2016, ഫെബ്രുവരി 23, ചൊവ്വാഴ്ച

ജി.സി.ഡി.എ.യ്‌ക്ക്‌ 31.61 കോടി രൂപയുടെ മിച്ചബജറ്റ്‌


വൈറ്റിലയില്‍ നിന്ന്‌ ഇന്‍ഫോ പാര്‍ക്കിലേക്ക്‌ സൈക്കിള്‍ പാത:




കൊച്ചി: വൈറ്റില മൊബിലിറ്റി ഹബില്‍ നിന്ന്‌ കാക്കനാട്‌ ഇന്‍ഫോ പാര്‍ക്ക്‌ വരെ മൂന്നര മീറ്റര്‍ വീതിയില്‍ ആറര കിലോമീറ്റര്‍ ദൂരം സൈക്കിള്‍ പാതയുള്‍പ്പടെയുള്ള 15 പുതിയ വികസന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുിയ ജിസിഡിഎബജറ്റ്‌ പ്രഖ്യാപിച്ചു. 
ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ അവതരിപ്പിച്ച അടുത്ത സാമ്പത്തികവര്‍ഷത്തെ ബജറ്റിന്‌ ജി.സി.ഡി.എ. ഭരണസമതിയില്‍ അംഗീകാരമായി. എം.എല്‍.എ.മാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഡോമനിക്‌ പ്രസന്റേഷന്‍, സാജുപോള്‍, ജോസ്‌ തെറ്റയില്‍ ഉള്‍പ്പടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. 243.38 കോടി രൂപ വരവും 211.77കോടി രൂപ ചെലവും 31.61കോടി രൂപനീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ്‌ 20162017 സാമ്പത്തിക വര്‍ഷത്തേയ്‌ക്ക്‌ അവതരിപ്പിച്ചത്‌. മെട്രോ നഗരമായി വളരുന്ന കൊച്ചിയുടെയും പരിസരപ്രദേശങ്ങളുടേയും ആസൂത്രിതവും സമഗ്രവുമായ വികസനത്തിനുതകുന്ന പദ്ധതികള്‍ ഉള്‍ക്കൊള്ളുന്നതാണ്‌ ബജറ്റെന്ന്‌ ചെയര്‍മാന്‍ പറഞ്ഞു. 
ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളത്‌ കലൂര്‍സ്‌റ്റേഡിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ടുപയോഗിച്ചാണ്‌ ഇത്‌. മൂന്നു മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന സൈക്കിള്‍ ട്രാക്കിന്‌ അഞ്ചു കോടി രൂപയാണ്‌ വകയിരുത്തിയിട്ടുള്ളത്‌. തേവര ചക്കാലക്കല്‍ റോഡ്‌ വഴി കസ്‌തൂര്‍ബ നഗര്‍ വരെ റോഡു പാലവും നിര്‍മിക്കുന്നതിന്‌ 2.5 കോടി രൂപ നീക്കിവച്ചു. കലൂര്‍ കടവന്ത്ര റോഡില്‍ നടപ്പാത, െ്രെഡനേജ്‌ എന്നിവയ്‌ക്കായി 2.5 കോടി രൂപയാണ്‌ വകയിരുത്തിയത്‌. എം.എല്‍.എ. ഫണ്ടുപയോഗിച്ച്‌ രാമേശ്വരം മുണ്ടംവേലി കളത്തറ പാലം നിര്‍മാണത്തിന്‌ രണ്ടുകോടി രൂപയും വകയിരുത്തി. കലൂര്‍ കടവന്ത്ര റോഡ്‌, കലൂര്‍ സ്‌റ്റേഡിയം റിങ്‌ റോഡ്‌ നവീകരണത്തിന്‌ രണ്ടു കോടി രൂപവീതവും നീക്കിവച്ചു. 
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്‌, വരള്‍ച്ച എന്നിവ പരിഹരിക്കുന്നതിനായി ഒരു കോടിരൂപ നീക്കിവച്ചിട്ടുണ്ട്‌. കളമശേരി ലോജിസ്റ്റിക്‌സ്‌ കേന്ദ്രം, കടവന്ത്ര കെ.പി.വള്ളോന്‍ റോഡ്‌ നവീകരണം, കര്‍ഷകറോഡ്‌ ചെട്ടിച്ചിറ റോഡ്‌ നവീകരണം, അംബേദ്‌കര്‍ സ്‌റ്റേഡിയത്തിനു മുന്നിലെ സ്ഥലം ടൈല്‍ വിരിച്ച്‌ പാര്‍ക്കിങിന്‌ സജ്ജമാക്കല്‍ എന്നിവയ്‌ക്കായി ഒരു കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്‌. ബയോഗ്യാസ്‌ പ്ലാന്റ്‌, ജി.ഐ.എസ്‌. ലാബ്‌ എന്നിവ നിര്‍മിക്കാന്‍ അഞ്ചു ലക്ഷം രൂപ വീതം വകിരുത്തിയിട്ടുണ്ട്‌. അംബേദ്‌കര്‍ സ്‌റ്റേഡിയം റിങ്‌ റോഡ്‌ നിര്‍മാണത്തിന്‌ 1.7കോടി രൂപ വകയിരുത്തിയിട്ടുണ്ട്‌. 
