2012, ഡിസംബർ 17, തിങ്കളാഴ്‌ച

ലോട്ടറി അടിക്കുന്നത്‌ സര്‍ക്കരിന്‌ കീശ ചോരുന്നത്‌ ജനത്തിന്‌

�ഈ ആഴ്‌ചയിലെ കാരുണ്യ ലോട്ടറി നിങ്ങളെടുത്തോ , എങ്കില്‍ നിങ്ങളുടെ കാശ്‌ പോയി. കാരുണ്യ എന്നല്ല , ഏത്‌ ലോട്ടറി ടിക്കറ്റെടുത്താലും വിറ്റവനാണു ലാഭം. പണം കൊടുത്തവനു പോയി. മദ്യം പോലെ ലോട്ടറി ടിക്കറ്റും സാധരണ ജനത്തിനെ കറക്കുന്നു.

ലോട്ടറി വില്‍പനയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലേക്ക്‌ 2500 കോടിയിലേറെ രൂപയാണ്‌ ഒഴുകിയെത്തുന്നത്‌. ഏജന്റുമാക്കും വില്‌പനക്കാര്‍ക്കും 32ശതമാനത്തോളം രൂപ കമ്മീഷനായി നല്‍കിയതിനു ശേഷമാണ്‌ ഇത്രയേറെ തുക സര്‍ക്കാരിനു ലഭിക്കുന്നത്‌. ചില്ലറ വില്‍പന നടത്തുന്ന ലോട്ടറിക്കാര്‍ക്കു ദിവസേന 300-400 രൂപയോളമാണ്‌ ലഭിക്കുന്നതായാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. ദിവസേന 500 രൂപയിലേറെ നേടുന്ന വില്‍പനക്കാരുമുണ്‌ട്‌. ഒരു വര്‍ഷം 800 കോടിയോളം രൂപയാണ്‌ ഏജന്റുമാര്‍ക്കു മാത്രം കമ്മീഷനായി നല്‍കുന്നത്‌. ഇതിനു പുറമെ കമ്മീഷനായും ഏജന്റിനു പണം ലഭിക്കുന്നുണ്‌ട്‌. 100 രൂപയുടെ ക്രിസ്‌മസ്‌ ബംബര്‍ വില്‍ക്കുമ്പോള്‍ വിറ്റയാള്‍ക്ക്‌ കൈതൊടാതെ 30 രൂപയാണ്‌ പോക്കറ്റില്‍ വീഴുന്നത്‌. ടിക്കറ്റ്‌ വാങ്ങിയവനാകട്ടെ 100 രൂപയും പോയി.വില്‍പനക്കാര്‍ക്കു കമ്മീഷന്‍ കൂടുതല്‍ നല്‍കി ടിക്കറ്റ്‌ വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജനങ്ങളെ സ്വപ്‌നലോകത്തിലേക്കാണ്‌ തള്ളിവിടുന്നത്‌.
ഒരു പ്രാവശ്യം എടുത്തയാള്‍ വീണ്ടും വീണ്ടും ലോട്ടറി ടിക്കറ്റു വാങ്ങി അതിനടിമയാകുന്നു. ശമ്പളവും കൂലിയും കിട്ടിയതിലേറെയും ലോട്ടറി ടിക്കറ്റിനു വേണ്ടി മുടക്കുന്ന ലോട്ടറി ടിക്കറ്റിനടിമകളായ നിരവധിപേരുണ്‌ട്‌. സര്‍ക്കാര്‍ ഇങ്ങനെ അടിമകളാകുന്നവരെ രക്ഷിക്കുന്നതിനു പകരം ആഴ്‌ചയില്‍ ഏഴു ലോട്ടറികള്‍ക്കു പുറമെ മാസം തോറും ബംബര്‍ കൂടി നടത്താനുള്ള മോഹത്തിലാണ്‌.കാരണം മദ്യവില്‍പന കഴിഞ്ഞാല്‍ കൈനനയാതെ പണം കൊയ്യുന്ന ബിസിനസായി സര്‍ക്കാര്‍ ലോട്ടറി വില്‍പനയെ മാറ്റിക്കഴിഞ്ഞു.50 രൂപയുടെ കാരുണ്യ ലോട്ടറി ആരംഭിച്ചതിനു ശേഷം 56.14 കോടി രൂപയാണ്‌ 5404 പേര്‍ക്കായി ചികിത്സാ ചിലവിനത്തില്‍ നല്‍കിയത്‌. ഇതിനകം 63 നറുക്കെടുപ്പ്‌ കഴിഞ്ഞു. കാരുണ്യ ലോട്ടറിയുടെ പേരില്‍ സഹായധനമായി നല്‍കിയതിന്റെ 10 ഇരട്ടിയിലേറെ തുക സര്‍ക്കാരിനു ലഭിച്ചിട്ടുണ്‌ട്‌. ഒരു ലോട്ടറി നറുക്കെടുക്കുമ്പോള്‍ 500ല്‍ താഴെ പേര്‌ക്കു മാത്രമായിരിക്കും സമ്മാനം കൊടുക്കേണ്‌ടി വരുക. ബാക്കി ലക്ഷക്കണക്കിനുവരുന്നവര്‍ ആന മണ്‌ടന്മാര്‍. മുന്‍പ്‌ രണ്‌ടക്കത്തിനും മൂന്നക്കത്തിനും ഒക്കെ സമ്മാനം ഉണ്‌ടായിരുന്നു. ഒറ്റ നമ്പര്‍ ലോട്ടറിയുടെ പേരുപറഞ്ഞു കേരള ലോട്ടറി ലഭിക്കണമെങ്കില്‍ കുറഞ്ഞതു നാലക്കങ്ങള്‍ വേണമെന്നാക്കി. പാവപ്പെട്ട ജനത്തിന്റെ പിച്ച ചട്ടിയില്‍ കയ്യിട്ടാണ്‌ ഈ കളി.