2017, ഫെബ്രുവരി 1, ബുധനാഴ്‌ച

വ്യാപാര്‍ 2017നു വ്യാഴാഴ്‌ച കൊച്ചിയില്‍ തുടക്കം




കൊച്ചി: സംസ്ഥാനത്തെ ചെറുകിട, സൂക്ഷ്‌മ വ്യവസായങ്ങളെ (എംഎസ്‌എംഇ) പ്രോല്‍സാഹിപ്പിക്കാന്‍ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ്‌ നടത്തുന്ന ബിസിനസ്‌ ടു ബിസിനസ്‌ മീറ്റായ വ്യാപാര്‍ 2017ന്‌ ഫെബ്രുവരി രണ്ടിന്‌ വ്യാഴാഴ്‌ച കൊച്ചി ബോള്‍ഗാട്ടി പാലസില്‍ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടിനു രാവിലെ 10.30ന്‌ ഉദ്‌ഘാടനം നിര്‍വഹിക്കും. വ്യവസായ മന്ത്രി .എ.സി.മൊയ്‌തീന്‍ അധ്യക്ഷനാകും. 

ഫെബ്രുവരി നാലു വരെ നീളുന്ന വ്യാപാര്‍ 2017ല്‍ 7500 ബിസിനസ്‌ ടു ബിസിനസ്‌ ചര്‍ച്ചകള്‍ നടക്കുമെന്നു പ്രതീക്ഷിക്കുന്നതായി സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടര്‍ ശ്രീ. പി.എം. ഫ്രാന്‍സിസ്‌ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 46 വിദേശരാജ്യങ്ങളില്‍നിന്നുള്ള 160 പേരുള്‍പ്പെടെ 683 ബയര്‍മാര്‍ റജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. 18 സംസ്ഥാനങ്ങളില്‍നിന്നായി അഞ്ഞൂറോളം ബയര്‍മാരും പങ്കെടുക്കും. അമേരിക്ക, ഇംഗ്ലണ്ട്‌, ചൈന, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 160 പേര്‍ക്കു പുറമെ ജപ്പാനില്‍നിന്ന്‌ 39 പേരുടെ പ്രതിനിധി സംഘവുമെത്തും. കഴിഞ്ഞ വര്‍ഷം 300 കോടി രൂപയുടെ ബിസിനസ്‌ അന്വേഷണങ്ങളാണ്‌ നടന്നത്‌. 

ഉദ്‌ഘാടന ദിവസമായ ഫെബ്രുവരി രണ്ട്‌ ഉച്ചയ്‌ക്കു 2.30 മുതല്‍ ഫെബ്രുവരി നാല്‌ ഉച്ചവരെയാണ്‌ മുന്‍നിശ്ചയ പ്രകാരമുള്ള ബിസിനസ്‌ ടു ബിസിനസ്‌ മീറ്റിംഗുകള്‍. ഫെബ്രുവരി നാലിന്‌ ഉച്ച കഴിഞ്ഞ്‌ വ്യാപാറില്‍ പങ്കാളികളായ ബയര്‍മാരും സെല്ലര്‍മാരും സംയുക്ത ചര്‍ച്ചയും നടത്തും. 

മുന്‍കൂറായി രജിസ്റ്റര്‍ ചെയ്‌ത കേരളത്തിനു പുറത്തുനിന്നുള്ള സംരംഭകര്‍ക്ക്‌ മാത്രമായാണ്‌ ഫെബ്രുവരി 2, 3 തീയതികളിലെ ബിസിനസ്‌ മീറ്റിംഗുകള്‍. ഫെബ്രുവരി നാലിന്‌ വ്യാപാര്‍ നടക്കുന്ന സ്ഥലത്ത്‌ സ്‌പോട്ട്‌ രജിസ്‌ട്രേഷന്‍ വഴി കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്കും ഉച്ചവരെ പങ്കെടുക്കാം.

ഏറ്റവുമധികം സ്റ്റാളുകളുള്ളത്‌ ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ നിന്നാണ്‌. 87 സ്റ്റാളുകളാണ്‌ ഇതിലുള്ളത്‌. കൈത്തറി, ടെക്‌സ്‌റ്റൈല്‍സ്‌ഗാര്‍മെന്റ്‌സ്‌, ഫാഷന്‍ ഡിസൈനിങ്‌, ഫര്‍ണിഷിങ്‌, റബര്‍, കയര്‍, കരകൗശലം, ആയുര്‍വേദം, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്‌ തുടങ്ങിയ മേഖലകളിലെ സ്റ്റാളുകളും വ്യാപാര്‍ 2017 ല്‍ ഉണ്ടായിരിക്കും.

