2014 മേയ് 26, തിങ്കളാഴ്‌ച
കലക്‌ടര്‍ അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം -ധീവരസഭ
കൊച്ചി
കേരളത്തിലെ സാമൂഹ്യപരിഷകര്‍ത്താക്കളില്‍ പ്രധാനിയായ കവി തിലകന്‍ പണ്ഡിറ്റ് കെ.പി കറുപ്പന്റെ കുണ്ടന്നൂരില്‍ സ്ഥാപിച്ച പ്രതിമ ജെസിബി ഉപയോഗിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രധാന ഉത്തരവാദികളായ എറണാകുളം ജില്ലാ കലക്‌ടര്‍ എം.ജി രാജമാണിക്യം, ഡപ്യുട്ടി തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നു അഖിലകേരള ധീവരസഭ സെക്രട്ടറി വി.ദിനകരന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ അഖിലകേരള ധീവരസഭ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരപരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്നും പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത പതിനൊന്നു സെന്റ് സ്ഥലം ധീവരസഭയുടെ 261-ാം നമ്പര്‍ കരയോഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഭഗവല്‍സഹായ സംഘത്തിനു വിട്ടുകൊടുക്കണമെന്നും സര്‍ക്കാര്‍ ചിലവില്‍ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ തല്‍സ്ഥാനത്തു പുനഃസ്ഥാപിക്കണമെന്നും വി.ദിനകരന്‍ ആവശ്യപ്പെട്ടു
കഴിഞ്ഞ ശനിയാഴ്‌ച 129-ാം ജന്മദിനത്തിന്റെ ഭാഗമായി പ്രാര്‍ത്ഥനയും പുഷ്‌പാര്‍ച്ചനയും നടത്തിയ പ്രതിമയാണു ജില്ലാ കലക്‌ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റവന്യു അധികൃതര്‍ ജെസിബി ഉപയോഗിച്ചു പിഴുതെറിഞ്ഞത്.
ഇതില്‍ പ്രതിഷേധിച്ചു വിവിധ സംഘടനകള്‍ ആഹ്വാന ചെയ്‌ത ഹര്‍ത്താലില്‍ മരടിലും കുമ്പളത്തും കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. കുമ്പളത്ത് കരിദിനവും ആചരിച്ചു.
സംസ്ഥാനത്തെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളെക്കുറിച്ചു അറിയാത്തവരെ എറണാകുളം പോലുള്ള പ്രധാന ജില്ലയില്‍ ജില്ലാകലക്‌ടറായി നിയമിക്കരുതെന്നും ജില്ലാ കലക്‌ടര്‍ രാജമാണിക്യത്തിന്റെ നടപടി അങ്ങയേറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ദിനകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതുവരെ ജില്ലയിലെ ഒരു എംപിയോ, എംഎല്‍എ മാരില്‍ ആരും തിരിഞ്ഞു നോക്കാതിരിക്കുന്നതും സംശയം ഉളവാക്കുന്നുവെന്ന് ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിമസ്ഥാപിച്ചിരിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്ന വാദത്തിനു അടിസ്ഥാനമില്ലെന്നു ദിനകരന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 90 ശതമാനം പ്രതിമകളും സ്ഥാപിച്ചിരിക്കുന്നത് പുറമ്പോക്കിലാണ്. എന്നാല്‍ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ സ്ഥാപിച്ചത് മത്സ്യ ഉത്‌പാദന സഹകരണസംഘത്തിന്റെ പേരില്‍ 1970ല്‍ വാങ്ങിയ 11 സെന്റ് സ്ഥലത്താണെന്ന് ദിനകരന്‍ പറഞ്ഞു. ഈ സ്ഥലം കേവലം 4710 രൂപ തിരിച്ചടക്കാന്‍ വൈകിയതിനെ തുടര്‍ന്നു സര്‍ക്കാര്‍ കണ്ടുകെട്ടുകയായിരുന്നു.പിന്നീട് 1982ല്‍ സംഘത്തിന്റെ അപേക്ഷയില്‍ തുക ഗഡുക്കളായി അടക്കുവാന്‍ നടപടി ആയെങ്കിലും ട്രഷറി അധികൃതര്‍ തുക സ്വീകരിച്ചില്ല.
സര്‍ക്കാര്‍ ഏറ്റെടുത്ത ഈ ഭൂമി കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ഒളിമ്പ്യന്‍ മേഴ്‌സികുട്ടനു നല്‍കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു.
സൊലസ് സ്‌നേഹസംഗമം
മാരകമായ രോഗങ്ങല്‍ വന്നു ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കും കുടുംബത്തിനും തുണയേകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സൊലസിന്റെ കൊച്ചി യൂണിറ്റിന്റെ ആദ്യ വാര്‍ഷികത്തിന്റെ ഭാഗമായി 28നു ആലുവ കീഴ്‌മാട് ഏലി ഹില്‍സില്‍ അഭ്യുദയകാംക്ഷികളുടെ ഒത്തു ചേരല്‍ നടത്തും.
കാന്‍സര്‍,തലസേമിയ,നെഫ്രോട്ടിക് സിന്‍ഡ്രം,സെറിബ്രല്‍ പാല്‍സി,ഹിമോഫീലിയ തുടങ്ങിയ രോഗങ്ങള്‍കൊണ്ട് ചികിത്സയ്‌ക്കു വകയില്ലാതെ നട്ടം തിരിയുന്ന 600ഓളം കുട്ടികള്‍ക്കാണ് സൊലസ് പ്രതിമാസം ആറുലക്ഷത്തോളം രൂപ വിലവരുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കിവരുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ ലുക്കീമിയ വാര്‍ഡിനോടു ചേര്‍ന്ന് ഒരു പ്ലേ തെറാപ്പി യൂണിറ്റ് സൊലസ് സ്ഥാപിച്ചിട്ടുണ്ട്. കൊച്ചി മെഡിക്കല്‍ കോളേജിനോടു ചേര്‍ന്നു ഇതേ രീതിയില്‍ ഒരു പ്ലേ തെറാപ്പി യൂണിറ്റ് ആരംഭിക്കാനും സൊലസിനു അനുമതി ലഭിച്ചിട്ടുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് ഷീബ അമീര്‍, ജോര്‍ജ് സി കോശി, ഇ.ടി കുമാരി, അഷിത സുപോഷ്, ലൈസ ജേക്കബ് ,ഇ.എ അബൂബക്കര്‍ എന്നിവര്‍ അറിയിച്ചു.
വയര്‍മെന്‍-സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കൂട്ടധര്‍ണ
കൊച്ചി
ഇലക്‌ട്രിക്കല്‍ ലൈസന്‍സിങ്ങ് ബോര്‍ഡും കേരള ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനും ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുള്ള ജനദ്രോഹപരമായ നിയമങ്ങളും സപ്ലൈകോഡ് 2014ലെ ന്യൂനതകളും പുനഃപരിശോധിച്ച് വയറിംഗ് തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി കേരള ഇലക്‌ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടര്‍ക്കു മുന്നില്‍ കൂട്ടധര്‍ണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് എം.ആര്‍ വേണുഗോപാല്‍,ജില്ലാ സെക്രട്ടറി വി.രമേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
വയര്‍മെന്‍ പെര്‍മിറ്റ് ഓണ്‍ലൈനായി പുതുക്കാനുള്ള തീരുമാനം നടപ്പാക്കുക,മീറ്റര്‍ ടെസ്റ്റിങ്ങ് ലാബ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുക,വീട് കണക്ഷനു ഇപ്പോള്‍ നല്‍കുന്ന ടെമ്പററി കണക്‌ഷന്‍ നിര്‍ത്തലാക്കി പെര്‍മെനന്റ് കണ്‍ക്ഷന്‍ സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്‌ച രാവിലെ 10മണിക്ക് വൈറ്റില ജംക്‌ഷനില്‍ നിന്നാംരഭിക്കുന്ന പ്രകടനത്തിനെ തുടര്‍ന്നു ജില്ലാ ഇല്‌ക്‌ടിക്കല്‍ ഇന്‍സ്‌പെക്‌ട്രേറ്റിനു മുന്നില്‍ നടത്തുന്ന കൂട്ട ധര്‍ണ എസ്.ശര്‍മ്മ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. പി.ജെ തോമസ്, എം.എബ്രാഹം എന്നിവര്‍ പങ്കെടുക്കും
മോദിയ്‌ക്കു പ്രശംസകളും ആശംസകളുമായി കെ.വി തോമസ്
കൊച്ചി
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കു പ്രശംസകളും നിറയെ ആശംസകളുമായി മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ കെ.വി തോമസ്
രാജ്യത്ത് വ്യത്യസ്‌തമായ ഒരു ഭരണം കാഴ്‌ചവെക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ എന്നു കെ.വി തോമസ് പറഞ്ഞു.
പൊതുമേഖലസ്ഥാപനങ്ങളുടെ വളര്‍ച്ചയ്‌ക്കു വേണ്ടി കേന്ദ്രസഹായം തേടുമെന്നും അദ്ദേഹം എറണാകുളം പ്രസ് ക്ലബില്‍ നടന്ന സ്വീകരണത്തില്‍ സംസാരിച്ചുകൊണ്ടു പറഞ്ഞു.
നരേന്ദ്രമോദിയെ പ്രശംസിച്ചുകൊണ്ടാണ് കെ.വി തോമസ് മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരം തുടങ്ങിയത്. നരേന്ദ്ര മോദിയ്‌ക്കും ബിജെപിക്കും വ്യത്യസ്ഥമായൊരു ഭരണം കാഴ്‌ചവെക്കാന്‍ കഴിയട്ടെ എന്നു അദ്ദേഹം ആശംസിച്ചു. കേന്ദ്രത്തില്‍ ആരു ഭരിച്ചാലും രാഷ്‌ട്രീയം മാറ്റിവെച്ചു സഹകരിച്ചു മുന്നോട്ടുപോകുമെന്ന് കെ.വി തോമസ് പറഞ്ഞു. കേന്ദ്ര ഗവണ്മന്റുമായി ഒരു ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. രാഷ്‌ട്രീയം മാറ്റിവെച്ചുകൊണ്ടു വികസനത്തിനുവേണ്ടി യോജിച്ചുള്ള നിലപാട് ആയിരിക്കും സ്വീകരിക്കുക. നല്ലൊരു കാവല്‍ പ്രതിപക്ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കും. ലോകസഭയില്‍ ക്രീയാത്മകമായ പ്രതിപക്ഷമായി കോണ്‍ഗ്രസ് നിലകൊളളുമെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ആണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനു നേതൃത്വം കൊടുത്തതെന്നു അദ്ദേഹം പറഞ്ഞു.
ഫാക്‌ട് ,എച്ച്‌എംടി,എച്ച്‌ഒസി,കൊച്ചിന്‍ പോര്‍ട്ട്,എച്ച്‌സിഎല്‍ തുടങ്ങിയ പൊതുമേഖലസ്ഥാപനങ്ങളുടെ വളര്‍ച്ചയ്‌ക്ക് കേന്ദ്രസഹായം തേടും .രണ്ടാം യുപിഐ സര്‍ക്കാരിനു പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്നു സമ്മതിക്കുന്നതായും കെ.വി തോമസ് അഭിപ്രായപ്പെട്ടു
വില്ലിങ്‌ടണ്‍ ഐലന്റിലെയും എറണാകുളത്തെ ഓള്‍ഡ് റെയില്‍വെ സ്റ്റേഷന്റെ കാര്യവും മുന്നോട്ടുവെക്കും. നിര്‍ത്തിവെച്ച കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നകാര്യത്തിനും മുന്‍ഗണന കൊടുക്കും. കുമ്പളങ്ങി-ചെല്ലാനം കാര്‍ഷിക ഗ്രാമപദ്ധതി, എംപിയെന്ന നിലയില്‍ തുടങ്ങിവെച്ചിട്ടുള്ള ,വിജ്ഞാനവീഥി പദ്ധതി, വിദ്യാജ്യോതി പദ്ധതി ഗ്രാമദീപം പദ്ധതി തുടങ്ങിയവ തുടരാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കെ.വി തോമസ് പറഞ്ഞു
2014 മേയ് 11, ഞായറാഴ്‌ച
50 ക്ലൈമാക്‌സുകളുമായി സിനിമ കര്‍മ്മ
കൊച്ചി
അന്‍പത് ക്ലൈമാക്‌സുകളുമായി സിനിമ വരുന്നു. നവാഗതനായ വിപിന്‍ കൃഷ്‌ണനാണ് ചിത്രത്തിന്റെ സംവിധായകന്‍. ലോക സിനിമയില്‍ തന്നെ ഇതാദ്യത്തെ സംഭവമാണെന്ന് സംവിധായകന്‍ പറഞ്ഞു.
