2017, ജനുവരി 4, ബുധനാഴ്‌ച

വൃക്കകള്‍ പ്രവര്‍ത്തനരഹിതമായ ബസ്‌ ജീവനക്കാരന്‌ രക്ഷകനായി ഡല്‍ഹി പ്രൊഫസര്‍


സഖി ജോണ്‍


കൊച്ചി: തിരുവല്ല സ്വദേശിയും ഡല്‍ഹി ജാമിയ ഹംദര്‍ദ്‌ സര്‍വകലാശാലയിലെ മാനേജ്‌മെന്റ്‌ സ്റ്റഡീസ്‌ വിഭാഗം പ്രൊഫസറുമായ സഖി ജോണിന്‌ ഒരാഗ്രഹമുണ്ടായിരുന്നു. ജീവിച്ചിരിക്കെ മറ്റൊരു ജീവന്‌ രക്ഷയാകണമെന്ന ആഗ്രഹം സഖി നിറവേറ്റിയത്‌ ഇരു വൃക്കകളും തകരാറിലായ ഒരു അപരിചിതന്‌ തന്റെ വൃക്ക ദാനം ചെയ്‌താണ്‌. 

വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന്‌ ഡയാലിസിസിന്‌ വിധേയമായികൊണ്ടിരുന്ന തൃശൂര്‍ പീച്ചിയിലെ സ്വകാര്യ ബസ്‌ ജീവനക്കാരനായ 44 കാരന്‍ ഷാജു പോളിനാണ്‌ സഖി ജോണ്‍ വൃക്ക ദാനം ചെയ്‌തത്‌. കൊച്ചിയിലെ വിപിഎസ്‌ ലേക്‌ഷോര്‍ ആശുപത്രിയില്‍ ഡിസംബര്‍ 28നായിരുന്നു വൃക്ക മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ. വൃക്കദാനത്തിലൂടെ മാതൃക സൃഷ്ടിച്ച ഫാദര്‍ ഡേവിസ്‌ ചിറമേല്‍ സ്ഥാപിച്ച കിഡ്‌നി ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളവരില്‍ നിന്നാണ്‌ ഷാജുവിനെ സ്വീകര്‍ത്താവായി തെരഞ്ഞെടുത്തത്‌. 

2011ല്‍ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്‌തപ്പോള്‍ ശസ്‌ത്രക്രിയ നടത്തിയ ഡോക്ടര്‍ പറഞ്ഞ കാര്യമാണ്‌ അവയവദാനത്തെക്കുറിച്ച്‌ ചിന്തിക്കാനിടയായതെന്ന്‌ സഖി പറയുന്നു. തന്റെ പിതാവ്‌ കാരണം കാഴ്‌ചശേഷിയില്ലാത്ത രണ്ട്‌ പേര്‍ക്കാണ്‌ ഈ ലോകം കാണാന്‍ അവസരമുണ്ടായതെന്ന്‌ ഡോക്ടര്‍ പറഞ്ഞത്‌ സഖിയെ ഏറെ സ്‌പര്‍ശിച്ചിരുന്നു. ഇതേതുടര്‍ന്ന്‌ 2015ല്‍ ഫാ. ഡേവിസ്‌ ചിറമേലിനെ സന്ദര്‍ശിച്ച്‌ വൃക്കദാനത്തിന്‌ സന്നദ്ധത അറിയിക്കുകയായിരുന്നു.

2016 ജൂലൈ മുതല്‍ 98 ഡയാലിസിസിന്‌ വിധേയമായിട്ടുണ്ട്‌ ഷാജു. തന്റെ ഇരു വൃക്കകളും തകരാറിലാണെന്ന്‌ അറിഞ്ഞതിനെ തുടര്‍ന്ന്‌ പ്രതീക്ഷയറ്റ്‌ കഴിയുമ്പോഴാണ്‌ ഭാര്യ ഷിബി മക്കളായ ആല്‍വിന്‍, ഏയ്‌ഞ്ചല്‍ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഷാജുവിന്റെ മുന്നില്‍ രക്ഷകനായി സഖി ജോണെത്തുന്നത്‌. എന്നാല്‍ ശസ്‌ത്രക്രിയ്‌ക്കുള്ള പണം കണ്ടെത്തുകയെന്നത്‌ ദിവസക്കൂലിക്കാരനായ ഷാജുവിന്‌ വലിയ കടമ്പ തന്നെയായിരുന്നു. പീച്ചിയിലെ മണക്കുഴി ഗ്രാമവാസികള്‍ ഒത്തുചേര്‍ന്നപ്പോള്‍ ശസ്‌ത്രക്രിയയ്‌ക്കുള്ള സഹായനിധിയിലേക്ക്‌ 22 ലക്ഷം രൂപ ഒഴുകിയെത്തി.
ഷാജു. 

നെഫ്രോളജി, ട്രാന്‍സ്‌പ്ലാന്റ്‌ സര്‍വീസസ്‌ ഡയറക്ടര്‍ ഡോ. എബി എബ്രഹാം, ട്രാന്‍സ്‌പ്ലാന്റ്‌ സര്‍ജന്‍ ഡോ. ജോര്‍ജ്‌ പി. എബ്രഹാം, അനസ്‌തേഷ്യ വിഭാഗം ഡയറക്ടര്‍ ഡോ. മോഹന്‍ എ. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ്‌ ശസ്‌ത്രക്രിയകള്‍ നടത്തിയത്‌. ശസ്‌ത്രക്രിയയ്‌ക്ക്‌ ശേഷം വൃക്കദാതാവിന്റെയും സ്വീകര്‍ത്താവിന്റെയും ആരോഗ്യനില തൃപ്‌തികരമാണെന്ന്‌ ആശുപത്രി അധികൃതര്‍ അറിയിച്ചു. സഖി ജനുവരി 2ന്‌ ആശുപത്രി വിട്ടു. ഷാജുവിനെ ഐസിയുവില്‍ നിന്നും മുറിയിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