ്ടെന്നും കാവ്യ. 



അടൂര്‍ ഗോപാലകൃഷ്‌ണന്‍ തന്നെയാണ്‌ പിന്നെയും എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്‌. മെയ്‌ 11ന്‌ തിരുവനന്തപുരത്ത്‌ ആദ്യ ദൃശ്യം ചിത്രീകരിക്കും. ബേബി മാത്യു സോമതീരവും അടൂര്‍ ഗോപാലകൃഷ്‌ണനുമാണ്‌ നിര്‍മാണം. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്‌, കെ.പി.എ.സി. ലളിത, നന്ദു, ശ്രിന്ദ, രവി വള്ളത്തോള്‍, പ്രൊഫ. അലിയാര്‍, പി. ശ്രീകുമാര്‍, ജോണ്‍ സാമുവല്‍, സുധീര്‍ കരമന, എം.കെ. ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. മറാത്തി സിനിമയിലെ പ്രശസ്‌ത താരമായ സുബോധ്‌ ഭാവേ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്‌. എം.ജെ. രാധാകൃഷ്‌ണന്‍ ഛായാഗ്രഹണവും ഹരികുമാര്‍ ശബ്ദലേഖനവും ബി. അജിത്‌ കുമാര്‍ സന്നിവേശവും മാര്‍ത്തണ്ഡം രാജശേഖരന്‍ കലാസംവിധാനവും നിര്‍വഹിക്കും. കെട്ടിടത്തില്‍ വിജയന്‍ നിര്‍മാണ മേല്‍നോട്ടവും കുക്കു പരമേശ്വരന്‍ പ്രൊഡക്ഷന്‍ ഡിസൈനിങ്ങും കാസ്റ്റിങ്ങും നിര്‍വഹിക്കും. മീരാ സാഹേബ്‌ മുഖ്യ സഹായിയായി ചേരും.