ചിത്രം പൂര്‍ത്തിയായി തീയേറ്ററുകള്‍ വഴി എത്തുവാന്‍ രണ്ടു വര്‍ഷം എടുക്കും.
ഇരട്ട ക്ലൈമാക്‌സുകളുള്ള സിനിമകള്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്കു മുന്നിലേക്കാണ് 50 ക്ലൈമാക്‌സുകളുള്ള ചിത്രം വരുന്നത്.
സിനിമ ഇംഗ്ലീഷില്‍ ആണെങ്കിലും അണിയറ പ്രവര്‍ത്തകരെല്ലാം മലയാളികളാണ്.
നഗരത്തില്‍ എത്തുന്ന നായകനു മുന്നില്‍ മൂന്നു വീടുകളാണ് താമസിക്കാന്‍ ബ്രോക്കര്‍ കാണിച്ചു കൊടുക്കുന്നത്. ഈ മൂന്നു വീടുകള്‍ റൊമാന്‍സ്- കോമഡി,സസ്‌പെന്‍സ്,ഹൊറര്‍ പശ്ചാത്തലമുള്ളവയാണ്. ഇതില്‍ ഏതു വീട് തിരഞ്ഞെടുക്കണമെന്നും തുടര്‍ന്നുള്ള ഭാഗങ്ങളും തിരഞ്ഞെടുക്കേണ്ടതും പ്രേഷകരാണ്. തുടര്‍ന്നു 15 മിനിറ്റുകളില്‍ കഥ ഏതു രീതിയില്‍ തിരിയണമെന്ന കാര്യവും പ്രേഷകന്റെ പക്കലാണ്. ഇതോടെ ആറ്,12,24 എന്നീ രിതിയില്‍ അവസാനം എത്തുമ്പോള്‍ 50ഓളംക്ലൈമാക്‌സുകളിലായിരിക്കും പടം പൂര്‍ത്തിയാകുക.
പ്രേഷകന്റെ പക്കല്‍ വോട്ടിംഗ് മേഷീന്‍ ഉണ്ടാകും. പ്രേഷകര്‍ വോട്ടുചെയ്യുന്നതിനു അനുസരിച്ചാകും സിനിമ മുന്നേറുക. ആദ്യ 15 മിനിറ്റില്‍ തന്നെ പ്രേഷകര്‍ക്കു സിനിമയുടെ ഗതി നിയന്ത്രിക്കുന്ന ആദ്യ വോട്ടിംഗ് രേഖപ്പെടുത്താം. തീയേറ്ററില്‍ എറ്റവും കൂടുതല്‍ പേര്‍ വോട്ടുചെയ്യുന്ന സിനിമയാണ് പ്രേഷകന്‍ കാണേണ്ടത്.ഇന്റര്‍നെറ്റ് ,ബ്ലൂറേ പ്രേഷകര്‍ക്കായിരിക്കും ഈ രീതി ഏറെ പ്രയോജനപ്പെടുകയെന്നു സംവിധായകന്‍ പറയുന്നു. സിനിമയിലെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സിനിമയുടെ സ്‌ക്രിപ്രിറ്റ് പൂര്‍ത്തിയാകാന്‍ മാത്രം രണ്ടുവര്‍ഷം എടുക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പക്ഷം.
ഗതകാല സ്‌മരണയില്‍ ഫെഡറല്‍ ബാങ്ക് ജീവനക്കാരുടെ മഹാസംഗമം
കൊച്ചി
ഫെഡറല്‍ ബാങ്കില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന മഹാസംഗമത്തിനു കഴിഞ്ഞ ദിവസം (11നു) നെടുമ്പാശേരി സാജ് എര്‍ത്ത് റിസോര്‍ട്ട് സാക്ഷ്യം വഹിച്ചു. പ്രണാമം എന്നുപേരിട്ട മഹാസംഗമത്തില്‍ എറണാകുളം ,തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള അറുന്നൂറോളം വരുന്ന ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു.
ദീര്‍ഘനാളുകള്‍ ബാങ്കിനു വേണ്ടി സേവനം ചെയ്‌തവര്‍ക്കു ബാങ്കിന്റെ നന്ദിയും ആദരവും അര്‍പ്പിക്കുന്നിതിനുവേണ്ടിയാണ് പ്രണാമം എന്ന പേരില്‍ ഈ ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങില്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ദീപം തെളിയിച്ചു. എഴുപത്തഞ്ചു വയസു പിന്നിട്ട മുന്‍ ഫെഡറല്‍ ബാങ്ക് ജീവനക്കാരെ അദ്ദേഹം പൊന്നാട അണിയിച്ചു ആദരിച്ചു.
ബാങ്കിന്റെ ഇന്നത്തെ വളര്‍ച്ചയ്‌ക്കും നേട്ടങ്ങള്‍ക്കും പിന്നില്‍ കഴിഞ്ഞ തലമുറയുടെ നിസ്വാര്‍ത്ഥമായ സേവനങ്ങളാണെന്നു ജനറല്‍ മാനേജരും എച്ച് ആര്‍ വിഭാഗം തലവനുമായ തമ്പി കുര്യന്‍ വികാരനിര്‍ഭരമായ ചടങ്ങിനിടെ അനുസ്‌മരിച്ചു. വിവിധ കാലഘട്ടങ്ങളുടെ പ്രതിനിധികളായി വന്നെത്തിയ മുന്‍ ജീവനക്കാരുടെ കൂടികാഴ്‌ച പുതിയ വെളിച്ചം പകര്‍ന്നു. ഫെഡറല്‍ ബാങ്കിനെ ഈ നിലയില്‍ എത്തിക്കുവാന്‍ അക്ഷീണപ്രയത്‌നം നടത്തിയവരെ ഒരിക്കലും മറക്കുവാന്‍ കഴിയില്ലെന്നു എംഡി ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റു സ്ഥാപനങ്ങള്‍ക്കും കൂടി മഹത്തായ മാതൃകയാണ് ബാങ്കിന്റേതെന്ന് ചടങ്ങില്‍ റിട്ടയേഴ്‌സ് ഫോറത്തിനെ പ്രതിനിധീകരിച്ചു സംസാരിച്ച സേവ്യര്‍ ഗ്രിഗറി പറഞ്ഞു. തുടര്‍ന്നു വര്‍ണാഭമായ കലാപരിപാടികളും അരങ്ങേറി. ഫെഡറല്‍ ബാങ്കിന്റെ മറ്റു മേഖലകളിലും മഹാസംഗമത്തിനു വേദിയൊരുക്കും.
2014 മേയ് 6, ചൊവ്വാഴ്ച
കേന്ദ്രസര്‍ക്കാര്‍ രഹസ്യമാക്കിയ കിട്ടാക്കടക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു
കൊച്ചി
കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും രഹസ്യമായി വെച്ചിരുന്നു ബാങ്കുകളില്‍ നിന്നും വന്‍ വായ്‌പകള്‍ എടുത്തു അടക്കാത്ത വമ്പന്മാരുടെ പട്ടിക ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിദ്ധികരിച്ചു.
ബാങ്കുകളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കിട്ടാക്കടങ്ങള്‍ ഈടാക്കാനുള്‌ള അടിയന്തിര നടപടികള്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും മാനേജ്‌മെന്റുകളുടെ ഏകോപനത്തോടെ സ്വീകരിക്കണെന്ന് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഈ കടങ്ങളില്‍ ബഹുഭൂരിഭാഗവും അതിസമ്പന്ന കോര്‍പ്പേറേറ്റുകള്‍ മനഃപൂര്‍വം വരുത്തിയിട്ടുള്ളതാണ്. ചെറുകടിക്കാര്‍ക്ക് ജപ്‌തി വന്‍ കിടക്കാര്‍ക്ക് സ്വസ്‌തിയുമെന്ന രീതി അംഗീകരിക്കാനാവില്ല. 2013 മാര്‍ച്ച്# 31 രെയുള്ള 24 പൊതുമേഖല ബാങ്കുകളിലെ കേവലം 460 അക്കൗണ്ടുകളിലെ മാത്രം കിട്ടാക്കടം 70,300 കോടി രൂപയാണ്. അതിസമ്പന്ന ഇന്ത്യാക്കാരില്‍ അറുപതാം സ്ഥാനത്തുള്ള വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടം മാത്രം 2673 കോടിരൂപ വരും. വിന്‍സം ഡയമണ്ട് ആന്റ് ജ്യൂവല്‍സ് (3156കോടി രൂപ), സൂം ഡെവലപ്പേഴ്‌സ് (1810കോടിരൂപ), സ്റ്റെര്‍ലിംഗ് ഗ്രൂപ്പ് (3672കോടി രൂപ) എന്നിവയാണ് ബാങ്കുകളില്‍ വന്‍ കടബാധ്യത വരുത്തിയിട്ടുള്ള പ്രമുഖര്‍. ഈ വന്‍ കിട്ടാക്കടക്കാരുടെ പട്ടിക എഐബിഇഎ ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടും കേന്ദ്ര ധനമനത്രാലയവും റിസര്‍വ്‌ബാങ്കും പേരുവിവരങ്ങള്‍ നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. നേരത്തെ കഴിഞ്ഞ ഡിസംബറില്‍ എഐബിഇഎ 90 കമ്പനികളുടെ 40,528 കോടി രൂപയുടെ കിട്ടാക്കടങ്ങളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനു പകരം കണക്കു പുസ്‌തകത്തില്‍ തുക കുറച്ചു കാണിച്ചുകൊണ്ടുള്ള നടപടികള്‍ക്കാണ് അധികാരികള്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.ഇത്തരത്തില്‍ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ 42,00 കോടി രൂപയുടെ കിട്ടാക്കടങ്ങളാണ് മാറ്റപ്പെട്ടത്. പൊതുജനങ്ങളെ കൊള്ളയടിക്കുന്ന ഈ സ്ഥിതി വിശേഷത്തിനു മാറ്റമുണ്ടാകണമെങ്കില്‍ ബാങ്കുകളുടെ ഓഡിറ്റിംഗ് ഓഡിറ്റര്‍ ജനറലിന്റെ പരിധിയില്‍ കൊണ്ടുവരണം.അതേപോലെ കിട്ടാക്കടങ്ങളുടെ ഉത്തരവാദികളക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊള്ളണം,കമ്പനികളുടെ വായ്‌പകള്‍ക്ക് പ്രൊമോട്ടര്‍മാരുടെ വ്യക്തിഗത ഗ്യാരന്റി എടുക്കുന്നതിനുള്ള നിയമഭേദഗതി ഉണ്ടാകണം ഈ ആവശ്യങ്ങളുന്നയിച്ചു എഐബിഇഎ പ്രചാരണ പ്രക്ഷോഭം ശക്തമാക്കും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിങ്ങ് സേവനങ്ങള്‍ റിലയന്‍സ് മണി ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ ലിമിറ്റഡുമായി ചേര്‍ന്നു പുറം കരാര്‍വല്‍ക്കരിക്കാനുള്ള തീരുമാനം ജനവിരുദ്ധമാണന്നും എഐബിഇഎ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 26നു ഒപ്പുവെച്ച കരാറിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുന്നതും ജുഗുപ്‌ത്സാവഹമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ എഐബിഇഎ ജോയിന്റ് സെക്രട്ടരി വി.പി വര്‍ഗീസ്,എഐബിഇഎഫ് പ്രസിഡന്റ് കെ.മുരളീധരന്‍ പിളള ,ഡിഡി ജോസണ്‍,കെ.എസ് കൃഷ്‌ണ, മാത്യു ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
മെട്രോ റെയില്‍ സിപിഎം മാര്‍ച്ച് നടത്തി
കൊച്ചി
മെട്രോ റെയില്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക,നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സിപിഎമ്മിന്റെ നേതൃത്വത്തില്‍ കെഎംആര്‍എല്‍ ഓഫീസിനു മുന്നിലേക്കു ജനകീയ മാര്‍ച്ച് നടത്തി. മാര്‍ച്ചിനു ശേഷം ധര്‍ണ പി.രാജീവ് എംപി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി സി.എം ദിനേശ്‌മണി സംസാരിച്ചു.