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ വിഭാവനം ചെയ്‌തിരുന്ന പല പദ്ധതികള്‍ക്കും തുടക്കമിടുവാനും നിര്‍മ്മാണത്തിലായിരുന്ന പലതും പൂര്‍ത്തിയാക്കുവാനും സാധിച്ചിട്ടുണ്ട്‌. കലൂര്‍ മാര്‍ക്കറ്റ്‌ സമുച്ചയം നവീകരിക്കുന്നതിനായുളള രൂപരേഖ തയ്യാറാക്കി ടെണ്ടര്‍ ചെയ്‌ത്‌ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. നവീന രീതിയിലുളള ഖരമാലിന്യ സംസ്‌കരണ പ്ലാന്റും വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റും ഉള്‍പ്പെടെയുളള ഈ പ്രൊജക്ട്‌ പൂര്‍ത്തിയാകുന്നതോടെആധുനിക സൗകര്യങ്ങളോടു കൂടിയ മത്സ്യ, മാംസ, വെജിറ്റബിള്‍ സ്റ്റാളുകളും, എ.റ്റി.എം കൗണ്ടറുകളും ഉള്‍പ്പെടെയുളള ഷോപ്പിംഗ്‌ മാള്‍ സജ്ജമാകും.
കലൂര്‍ പി.ഡബ്ല്യു.ഡി പാതക്കരികിലുളള സ്വകാര്യ മാര്‍ക്കറ്റ്‌ നിര്‍ത്തലാക്കി കച്ചവടക്കാരെ അതോറിറ്റിയുടെ മാര്‍ക്കറ്റിലേക്ക്‌ പുനരധിവസിപ്പിക്കുന്നത്‌ സംബന്ധിച്ച്‌ കൊച്ചിനഗരസഭ അധികൃതരുമായി ചര്‍ച്ച ചെയ്‌ത്‌ ധാരണയിലെത്തിയിട്ടുണ്ട്‌. പാലം പണി പൂര്‍ത്തിയാക്കി മാര്‍ക്കറ്റിലേക്കുളള ഗതാഗത സൗകര്യം വര്‍ധിച്ചതിനാല്‍ മാര്‍ക്കറ്റിലേക്ക്‌ വരുന്ന പൊതു ജനങ്ങള്‍ക്കും, കച്ചവടക്കാര്‍ക്കും പദ്ധതി വളരെയധികം പ്രയോജനകരമാവുന്നതാണ്‌. കലൂര്‍ മാര്‍ക്കറ്റിനോട്‌ ചേര്‍ന്ന്‌ എസ്‌.ആര്‍.എം.റോഡിലേക്ക്‌ പേരണ്ടൂര്‍ കനാലിന്‌ മുകളിലൂടെ കൊറിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിച്ച ഒമ്പതു മീറ്റര്‍ വീതിയുളള പാലം പൂര്‍ത്തിയായി കഴിഞ്ഞു. 
സഹോദരന്‍ അയ്യപ്പന്‍ റോഡിന്‌ സമാന്തരമായുളള ചിലവന്നൂര്‍ ബണ്ട്‌ റോഡിന്റെ ശാസ്‌ത്രിനഗര്‍ മുതല്‍ കെ.പി.വള്ളോന്‍ റോഡ്‌ വരെയുളള ഒന്നാം ഘട്ടംപൂര്‍ത്തിയാക്കി ജസ്റ്റിസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍ റോഡ്‌ എന്ന്‌ നാമകരണം ചെയ്‌ത്‌ ജനങ്ങള്‍ക്ക്‌ തുറന്നു കൊടുത്തിട്ടുണ്ട്‌. ചമ്പക്കരയുമായി ബന്ധിപ്പിക്കുന്ന റോഡിനായുളള സ്ഥലത്തിന്റെ വില ജില്ല കളക്ടര്‍ നിശ്ചയിച്ച്‌ 27 സെന്റോളം സ്ഥലം ഏറ്റെടുക്കുകയും ചെയ്‌തിട്ടുണ്ട്‌. മറ്റ്‌ സ്ഥല ഉടമകളുമായി അനുരഞ്‌ജനം നടത്തി സ്ഥലം വാങ്ങുന്നതിനുളള ശ്രമം തുടര്‍ന്ന്‌ വരുന്നുണ്ട്‌. സ്ഥലമെടുപ്പ്‌ പൂര്‍ത്തിയാക്കി റോഡ്‌ പൂര്‍ത്തിയാക്കുകയും ഈ റോഡിന്റെ പടിഞ്ഞാറെ ഭാഗത്ത്‌ കനാലിനു കുറുകെ ഒരു പുതിയ പാലവും 150 മീറ്റര്‍ പുതിയ റോഡും കൂടി നിര്‍മ്മിക്കുവാനായാല്‍ 25 വര്‍ഷമായി കടലാസ്സില്‍ മാത്രം ഒതുങ്ങുന്ന എസ്‌.എ റോഡിന്റെ സമാന്തര റോഡ്‌ യാഥാര്‍ത്ഥ്യമാകുന്നതാണ്‌. റോഡിന്‌ വേണ്ടതായ സ്ഥലം സൗജന്യമായി വിട്ടു തരുന്നതിന്‌ സ്ഥലമുടമകളുമായി ചര്‍ച്ച ചെയ്‌ത്‌ വരുന്നു. പാലം പണിയുന്നതിനുവേണ്ട സാമ്പത്തിക സഹായം ലഭ്യമാക്കുന്ന വിഷയത്തില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണ്‌.

ഫിഫ ലോകകപ്പ്‌ മല്‍സരവേദി: 
27 കോടിയുടെ വികസനപദ്ധതി

കൊച്ചി: പരിമിതമായ കളികള്‍ മാത്രം നടന്നിരുന്ന ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ കൂടുതല്‍ ക്രിക്കറ്റ്‌, ഫുട്‌ബാള്‍ മത്സരങ്ങള്‍ കൊണ്ടുവരാനായതിലൂടെ സ്‌റ്റേഡിയം വരവിനത്തില്‍ ഗണ്യമായ വര്‍ദ്ധനവ്‌ ഈ കാലയളവില്‍ ഉണ്ടായതായി ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ വ്യക്തമാക്കി. 2017 ല്‍ നടത്തുന്നതിനായി തീരുമാനിച്ചിട്ടുളള ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായി ജവഹര്‍ലാല്‍ നെഹ്രു ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ 27 കോടി രൂപയുടെ കേന്ദ്രസംസ്ഥാന ഫണ്ടുപയോഗിച്ചാണ്‌ ഇവിടെ നവീകരണം നടത്തുക. 