2016, മാർച്ച് 16, ബുധനാഴ്‌ച

കലഭവന്‍ മണി അനുസ്‌മരണ ചടങ്ങില്‍ വിനയനെ മോഹന്‍ലാല്‍ ഒഴിവാക്കി



കൊച്ചി
ചാലക്കുടിയില്‍ കഴിഞ്ഞ ഞായറാഴ്‌ച നടന്ന കലാഭവന്‍ മണി അനുസ്‌മരണ ചടങ്ങില്‍ സംവിധായകന്‍ വിനയന്‍ പങ്കെടുക്കുകയാണെങ്കില്‍ താന്‍ ഉണ്ടാവില്ലെന്നു മോഹന്‍ലാല്‍ ഭീഷണി മുഴക്കിയതായി പ്രോഡക്ഷന്‍ കണ്‍ട്രോളര്‍ അജ്‌മല്‍ ശ്രീകണ്‌ഠപുരം.
കലാഭവന്‍മണിയെ താരമാക്കിയ വിനയനെ മോഹന്‍ലാലും ഫെഫ്‌കയും ചേര്‍ന്ന്‌ മനഃപൂര്‍വം ഒഴിവാക്കുയായിരുന്നു. മണിയുടെ കലാവൈഭവം കൊണ്ടു സൂപ്പര്‍ വിജയവുമായ വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും ഉള്‍പ്പെടെ 13 ഓളം ചിത്രങ്ങളാണ്‌ വിനയന്‍ സംവിധാനം ചെയ്‌തത്‌. എന്നാല്‍ വിനയനെ ചടങ്ങില്‍ നിന്നും ഒഴിവാക്കി. അതേസമയം മണിക്ക്‌ ഒരു റോള്‍ പോലും കൊടുക്കാത്ത മേജര്‍ രവിയെ പ്രത്യേകം ക്ഷണിക്കുകയും ചെയ്‌തു. മരണത്തില്‍ പോലും വ്യക്തി വൈരാഗ്യം കാണിക്കുന്ന രീതി മലയാളം സിനിമ കണ്ടുകൊണ്ടിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാളം സിനമാ ലോകത്ത്‌ നടന്നുവരുന്ന ഉച്ചനീചത്വങ്ങളുടെ ഇരയായ നിരവധി കലാകാരന്മാരുണ്ടെന്ന്‌ മാക്ട ഫെഡറേഷന്‍ പ്രസിഡന്റ്‌ ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടി. അന്തരിച്ച സിനിമ നടന്‍ തിലകന്‍,സുകുമാരന്‍ എന്നിവര്‍ക്കു സൂപ്പര്‍ താരങ്ങള്‍ അയിത്തം കല്‍പ്പിച്ചിരുന്നു. തിലകനെ രണ്ടു ദിവസം അഭിനയിപ്പശേഷം പുറത്താക്കിയ സംഭവം പോലും ഉണ്ടായതായും ബൈജു കൊട്ടാരക്കര പറഞ്ഞു. എറണാകുളം അമൃത ആശുപത്രിയില്‍ റിസബാവ അസുഖം ബാധിച്ചുകിടന്ന നാളുകളില്‍ അതേ ആശുപത്രിയില്‍ മറ്റൊരു വ്യക്തിയെ കാണുവാന്‍ രണ്ടാഴ്‌ച പലതവണഎത്തിയ മോഹന്‍ലാല്‍ ഒരിക്കല്‍ പോലും റിസബാവയെ ചെന്നു കാണുവാന്‍ പോലും തയ്യാറായില്ല.
ഏഷ്യാനെറ്റ്‌ അവതരാക സിന്ധു സൂര്യകുമാറിന്റെ മുഖത്ത്‌ തുപ്പുമായിരുന്നുവെന്നു പറഞ്ഞ മേജര്‍ രവി മാധ്യമ ലോകത്തോടും കേരളത്തോടും മാപ്പു പറയണമെന്നും ബൈജു കൊട്ടാരക്കര കലാകാരന്റ ഔചിത്യത്തെ മേജര്‍ രവി കളങ്കപ്പെടുത്തരുതെന്നും ആവശ്യപ്പെട്ടു.. 

2016, മാർച്ച് 13, ഞായറാഴ്‌ച

തനി നാടന്‍ തട്ടുകട ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍



കൊച്ചി
ഒരു കാലത്ത്‌ നമ്മുടെ കവലകളെ സജീവമാക്കിയിരുന്ന രുചിഭേദങ്ങള്‍ ഇനി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും ലുലു മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ആരംഭിച്ച തനി നാടന്‍ ചായക്കട സിനിമാ താരം ടോവീനോ തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു.
പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ചായക്കട ഫെസ്റ്റിവലില്‍ വൈവിധ്യമാര്‍ന്ന നാടന്‍ വിഭവങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ചായക്കൊപ്പം പഴംപൊരി, പഴം പുഴുങ്ങിയത്‌, ഉഴുന്നുവട, പരിപ്പ്‌ വട, കൊഴുക്കട്ട എന്നിവയ്‌ക്കു പുറമെ ചേമ്പ്‌, ചേന ,കാച്ചില്‍ ,കപ്പ എന്നിവ പുഴുങ്ങിയതും ചട്ടിയില്‍ തയ്യാറാക്കിയ മീന്‍ കറിയുമാണ്‌ മറ്റൊരു വിശേഷം. മീന്‍തല കറിയും ഉണക്കയിറച്ചി ഉലര്‍ത്തിയതും പോത്ത്‌ ഇറച്ചി പച്ചക്കായ ചേര്‍ത്തുള്ള കറിയും നാടന്‍ ചേരുവയില്‍ തന്നെ തയ്യയാറാക്കിയിരിക്കുന്നു.
കൂടാതെ പുട്ട്‌-കടലക്കറി, ചക്കക്കുരു മാങ്ങാക്കറി, വാഴപ്പൂ-വാഴപ്പിണ്ടി തോരന്‍,നാടന്‍ സാദാ ദോശ, ഇഡ്ഡലി -സാമ്പാര്‍, മുളക്‌ ചമ്മന്തി, കാന്താരി ചമ്മന്തി തുടങ്ങിയ നാടന്‍ ചമ്മന്തികളും സോഡാ സര്‍ബത്ത്‌, തേന്‍ നിലാവ്‌ തുടങ്ങിയ ഡ്രിങ്ങ്‌സും ലഭിക്കും.
ഓല മേഞ്ഞ ചായക്കടയുടെ ഗ്രാമഭംഗികള്‍ക്കൊപ്പം പഴയ റേഡിയോ ഗാനങ്ങലും ആകാശവാണി പരിപാടികളും സിനിമാ പോസ്‌റ്ററുകളുമൊക്കെ തനി നാടന്‍ ചായക്കടയുടെ ഇമ്പം വര്‍ധിപ്പിക്കുന്നു. 