റോഡുകളും പാലങ്ങളും അനുബന്ധ നിര്‍മ്മാണങ്ങളും യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുക,വ്യാപാരികള്‍ക്ക് നികുതി ഇളവ് അനുവദിച്ച് സമാശ്വാസ നടപടികള്‍ സ്വീകരിക്കുക,ഒഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. കെഎംആര്‍എല്‍ ഓഫീസിനു മുന്നിലേക്കുള്ള മാര്‍ച്ച് സെന്റ് തേരാസാസ് കോളേജിനു മുന്നില്‍ വച്ച് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. തുടര്‍ന്നു പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു.ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്‌് കഴിഞ്ഞ ദിവസം ഒരു മണിക്കൂറോളം മെട്രോ റെയിലിന്റ പണികള്‍ സ്‌തംഭിപ്പിച്ചിരുന്നു.
ഇന്ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗതാഗതപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന്‌് ഉദ്യോഗസ്ഥര്‍ നേതാക്കള്‍ക്കു ഉറപ്പുനല്‍കി. വീതികൂടുതലുള്ള സ്ഥലത്തേക്ക് പണിമാറ്റുന്ന കാര്യവും പരിഗണിക്കും.
മെട്രോ റെയിലിന്റെ പണികള്‍ ആരംഭിക്കുന്നതിനു മുന്‍പ് സുഗമമായ ഗതാഗതം ഡിഎംആര്‍സിയും കെഎംആര്‍എല്ലും ഉറപ്പുനല്‍കിയിരുന്നതായും അത് ലംഘിച്ചതായും സിപിഎം നേതാക്കള്‍ പറഞ്ഞു. നിര്‍മ്മാണം തുടങ്ങി നിര്‍മ്മാണം തുടങ്ങി പത്തുമാസം പിന്നിടുമ്പോഴേക്കും മെട്രോ റെയിലിന്റെ പണികളെതുടര്‍ന്നുള്ള ഗതാഗതക്കുരുക്ക് രൂക്ഷമായതോടെയാണ് സിപിഎം സമരരംഗത്തിറങ്ങിയത്. രാവിലെ 11 മണിയോടെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ കെഎംആര്‍എല്‍ ഓഫീസിലേക്ക് എത്തുവാന്‍ തുടങ്ങി. ഇതോടെ കനത്ത പോലീസ് കാവല്‍ ഓഫീസിനു മുന്നില്‍ ഏര്‍പ്പെടുത്തിക്കൊണ്ട് പാര്‍ക്ക് അവന്യുവിലൂടെയുള്ള ഗതാഗതം പ്രസ്‌ക്ലബ് റോഡിലൂടെ തിരിച്ചുവിട്ടു.
ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം രാത്രി തന്നെ കുഴികള്‍ മൂടി ടാര്‍ ചെയ്യാന്‍ തുടങ്ങി. അതേസമയം ഗതാഗതം തിരിച്ചുവിടുന്ന പുല്ലേപ്പടി മേല്‍പ്പാലത്തിനു സമീപത്തെ റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. പുല്ലേപ്പടിയില്‍ നിന്നും തമ്മനം വരെയുള്ള ഭാഗത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയാത്തതിനാല്‍ ഇവിടെയും ഗതാഗതക്കുരിക്കില്‍പ്പെട്ടിരിക്കുകയാണ്.
ആലുവയില്‍ നിന്നും ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കുവരെയുള്ള ഭാഗത്ത് കാര്യമായ പ്രശ്‌നങ്ങളില്ലാതെ മുന്നേറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീതികുറഞ്ഞ റോഡുകളുള്ള നഗരപ്രദേശത്തേക്കു എത്തിയതോടെയാണ് ഗതാഗതക്കുരുക്കിലായത്. മുന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനു നഗരസഭയും കെഎംആര്‍എല്ലും പരാജയപ്പെട്ടുവെന്ന ആക്ഷേപമാണ് സിപിഎം ഉന്നയിക്കുന്നത്. സിപിഎം കൂടി രംഗത്തേക്കു ഇറങ്ങിയതോടെ ഇന്ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗം ആരോപണ പ്രത്യാരോപണങ്ങള്‍ക്കുവേദിയാകുമെന്നുറപ്പായി.
വീതികുറഞ്ഞ റോഡിന്റെ പലഭാഗത്തും ബാരിക്കേഡ് ഉയര്‍ത്തി പണിതുടങ്ങിയതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. വീതികുറഞ്ഞ റോഡിലെ കാണകള്‍ക്കു മുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടാനുള്ള ആലോചനയിലാണ് അധികൃതര്‍ . കാനകള്‍ക്കുമുകളില്‍ പുതിയ സ്ലാബ് ഇട്ട് ടാറിംഗ് നടത്തുവാനുള്ള നീക്കം അപകടകാരണമാകുമെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. ഇനി മഴക്കാലം വരുന്നതോടെ ഈ പോക്കുപോയാല്‍ നഗരത്തിലേക്കു വരുവാന്‍ കഴിയാത്ത നിലയിലാകും. വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ സ്ഥിതിഗതികള്‍ നിയന്തണാതീതമാകും.
മദ്യ ഉത്‌പാദന -വിപണന മേഖലകളില്‍ മാറ്റം വേണമെന്നു ടൂറിസം രംഗത്തെ സംഘടനകള്‍
കൊച്ചി
സംസ്ഥാനത്തു നിലവിലുള്‌ല മദ്യ ഉത്‌പാദന-വിതരണ-വിപണന നയങ്ങള്‍ അപ്പാടെ പൊളിച്ചെഴുതണമെന്നു ടൂറിസം രംഗത്തെ സംഘടനകള്‍ ആവശ്യപ്പെട്ടു.
കൃത്യമായ മദ്യനയം രൂപപ്പെടുത്തുന്നതിലെ അനിശ്ചിതത്വം ,അതു നടപ്പാക്കുന്നതിലെ വ്യക്തിതയില്ലായ്‌മ, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്കുമാത്രമായ മദ്യ ലൈസന്‍സുകള്‍ പരിമതപ്പെടുത്തല്‍ എന്നിവ കേരളത്തിലെ ടൂറിസം വ്യവസായത്തെ തകര്‍ക്കുമെന്നു സംഘടനകള്‍ പറഞ്ഞു.
കേരള ബ്രാന്‍ഡ് മദ്യം നിര്‍മ്മിക്കുക, റസ്റ്റോറന്റുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കുക, ആരാധനനാലയങ്ങള്‍ ,വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധി 200 മീറ്ററില്‍ നിന്നും 50 മീറ്റര്‍ ആയി കുറക്കുക,ബാറുകളുടെ സമയപരിധി രാവിലെ 10 മുതല്‍ രാത്രി 12 വരെയാക്കുക,ബിയര്‍ -വൈന്‍ വില്‍പ്പന ലൈസന്‍സുകള്‍ വ്യാപകമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ടൂറിസം രംഗത്തെ സംഘടനകള്‍ സര്‍ക്കാരിനു മുന്നില്‍ ധവളപത്രമായി
മുന്നോട്ടുവെച്ചിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ 9.5ശതമാനം ടൂറിസത്തില്‍ നിന്നാണു ലഭിക്കുന്നത്. അതേപോലെ തൊഴില്‍ അവസരങ്ങളില്‍ 23.52ശതമാനവും ടൂറിസം മേഖലയിലാണ്. ഏകദേശം 15ലക്ഷത്തോളം പേരാണ് ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നത്.
ഇതെല്ലാം കണക്കിലെടുത്തുകൊണ്ടു ഈ മേഖലയ്‌ക്കു സഹായമാകുന്ന നിലപാടാണ് സര്‍ക്കാര്‍ എടുക്കേണ്ടത്.നിലവിലുള്ള മദ്യനയവും മദ്യത്തിനു കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതും ടൂറിസം മേഖലയെ വലിയതോതില്‍ പ്രതികൂലമായി ബാധിക്കുമെന്നു ടൂറിസം രംഗത്തെ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
പഞ്ചനക്ഷത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ടൂറിസം അല്ല കേരളത്തില്‍ നടക്കുന്നത്. ഹൗസ്‌ബോട്ടുകളില്‍ ഒരു കുപ്പി ബിയറോ വൈനോ കഴിക്കുന്നതിനു നിയന്ത്രണം വരുകയാണെങ്കില്‍ വിനോദസഞ്ചാരമേഖലയ്‌ക്കു അതൊട്ടും ആശ്വാസരമാകില്ല.
വണ്‍ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് അനുവദിക്കണമെന്നും റസ്റ്റോറന്റുകള്‍ക്കു മദ്യ ലൈസന്‍സ് നല്‍കിയിരുന്ന മുന്‍കാല രീതി പുനസ്ഥാപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. അതേപോലെ ഫുള്‍ ബാറിനുള്ള ലൈസന്‍സ് ഫീസ് 10ലക്ഷം ആയും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കുള്ള ലൈസന്‍സ് 5000രൂപയായും നിജപ്പെടുത്തണം. അതേപോലെ നിലവില്‍ ലൈസന്‍സുള്ള ഹൗസ് ബോട്ടുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ് വില്ലകള്‍ എന്നിവയ്‌ക്കും ബിയര്‍-വൈന്‍ ലൈസന്‍സ് നല്‍കണം
എല്ലാ മാസവും ഒന്നാം തീയതി മാത്രമായുള്ള മദ്യനിരോധനം പ്രഹസനമാണെന്നു തലേദിവസം ബിവറേജിനു മുന്നിലുള്ള നീണ്ടക്യൂ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗാന്ധിജയന്തി ,സമാധി എന്നിവ ഒഴിച്ചുള്ള മുഴുവന്‍ ദിനങ്ങളിലും മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണം.
വീര്യം കൂടിയ മദ്യം കഴിക്കുന്നവരെ മദ്യത്തിന്റെ വിപത്തില്‍ നിന്നും മെല്ലെ അകറ്റാന്‍ വീര്യം കുറഞ്ഞ വൈന്‍,കള്ള് എന്നിവ കൂടുതല്‍ ലഭ്യമാക്കുക.അതേപോലെ ഗുണമേന്മയുള്ള വ്യത്യസ്‌തങ്ങളായ വൈന്‍ അടക്കമുള്ളവ ലഭ്യമാക്കണം. മെയ്‌ഡ് ഇന്‍ കേരള മദ്യത്തിനെ പ്രോത്സാഹിപ്പിക്കണം. ഇപ്പോള്‍ ഇന്ത്യയിലെ വന്‍കിട മദ്യരാജാക്കന്മാര്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്‌പിരിറ്റ് ആണ് കേരളത്തിലേക്കു ഒഴുകുന്നത്. ഇതവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നിലവാരമുള്ള ചാരായം ഉത്‌പാദിപ്പിക്കണം. തദ്ദേശിയമായ മദ്യത്തിന്റെ രുചിയറിയാനാണ് വിദേശ സഞ്ചാരികള്‍ക്കു താല്‍പ്പര്യം. തെങ്ങിന്‍ കള്ളില്‍ നിന്നും ചാരയം ഉത്‌പാദിപ്പിക്കുന്ന ശീലങ്ക തന്നെ ഇതിനുദാഹരണം. മൗറീഷ്യസിലും കരീബിയന്‍ രാജ്യങ്ങളിം ഒക്കെ ഇതുകാണാം. തെങ്ങ്,പന എന്നിവയില്‍ നിന്നുള്ള കള്ള് ഉപയോഗിച്ചു സ്‌പിരിറ്റ് നിര്‍മ്മിക്കാന്‍ കേരളത്തിനു നല്ല അവസരമാണ്.ചക്കപ്പഴം,കശുമാങ്, കൈതച്ചക്ക,വാഴപ്പഴം എന്നിവയൊക്കെ ഇതിനു പ്രയോജനപ്പെടുത്താം.ഇതുവരെ മദ്യം ഇറക്കുമതി ചെയ്‌തിരുന്ന കേരളത്തിനു സ്വന്തം ബ്രാന്‍ഡ് കയറ്റുമതി ചെയ്യാനുള്ള വലിയൊരു സാധ്യതയും ഇതിലൂടെ ഉരിത്തിരിയുന്നുവെന്നും കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോണി എബ്രാഹം ജോര്‍ജ്, ക്ലാസിഫൈഡ്‌സ് ഹോട്ടല്‍സ് പ്രസിഡന്റ് ഗോപിനാഥ്,ട്രാവല്‍മാര്‍ട്ട് മുന്‍ പ്രസിഡന്റ് ജോസ് ഡോമനിക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മറ്റൊരു അഭയകൂടി ,നീതി എവിടെ ?