200 ചെറുകിട വ്യവസായ യൂണിറ്റുകളാണ്‌ വ്യാപാര്‍ 2017ല്‍ പങ്കെടുക്കുന്നത്‌. ജില്ലാ വ്യവസയായ കേന്ദ്രങ്ങള്‍ വഴി റജിസ്റ്റര്‍ ചെയ്‌ത 331 യൂണിറ്റുകളില്‍നിന്ന്‌ വ്യവസായ വാണിജ്യ ഡയറക്ടര്‍ അധ്യക്ഷനായ സമിതി 200 യൂണിറ്റുകളെ തിരഞ്ഞെടുക്കുകയായിരുന്നു. തിരഞ്ഞെടുത്ത വ്യവസായ യൂണിറ്റുകളുടെ വിവരങ്ങള്‍ വ്യാപാര്‍ 2017ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ംംം.സലൃമഹമയൗശെിലാൈലല.േീൃഴ ല്‍ ലഭ്യമാക്കിയിട്ടുണ്ട്‌.

സംസ്ഥാനത്തിന്റെ വ്യവസായിക ഉല്‍പാദനക്ഷമത പ്രദര്‍ശിപ്പിക്കുക, ബ്രാന്‍ഡ്‌ ചെയ്‌തതും അല്ലാത്തതുമായ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുക, നിലവിലുള്ള വ്യവസായങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുക, നിക്ഷേപകരെ ആകര്‍ഷിക്കുക, സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച ശക്തിപ്പെടുത്തുക എന്നിവയും വ്യാപാര്‍ 2017ന്റെ ലക്ഷ്യങ്ങളാണ്‌. സംസ്ഥാനത്തിന്റെ വ്യവസായസംരഭകത്വ മികവ്‌, തൊഴില്‍ നൈപുണ്യം എന്നിവ രാജ്യത്തും ആഗോള തലത്തിലും പ്രദര്‍ശിപ്പിക്കാനും അതു വഴി സംസ്ഥാനത്തെ ചെറുകിട, സൂക്ഷ്‌മ സംരംഭങ്ങളെ ആഗോള വിപണിയില്‍ പരിചയപ്പെടുത്താനും കഴിയും. 

വ്യാപാര്‍ മീറ്റ്‌ കഴിഞ്ഞതിനു ശേഷവും ഇതില്‍ ഉയര്‍ന്നു വന്ന വാണിജ്യനിര്‍ദ്ദേശങ്ങളിലെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി ഇപ്ലാറ്റ്‌ഫോം സര്‍ക്കാര്‍ തയ്യാറാക്കുന്നുണ്ട്‌. ഭാവിയിലേക്ക്‌ പ്രയോജനമാകുന്ന ഡാറ്റാ ബേസിനും വാണിജ്യ ബന്ധങ്ങള്‍ നിരീക്ഷിക്കാനും ഇത്‌ സഹായകരമാകുമെന്ന്‌ വ്യവസായ വകുപ്പ്‌ ഡയറക്ടര്‍ പി എം ഫ്രാന്‍സിസ്‌ പറഞ്ഞു.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ്‌, ഹാന്‍ഡ്‌ലൂംസ്‌ ആന്‍ഡ്‌ ടെക്‌സ്‌റ്റൈല്‍സ്‌ ഡയറക്ടറേറ്റ്‌, വ്യവസായ വികസന കോര്‍പ്പറേഷന്‍, ഇന്‍ഡസ്‌ട്രിയല്‍ ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍, എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന മേളയുടെ സംഘാടനച്ചുമതല കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രമോഷനാ(കെബിപ്‌)ണ്‌. ഫിക്കിയാണ്‌ വ്യവസായവാണിജ്യ പങ്കാളി. 

വ്യവസായവാണിജ്യ ഡയറക്ടറേറ്റ്‌ വഴി ബിസിനസ്‌ ടു ബിസിനസ്‌ മീറ്റുകളില്‍ പങ്കെടുത്ത ഏറ്റവും മികച്ച സെല്ലര്‍ക്ക്‌ വ്യാപാര്‍ ഉദ്‌ഘാടനവേളയില്‍ അവാര്‍ഡ്‌ വിതരണം ചെയ്യും. ചാലക്കുടിയില്‍ നിന്നുള്ള റാപോള്‍ സാനിപ്ലാസ്റ്റിനാണ്‌ പ്രഥമ അവാര്‍ഡ്‌. വ്യവസായ വാണിജ്യ ഡയറക്ടര്‍ അധ്യക്ഷനായ സമിതിയാണ്‌ അവാര്‍ഡു നിര്‍ണയിച്ചത്‌. 

കെ ബിപ്‌ സി ഇ ഓ ശ്രീ വി രാജഗോപാല്‍, ഫിക്കി കേരള ഘടകം മേധാവി ശ്രീ സാവിയോ മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