2017, ഫെബ്രുവരി 1, ബുധനാഴ്‌ച

മെഡിക്കല്‍ വിദ്യാര്‍ത്ഥി സമരം ജില്ലയില്‍ സമ്പൂര്‍ണ്ണം.




കൊച്ചി ; കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പുതിയ നെക്‌സ്റ്റ്‌ പരീക്ഷാ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ പഠിപ്പുമുടക്ക്‌ സമരം നടത്തി. ജില്ലയിലെ നാല്‌ മെഡിക്കല്‍ കോളേജിലെയും വിദ്യാര്‍ത്ഥികള്‍ സമരത്തില്‍ പങ്കെടുത്തു.

കളമശ്ശേരി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളുടെ ധര്‍ണ്ണ എച്ച്‌.എം.ടി കവലയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ എറണാകുളം ജില്ലാ ചെയര്‍മാന്‍ ഡോ. ജോസഫ്‌ മനോജ്‌ ഉദ്‌ഘാടനം ചെയ്‌തു. ഐ.എം.എ കൊച്ചി പ്രസിഡന്റ്‌ ഡോ.എം.നാരായണന്‍, മുന്‍ പ്രസിഡന്റ്‌ ഡോ. സണ്ണി പി ഓരത്തേല്‍, ഐ.എം.എ കളമശ്ശേരി, പെരുമ്പാവൂര്‍ പ്രസിഡന്റുമാരായ ഡോ.ജേക്കബ്‌ ബേബി, ഡോ.സുകുമാരന്‍ തുടങ്ങിയവര്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ സംസാരിച്ചു. 

അമ്യത മെഡിക്കല്‍ കോളേജില്‍ ഐ.എം.എ ഇടപ്പള്ളി ബ്രാഞ്ച്‌ പ്രസിഡന്റ്‌ ഡോ.ശബരീഷും, കോലഞ്ചരി മെഡിക്കല്‍ കോളേജില്‍ ഡോ.ജോസഫ്‌ മനോജ,്‌ കോലഞ്ചേരി ഐ.എം.എ സെക്രട്ടറി ഡോ.ജോസഫ്‌ വര്‍ഗീസ്‌ എന്നിവരും, മാഞ്ഞാലി മെഡിക്കല്‍ കോളേജില്‍ ഐ.എം.എ എറണാകുളം കോര്‍ഡിനേറ്റര്‍ ഡോ.ശ്രീകുമാര്‍ ശര്‍മയും, തുടര്‍ന്ന്‌ നോര്‍ത്ത്‌ പറവൂര്‍ താലൂക്ക്‌ ആശുപത്രിയിലേയ്‌ക്ക്‌ നടത്തിയ മാര്‍ച്ച്‌ ഡോ.ശ്രീവിലാസനും, ഉദ്‌ഘാടനം ചെയ്‌തു

അഞ്ച്‌ വര്‍ഷത്തെ പഠനത്തിനും, ഒരു വര്‍ഷത്തെ ഹൗസ്‌ സര്‍ജന്‍സിക്കും ശേഷം യൂണിവേഴ്‌സിറ്റി ഡിഗ്രി നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രാക്ടീസ്‌ ചെയ്യുന്നതിന്‌ നെക്‌സ്റ്റ്‌ പരീക്ഷ പാസാകണമെന്ന നയമാണ്‌ ഇപ്പോള്‍ ഹെല്‍ത്ത്‌ ആന്റ്‌ ഫാമിലി വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ്‌ കൊണ്ടുവന്നിരിക്കുന്നത്‌. വിദേശ രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കുന്നവര്‍ക്ക്‌ ഇത്‌ ബാധകമാക്കിയിട്ടില്ല. നെക്‌സ്റ്റ്‌ പരീക്ഷയും ഡോക്ടര്‍മാര്‍ക്ക്‌ പ്രാതിനിധ്യമില്ലാതെ രൂപീകരിച്ചിരിക്കുന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ത്തലാക്കുന്നതു വരെയും സമരത്തില്‍ ഉറച്ചുനില്‍ക്കുമെന്ന്‌ വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമരത്തിന്‌ മെഡിക്കല്‍ കോളേജ്‌ യൂണിന്‍ ചെയര്‍മാന്‍ അഫ്‌താബ്‌ കാസിം, ഡോ. അനിത, ഡോ.സതീഷ്‌ എന്നിവര്‍ നേത്യത്വം നല്‍കി.



കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പുതിയ നെക്‌സ്റ്റ്‌ പരീക്ഷാ സമ്പ്രദായം നിര്‍ത്തലാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പഠിപ്പുമുടക്ക്‌ സമരം എച്ച്‌.എം.ടി കവലയില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ എറണാകുളം ജില്ലാ ചെയര്‍മാന്‍ ഡോ. ജോസഫ്‌ മനോജ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. അനിത, ഐ.എം.എ കൊച്ചി മുന്‍ പ്രസിഡന്റ്‌ ഡോ. സണ്ണി പി ഓരത്തേല്‍, ഐ.എം.എ കളമശ്ശേരി പ്രസിഡന്റ്‌ ഡോ.ജേക്കബ്‌ ബേബി , ഐ.എം.എ കൊച്ചി പ്രസിഡന്റ്‌ ഡോ.എം.നാരായണന്‍ എന്നിവര്‍ സമീപം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