ബലാല്‍സംഗത്തിനിടെ കൊല്ലപ്പെട്ടനഴ്‌സിങ്ങ് വിദ്യാര്‍ഥിനിയുടെ അമ്മഹൈക്കോടതിക്കു മുന്നില്‍ സത്യാഗ്രഹത്തിന്
കൊച്ചിബലാല്സംഗത്തിനിടെ അതിക്രുരമായി കൊല്ലപ്പെട്ട നഴ്‌സിങ്ങ് വിദ്യാര്‍ഥിനിയുടെ അമ്മയും അമ്മൂമ്മയും ഒന്‍പതു വര്‍ഷമായി നീതി നിഷേധിക്കുന്നതിനെതിരെ ഹൈക്കോടതിക്കു മുന്നില്‍ സത്യാഗ്രത്തിനു ഒരുങ്ങുന്നു.
2005 ഡിസംബര്‍ അഞ്ചിനാണ് സിസ്റ്റര്‍ അഭയുടെ കൊലപാതകവുമായി സാമ്യമുള്ള ഈ കേസിനാസ്‌പദമായ സംഭവം നടക്കുന്നത് തൃശൂര്‍ പാവര്‍ട്ടിയിലെ സാന്‍ ജോസ് ആശുപത്രിയിലെ അവസാനവര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ഥിനി ആയിരുന്ന ജിസ മോള്‍ പി.ദേവസ്യയുടെ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ജിസയുടെ മാതാപിതാക്കള്‍ എത്തുമ്പോഴേക്കും മൃതദേഹം താഴെ ഇറക്കി വസ്‌ത്രങ്ങള്‍ മാറ്റി മുറിമുഴുവനും കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. ഇതേതുടര്‍ന്നു സംശയം തോന്നിയ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ സാന്‍ ജോസ് ആശുപത്രി മാനേജ്‌മെന്റ് മൃതദേഹം ഇന്‍ക്വസ്റ്റിനു വിട്ടുകൊടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ധരിച്ചിരുന്ന അടിവസ്‌ത്രത്തിലും ഗുഹ്യഭാഗത്തും ശുക്ലത്തിന്റെ അംശം കണ്ടെത്തി എന്നാല്‍ തുടര്‍ അന്വേഷണം ഇതുവരെ നടന്നില്ല. കേസ് ആത്മഹത്യയാക്കി മാറ്റാനായിരുന്നു പോലീസിന്റെ ശ്രമം. ആശുപത്രി അധികൃതരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നു പോലീസ് അന്വേഷണവമായി സഹകരിക്കാന്‍ പോലും തയ്യാറായില്ല.
നഴ്‌സിങ്ങ് ഹോമിന്റെ ചുമതല വഹിച്ചിരുന്നു പാവറട്ടി പളളിവികാരിയും സാന്‍ജോസ് പാരീഷ് ഹോസ്‌പിറ്റലിന്റെ ഡയറക്ടറുമായിരുന്ന ഫാ.പോള്‍ പയ്യപ്പിള്ളിയാണ് കേസിലെ ഒന്നാം പ്രതിയെന്നു ജിസയുടെ അമ്മ ബിന്നി ദേവസ്യ, അമ്മൂമ്മ ഏല്യക്കുട്ടി ജോസഫ് എന്നിവര്‍ ആരോപിച്ചു.സംഭവം മറച്ചുവെക്കാന്‍ ഹോസ്റ്റല്‍ സൂപ്രണ്ട്, നഴ്‌സിങ്ങ് കോളേജ് പ്രിന്‍സിപ്പല്‍,ട്യൂട്ടര്‍ ലിന്‍ഡ, മൃതദേഹം കെട്ടിത്തൂക്കാന്‍ മോഡസ്റ്റ, എലിസബത്ത്, എലൈസ എന്നീ സിസ്റ്റര്‍മാരുടേയും സഹായവും ഫാദര്‍ പോള്‍ പയ്യപ്പിള്ളിയ്‌ക്കു ലഭിച്ചു. സംഭവത്തെ തുടര്‍ന്നു തൃശൂര്‍ രൂപത ഫാദര്‍ പോള്‍ പയ്യപ്പിള്ളിയെ ഒല്ലൂരിലുള്ള ഒരു ഇടവകയിലേക്കു മാറ്റിയിരിക്കുകയാണ്. ഇതിനിടെ ജിസ മോള്‍ മോഡല്‍ പരീക്ഷയില്‍ കോപ്പിയടിച്ചതിനു പിടിച്ചതിലെ മനോവിഷമത്തിലാണ് ആത്മഹത്യചെയ്‌തതെന്നാക്കി മാറ്റാനുള്ള ശ്രവും ആരോപണവിധയേവരായവര്‍ നടത്തി.എന്നാല്‍ മോഡല്‍ പരീക്ഷ സംഭവത്തിനു ഒരു മാസം മുന്‍പ് തന്നെ കഴിഞ്ഞിരുന്നുവെന്ന് ജിസിയുടെ അമ്മ പറഞ്ഞു.
പ്രതികള്‍ക്കു ഉന്നതതലങ്ങളിലുള്ള സ്വാധീനം ലഭിക്കുന്നതുകൊണ്ട് പോലീസിന്റെ ഭാഗത്തുനിന്നും നീതിപൂര്‍വമായ അന്വേഷണം നടക്കില്ലെന്നു വ്യക്തമായതോടെയാണ് കേസ് സിബിഐയ്‌ക്കു വിടണമെന്നു ആവശ്യപ്പെട്ടുകൊണ്ട് 2007ല്‍ ജിസയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയത്. അഡ്വ.രാംകുമാറാണ് പ്രതികള്‍ക്കുവേണ്ടി ഹാജരായത്. എന്നാല്‍ പ്രതികളുടെ ഭാഗത്തേക്കു അഭിഭാഷകനും കൂറുമാറിയ നിലയിലാണെന്നു സിറ്റിസണ്‍ എഗെയ്‌ന്‍സ്‌റ്റ് കറപ്‌ഷന്‍ ആന്റ് ജസ്റ്റിസ് കണ്‍വീനര്‍ ആന്റണി ചിറ്റാട്ടുകര ആരോപിച്ചു.
റിട്ട് ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ് ബസന്ത് സിബിഐ അന്വേഷണത്തിനു ശുപാര്‍ശ നല്‍കി ചീഫ് സെക്രട്ടറിക്കു കത്തെഴുതിയിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന ഹൈക്കോടതി ജഡ്‌ജി സി.ടി രവികുമാര്‍ 2013ഏപ്രില്‍ 10നു തുറന്ന കോടതിയില്‍ വാക്കാല്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഡിക്രി പുറപ്പെടുവിക്കാന്‍ കഴിയാത്ത ജസ്റ്റിസിനെ അയോഗ്യനാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടാണ് ധര്‍മ്മനീതി സത്യാഗ്രഹം ആരംഭിക്കുന്നത്.
അതിനിടെ ജിസിയുടെ മരണത്തെ തുടര്‍ന്നു സഭയുടെ നിരന്തര പീഡനങ്ങളില്‍ മനം നൊന്ത് ജിസമോളുടെ പിതാവ് ദേവസ്യ (59) മേയ് രണ്ടിനു ജീവനൊടുക്കി. രാഷ്‌ട്രപതിക്കും ചീഫ് ജസ്റ്റിസിനും കത്തെഴുതിയെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മേല്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.
ഒന്‍പതു വര്‍ഷമായി നീതിക്കുവേണ്ടി പൊരുതുന്ന ജിസയുടെ കുടുംബം അവസാനശ്രമമെന്ന നിലയിലാണ് വേനല്‍അവധി കഴിഞ്ഞു ഹൈക്കോടതി തുറക്കുന്ന മെയ് 21നു കണ്ണ് കെട്ടി കത്തിച്ച മെഴുകുതിരികളുമായി സത്യാഗ്രഹം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്.
2014 ഏപ്രിൽ 26, ശനിയാഴ്‌ച
ഗാമണ്‍ ഇന്ത്യ പ്രതിനിധി നാടകീയ രംഗങ്ങള്‍ സൃഷ്‌ടിച്ചു
കൊച്ചി
മട്ടാഞ്ചേരി ബിഒടി പാലത്തിന്റെ നിര്‍മ്മാതാക്കളായ ഗാമണ്‍ ഇന്ത്യയുടെ പ്രതിനിധി എറണാകുളം പ്രസ്‌ക്ലബില്‍ നാടകീയരംഗങ്ങള്‍ സൃഷ്‌ടിച്ചു.
ഇന്നു വൈകിട്ട് അഞ്ച് മണിയോടെ മട്ടാഞ്ചേരി പാലത്തില്‍ ഗാമണ്‍ ഇന്ത്യയുടെ ടോള്‍ പിരിവ് അവസാനിപ്പിക്കുമെന്നു ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ഇന്നലെ രാവിലെ എറണാകുളം പ്രസ് ക്ലബില്‍ ഗാമണ്‍ ഇന്ത്യ വാര്‍ത്താ സമ്മേളനം വെച്ചിരുന്നു. സ്റ്റീവ് എന്നയാളാണ് ഗാമണ്‍ ഇന്ത്യയ്‌ക്കു വേണ്ടി പത്രസമ്മേളനം ബുക്ക് ചെയ്‌തത്.
ഗാമണ്‍ ഇന്ത്യയുടെ പ്രതീകരണത്തിനുവേണ്ടി കാത്തിരുന്ന മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ എത്തിയ കമ്പനി പ്രതിനിധിയായ വിനോദ് ബാറക്ക് നാടകീയ രംഗങ്ങള്‍ സൃഷ്‌ടിക്കുയായിരുന്നു കയ്യീല്‍ പത്രക്കുറിപ്പുമായി എത്തിയ വിനോദ് ഒരു നിമിഷം ടിവി ചാനലുകള്‍ക്കു മുന്നില്‍ പകച്ചു. തുടര്‍ന്നു പത്രസമ്മേളനം നടത്തുകയില്ലെന്നും തന്റെ ചിത്രം എടുക്കുന്നതില്‍ നിന്നും ചാനലുകളെ വിലക്കുകയും ചെയ്‌ത ശേഷം ഇറങ്ങിപ്പോക്ക് നടത്തുകയും ചെയ്‌തു. ആദ്യം പത്രക്കുറിപ്പ് നല്‍കുമെന്നായിരുന്നു മറുപടി .പിന്നെ മുംബൈയില്‍ നിന്നുള്ള ഓഫീസില്‍ നിന്നും അനുമതി കിട്ടിയട്ടില്ലെന്നാണ് പകച്ചു നിന്ന വിനോദ് ബാറക്കിന്റെ മറുപടി. താഴെ കാറില്‍ കയറി ഇരുന്ന വിനോദ് ഇക്കാര്യം പറയുന്നതിനു കമ്പനിയുടെ അഭിഭാഷകന്‍ പ്രകാശ് പി.ജോര്‍ജിനെ ചുമതലപ്പെടുത്തിയതായി തുടര്‍ന്നു അറിയിച്ചു.എന്നാല്‍ പ്രകാശ് പി.ജോര്‍ജിന്റെ മൊബൈലും അദ്ദേഹത്തിന്റെ നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിലെ ഓഫീസിലെ ലാന്‍ഡ് ഫോണും നിമിഷങ്ങള്‍ക്കുള്ളില്‍ നിശബ്‌ദമായി.