രാജ്യാന്തര നിലവാരത്തിലുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേയ്‌ക്കായി 12.44 കോടി രൂപ കേന്ദ്ര സര്‍ക്കാരും അത്രയും തുക സംസ്ഥാന സര്‍ക്കാരും നല്‍കാമെന്ന്‌ ധാരണയായിട്ടുണ്ട്‌. രാജ്യാന്തര നിലവാരത്തിലേക്ക്‌ ഗ്രൗണ്ട്‌ മെച്ചപ്പെടുത്തുക, ഗ്യാലറികളിലുള്‍പ്പെടെ നല്ല നിലവാരത്തിലുളള ബക്കറ്റ്‌ സീറ്റുകള്‍ സ്ഥാപിക്കുക, ഫിഫ നിര്‍ദ്ദേശപ്രകാരമുളള ആന്തരിക മാറ്റങ്ങള്‍ സ്‌റ്റേഡിയം കെട്ടിടത്തിന്‌ വരുത്തുക, അഗ്‌നി ശമന സംവിധാനം, പ്ലംബിങ്ങ്‌, െ്രെഡയിനേജ്‌, സ്വീവേജ്‌ ട്രീറ്റ്‌മെന്റ്‌ സംവിധാനം എന്നിവയുടെ അപാകതകള്‍ പരിഹരിച്ച്‌ കുറ്റമറ്റതാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി ഗ്രൗണ്ട്‌ കളി നടത്തിപ്പിനായി കൈമാറേണ്ടതുണ്ട്‌. അണ്ടര്‍ 17 വേള്‍ഡ്‌ കപ്പിന്റെ നോഡല്‍ ഓഫീസര്‍ കൂടിയായ പൊതുമരാമത്ത്‌ സെക്രട്ടറി എ.പി.എം. മുഹമ്മദ്‌ ഹനീഷിന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ സ്‌റ്റേഡിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്‌. ലോകകപ്പ്‌ നടക്കുന്നതോടു കൂടി സ്‌റ്റേഡിയത്തിന്റെ മുഖഛായ്‌ക്ക്‌ മാറ്റമുണ്ടാവുകയും സ്‌റ്റേഡിയത്തിന്‌ ലോക ഫുട്‌ബാള്‍ ഭൂപടത്തില്‍ സ്ഥാനം ലഭിക്കുകയും ചെയ്യും.
അണ്ടര്‍ 17 വേള്‍ഡ്‌ കപ്പുമായി ബന്ധപ്പെട്ട്‌ സ്‌റ്റേഡിയത്തിന്റെ 20 കിലോമീറ്റര്‍ ചുറ്റളവില്‍ റോഡ്‌ സൈഡില്‍ കണ്ടെയ്‌നറുകളും, ട്രക്കുകളും പാര്‍ക്ക്‌ ചെയ്യുന്നത്‌ ഒഴിവാക്കുന്നതിനായി ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ച ലോജിസ്റ്റിക്ക്‌ സെന്റര്‍ എന്ന ആധുനിക സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിന്റെ ചുമതല ജിസിഡിഎയ്‌ക്ക്‌ നല്‍കുകയും, ജിസിഡിഎ സ്ഥലത്തിന്റെ ലഭ്യത ആവശ്യപ്പെട്ടുകൊണ്ടുളള താല്‍പ്പര്യപത്രം ക്ഷണിക്കുകയും ചെയ്‌തിട്ടുണ്ട്‌. ജിസിഡിഎ ഒരു ഫെസിലിറ്റേറ്റര്‍ മാത്രമായി നിന്നുകൊണ്ട്‌ വരുമാനത്തിന്റെ ഒരു ഓഹരി ലഭിക്കുന്ന രീതിയിലാണ്‌ പദ്ധതി നടപ്പിലാക്കുന്നത്‌. 
ഡോ.അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തിന്റെ റീടര്‍ഫിംഗ്‌ ഉള്‍പ്പെടെയുളള ഏകദേശം 4.5 കോടി രൂപ ചെലവ്‌ വരുന്ന പുനരുദ്ധാരണ ജോലികള്‍ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ പൂര്‍ത്തീകരിക്കുകയും ഫുട്‌ബോള്‍ കളിക്ക്‌ തുറന്ന്‌ കൊടുക്കുകയും ചെയ്‌തു. അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തില്‍ നിലനില്‍ക്കുന്ന 33 കടമുറികള്‍ വടക്കു ഭാഗത്തേക്ക്‌ മാറ്റി പണിയുന്നതിനുളള അനുവാദത്തിനുളള തടസ്സങ്ങള്‍ നീക്കി നിര്‍മ്മാണാനുമതി വാങ്ങുകയും നിര്‍മ്മാണ നടപടികള്‍ പുരോഗമിക്കുകയും ചെയ്യുകയാണ്‌. മൂന്നു മാസം കൊണ്ട്‌ ഈ പ്രവൃത്തി പൂര്‍ത്തിയാക്കി കച്ചവടക്കാരെ മാറ്റി പാര്‍പ്പിക്കുന്നതിനുളള സൗകര്യം ഉണ്ടാക്കുന്നതാണ്‌. ഇതോടുകൂടി അംബേദ്‌ക്കര്‍ സ്‌റ്റേഡിയത്തിലെ 9 ഏക്കര്‍ സ്ഥലവും ഉപയോഗപ്രദമാക്കാന്‍ കഴിയുന്നതാണ്‌. 

