2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

ബിനാലെയുടെ അഭ്രപാളിയില്‍ വിദ്യാര്‍ഥികളുടെ സിനിമാപരീക്ഷണങ്ങള്‍



കൊച്ചി: വിദ്യാര്‍ഥികളുടെ ചലച്ചിത്ര പരീക്ഷണങ്ങള്‍ക്ക് വെള്ളിത്തിരയൊരുക്കി കൊച്ചി മുസിരിസ് ബിനാലെ 2016. രാജ്യത്തെ എട്ടു ഫിലിം സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ നിര്‍മിച്ച, വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇരുപത്തിയഞ്ചോളം ഡിപ്ലോമ ചലച്ചിത്രങ്ങളാണ് കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ആര്‍ട്ടിസ്റ്റ്‌സ് സിനിമ പ്രോഗ്രാമിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കുന്നത്. 

'നയരഹിത ആഖ്യാനങ്ങള്‍'  എന്ന പേരില്‍ അവതരിപ്പിക്കുന്ന ചലച്ചിത്ര പാക്കേജിന്റെ ക്യുറേറ്റര്‍ പ്രശസ്ത സംവിധായകന്‍ ഉമേഷ് കുല്‍ക്കര്‍ണിയാണ്. ഫെബ്രുവരി രണ്ടിന് തുടങ്ങി കബ്രാള്‍ യാര്‍ഡ് പവിലിയനില്‍ ദിവസവും വൈകിട്ട് 6.30ന് നടക്കുന്ന പ്രദര്‍ശനം ഞായറാഴ്ച വരെ തുടരും.

യുവ ചലച്ചിത്രകാരന്മാരുടെ അനുഭവങ്ങളും ഭൂമികകളും മാനസിക പശ്ചാത്തലങ്ങളും കൂടിക്കലരുന്ന അവതരണത്തിനാണു താന്‍ ശ്രമിച്ചതെന്ന് ഉമേഷ് കുല്‍ക്കര്‍ണി പറഞ്ഞു. വ്യത്യസ്ത ഭൂവിഭാഗങ്ങളില്‍നിന്നുള്ള വിവിധ വിഷയങ്ങള്‍ പ്രമേയമാക്കുന്ന സിനിമകള്‍ തിരഞ്ഞെടുത്തതിലൂടെ വൈവിധ്യമാര്‍ന്ന വീക്ഷണങ്ങള്‍ കൊണ്ടുവരാനായി. അതുകൊണ്ടു തന്നെ ഓരോ സിനിമയും വ്യത്യസ്തമായ രീതിയിലാണ് പ്രശ്‌നങ്ങളെ വീക്ഷിക്കുന്നത്. സ്ത്രീകളുടെ സിനിമകള്‍ക്കും പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്ന് കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി. 

പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും കൊല്‍ക്കത്ത സത്യജിത് റായ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുമാണ് ഏറെയും ചിത്രങ്ങളെങ്കിലും സമീപകാലത്തു തുടങ്ങിയ കോട്ടയം കെ.ആര്‍.നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ്, ഹരിയാനയിലെ റോഹ്തക് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിംസ് ആന്‍ഡ് ടെലിവിഷന്‍ എന്നീ സ്ഥാപനങ്ങളില്‍നിന്നുമുള്ള ചിത്രങ്ങളുമുണ്ട്.

പുതിയ ഫിലിം സ്‌കൂളുകള്‍ പിറവിയെടുക്കുമ്പോള്‍ നൂതന വീക്ഷണങ്ങളും അവതരണ രീതികളും യഥേഷ്ടമുണ്ടാകുന്നതായും കുല്‍ക്കര്‍ണി പറയുന്നു. ഹരിയാനയുടെ പശ്ചാത്തലത്തില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാന്‍ കഴിയാത്ത കഥകളാണ് റോഹ്തക് സ്‌കൂളില്‍നിന്നു വരുന്നത്. സമാനമാണ് ഡല്‍ഹിയിലെ ശ്രീ അരബിന്ദോ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്റെ കാര്യവും. ഈ രണ്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍നിന്നും മൂന്നു ചിത്രങ്ങള്‍ വീതം പാക്കേജില്‍ ഉള്‍പ്പെടുത്തി.

പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍വവിദ്യാര്‍ഥി കൂടിയായ ഉമേഷ് യുവചലച്ചിത്രകാരന്മാരുടെ സംരംഭങ്ങളുടെ നിര്‍മാണച്ചുമതല ഏറ്റെടുത്തും സഹായിക്കാറുണ്ട്. ഗിര്‍നി, ത്രീ ഓഫ് അസ് തുടങ്ങിയ കുല്‍ക്കര്‍ണിയുടെ ഹ്രസ്വചലച്ചിത്രങ്ങള്‍ക്ക് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും രാജ്യാന്തര അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 

ഹ്രസ്വ ചലച്ചിത്രങ്ങള്‍ വിസ്മയകരങ്ങളാണെന്നും ആവിഷ്‌കാരത്തിനും പരീക്ഷണങ്ങളിലേര്‍പ്പെടാനും വ്യവസ്ഥാപിത ചട്ടക്കൂടുകളില്‍നിന്നു പുറത്തുവരാനും യുവചലച്ചിത്രകാരന്മാരെ അവ പ്രേരിപ്പിക്കുന്നുവെന്നും കുല്‍ക്കര്‍ണി പറയുന്നു.  ഡിപ്ലോമ ചലച്ചിത്രങ്ങളും ഫിലിം സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറ്റു ചലച്ചിത്ര പരീക്ഷണങ്ങളും കാഴ്ചക്കാരിലെത്തിക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ പാക്കേജ്. ചലച്ചിത്ര മാധ്യമത്തിന്റെ സാധ്യതകളെ അത് വിശാലമാക്കുന്നു.

ഫിലിം സ്‌കൂളുകളില്‍ മാത്രം നിര്‍മിക്കാനാവുന്ന ചില സിനിമകളുണ്ട്. അത്തരം ചിത്രങ്ങള്‍ കുറ്റമറ്റതാകണമെന്നില്ല, പക്ഷേ ആധികാരികമായിരിക്കും. സംവിധാനകലയിലും ഛായാഗ്രഹണത്തിലും ശബ്ദ സങ്കലനത്തിലുമെല്ലാം സ്വന്തം ഇടം കണ്ടെത്താന്‍ ശ്രമം നടത്തുന്ന ഭാവി ചലച്ചിത്രകാരന്‍മാരെ അത്തരം ചിത്രങ്ങളില്‍ കാണാനാകുമെന്നതാണ് ഏറ്റവും വലിയ പ്രചോദനം. പുറത്തു പലപ്പോഴും ലഭിക്കാന്‍ പ്രയാസമുള്ള നിര്‍മാണ സാമഗ്രികളും ഫിലിം സ്‌കൂളുകളില്‍ അനായാസം ലഭിക്കുമെന്ന സൗകര്യവുമുണ്ടെന്നും കുല്‍ക്കര്‍ണി ചൂണ്ടിക്കാട്ടി. 
  
അഹമ്മദാബാദ് നാഷനല്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ എല്‍വി പ്രസാദ് ഫിലിം അക്കാദമി, ബംഗളൂരു സൃഷ്ടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്, ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി, അഹമ്മദ് നഗര്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ സ്റ്റഡീസ് എന്നിവിടങ്ങളില്‍നിന്നുള്ള ഡിപ്ലോമ ചലച്ചിത്രങ്ങളും പാക്കേജില്‍ ഇടംകണ്ടു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