ചിത്രവിവരണം---
കൊച്ചി ഇടപ്പള്ളിയിലെ ലുലുമാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തനി നാടന്‍ ചായക്കട സിനിമാ താരം ടോവിനോ തോമസ്‌ ഉദ്‌ഘാടനം ചെയ്യുന്നു.

2016, മാർച്ച് 1, ചൊവ്വാഴ്ച

അഞ്‌ജനയ്‌ക്ക്‌ സഹായം തേടി ആമിനക്കുട്ടി











ഹൃദയ ശസ്‌ത്രക്രീയക്കു സഹായം തേടുന്ന അഞ്ചുവയസുകാരി അഞ്‌ജനയോടൊപ്പം ഹലോ നമസ്‌തേയിലെ അഭിനേതാക്കളായ ബേബി അക്ഷര,വിനയ്‌ ഫോര്‍ട്ട്‌,ഭാവന,സൗബിന്‍,സംവിധായകന്‍ ജയന്‍ കെ.നായര്‍,തിരക്കഥാകൃത്ത്‌ കൃഷ്‌ണ പൂജപ്പുര എന്നിവര്‍ 



കൊച്ചി
ആലപ്പുഴ സ്വദേശിനിയായ അഞ്ചുവയസുകാരി അഞ്‌ജനയ്‌ക്ക്‌ു വേണ്ട ഹൃദയശസ്‌ത്രക്രീയക്ക്‌ സഹായം തേടി ആമിനക്കുട്ടി. 
ഹലോ നമസ്‌തേയില്‍ ഇതേ അവസ്ഥയില്‍ കിടക്കുന്ന ബാലിക ആമിനക്കുട്ടി എന്ന കഥാപാത്രത്തിനു ജീവന്‍ നല്‍കിയ ബേബി അക്ഷരയാണ്‌ ഇന്നലെ എറണാകുളം പ്രസ്‌ക്ലബില്‍ എത്തിയത്‌. ഹലോ നമസ്‌തയില്‍ വെറും ഒരു കഥാപാത്രമായിരുന്നുവെങ്കില്‍ എറണാകുളം പ്രസ്‌ക്ലബില്‍ ബേബി അക്ഷര എത്തിയത്‌ അതേ അവസ്ഥയില്‍ കഴിയുന്ന അഞ്ചുവയസുകാരി അഞ്‌ജനയോടൊപ്പമാണ്‌. ആലപ്പുഴ സ്വദേശി സുമേഷ്‌ വിനീത ദമ്പതികളുടെ മകള്‍ അഞ്ചനയാണ്‌ യഥാര്‍ത്ഥത്തില്‍ ഹലോ നമസ്‌തേയിലെ ആമിനക്കുട്ടി എന്ന കഥാപാത്രത്തിനു പിന്നില്‍ . പള്ളാംതുരുത്ത്‌ ഇഡി എല്‍പിഎസ്‌ സ്‌കൂളിലെ ഒന്നാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌ അഞ്‌ജന. ഹൃദയ അറകള്‍ക്കിടയില്‍ ചെറിയ വിള്ളല്‍ മൂലമുണ്ടാകുന്ന അവസ്ഥയാണ്‌ അഞ്ചനയുടേത്‌. 1.5 മുതല്‍ രണ്ട്‌ ലക്ഷം രൂപ വരെ ഇതിന്റെ ശസ്‌ത്രക്രിയയുടെ ചെലവ്‌. ഇതിനുള്ള പണം നല്‍കുന്നതിലൂടെ സിനിമയല്ല ജീവിതമെന്ന്‌ പറയുന്നവര്‍ക്കു മുന്നില്‍ സിനിമയില്‍ നടക്കുന്നത്‌ ജീവിതത്തിലും നടക്കുമെന്ന്‌ കാണിച്ചുതരുകയാണ്‌ ഹലോ നമസ്‌തേ ടീം. ഒപ്പം ഒരു പുത്തന്‍ മാതൃകയും.