ഗാമണ്‍ ഇന്ത്യയുടെ മറൈന്‍ഡ്രൈവിലെ ഓഫീസിലും ഫോണ്‍ നിശബ്‌ദമായി.
30 കോടി രൂപ മാത്രം ചെലവില്‍ നിര്‍മ്മിച്ച ബിഒടി പാലത്തില്‍ നിന്നും കണക്കു പറയുന്നതു മാത്രം 43.94 കോടി രൂപ പിരിച്ചുവെന്നാണ്. എന്നാല്‍ ഇപ്പോഴും നഷ്‌ടമാണെന്ന ഗാമണ്‍ ഇന്ത്യയുടെ വാദം സര്‍ക്കാരില്‍ നിന്നും നഷ്‌ടപരിഹാരം സ്വന്തമാക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കുന്നു. ഇതിനു പിന്നില്‍ രാഷ്‌ടീയ രംഗത്തെ ഉന്നതരുടെ പങ്കും സംശയിക്കുന്നു.
മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ തയ്യാര്‍: ഉമ്മന്‍ ചാണ്ടി
കൊച്ചി:സംസ്ഥാന സര്‍ക്കാര്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എം.ഇ.എസ് ഗോള്‍ഡന്‍ ജൂബിലി ആഘോഷ പ്രഖ്യപനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യാസക്തി കുറയാതെ മദ്യനിരോധം സാധ്യമാകില്ലെന്നും സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തില്‍ നിന്ന് ലഭിക്കുന്നതിന്‍െറ ഇരട്ടിയാണ് സമൂഹത്തിന് അതിന്‍െറ തിക്ത ഫലത്തിലുടെ നഷ്ടമാകുന്നത്. മദ്യാസക്തി കുറക്കാതെ മദ്യനിരോധനത്തിലേക്ക് പോകാനാവില്ല. അത് കൂടുതല്‍ ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കും. മദ്യത്തിന്‍െറ ലഭ്യത കുറക്കുക എന്നതാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. ബോധവത്‌കരണത്തോടൊപ്പം ഘട്ടം ഘട്ടമായി മദ്യ നിരോധനം ഉണ്ടാക്കുകയാണ് വേണ്ടത്. നാടുനീളെ മദ്യം ഒഴുക്കിയിട്ട് മദ്യനിരോധനം പറഞ്ഞിട്ട് കാര്യമില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുതായി ഒരു ബിവറേജസ് ഔട്ട്‌ലെറ്റുകളും തുടങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇനി പുതുതായി ത്രീസ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് കൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫൈവ്‌സ്‌റ്റാര്‍ ബാറുകള്‍ അല്ലാതെ ഇനി ഒരു ബാറും അനുവദിക്കില്ല. ഫൈവ്‌സ്‌റ്റാര്‍ ബാറുകള്‍ക്ക് അംഗീകാരം കൊടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നിലപാട് പൂര്‍ണമായി വ്യക്തമാക്കികഴിഞ്ഞുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അറിവിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതി കൈവരിക്കാനാകൂ. സൗജന്യങ്ങള്‍കൊണ്ടു മാത്രം ഒരിക്കലും ഒരു സമൂഹമോ സമുദായമോ ശാശ്വത പുരോഗതി നേടിയിട്ടില്ല. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ അത് കൈവരിക്കാനാവൂ. 50 വര്‍ഷം മുമ്പ് അത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ എം.ഇ.എസിന് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. എം.ഇ.എസ് പ്രസിഡന്‍റ് ഡോ.പി.എ. ഫസല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കെ. ബാബു, ജസ്‌റ്റിസ് സി.കെ. അബ്ദുല്‍ റഹീം, കൊച്ചി മേയര്‍ ടോണി ചമ്മിണി, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ടി എം സക്കീര്‍ ഹുസൈന്‍, വി എസ് സെയ്‌തുമുഹമ്മദ്, എം എം അഷ്‌റഫ്, അഡ്വ. സി കെ ആരിഫ്, വി മൊയ്‌തുട്ടി, കെ എം ഖാലിദ്, അഡ്വ. അബു മൊയ്‌തീന്‍, കെ എസ് അബ്‌ദുല്‍ കരീം, പ്രൊഫസര്‍ പി ഒ ജെ ലബ്ബ, ടി പി ഇമ്പിച്ചഹമ്മദ്, എ എം അബൂബക്കര്‍, എം അലി, പുന്നല ശ്രീകുമാര്‍, സി ടി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. എം ഇ എസ് എറണാകുളം ജില്ലാ കമ്മിറ്റി മറൈന്‍ഡ്രൈവില്‍ ഒരുക്കിയ അഖിലേന്ത്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഇന്ന് സമാപിക്കും. മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, നയതന്ത്ര വിദഗ്‌ധന്‍ ടി പി ശ്രീനിവാസന്‍ എന്നിവര്‍ ഇന്ന് വിവിധ സെഷനുകളില്‍ പ്രസംഗിക്കും.
ബിഒടി പാലത്തിലെ ടോള്‍ പിരിവ് നിര്‍ത്തില്ലെന്ന് ഗാമണ്‍
കൊച്ചി
മട്ടാഞ്ചേരി ബിഒടി പാലത്തിലെ ടോള്‍ പിരിവ് നിര്‍ത്തില്ലെന്ന് ഗാമണ്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട് കൊച്ചിന്‍ ബ്രിഡ്‌ജസ് ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ കമ്പനി ലിമിറ്റഡ് (സിബിഐസിഎല്‍ ) വാര്‍ത്താകുറിപ്പ് പുറത്തിറക്കി.
ജിസിഡിഎയെയും കേരള സര്‍ക്കാരിനെയും കുറിപ്പില്‍ വിമര്‍ശിച്ചു. കരാര്‍ ലംഘിച്ചുകൊണ്ട് സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാണിച്ചതായും വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
1999 ഒക്‌ടോബര്‍ 27നു പദ്ധതി സംബന്ധിച്ചു കരാറാകുകയും ബിഒടി വ്യവസ്ഥയില്‍ പണി ആരംഭിക്കുന്നതിനു ഗാമണ്‍ ഇന്ത്യയെ ചുമതലപ്പെടുത്തിക്കൊണ്ട് 2001 ജനുവരി ആറിനു കരാര്‍ ഉണ്ടാക്കുകയും ചെയ്‌തു. ജിസിഡിഎ,ഗാമണ്‍ ഇന്ത്യ,കേരള സര്‍ക്കാര്‍ ,കൊച്ചിന്‍ ബ്രിഡ്‌ജ്‌സ് ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ കമ്പനി എന്നിവയുടെ പ്രതിനിധികളാണ് ഇടക്കാല കരാറില്‍ ഒപ്പുവെച്ചത്. പ്രതീക്ഷിച്ചതിനും നേരത്തെ 2001 ഓഗസ്റ്റ്18നു പൂര്‍ത്തിയാക്കിയ പാലം ഓഗസ്റ്റ് 20നു ഉദ്‌ഘാടനം നടത്തി.13 വര്‍ഷവും ഒന്‍പതു മാസവും ടോള്‍ പിരിവ് നടത്താനുള്ള അധികാരം ഗാമണ്‍ ഇന്ത്യ തുടര്‍ന്നു സിബിഐസിഎലിനു വിട്ടുകൊടുത്തു. ഇതനുസരിച്ച് ഓരോ വര്‍ഷവും ടോള്‍ നിരക്കും പാസിന്റെ നിരക്കും കൂട്ടുവാനുള്ള അധികാരവും സിബിഐസിഎല്ലിനു കൈമാറി. എന്നാല്‍ പിന്നീട് 2005 ജനുവരി 24നു കേരള സര്‍ക്കാര്‍ ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള അധികാരം റദ്ദാക്കി.പകരം ആറു വര്‍ഷത്തേക്ക് വര്‍ഷം 1.54 കോടി രൂപ വീതം നിശ്ചിത തുക നല്‍കാമെന്നു സമ്മതിക്കുകയായിരുന്നു.എന്നാല്‍ മൂന്നുവര്‍ഷത്തോളം ഈ തുക ലഭിക്കാതിരുന്നതിനാല്‍ കോടതി 2008 ജനുവരിയില്‍ ആര്‍ബിട്രേഷനെ ചുമതലപ്പെടുത്തുകയായിരുന്നു.ആര്‍ബിട്രേഷന്‍ നിശ്ചിയിച്ചതു പ്രകാരം 2011 സെപ്‌തംബറില്‍ ടോള്‍ പിരിവ് തുടരുവാനുള്ള അധികാരം സിബിഐസിഎലിനാണെന്നു വ്യക്തമാക്കുകയും ചെയ്‌തു.ആര്‍ബിട്രേഷന്റെ ഈ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു സിബിഐസിഎല്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു അടുത്ത ചൊവ്വാഴ്‌ച വിചാരണയ്‌ക്കു വെച്ചിരിക്കുന്ന സാഹചര്യത്തിലാണ് ജിസിഡിഎയുടെ ടോള്‍ പിരിവ് നിര്‍ത്താനുള്ള തീരുമാനമെന്നും സിബിഐസിഎല്‍ ആരോപിച്ചു.
കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ ചിരിക്കൂട്ടത്തിനു ഇന്നു മൂന്നാം വാര്‍ഷികം ഇന്ന്
കൊച്ചി
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ചിരിക്കൂട്ടായ്‌മ ആയ കൊച്ചിന്‍ ലാഫ്‌റ്റര്‍ യോഗയുടെ മൂന്നാമത് വാര്‍ഷികവും കുടുംബ സംഗമ പരിപാടികളും ഇന്ന്
രണ്ട് സെഷനുകളിലായി സ്റ്റെല്ല മേരീസ് എന്ന നൗകയിലാണ് വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഈ കൂട്ടായ്‌മയുടെ സ്ഥാപകനായ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കേക്ക് മുറിച്ച് വാര്‍ഷിക യോഗം ഉദ്‌ഘാടനം ചെയ്യും. 2011ല്‍ നാലു പേരുമായിട്ടായിരുന്നു കൊച്ചിന്‍ ലാഫ്‌റ്റര്‍ യോഗയുടെ തുടക്കം. മാളയില്‍ നിന്നും എത്തിയ ട്രെയ്‌നറുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തുടക്കമിട്ട ഈ ചിരിക്കൂട്ടായ്‌മയ്‌ക്കു ഇന്ന് സമൂഹത്തിലെ വിവിധ തട്ടുകളില്‍ നിന്നും വിവിധ പ്രായത്തില്‍പ്പെട്ട ,പര്‍ദ അണിഞ്ഞ സ്‌ത്രികള്‍ അടക്കം നൂറിലേറെപ്പേരുണ്ട്.
നെഹ്‌റു സ്റ്റേഡിയത്തിലെ സ്ഥിരം ജോഗിങ്ങ് കാര്‍ക്കു ഇവര്‍ ആദ്യം അത്ഭുതവും പിന്നെ തമാശയുമായിരുന്നു. തുടക്കത്തില്‍ ഈ ചിരിക്കൂട്ടായ്‌മക്കെതിരെ പ്രതിഷേധക്കാരും തുടക്കത്തില്‍ ഉണ്ടായിരുന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മാടിവിളിച്ചാണ് പലരേയും ഇതിലേക്കു അടുപ്പിച്ചത്. വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും ഈ കൂട്ടായ്‌മയെക്കുറിച്ചു കേട്ടറിഞ്ഞതോടെയാണ് ജനങ്ങള്‍ ചിരിയുടെ ഔഷധഗുണത്തെക്കുറിച്ചു ബോധവാന്മാരായത്. ഇതോടെ സ്റ്റേഡിയത്തിനു ചുറ്റും നടക്കാന്‍ വന്ന പലരും ഇതില്‍ ചേര്‍ന്നു തുടങ്ങി.