രാജാജി റോഡ്‌ കെ.എസ്‌.ആര്‍.ടി.സി. റോഡ്‌
20 മീറ്റര്‍ വീതിയില്‍
കൊച്ചി: സലിം രാജന്‍ റോഡിലേക്കുളള പാലം പൂര്‍ത്തിയായതിനെ തുടര്‍ന്ന്‌ ഈ ഭാഗത്തു കൂടിയുളള ഗതാഗതം വര്‍ദ്ധിച്ചതിനാല്‍ കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക്‌ ബസ്സുകള്‍ കയറുന്ന ഭാഗത്ത്‌ വലിയ ട്രാഫിക്ക്‌ തടസ്സമുണ്ടാകുന്നത്‌ ഒഴിവാക്കുന്നതിലേയ്‌ക്കായി ഗതാഗത വകുപ്പ്‌ മന്ത്രി, എം.എല്‍.എമാര്‍, കെ.എസ്‌.ആര്‍.ടി.സി അധികൃതര്‍ എന്നിവരുമായി കൂടിയാലോചനകള്‍ നടത്തുകയും ആയതില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശം നടപ്പിലാക്കുന്നതിലേക്ക്‌ രാജാജി റോഡില്‍ നിന്നും കെ.എസ്‌.ആര്‍.ടി.സി സ്റ്റാന്‍ഡിലേക്ക്‌ കയറുന്ന ഭാഗം വരെയുളള റോഡ്‌ അതോറിറ്റി വക എട്ടു മീറ്റര്‍ വീതിയിലുളള സ്ഥലം കൂടി ഉള്‍പ്പെടുത്തി വീതി 12 മീറ്ററില്‍ നിന്നും 20 മീറ്ററായി വര്‍ദ്ധിപ്പിക്കുന്നതിനുളള പ്രവൃത്തി ധ്രുത ഗതിയില്‍ നടന്നു വരികയാണ്‌. ഈ പ്രവൃത്തി ഉടനെ പൂര്‍ത്തിയാവുന്നതോടു കൂടി കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡ്‌ ഭാഗത്തെ ഗതാഗത കുരുക്ക്‌ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റുമെന്ന്‌ പ്രതീക്ഷിക്കുന്നു. 

മുണ്ടംവേലിയിലെ കൂട്‌കൃഷി
കമ്മിഷനിങ്‌ മാര്‍ച്ചില്‍
കൊച്ചി: ജിസിഡിഎയുടെ കൈവശമുളള മാനാശ്ശേരി മുണ്ടംവേലി പ്രദേശത്ത്‌ (രാമേശ്വരം വെസ്റ്റ്‌ സ്‌കീം) 15 ഏക്കറോളം സ്ഥലം പ്രയോജന രഹിതമായി കിടന്നതില്‍ 5 ഏക്കര്‍ സ്ഥലം ഉപയോഗിച്ച്‌ പ്രദേശത്തിന്റെ വികസനം ലക്ഷ്യമാക്കി കൂട്‌മത്സ്യകൃഷി ഉള്‍പ്പെടെയുളള ഒരു പ്രൊജക്ടിന്‌ ഗവണ്‍മെന്റില്‍ നിന്ന്‌ അനുവാദം വാങ്ങിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍, കോടതി ഇടപെടലുകള്‍ കൊണ്ട്‌ അല്‌പം താമസിച്ചുവെങ്കിലും, പരിസ്ഥിതിയെസംരക്ഷിച്ചു കൊണ്ടും കണ്ടല്‍ ചെടികള്‍ കൂടുതലായി വച്ച്‌ പിടിപ്പിച്ചുകൊണ്ടുംപൂര്‍ത്തീകരിച്ച്‌ വരികയാണ്‌. എത്രയും പെട്ടെന്ന്‌ ഫാം ടൂറിസം എന്ന പേരില്‍ പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ സാധിക്കും എന്നത്‌ ജിസിഡിഎയുടെ വേറിട്ട പ്രവര്‍ത്തനമായി എടുത്ത്‌ പറയാവുന്നതാണ്‌. 

കളത്രയില്‍ കൊറിയന്‍ സാങ്കേതികതയില്‍
പുതിയ പാലം
കൊച്ചി:പശ്ചിമകൊച്ചിയില്‍ കോര്‍പ്പറേഷന്റെ ഭാഗമായിട്ടുളള പളളുരുത്തിയും ചെല്ലാനം പഞ്ചായത്തും തമ്മില്‍ ബന്ധിപ്പിക്കുന്ന കളത്ര ഭാഗത്ത്‌ നിലവിലുളള ഇടുങ്ങിയ പാലം ഗതാഗതത്തിനും അടിയിലൂടെയുളള നീരൊഴുക്കിനും തടസ്സമായി നില്‍ക്കുന്നത്‌ ഒഴിവാക്കുന്നതിലേക്കായി വീതി ഉളളതും നീരൊഴുക്ക്‌ സുഗമമാക്കുന്നതുമായ ഒരു പാലം നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ ആരംഭിക്കുന്നതിനായി മണ്ണ്‌ പരിശോധന നടത്തുകയും പാലം പണിക്കാവശ്യമായ തുക ബഡ്‌ജറ്റില്‍ വകയിരുത്തുകയും ചെയ്‌തിട്ടുണ്ട്‌. നീരൊഴുക്കിലെ തടസ്സം മൂലം പോളകള്‍ നിറഞ്ഞ്‌ മത്സ്യ സമ്പത്ത്‌ നശിച്ചു പോവുകയും ഈ പ്രദേശത്ത്‌ ധാരാളമായി സ്ഥാപിച്ചിട്ടുളള ചീന വലകള്‍ ഉപയോഗിക്കാനാവാത്ത സ്ഥിതിയിലുമാണ്‌. പോളകള്‍ നീക്കം ചെയ്യുന്നതിനും, നീര്‍ച്ചാലിലെ തടസ്സങ്ങള്‍ നീക്കുന്നതിനും വേണ്ട നടപടികള്‍ ഇതിനകം തന്നെ അതോറിറ്റി സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്‌. പശ്ചിമകൊച്ചിയുടെ വികസത്തിന്‌ വളരെയേറെ പ്രയോജനമുണ്ടാവുന്ന ഒരു പദ്ധതിയാണിത്‌.
കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന്‌ അതോറിറ്റി മുന്‍കൈയെടുത്ത്‌ ടോള്‍ പിരിവ്‌ അവസാനിപ്പിച്ച മട്ടാഞ്ചേരി ബിഒടി പാലത്തിന്‌ ജിസിഡിഎ പാലം എന്ന്‌ നാമകരണം ചെയ്യുകയും, പടിഞ്ഞാറെ ഭാഗത്തുളള രണ്ട്‌ കവാടങ്ങള്‍ക്ക്‌ മട്ടാഞ്ചേരിയുടെയും ഫോര്‍ട്ടുകൊച്ചിയുടെയും വികസനത്തിന്‌ ഏറെ സംഭാവനകള്‍ ചെയ്‌ത മുനിസിപ്പല്‍ ചെയര്‍മാന്‍മാരായിരുന്ന എം.കെ.രാഘവന്‍ വക്കീലിന്റെയും, 
കെ.ജെ.ഹര്‍ഷലിന്റെയും പേര്‌ നല്‍കികൊണ്ട്‌ നടത്തിയ പ്രഖ്യാപനം ജനങ്ങളുടെ ഇടയില്‍ ജിസിഡിഎയ്‌ക്ക്‌ വളരെ മതിപ്പുണ്ടാക്കിയിട്ടുണ്ട്‌. 
കഴിഞ്ഞ ഏറെക്കാലമായി എറണാകുളം ഗിരിനഗറില്‍ നിന്നും പനമ്പിളളിനഗറിലേക്കുളള യാത്രാദുരിതം പരിഹരിക്കുന്നതിന്‌ ഒരു പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യം അംഗീകരിച്ച്‌ ബെന്നിബഹന്നാന്‍ എം.എല്‍.എ.യുടെ ഫണ്ടില്‍ നിന്ന്‌ ഒരു കോടി രൂപയും ജിസിഡിഎ ഫണ്ടില്‍ നിന്ന്‌ എഴുപത്‌ ലക്ഷം രൂപയും വകയിരുത്തി ടെണ്ടര്‍ ചെയ്‌ത്‌ പാലം പണി ആരംഭിച്ചിട്ടുണ്ട്‌. ചില വ്യക്തികളുടെ താല്‌പര്യ സംരക്ഷണത്തിന്‌ അവര്‍ കോടതിയില്‍ പോയതു മൂലമുണ്ടായ തടസ്സങ്ങള്‍ ഒഴിവാക്കി പാലം നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരുന്നു. പനമ്പിളളി നഗറിലെ ഗതാഗത കുരുക്കിന്‌ ഒരു പരിധി വരെ ഈ പാലം പ്രയോജനപ്പെടും. 
കസ്‌തൂര്‍ബാ നഗറിലെ പാര്‍ക്കില്‍ ഓപ്പണ്‍ സ്‌റ്റേജ്‌, ഫെന്‍സിംഗ്‌, ഇരിപ്പിടങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ച്‌ മോടിപിടിപ്പിച്ച്‌ വികസിപ്പിക്കണമെന്ന്‌ പ്രദേശവാസികളുടെ ആവശ്യം കണക്കിലെടുത്ത്‌ എം.എല്‍.എ ഹൈബി ഈഡന്റെ ആസ്‌തി വികസന ഫണ്ടില്‍ നിന്നും 70 ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി നടപ്പിലാക്കുന്നതിന്‌ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. 
ശാസ്‌ത്രി നഗറില്‍ തുടങ്ങി പനമ്പിളളി നഗര്‍ കൈരളി അപ്പാര്‍ട്ട്‌മെന്റ്‌ ജംഗ്‌ഷന്‍ വരെയുളള 1.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുളള 8 മീറ്റര്‍ വീതിയുളള റോഡിന്റെ ഇരുവശവും സൗന്ദര്യവല്‍ക്കരണം നടത്തി, സൈക്കിള്‍ പാത്ത്‌ ഉണ്ടാക്കുന്നതിനും അനധികൃതമായുളള പാര്‍ക്കിംഗ്‌, കച്ചവടങ്ങള്‍, മാലിന്യം തളളല്‍ എന്നിവ ഒഴിവാക്കുന്നതിനും സഹായിക്കുന്ന രീതിയില്‍ കെ.എം.ആര്‍.എല്ലിന്റെ സാമ്പത്തിക സഹായത്തോടു കൂടിയുളള പദ്ധതി തുടങ്ങി. പദ്ധതിയെക്കുറിച്ചുളള ചില തെറ്റിദ്ധാരണകള്‍ പൊതുജനങ്ങളുടെ ഇടയില്‍ ആശങ്ക ഉണ്ടാക്കിയെങ്കിലും ആ ആശങ്കള്‍ ദൂരീകരിച്ച്‌ ശാസ്‌ത്രി നഗര്‍ മുതല്‍ കൈരളി അപ്പാര്‍ട്ട്‌മെന്റ്‌ വരെയുളള നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. 
ലോകം കണ്ട ആദരണീയ വ്യക്തിയും, ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്‌മരണാര്‍ത്ഥം കേരളത്തിലെ ഏറ്റവും വലിയ നടപ്പാതയായ മറൈന്‍ െ്രെഡവ്‌ നടപാതയ്‌ക്ക്‌ `എ.പി.ജെ.കലാം മാര്‍ഗ്ഗ്‌ ` എന്ന്‌ ഗവര്‍ണര്‍ ജസ്റ്റിസ്‌.പി.സദാശിവം നാമകരണം ചെയ്‌തു. ഈ മാര്‍ഗ്ഗില്‍ അദ്ദേഹത്തിന്റെ വചനങ്ങളും, ദീര്‍ഘവീഷണത്തോടു കൂടിയുളള ഭാരതത്തെ കുറിച്ചുളള അഭിപ്രായങ്ങളും രേഖപ്പെടുത്തിയ, ചിത്രങ്ങളോടുകൂടിയ കലാരൂപങ്ങള്‍ കൊത്തു പണികളോടു കൂടി നടപ്പാതയില്‍ വയ്‌ക്കുന്നതിന്‌ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഇതിലേക്കായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ പത്ത്‌ ലക്ഷം രൂപ നല്‍കാമെന്ന വാഗ്‌ദാനത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്‌സ്‌ ആന്റ്‌ ഐഡിയ എന്നസ്ഥാപനത്തെ മേല്‍ പ്രവൃത്തിയുടെ ചുമതല ഏല്‍പ്പിക്കാന്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡുമായി ധാരണയില്‍ എത്തിയിട്ടുണ്ട്‌. 

