2017, ഫെബ്രുവരി 6, തിങ്കളാഴ്‌ച

ജനീഷ ഇനി സാധാരണ ജീവിതത്തിന്റെ പടവുകള്‍ ചവിട്ടും.




കൊച്ചി: അവയവദാനത്തിന്റെ മഹത്വം ലോകത്തിനുമുന്നില്‍ അടയാളപ്പെടുത്തിക്കൊണ്ട്‌ പുതിയ ഹൃദയവും ശ്വാസകോശവുമായി ആശുപത്രിയോട്‌ യാത്രപറഞ്ഞ ജനീഷ ഇനി സാധാരണ ജീവിതത്തിന്റെ പടവുകള്‍ ചവിട്ടും. കൃത്യം ഒരുമാസം മുന്‍പാണ്‌ ശ്വാസകോശവവും ഹൃദയവും ഒരുമിച്ച്‌ മാറ്റിവച്ചുകൊണ്ട്‌ ലിസി ആശുപത്രിയും ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും കേരള വൈദ്യശാസ്‌ത്രരംഗത്ത്‌ പുതിയ ചരിത്രമെഴുതിയത്‌. 
ആശുപത്രിക്കു സമീപം വാടകയ്‌ക്ക്‌ എടുത്തിരിക്കുന്ന വീട്ടിലേക്കാണ്‌ ജനീഷ ഇപ്പോള്‍ താമസം മാറ്റിയിരിക്കുന്നത്‌. തുടര്‍ പരിശോധനകള്‍ക്കുള്ള സൗകര്യത്തിനായി ഏകദേശം മൂന്നുമാസത്തോളം ഇവിടെ കഴിയുവാനാണ്‌ തീരുമാനം. അതിനുശേഷം സ്വവസതിയിലേക്ക്‌ മടങ്ങും. ആശുപത്രി ഡയറക്‌ടര്‍ ഫാ. തോമസ്‌ വൈക്കത്തുപറമ്പിലിന്റെ നേതൃത്വത്തിലുള്ള വൈദികരും സന്യാസിനികളും ഡോ. ജോസ്‌ ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവും ജനീഷയെ യാത്രയാക്കുവാന്‍ എത്തിയിരുന്നു.
ശ്വാസകോശവും ഹൃദയവും തകരാറിലാകുന്ന എൈസന്‍മെംഗര്‍ എന്ന അപൂര്‍വ അസുഖമായിരുന്നു കുട്ടമ്പുഴ സ്വദേശികളായ വര്‍ഗീസിന്റെയും നിര്‍മ്മലയുടെയും മകളായ ജനീഷ(26)യ്‌ക്ക്‌. ജന്മനാ ഉണ്ടായ ഹൃദ്രോഗം കണ്ടുപിടിക്കുകയോ കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്തി ചികിത്സ നടത്താതിരിക്കുകയോ ചെയ്‌തതുമൂലം ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം കൂടി മോശമാവുകയായിരുന്നു. കടുത്ത ചുമയും, ശ്വാസതടസ്സവും മൂലം നടക്കുവാനോ കിടന്നുറങ്ങുവാനോ കഴിയാത്ത അവസ്ഥയിലായിരുന്നതിനാല്‍ അവയവങ്ങള്‍ മാറ്റിവയ്‌ക്കുകയാണ്‌ ഏകപോംവഴിയെന്ന്‌ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന്‌ കേരള സര്‍ക്കാരിന്റെ മൃതസഞ്‌ജീവനി പദ്ധതിയില്‍ കേരള നെറ്റ്‌വര്‍ക്ക്‌ ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ്‌ (KNOS) മുഖേന രജിസ്റ്റര്‍ ചെയ്‌ത്‌ കാത്തിരിക്കുകയായിരുന്നു. ജനുവരി 6-ാം തീയതി അനുയോജ്യമായ അവയവങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന്‌ ഡോക്‌ടര്‍മാര്‍ വളരെയധികം സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ ഈ ശസ്‌ത്രക്രിയയ്‌ക്ക്‌ തയ്യാറെടുക്കുകയായിരുന്നു. ശസ്‌ത്രക്രിയ തുടങ്ങി 4 മണിക്കൂറിനുള്ളില്‍തന്നെ പുതിയ അവയവങ്ങള്‍ ജനീഷയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ യന്ത്രസഹായങ്ങളെല്ലാം പൂര്‍ണ്ണമായി ഒഴിവാക്കുകയും ഒരാഴ്‌ചയ്‌ക്കകം ജനീഷയെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നും മാറ്റുകയും ചെയ്‌തു. വളരെ വേഗം തന്നെ ജീവിതത്തിലേക്ക്‌ മടങ്ങിയെത്തിയ ജനീഷയുടെ അവയവങ്ങളെല്ലാം സാധാരണ രീതിയിലാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌.
ഇതിനിടയില്‍ അവയവങ്ങള്‍ ശരീരത്തില്‍ സ്വീകരിക്കപ്പെട്ടോ എന്നറിയുവാന്‍ ബയോപ്‌സി എടുത്ത്‌ ചെന്നൈയില്‍ അയച്ച്‌ വിദഗ്‌ധ പരിശോധന നടത്തിയിരുന്നു. പരിപൂര്‍ണ്ണ തൃപ്‌തി നല്‍കുന്ന ഫലമാണ്‌ ഇതില്‍നിന്നും ലഭിച്ചത്‌.
ഡോ. ജേക്കബ്‌ എബ്രഹാം, ഡോ. റോണി മാത്യു കടവില്‍, ഡോ. ഭാസ്‌ക്കര്‍ രംഗനാഥന്‍, ഡോ. തോമസ്‌ മാത്യു, ഡോ. ജോ ജോസഫ്‌, ഡോ. എ.ആര്‍. പരമേസ്‌, ഡോ. രാഹുല്‍ സൈമണ്‍, ഡോ. ജോബ്‌ വിത്സണ്‍, ഡോ. സി. സുബ്രഹ്മണ്യന്‍, ഡോ. ഗ്രേസ്‌ മരിയ, ഡോ. രോഹിത എസ്‌. ചന്ദ്ര, ഡോ. മനോരസ്‌ മാത്യു, ഡോ. കൊച്ചുകൃഷ്‌ണന്‍, ഡോ. സുമേഷ്‌ മുരളി തുടങ്ങിയവര്‍ ശസ്‌ത്രക്രിയയിലും തുടര്‍ചികിത്സയിലും പങ്കാളികളായിരുന്നു.
അസിസ്റ്റന്റ്‌ ഡയറക്‌ടര്‍മാരായ ഫാ. വര്‍ഗീസ്‌ പാലാട്ടി, ഫാ. ആന്റോ ചാലിശ്ശേരി, ഫാ. അജോ മൂത്തേടന്‍ എന്നിവരും സന്നിഹിതരായിരുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