ബ്രീത്തിങ്ങ് എക്‌സര്‍സൈസ് ആണ് ഇതിലെ മുഖ്യ ഇനം. അതേപോലെ പല തരം ചിരികളും സയലന്റ് ചിരി മുതല്‍ പൂരത്തിന്റെ അമിട്ടു പൊട്ടുന്നതുപോലുള്ള ചിരിയും ഒരു മണിക്കൂര്‍ നീളുന്ന ഈ യോഗയില്‍ വരുന്നു. ചാര്‍ലി ചാപ്ലിന്‍ ചിരി,വണ്‍മീറ്റര്‍ ചിരി, നമസ്‌തേ ചിരി, വില്ലന്‍ ചിരി,ഡമരു ചിരി, ചാമ്പ്യന്‍ ലാഫ്, ചെന്നായ് ലാഫ്, ഗുരു ലാഫ്, ഹിപ്പ് ലാഫ്, സ്വിമ്മിങ്ങ് ലാഫ്, ലയണ്‍ ലാഫ്,രാജസ്ഥാന്‍ മാര്‍ബിള്‍ ലാഫ്,ജപ്പാന്‍ ലാഫ്,സിംഗപ്പൂര്‍ ലാഫ് എന്നിങ്ങനെ വിവിധ തരം ചിരികള്‍ക്കു കൂട്ടായി ഡീപ് ബ്രീത്ത്, കരാട്ടെ,ഷോള്‍ഡര്‍ എക്‌സര്‍സൈസ്,നെക്ക് എക്‌സര്‍സൈസ് തുടങ്ങിയ നിരവധി വ്യായമമുറകളും ഒരുമണിക്കൂര്‍ നിളം വരുന്ന ഈ യോഗ ക്ലാസില്‍ വരുന്നു.
ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ എട്ടുവരെ രാജ്യാന്തര സ്റ്റേഡിയത്തിലെ ഹെലിപാഡില്‍ ട്രെയ്‌നര്‍ പി.ആര്‍ നായര്‍ യോഗ ക്ലാസുകളും നടത്തുന്നു. കൊച്ചിന്‍ ലാഫ്‌റ്റര്‍ യോഗയുടെ ലോഗോ പ്രകാശനവും ലാഫ്‌റ്റര്‍ യോഗയുടെതായി പ്രത്യേകം ഡിസൈന്‍ ചെയ്‌തിട്ടുള്ള ടീ ഷര്‍ട്ടും ഇന്നലെ എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലാഫ്‌റ്റര്‍ യോഗ പ്രസിഡന്റ് ബേബി കൊട്ടാരത്തില്‍ പുറത്തിറക്കി.
2014 ഏപ്രിൽ 25, വെള്ളിയാഴ്‌ച
വിലക്കിന് തുടക്കമിട്ടത് ഫെഫ്‌കയും അമ്മയും -വിനയന്‍
കൊച്ചി
മലയാള സിനിമ കണ്ട മഹാനായ നടന്‍ തിലകനെ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കിയ ഫെഫ്‌കയും അമ്മയുമാണ് ഇപ്പോള്‍ ഒരു സൂപ്പര്‍ താര ചിത്രത്തിനു എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ മലയാള സിനിമ സ്‌തംഭിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നതെന്ന് സംവിധായകന്‍ വിനയന്‍.
തിലകന്‍ എന്ന നടന്‍ മരിച്ചെന്നും അദ്ദേഹം അഭിനയിക്കുന്ന ചിത്രത്തില്‍ സഹകരിക്കില്ലെന്നും ഫെഫ്‌കയുടെ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണന്‍ പറഞ്ഞപ്പോള്‍ പ്രതീകരിക്കാന്‍ സുകുമാര്‍ അഴിക്കേട് അല്ലാതെ മറ്റൊരു സാംസ്‌കാരിക നേതാവും മുന്നോട്ടുവന്നില്ലെന്നും വിനയന്‍ പറഞ്ഞു. മരിക്കുന്നതുവരെ താനൊരു കമ്യൂണിസ്റ്റാണെന്നു അഭിമാനിച്ചിരുന്ന തിലകനുവേണ്ടി ഒരു കമ്യുണിസ്റ്റുകാരനും ഉണ്ടായില്ല. ഇപ്പോള്‍ ഇന്നസെന്റിനെ ചുമന്നുകൊണ്ടു നടക്കുന്നു. വീടിന്റെ ഗേറ്റ് കടന്നുവരുന്ന ആരോടും പ്രതിഫലതുക വാങ്ങുന്നയാളാണ് ഇന്നസെന്റ്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി തന്നെ വിലക്കിയിരിക്കുന്ന ഫെഫ്‌കയും അമ്മയും തന്റെ കൂടെ സഹകരിച്ചതിനു നിരവധി കലാകാരന്മാരെ വിലക്കിയിട്ടുണ്ട്. അമ്മ സെക്രട്ടറി ഇന്നസെന്റ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു ഷമ്മി തിലകന്‍ പോലും പ്രതിഫല തുക മടക്കി നല്‍കി തന്റെ പുതിയ ചിത്രമായ ലിറ്റില്‍ സൂപ്പര്‍മാനില്‍ അഭിനയിക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞു പോയതായും വിനയന്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ് വിലക്കിയതാണ് ഫാസിസം എന്നു പറയുന്നവര്‍ കഴിഞ്ഞകാലങ്ങളിലേക്കു തിരിഞ്ഞുനോക്കണം. വിനയന്റെ ചിത്രങ്ങള്‍ ഞങ്ങള്‍ വിലക്കില്ലെ എന്നു തന്റേടത്തോടെ പറഞ്ഞ സംഘടനയാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ . ലിബര്‍ട്ടി ബഷീര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്നു പറയുന്ന ഇന്നസെന്റിനോട് നിങ്ങളുടെ സെക്രട്ടറി മോഹന്‍ലാലിന്റെ ചിത്രം പ്രദര്‍ശിപ്പിക്കില്ല എന്നു പറയാന്‍ ബഷീറിനും അവകാശമുണ്ടെന്നു വിനയന്‍ പറഞ്ഞു.
ഡ്രാക്കുള എന്ന തന്റെ ചിത്രത്തിന്റെ ഫൈനല്‍ മിക്‌സിംഗ് ചെന്നൈയിലെ പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ നടക്കുമ്പോള്‍ അതു വിലക്കിയത് ബി.ഉണ്ണികൃഷ്‌ണനാണെന്ന് വിനയന്‍ ആരോപിച്ചു.
സിനിമ രംഗത്തെ ഫാസിസ്റ്റുകളായ ഇന്നസെന്റും ഉണ്ണികൃഷ്‌ണനും വിലക്കുവന്നപ്പോള്‍ വേവലാതി കൊള്ളുകയാണ്. ഇവരുടെ തനിനിറം ജനങ്ങളെ അറിയിക്കണം എന്നു വിതരണക്കാരും ടെക്‌നീഷ്യന്മാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതീകരിക്കേണ്ടിവന്നതെന്നു വിനയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാറ്റലൈറ്റ് അവകാശം അടക്കം നിരവധി പ്രധാന പ്രശ്‌നങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍
നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായ സുരേഷ് കുമാറിനു ഇപ്പോള്‍ വലുത് ഉണ്ണികൃഷ്‌ണന്റെയും മോഹന്‍ലാലിന്റെയും പ്രശ്‌നങ്ങളാണ്.മിസ്റ്റര്‍ ഫ്രോഡിനു വേണ്ടി ഇറങ്ങിത്തിരിച്ചതിന്റെ രഹസ്യ അജണ്ട സൂപ്പര്‍ താരങ്ങളോടുള്ള വിധേയത്വം ആണെന്നു വിനയന്‍ കുറ്റപ്പെടുത്തി.
അമ്മയുടേയും ഫെഫ്‌കയുടേയും കാലം കഴിഞ്ഞുവെന്നും പുതിയ താരനിരയും പുതിയ ടെക്‌നീഷ്യന്മാരും അവസരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയാണെന്നും വിനയന്‍ ഓര്‍മ്മിപ്പിച്ചു.
കൊച്ചി നഗരസഭ ജിസിഡിഎയെ പ്രതികാരദാഹവുമായി വേട്ടയാടുന്നു
കൊച്ചി
ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി (ജിസിഡിഎ ) നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളോട് പ്രതികാരദാഹവുമായി വേട്ടയാടുന്ന സമീപനത്തില്‍ നിന്നും കൊച്ചി നഗരസഭ പിന്മാറണമെന്ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍. അംബേദ്‌കര്‍ സ്റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും കിന്‍കോ ജെട്ടി നിര്‍മ്മാണത്തിനും കൊച്ചി നഗരസഭ പാരവെക്കുകയാണെന്നു ജിസിഡിഎ .
പൊതുമേഖലാ സ്ഥാപനങ്ങളോട് കൊച്ചി നഗരസഭയുടെ സമീപനം പുനഃപരിശോധനയ്‌ക്കു വിധേയമാക്കണമെന്ന് എന്‍.വേണുഗോപാല്‍ അഭ്യര്‍ത്ഥിച്ചു. മേയറുടെ ഭാഗത്തു നിന്നും അറിവ് കുറവോ , ഈഗോയോ ആയിരിക്കാം എന്നും അദ്ദേഹം പറഞ്ഞു
കൊച്ചിന്‍ കോര്‍പ്പറേഷന്റെ നടപടികള്‍മൂലം ജിസിഡിഎയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചുപോകുന്നതിനു കാരണമായിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കിന്‍കോ ജെട്ടിയില്‍ വാക്ക് വേയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് കിന്‍കോ കൊച്ചി നഗരസഭയുടെ മുന്നില്‍ സമര്‍പ്പിച്ച പ്ലാന്‍ ഒന്നരവര്‍ഷമായി.എന്നാല്‍ ബോട്ട് ജെട്ടി അവിടെ പാടില്ല എന്നാണ് നഗരസഭയുടെ വാദം.കൊച്ചിന്‍ കോര്‍പ്പറേഷന്റെ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ബോട്ട് ജെട്ടി ഏങ്ങനെയാണ് എംജി റോഡില്‍ പണിയുന്നതെന്നു എന്‍.വേണുഗോപല്‍ ചോദിച്ചു.
ബോട്ട് ജെട്ടി പണികഴിഞ്ഞാല്‍ മാത്രമെ ജിസിഡിഎയുടെ വാക്ക് വേ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ നഗരസഭയുടെ ഈ നടപടി കാരണം പണി തടസപ്പെട്ടു നില്‍ക്കുകയാണ്.
അതേപോലെ അംബേദ്‌കര്‍ സ്റ്റേഡിയിത്തില്‍ കഴിഞ്ഞ ഒരുവര്‍ഷം മുന്‍പ് കെഎഫ്‌എയുമായി ചേര്‍ന്നു ഒരു കരാര്‍ ഉണ്ടാക്കി.ആ കരാര്‍ പ്രകാരം 120 മീറ്റര്‍ നീളവും 80 മീറ്റര്‍ വീതിയും വരുന്ന ഗ്രൗണ്ട് ഉണ്ടാക്കണമെങ്കില്‍ നിലവിലെ നാശോത്മുഖമായ ഗാലറി പൊളിച്ചു നീക്കേണ്ടിവരും. ഗാലറിയുടെ അടിയില്‍ 32 കടക്കാരുണ്ട്. ഇവരെ പുനഃരധിവസിപ്പിക്കേണ്ടിവരും. അതേപോലെ ലോക ജൂനിയര്‍ ലോകകപ്പിന്റെ വേദിയ്‌ക്കു വേണ്ടി മത്സരിക്കുന്ന കൊച്ചിയുടെ നെഹ്‌രു സ്റ്റേഡിയം കഴിഞ്ഞാല്‍ എടുത്തു പറയേണ്ട ഗ്രൗണ്ടാണ് അംബേദകര്‍ സ്റ്റേഡിയം.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച പ്ലാന്‍ നല്‍കിയപ്പോള്‍ ഉടമസ്ഥ അവകാശം ,രേഖ ,സത്യവാങ്‌മൂലം എന്നിങ്ങനെ ഒരു സ്വകാര്യമുതലാളിയോട് ആവശ്യപ്പെടുന്നതുപോലെ ജിസിഡിഎയോട് ചോദിച്ചിരിക്കുന്നുവെന്നു വേണുഗോപാല്‍ പറഞ്ഞു.