ഹീലിയം ബലൂണ്‍ പദ്ധതി ഉടന്‍ തുടങ്ങും:
കൃഷിയിലും ലേസറിലും വന്‍വിജയം

കൊച്ചി: ഹീലിയം ബലൂണ്‍ പദ്ധതിയുടെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി ബലൂണ്‍ സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നു. രാജേന്ദ്രമൈതാനത്ത്‌ പണി പൂര്‍ത്തീകരിച്ച ലേസര്‍ ഷോ 'മഴവില്ലഴക്‌' വിജയകരമായി പ്രവര്‍ത്തിച്ച്‌ വരുന്നു. കടവന്ത്രമാര്‍ക്കറ്റിന്‌ സമീപം തേവരപേരണ്ടൂര്‍ കനാലിന്‌ കുറുകെ ഒരു കോടി രൂപ എം.എല്‍.എ.ഫണ്ടും 38 ലക്ഷം രൂപ അതോറിറ്റി ഫണ്ടും ഉപയോഗിച്ച്‌ പാലം പണി പൂര്‍ത്തിയാക്കിയതോടെ നഗരത്തിന്റെ കിഴക്ക്‌ ഭാഗത്തുളളവര്‍ക്ക്‌ സൗത്ത്‌ റയില്‍വേ സ്‌റ്റേഷനിലേക്കുളള യാത്രാ ബുദ്ധിമുട്ട്‌ ഒഴിവാക്കുവാന്‍ സാധിച്ചു.
കൊട്ടേക്കനാല്‍ ജംഗ്‌ഷനില്‍ പേരണ്ടൂര്‍ കനാലിന്‌ സമീപം പുതിയ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയും ഇത്‌ ജനങ്ങള്‍ക്ക്‌ യാത്രാ സൗകര്യത്തിനായി തുറന്ന്‌ കൊടുക്കുകയും ചെയ്‌തു. കൊച്ചിയുടെ സാംസ്‌ക്കാരിക കേന്ദ്രമായ ചങ്ങമ്പുഴ പാര്‍ക്കില്‍ അതതു കാലഘട്ടത്തില്‍ ആവശ്യമായ വിവിധ വികസന പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. പച്ചക്കറിക്കുവേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത്‌ ഒരു പരിധിവരെ ഒഴിവാക്കി വിഷരഹിതമായ പച്ചക്കറികള്‍ തദ്ദേശീയമായി ഉത്‌പാദിപ്പിക്കാമെന്നും ആയതിന്‌ നമുക്ക്‌ ലഭ്യമായ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിയാല്‍ മതിയെന്നുമുളള സന്ദേശം ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിലേക്കായി, ഓഫീസിനു മുന്‍വശമുളള ഗ്രൗണ്ടില്‍ മണ്ണിലും ചെടിച്ചട്ടികളിലുമായി ഓരോ സീസണിലും വളര്‍ത്താവുന്ന പച്ചക്കറിച്ചെടികള്‍ ജീവനക്കാരുടെ കൂട്ടായ്‌മയില്‍ വളര്‍ത്തുകയും പ്രമുഖരുടെ സാന്നിദ്ധ്യത്തില്‍ വിളവെടുപ്പ്‌ നടത്തുകയും ചെയ്‌തിരുന്നു. ജനമൈത്രി പോലീസ്‌ സ്‌റ്റേഷനോട്‌ ചേര്‍ന്ന്‌ പോലീസ്‌ പിടിച്ചെടുത്ത വാഹനങ്ങള്‍ നിക്ഷേപിച്ചു. കുറ്റിക്കാടുകള്‍ വളര്‍ന്ന്‌ സാമൂഹിക ശല്യമായും കിടന്നിരുന്ന അതോറിറ്റി വക സ്ഥലം വൃത്തിയാക്കി, നന്ദനം പാര്‍ക്ക്‌ ഒഴിവാക്കേണ്ടി വന്നപ്പോള്‍ ലഭിച്ച വസ്‌തുക്കള്‍ കൂടി ഉപയോഗപ്പെടുത്തി മോടി പിടിപ്പിക്കുകയും ഒരു മാതൃക കൃഷിയിടമായി രൂപപ്പെടുത്തി കൃഷി ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. ജീവനക്കാരുടെ താമസ സ്ഥലങ്ങളില്‍ കൃഷി ചെയ്യുന്നത്‌ പ്രോത്സാഹിപ്പിക്കുന്നതിലേക്ക്‌ മത്സരം സംഘടിപ്പിക്കുകയും ചെയ്‌തിരുന്നു.
സോഷ്യല്‍ മീഡിയകളില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ പ്രവൃത്തികള്‍ ജനശ്രദ്ധ ആകര്‍ഷിക്കുകയും ജനങ്ങള്‍ക്ക്‌ സ്വന്തമായിട്ടുളള ഭൂമിയിലും മട്ടുപ്പാവിലും കൃഷിചെയ്‌ത്‌ പച്ചക്കറികള്‍ സ്വയം ഉണ്ടാക്കാമെന്ന ബോധ്യം വരുത്തുന്നതിന്‌ ഉപകരിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നു മാത്രമല്ല നമ്മുടെ പ്രവൃത്തി പിന്‍തുടര്‍ന്ന്‌ പല സംഘടനകളും ഈ മേഖലയിലേക്ക്‌ പ്രവേശിക്കുക കൂടി ചെയ്‌തിരിക്കുന്നു എന്നത്‌ നമുക്ക്‌ ഏറെ അഭിമാനിക്കാവുന്ന കാര്യമായി എടുത്തു പറയാവുന്നതുമാണ്‌. 