ഹലോ നമസ്‌തേയിലെ അഭിനേതാക്കളായ വിനയ്‌ ഫോര്‍ട്ട്‌,ഭാവന,സൗബിന്‍,സംവിധായകന്‍ ജയന്‍ കെ.നായര്‍,തിരക്കഥാകൃത്ത്‌ കൃഷ്‌ണ പൂജപ്പുര എന്നിവരോടൊപ്പം അഞ്‌ജനയുടെ മാതാപിതാക്കളും അഞ്‌ജനയെ ചികിത്സിക്കുന്ന എറണാകുളം ലൂര്‍ദ്ദ്‌ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ.ജോയിസണും അക്ഷരയോടൊപ്പം ഉണ്ടായിരുന്നു
്‌ അഞ്‌ജനയുടെ ജീവനു തന്നെ നിലവില്‍്‌അപകടം നേരിടുകയാണ്‌.ചെറിയ ദുരം നടന്നാല്‍ മതി കിതക്കും, പിന്നെ കുഴഞ്ഞു വീഴും. രണ്ടു ലക്ഷം രൂപയോളം കുട്ടിയുടെ സര്‍ജറിക്കു വേണ്ടിവരുമെന്നും ശസ്‌ത്രക്രീയ നടത്തിയാല്‍ പൂര്‍ണമായും അസുഖം ഭേദമാക്കാനാകുമെന്നും ്‌ ഡോ.ജോയിസണ്‍ പറഞ്ഞു. 
ഹലോ നമസ്‌തേയുടെ സഹായം സംവിധായകന്‍ ജയന്‍ കെ.നായര്‍ വാഗ്‌ദാനം ചെയ്‌തു.എന്നാല്‍ അതില്‍ കൂടുതല്‍ തുക വേണ്ടിവരുമെന്ന്‌ കുട്ടിയുടെ പിതാവ്‌ എസ്‌.സുമേഷ്‌ പറഞ്ഞു. സുമനസുകളുടെ സഹായം തേടുകയാണ്‌ അഞ്‌ജനയുടെ മാതാപിതാക്കള്‍.
ഏഴ്‌ വയസുകാരി ആമിനക്കുട്ടിയുടെ ചികിത്സയ്‌ക്കു പണം കണ്ടെത്തുവാന്‍ സ്‌പോണ്‍സറെ തേടുന്ന റേഡിയോ ജോക്കികളുടെ കഥ പറയുന്ന ഹലോ നമസ്‌തേ രണ്ടാം വാരവും പിന്നിട്ടു.സിനിമയുടെ ലാഭത്തിന്റെ ഒരുവിഹിതം ഇതേപോലെ ചികിത്സയ്‌ക്കു പണം ലഭിക്കുവാന്‍ കഴിയാതെ മരണത്തിലേക്കു നീങ്ങുന്ന കുട്ടികളെ രക്ഷപ്പെടുത്താന്‍ വേണ്ടി വിനിയോഗിക്കുമെന്നും ജയന്‍ കെ.നായര്‍ പറഞ്ഞു.