അതേസമയം ജിസിഡിഎ ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയായി വരുന്നതായും വേണുഗോപാല്‍ പറഞ്ഞു. ബണ്ട് റോഡിന്റെ പണി ഏകദേശം പൂര്‍ത്തിയായി. ഏതാണ്ട് 600 മീറ്റര്‍ വരുന്ന ഭൂമി ശാസ്‌ത്രി നഗറില്‍ നിന്നും വള്ളോന്‍ റോഡുവരെയുള്ള പണികള്‍ അവസാനഘട്ടത്തിലാണ്. ഡ്രെയ്‌നേജ് സംവിധാനവും കലുങ്കിന്റെ പണികളും പൂര്‍ത്തിയായി. ഒരുമാസത്തിനകം പൂര്‍ത്തിയാക്കും.
മറ്റൊരു പദ്ധതി സൗത്ത് മേല്‍പ്പാലത്തിന്റെ കിഴക്കേകവാടത്തില്‍ നിന്നും കടവന്ത്ര ഭാഗത്തേക്കു കയറുവാനുള്ള റോഡിലേക്കു കയറുവാന്‍ ഒരു കാല്‍നടപാത മാത്രമെയുള്ളു. അതിനുപരിഹാരമായി കടവന്ത്ര മാര്‍ക്കറ്റിനോടു ചേര്‍ന്ന് വീതി കൂടിയ ഒരു പാലത്തിന്റെ നിര്‍മ്മാണം കഴിഞ്ഞ ഒരാഴ്‌ചയായി ആരംഭിച്ചു. ആറുമാസത്തിനുള്ളില്‍ ആ പാലം കിഴക്കേ കവാടത്തില്‍ നിന്നും മികടവന്ത്രയിലേക്കുള്ള പ്രധാന പാതയായി മാറുമെന്നു എന്‍.വേണുഗോപാല്‍ പറഞ്ഞു.
രാജേന്ദ്രമൈതാനത്തെ ലേസര്‍ ഷോയുടെ പണിക്ക്# ആദ്യ ഘട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്നും പൗരപ്രമുഖന്മാരില്‍ നിന്നും എതിര്‍പ്പും ആശങ്കകളും ഉണ്ടായിരുന്നു. കാര്യങ്ങള്‍ അവര്‍ക്ക് ബോധ്യപ്പെട്ടതോടുകൂടി അവരെല്ലാം ഇപ്പോള്‍ സമ്മതിച്ചതായും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു. ഇടതു യുവജന സംഘടനകളുമായും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായും എന്‍.വേണുഗോപാല്‍ പറഞ്ഞു.
32 ദിവസങ്ങള്‍ക്കു മുന്‍പ് കോര്‍പ്പറേഷന്‍ ഇതുസംബന്ധിച്ചു പ്ലാന്‍ വേണമെന്നു പറഞ്ഞു. മേല്‍ക്കൂരയില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒന്നര അടി ഉയരമുള്ള ഒരു തൂണ്‍ മാത്രമാണ് അവിടെ ഉള്ളത്. അവിടെ വേറെ ഒരു നിര്‍മ്മാണവും നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കൊച്ചി നഗരസഭ പണി നിര്‍ത്തിവെക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കിയതായും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇനി പണി എല്ലാം കഴിഞ്ഞു.ഇനി ലേസര്‍ മെഷീന്‍ ഘടിപ്പിക്കേണ്ട പണി മാത്രമെ നടക്കാനുള്ളു. ഇക്കാര്യത്തില്‍ കോര്‍പ്പറേഷനു റോളില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
അതേസമയം ജിസിഡിഎ കോര്‍പ്പറേഷനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന മറൈന്‍ഡ്രൈവില്‍ നിന്നും രണ്ട് റോഡുകള്‍ കടന്നുവരുന്ന സ്‌കൈവാക്കിന്റെ കാര്യം ചക്കുളത്തി പോരില്‍ സംശയകരമായി. പിഡബ്ലുഡിയില്‍ നിന്നും മറ്റു സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും അനുവാദം കിട്ടിയാലും മേയര്‍ ടോണി ചമ്മിണി ഒപ്പുവെക്കില്ല.
ബിഒടി പാലത്തിലെ ടോള്‍ കൊള്ളയടി 27നു വൈകിട്ട് അഞ്ചിനു അവസാനിക്കും
പശ്ചിമകൊച്ചിയിലെ ജനങ്ങളുടെ നിരന്തര പ്രക്ഷോഭങ്ങളുടെ വേദിയായ തൊപ്പുംപടി ബിഒടി പാലത്തിലെ വിവാദ ടോള്‍ പിരിവ് 27നു വൈകിട്ട് അഞ്ചുമണിക്ക് അവസാനിപ്പിക്കുമെന്ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ അറിയിച്ചു.
കരാറുകാരായ ഗാമണ്‍ ഇന്ത്യയുടേയും സര്‍ക്കാരിന്റെ പ്രതിനിധികളും ജിസിഡിഎയും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് നിര്‍മ്മാണ കാലാവധി കഴിഞ്ഞിട്ടും 13 വര്‍ഷവും ഒന്‍പത് മാസവും എന്ന കാലാവധിയില്‍ ടോള്‍ പിരിച്ച് ഗാമണ്‍ ഇന്ത്യ ഒഴിയണം എന്നതാണ് കരാറില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ 2000 ജൂലൈ 27നു പാലത്തില്‍ ടോള്‍ പിരിക്കുന്നതിനുള്ള സജ്ജീകരണത്തോടു കൂടി പാലം പണി പൂര്‍ത്തിയാക്കി. 15-9-2001ലാണ് ടോളിന്റെ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. നിലനില്‍ക്കുന്ന നിയമം അനുസരിച്ച് ഏതെങ്കിലും ഒരു ടോള്‍ പിരിവ് നടക്കണമെന്നുണ്ടെങ്കില്‍ നിയമത്തിലെ 24-#ാമത്തെ വകുപ്പ് അനുസരിച്ച് വിജ്ഞാപനം നടത്തണമെന്നും ,ആ വിജ്ഞാപനം എത്രകാലത്തേക്കാണ് അത്രയും നാള്‍ ടോള്‍ പിരിക്കാമെന്നുള്ളതാണ്. മട്ടാഞ്ചേരി ബിഒടി പാലത്തെ സംബന്ധിച്ചിടത്തോളം 13 വര്‍ഷവും ഒന്‍പതു മാസവും എന്ന വിജ്ഞാപനം കരാര്‍ അനുസരിച്ച് 27-7-2000ല്‍ ആരംഭിച്ച് 27-4-2014ല്‍ അവസാനിക്കുന്ന കാലാവധിയാണ്.
ടോളിന്റെ സാമ്പത്തിക ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ജിസിഡിഎയ്‌ക്ക് തുടക്കം മുതല്‍ ഇന്നുവരെയുള്ള എല്ലാ കണക്കുകളും ,ഹൈക്കോടതിയുടെ ഇടപെടല്‍ വരുന്നതുവരെ മാസത്തില്‍ ഒരിക്കലും 2009ല്‍ ഹൈക്കോടതി ഇടപെട്ടതിനെ തുടര്‍ന്ന് എല്ലാ ദിവസത്തേയും കണക്കുകള്‍ ജിസിഡിഎ സ്വീകരിച്ചിട്ടുണ്ട്. ജിസിഡിഎയുടെ ഓഫീസില്‍ സമര്‍പ്പിക്കുന്നുണ്ട്.
ഗാമണ്‍ ഇന്ത്യയും ജിസിഡിഎയും തമ്മില്‍ ഒരു കരാര്‍ അല്ലാതെ ഒരു സംയുക്ത അക്കൗണ്ട് ഓപ്പറേഷന്‍ ബാങ്കില്‍ തുടങ്ങണമെന്ന ആവശ്യം ജിസിഡിഎയുടെ നിയമഉപദേശം മുഖേന അത് ആവശ്യമില്ലാത്ത സാമ്പത്തിക ബാധ്യതയ്‌ക്കു ഉത്തരം പറയേണ്ടിവരും ഏന്നതുകൊണ്ട് ഒരു അക്കൗണ്ട് സംയുക്തമായി ഓപ്പണ്‍ ചെയ്‌തിട്ടില്ല. എന്നാല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ എല്ലാ സമയത്തും ടോളിന്റെ നിരന്തരമായ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ജിസിഡിഎ നിയമിച്ചിട്ടുണ്ട്.
ഇന്നലെ വരെ 2009 വരെ തന്നിരിക്കുന്ന മാസങ്ങളിലുള്ള കണക്കും മാര്‍ച്ച് 31 വരെയുള്ള ദിവസേനയുള്ള കണക്കുകളും നോക്കിയാല്‍ 43 കോടി94 ലക്ഷം രൂപ ലഭിച്ചതിന്റെ കണക്കും ജിസിഡിഎ നല്‍കുന്ന ടിക്കറ്റിന്റെ കൗണ്ടറിന്റെ കണക്കുകളും ജിസിഡിഎയുടെ ഓഫീസില്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്.
കരാര്‍ അനുസരിച്ച് സാമ്പത്തിക ക്രമീകരണങ്ങളെ സംബന്ധിച്ച് ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ആ തര്‍ക്കങ്ങള്‍ ആര്‍ബിട്രേഷനു വിടണം എന്നതായിരുന്നു തീരുമാനം. ഹൈക്കോടതില്‍ ഗാമണ്‍ ഇന്ത്യ 2009ല്‍ സമര്‍പ്പിച്ച സാമ്പത്തിക തര്‍ക്കവിഷയങ്ങള്‍ സംബന്ധിച്ച് ഹൈക്കോടതി ആര്‍ബിട്രേഷന്‍ വഴി മൂന്നംഗ ആര്‍ബിട്രേഷന്‍ 2013 മാര്‍ച്ചില്‍ 16,17,18 ദിവസങ്ങളില്‍ കൂടാന്‍ തീരുമാനിച്ചിരുന്നു. അതിനുശേഷം ആര്‍ബിട്രേഷന്‍ ഇതുവരെ കൂടിയിട്ടില്ല.
സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഹൈക്കോടതിയിലേക്കു പോയതിനു പിന്നില്‍ 2001ലെ യുഡിഎഫ് ഗവണ്മന്റ്,അന്ന് ജനങ്ങളില്‍ നിന്നും കൂട്ടായ പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി ഒരു സബ് കമ്മിറ്റിയെ നിയമിച്ചിരുന്നു. മന്ത്രിസഭ സബ് കമ്മിറ്റിയുടെ നിര്‍ദ്ദേശത്തില്‍ വെച്ച് മള്‍ട്ടിപ്പില്‍ പാസ് എന്നുപറയുന്ന ഒരു പാസ് കൊണ്ടുവന്നു.എന്നാല്‍ ജനങ്ങള്‍ക്ക് അത് താങ്ങാന്‍ പറ്റാത്തതുകൊണ്ട് അന്ന് ഒന്നര കോടി രൂപവെച്ച് ഒരുവര്‍ഷവും ആറുവര്‍ഷത്തേക്കു കാലാവധി നീട്ടുകയും ചെയ്യുന്നതിനുള്ള മന്ത്രി സഭ തീരുമാനം 2000-03ല്‍ ഉണ്ടായി. എന്നാല്‍ ആ മന്ത്രി സഭ തീരുമാനം പല കാരണങ്ങള്‍ കൊണ്ട് നീട്ടിക്കൊണ്ടു പോകുകയും പിന്നീടു വന്ന മന്ത്രി സഭ ക്യാബിനറ്റില്‍ വെച്ചുതന്നെ ആ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുകയും ചെയ്‌തു.