സൗരോര്‍ജ പാതയില്‍ ജി.സി.ഡി.എ.
കൊച്ചി: ഓഫീസ്‌ ആവശ്യത്തിനു വേണ്ടി വരുന്ന വൈദ്യുതിയുടെ നല്ല ഒരു പങ്ക്‌ സൗരോര്‍ജത്തില്‍ നിന്നു കണ്ടെത്തുന്നതിലൂടെ പാരമ്പര്യേതര ഊര്‍ജ ഉത്‌പാദന മേഖലയില്‍ കാല്‍വെയ്‌പ്‌ നടത്തിയിട്ടുളള കൊച്ചിയിലെ ആദ്യത്തെ സ്ഥാപനമാണ്‌ ജിസിഡിഎ. ഈ മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നതിലേയ്‌ക്കായി കുറഞ്ഞ സ്ഥലത്തു നിന്നും കൂടുതല്‍ വൈദ്യുതി ഉത്‌പാദിക്കാനാവുന്ന സാങ്കേതവിദ്യ കൈവശമുളള സ്വിറ്റ്‌സര്‍ലാന്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പി.വി.ടി.പവര്‍ എ.ജി. എന്ന സ്ഥാപനവുമായി സഹകരിച്ച്‌ വലിയ അളവില്‍ സോളാര്‍ പവര്‍ ഉണ്ടാക്കുന്നതിനുളള ഒരു സംരഭത്തിന്‌ അതോറിറ്റി ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി, കമ്പനി അവകാശപ്പെടുന്ന ഉത്‌പാദന ക്ഷമത ബോധ്യപ്പെടുന്നതിലേയ്‌ക്കായി 50ഗണ ശേഷിയുളള ഒരു പ്ലാന്റ്‌ സ്ഥാപിക്കുന്നതിനും ആയതില്‍ നിന്നുളള വൈദ്യുതി മറൈന്‍ െ്രെഡവിലെ അതോറിറ്റി വക പൊതു ഇടങ്ങളിലെ വൈദ്യുതി ഉപയോഗങ്ങള്‍ക്കായി സൗജന്യമായി നല്‍കുന്നതിനും കമ്പനിയുമായി കരാര്‍ വച്ചിട്ടുണ്ട്‌. പ്ലാന്റ്‌ നല്ല നിലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്ന പക്ഷം അതോറിറ്റിക്ക്‌ പ്രതിവര്‍ഷം 15 ലക്ഷം രൂപ വൈദ്യുതി ചാര്‍ജിനത്തില്‍ ലാഭമുണ്ടാകുന്നതാണെന്ന്‌ പ്രതീക്ഷിക്കുന്നു. 
അതോറിറ്റി ഓഫീസിന്റെ ആധുനികവല്‍ക്കരണം തുടരുന്നതിന്റെ ഭാഗമായി ഒന്നാംനിലയുടെ നവീകരണപ്രവൃത്തികള്‍ 49 ലക്ഷം രൂപ മുടക്കി സിഡ്‌കോയെ കൊണ്ട്‌ പൂര്‍ത്തിയാക്കുകയും മൂന്നാം നിലയുടെയും താഴത്തെ നിലയില്‍ ബാക്കിയുളള ഭാഗത്തിന്റെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനായുളള നടപടികള്‍ ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതു പൂര്‍ത്തിയാവുന്നതോടു കൂടി മെട്രോ നഗരത്തിലെ ഏറ്റവും നല്ല പരിസ്ഥിതി സൗഹൃദ ഓഫീസായി ജിസിഡിഎ ഓഫീസ്‌ കോംപ്ലക്‌സ്‌ മാറുന്നതാണ്‌. 
അതോറിറ്റി ഓഫീസ്‌ കോമ്പൗണ്ടില്‍ 3 നിലകളോടു കൂടിയ ഒരു അനക്‌സ്‌ കെട്ടിടം പൂര്‍ത്തിയാക്കുകയും ആയതില്‍ കോണ്‍ഫറന്‍സ്‌ ഹാള്‍, കാന്റീന്‍, പാര്‍ക്കിംഗ്‌ എന്നിവ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്‌തു. വ്യത്യസ്‌ത ആവശ്യങ്ങള്‍ക്ക്‌ കോണ്‍ഫറന്‍സ്‌ ഹാള്‍ മിതമായ വാടക ഈടാക്കി നല്‍കുന്നതിന്‌ തീരുമാനിച്ചിട്ടുണ്ട്‌. 
ജിസിഡിഎയുമായി ബന്ധപ്പെട്ട്‌ പറവൂര്‍ നിയോജക മണ്ഡലത്തിലെ കോട്ടുവളളി പഞ്ചായത്തില്‍ മുന്‍പ്‌ നിര്‍മ്മിച്ച്‌ കൊടുത്ത ഒറ്റ നില ഷോപ്പിംഗ്‌ കോംപ്ലക്‌സിന്റെ ബാധ്യത തീര്‍ന്നതിനെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ സമര്‍പ്പിച്ച വിപൂലീകരണ പദ്ധതി ഏറ്റെടുത്ത്‌ ഒരു കമ്മ്യൂണിറ്റി ഹാളും ഷോപ്പിംഗ്‌ കോംപ്ലക്‌സും കൂടി പണിയുന്നതിനുളള പ്രവൃത്തി പൂര്‍ത്തിയായി വരികയാണ്‌. 
സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റുകള്‍ ഉള്‍പ്പെടുന്ന ഒരു കെട്ടിടം കാക്കനാട്‌ പണി പൂര്‍ത്തിയാക്കുകയും ഇത്‌ സിവില്‍ സ്‌റ്റേഷനിലും വ്യവസായമേഖലയില്‍ വരുന്ന സ്ഥാപനങ്ങളിലും വരുന്ന ആളുകള്‍ക്ക്‌ പ്രയോജനം ലഭിക്കത്തക്ക വിധം വാടകയ്‌ക്ക്‌ കൊടുക്കുന്നതിനുളള നടപടി സ്വീകരിച്ചു വരുന്നതായും ചെയര്‍മാന്‍ പറഞ്ഞു.

ശീമാട്ടിയുമായി രഹസ്യധാരണ ജില്ലാ കലക്ടര്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം




കൊച്ചി
മെട്രോ റെയിലിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതില്‍ ശീമാട്ടിയ്‌ക്ക്‌ കോടികള്‍ ലാഭം കിട്ടുന്ന തരത്തില്‍ രഹസ്യധാരണ ഉണ്ടാക്കിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ജില്ലാ കലക്ടര്‍ എം.ജി.രാജമാണിക്യത്തിനെതിരെ അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ഉത്തരവായി. ഒരു മാസ്‌ത്തിനകം ദ്രുത പരിശോധന പൂര്‍ത്തികരിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വിജിലന്‍സ്‌ കോടതി ജഡ്‌ജി പി.മാധവന്‍ ഉത്തരവിട്ടു. 
മെട്രോ റെയിലിനു വേണ്ടി ഭൂമി നഷ്ടപ്പെട്ട 400 ഓളം പേര്‍ക്ക്‌ ലഭിക്കാതിരുന്ന നഷ്ടപരിഹാരവും സൗകര്യവും ആണ്‌ ശീമാട്ടിയ്‌ക്ക്‌ ലഭിച്ചിരിക്കുന്നത്‌. 
മെട്രോ റെയില്‍ പദ്ധതിയ്‌ക്കായി ശീമാട്ടിയുടെ 32 സ്ഥലം ഏറ്റെടുത്തതില്‍ ഉണ്ടാക്കിയ കരാറില്‍ അഴിമതി ഉണ്ടെന്ന്‌ ആരോപിച്ച്‌ പൊതുപ്രവര്‍ത്തകനായ ഗിരീഷ്‌ ബാബു നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ്‌ മൂവാറ്റുപുഴ വിജിലന്‍സ്‌ കോടതി ജഡ്‌ജി പി മാധവന്‍ ദ്രുതപരിശോധനയ്‌ക്ക്‌ ഉത്തരവിട്ടത്‌. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ എറണാകുളം ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം, ശീമാട്ടി ഉടമകളായ ബീനാ കണ്ണന്‍, തിരുവെങ്കിടം എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ്‌ ഹര്‍ജി നല്‍കിയിരുന്നത്‌ . 
ശീമാട്ടിയുടെ ഉടമസ്ഥയിലുള്ള 32 സെന്റ്‌ ഭൂമി, സെന്റിന്‌ 52 ലക്ഷം രൂപ വീതം നല്‍കി കെ എം ആര്‍ എല്‍ ഏറ്റെടുത്തു.എന്നാല്‍ ഈ ഭൂമിക്ക്‌ സെന്റിന്‌ 80 ലക്ഷം രൂപ വില കിട്ടേണ്ടതാണെന്ന ഭൂവുടമ ബീന കണ്ണന്റെ അവകാശ വാദം ജില്ലാ കളക്ടര്‍ എം ജി രാജമാണിക്യം അംഗീകരിക്കുകയും ബീനാ കണ്ണനും ജില്ലാ കളക്ടറും തമ്മില്‍ മറ്റ്‌ കരാറില്‍ നിന്ന്‌ വിഭിന്നമായി ഒരു കരാര്‍ ഉണ്ടാക്കുകയും ചെയ്‌തു. ശീമാട്ടിയുടെ ഏറ്റെടുത്ത ഭൂമി മെട്രോ റെയില്‍ പദ്ധതിക്കായി മാത്രമേ ഉപയോഗിക്കാവു എന്ന്‌ ഈ കരാറില്‍ ഉള്‍പ്പെടുത്തി. ഇതുമൂലം ഏറ്റെടുത്ത ഭൂമി സമ്പൂര്‍ണ്ണമായും കെ എം ആര്‍ എല്ലിന്‌ ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്നുമുള്ള കെ എം ആര്‍ എല്ലിന്റെ വാദവും, ഗിരീഷ്‌ കോടതിയെ ബോധ്യപ്പെടുത്തി. ഈ ഉണ്ടാക്കിയ കരാര്‍ മെട്രോ ഉടമകളായ കെ എം ആര്‍ എല്ലിന്‌ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ്‌. കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി നാനൂറോളം ഭൂവുടമകളില്‍ നിന്ന്‌ 40 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്‌. ജില്ലാ കളക്ടര്‍ സ്വന്തം സ്വാര്‍ത്ഥ ലാഭത്തിനും ശീമാട്ടി ഉടമകള്‍ക്ക്‌ വഴിവിട്ട്‌ ലാഭം ഉണ്ടാക്കുന്നതിനും അധികാര ദുര്‍വിനിയോഗം ചെയ്‌ത്‌ ഉണ്ടാക്കിയ കരാര്‍ പ്രകാരം മറ്റ്‌ ഭൂവുടമകള്‍ കോടതിയെ സമീപിച്ചാല്‍ കെ എം ആര്‍ എല്ലിന്‌ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും ഏറ്റെടുത്ത ഭൂമികള്‍ സമ്പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്നും ഗിരീഷ്‌ കോടതിയെ ബോധ്യപ്പെടുത്തി.