അതുകൊണ്ടു തന്നെ നിലനില്‍ക്കുന്ന ജിസിഡിഎയുമായുള്ള കരാര്‍ ആണ് ഇതിനകത്തെ അന്തിമമായ വാക്ക്.
27വരെ മാത്രമെ ഈ പാലത്തില്‍ ടോള്‍ പിരിക്കാന്‍ പാടുള്ളു. അനധികൃത ടോള്‍ പിരിവ് ഒരു കാരണവശാലും ജിസിഡിഎയ്‌ക്കു അനുവദിക്കാനാവില്ല. അതുകൊണ്ടു തന്നെ 27നു വൈകുന്നേരം അഞ്ച്‌മണിക്ക് ടോള്‍ ബൂത്തുകള്‍ പൂട്ടുകയും കൊച്ചിയിലെ ജനങ്ങള്‍ക്ക് സ്വതന്ത്രമായി സാമ്പത്തിക ബാധ്യത ഇല്ലാത സഞ്ചരിക്കാനുള്ള സൗകര്യവും ജിസിഡിഎ തുറന്നുകൊടുക്കും.
കൊച്ചിയിലേക്കുള്ള യാത്രയില്‍ യുപി പാലം കഴിഞ്ഞ് മട്ടാഞ്ചേരിയിലേക്കു പോരുന്ന വഴിക്ക് കഴിഞ്ഞ 18വര്‍ഷക്കാലമായി നാഷണല്‍ ഹൈവെയുടെ പേരില്‍ ഒരു ടോള്‍ പിരിവ് നടക്കുന്നുണ്ട്. 14 വര്‍ഷത്തില്‍ കൂടുതല്‍ ടോള്‍ പിരിക്കരുത് എന്ന നിലനില്‍ക്കുന്ന നിയമങ്ങളെ ലംഘിച്ചുകൊണ്ട് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ യുപി പാലത്തിലെ ടോള്‍ പിരിവ് അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ജിസിഡിഎ ചെയര്‍മാനും പൊതുപ്രവര്‍ത്തകന്‍ എന്നിനിലയിലും എന്‍.വേണുഗോപാല്‍ ആവശ്യപ്പെട്ടു. ആ ടോള്‍ പിരിവ് എറണാകുളത്തെ ജനങ്ങളോ സാമൂഹ്യസംഘടനകളോ രാഷ്‌ട്രീയ സംഘടനകളോ കണ്ടില്ല എന്ന ഒരു ധാരണയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.
അനധികൃതമായ യുപി പാലത്തിലെ ടോള്‍ പിരിവ് അവസാനിപ്പിക്കണം
ജില്ലാ കോടതിയില്‍ നിന്നും ജിസിഡിഎയ്‌ക്കു ഒരു സമന്‍സ് വന്നിട്ടുണ്ട്. 30നു കോടതിയില്‍ ഹാജരാകുകയും അഡ്വക്കേറ്റ്‌സിന്റെ കൗണ്‍സില്‍ ടോള്‍ പിരവിനെ സംബന്ധിച്ചിട്ടുള്ള കാര്യങ്ങളുടെ പേരില്‍ ഒരു കാരണവശാലും വിട്ടുവീഴ്‌ചക്കു തയ്യാറല്ലെന്ന തീരുമാനം കോടതിയെ അറിയിക്കും. ഹൈക്കോടതിയില്‍ ഒരു നോട്ടീസ് കൊടുത്തിട്ടുള്ളതായി അറിയുന്നു. അതിനും ആവശ്യമായ അഭിഷകരെ നിയമിച്ചിട്ടുണ്ട്.
ഒരു കോടതിക്കും അനധികൃതമായ ടോള്‍പിരിവിനു അനുമതി കൊടുക്കാനുള്ള അവകാശം ഇല്ല.
ഗവണ്മന്റ് ആര്‍ബിട്രേഷന്റെ മുന്നില്‍ ഒരു സബ് കമ്മിറ്റി രൂപീകരിച്ചു . ഈ സബ് കമ്മിറ്റിയുടെ തീരുമാനം വരുന്നതുവരെ ആര്‍ബിട്രേഷന്റെ തുടര്‍ന്നുള്ള സിറ്റിംഗ് മാറ്റിവെച്ചാല്‍ കൊള്ളമെന്നുള്ള അഭിപ്രായം ആര്‍ബിട്രേഷനോടു പറഞ്ഞതിനെ തുടര്‍ന്നാണ് ആര്‍ബിട്രേഷന കഴിഞ്ഞ ഒരുവര്‍ഷമായി കൂടാതിരിക്കുന്നത്. ഗാമണ്‍ ഇന്ത്യയുടെ സീനിയറായ അഭിഭാഷകന്‍ ബറുച്യ ചെയര്‍മാനായ ആര്‍ബിട്രേഷനില്‍ കെ.ടി തോമസ്, നാരായണ സ്വാമി, കൃഷ്‌ണമൂര്‍ത്തി എന്നിവരാണ് ഉള്‍പ്പെടുന്നത്.
ആര്‍ബിട്രേഷന്‍ നിലനില്‍ക്കുന്ന കാലത്തോളം സര്‍ക്കാരിനു മറ്റൊരു തീരുമാനവും ഇക്കാര്യത്തില്‍ എടുക്കനാവില്ല.
കഴിഞ്ഞ ഒരുവര്‍ഷമായി ടോള്‍ പിരിവ് വളരെ കുറഞ്ഞു. 1,20,000 രൂപവരെ ലഭിച്ചുകൊണ്ടിരുന്ന ടോള്‍ പിന്നീട് കഴിഞ്ഞ ഒരുവര്‍ഷക്കാലമായി 70,000-80,000 രൂപവരെയായി കുറഞ്ഞിട്ടുണ്ട്. സ്വകാര്യ ഏജന്‍സിക്കു ടോള്‍ പിരിവ് നടത്തുന്നത് റോഡ് ഫണ്ട് ആക്‌ട് അനുസരിച്ചാണ് ടോള്‍ പിരിവ് നടത്തിവന്നിരുന്നത്
ടോള്‍ പിരിവ് നിര്‍ത്തുന്നതിന്റെ ഭാഗമായി ചേരുന്നയോഗത്തില്‍ പള്ളുരുത്തി എംഎല്‍എ ഡോമനിക് പ്രസന്റേഷന്‍, പശ്ചിമകൊച്ചിയിലെ കൗണ്‍സിലര്‍മാര്‍, സാമൂഹ്യസേവന സംഘടനകള്‍, രാഷ്‌ട്രീയപ്രവര്‍ത്തകര്‍,വ്യാപാരി വ്യവസായി സംഘടനകള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും ടോള്‍ പിരിവ് നിര്‍ത്തിയതായുള്ള ഫ്‌ളക്‌സ് സ്ഥാപിക്കുമെന്നും എന്‍.വേണുഗോപാല്‍ പറഞ്ഞു.
2014 ഏപ്രിൽ 23, ബുധനാഴ്‌ച
ഇടപ്പള്ളി പള്ളി വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുനാള്‍ 25 മുതല്‍ മെയ് 15വരെ
കൊച്ചി
ചരിത്ര പ്രസിദ്ധമായ ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാള്‍ ഈ മാസം 25 മുതല്‍ മെയ് 15വരെ ആചരിക്കും.
25നു വൈകിട്ട് 5.30നു തിരുനാളിനു കൊടികയറും പള്ളി വികാരി റവ.ഫാ.സെബാസ്റ്റ്യന്‍ വാഴപ്പിള്ളി മുഖ്യകാര്‍മ്മികനായിരിക്കും. തുടര്‍ന്നു ഓരോ ദിവസവും സാല്‍വേ ലദീഞ്ഞ്, നൊവേന,വാഴ്‌വ്, വിശുദ്ധ കുര്‍ബാന തുടങ്ങിയവ നടത്തപ്പെടും. മെയ് ഒന്നിനു രാവിലെ 10നു തിരുസ്വരൂപത്തില്‍ സ്വര്‍ണാഭരണം അണിയിക്കല്‍ വൈകിട്ട് 4.30നു ആഘോഷമായ തിരുസ്വരൂപം എഴുന്നുള്ളിക്കല്‍ ചടങ്ങുനടക്കും. മാര്‍ ജോസഫ് പുത്തന്‍ വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ മെയ് 3.4 തിയതികളില്‍ ആഘോഷപൂര്‍വം നടക്കും. മെയ് മൂന്നിനു വേസ്‌പര ദിനമായിരിക്കും. സഭയിലെ വൈദിക ശ്രേഷ്‌ഠര്‍ ഓരോ ദിവസത്തെയും പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
മെയ് 10.11 തീയതികളില്‍ എട്ടാമിടം ഫാ.മാത്യു വട്ടക്കുഴിയുടെ കാര്‍മ്മകത്വത്തില്‍ നടക്കും. മെയ് 15നു കൊടിയറങ്ങും.
25 ദിവസം നീളുന്ന പെരുന്നാളിനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു ഭക്തജനങ്ങളാണ് എത്തിച്ചേരുക.
കോഴിയാണ് ഇവിടത്തെ പ്രധാന നേര്‍ച്ച. സര്‍പ്പ ശല്യത്തില്‍ നിന്നും മാറാ രോഗങ്ങളില്‍ നിന്നും തങ്ങളെ രക്ഷിച്ചു പരിപാലിക്കുന്ന വിശുദ്ധ ഗീവര്‍ഗീസിനു വിശ്വാസികള്‍ കോഴികളെ നേര്‍ച്ചയായി നല്‍കുന്നു. സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ആള്‍രൂപങ്ങളും പാമ്പ്,മുട്ട എന്നിവയും വിവിധ മതസ്ഥര്‍ വിശുദ്ധനു നേര്‍ച്ചയായി സമര്‍പ്പിച്ചുവരുന്നു.
വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായ പട്ടണപ്രദക്ഷിണം, വ്യാപാരമേള എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനങ്ങളില്‍ പ്രസിദ്ധമായ നേര്‍ച്ച കോഴി പാചകം ചെയ്യുന്നതിനായി സെന്റ് ജോര്‍ജ് സ്‌കൂളില്‍ വിശാലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചുമന അമ്പലത്തിന്റെ പരിസരങ്ങളില്‍ ഒഴിച്ച് ബാക്കി സ്ഥലങ്ങളില്‍ നേര്‍ച്ച കോഴി പാചകത്തിനു പോലീസ് അനുമതി നല്‍കിയിട്ടുണ്ട്.മെട്രോ റെയില്‍ പണി നടക്കുന്നതിനാല്‍ വാഹന തിരക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോലീസ് ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഏപ്രില്‍ 25, മെയ്1,2,11 ദിനങ്ങളില്‍ തിരുക്കര്‍മ്മങ്ങളുടെ തല്‍സമയ സംപ്രേഷണം ഇടപ്പള്ളിചര്‍ച്ച്‌ഡോട്ട്‌ഒആര്‍ജി,ലൈവ്‌ഓണ്‍എയര്‍ഡോട്ട്‌ഇന്‍ എന്നീ വെബ്‌സൈറ്റുകളില്‍ ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ വികാരി ഫാ സെബാസ്റ്റ്യന്‍ വാഴപ്പിള്ളി, കൈക്കാരന്മാരായ മാര്‍ട്ടിന്‍ ഞാണയ്‌ക്കല്‍, ആന്റണി പരവര, പ്രസുദേന്തി തോമസ് അമ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന് ട്രാഫിക് വാര്‍ഡന്‍ പത്മിനി
കൊച്ചി
കണ്ണീരും കയ്യുമായി ട്രാഫിക് വാര്‍ഡന്‍ പത്മിനി വീണ്ടും വാര്‍ത്താ സമ്മേളനത്തിനെത്തി.
താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന വാദം വ്യാജമാണെന്നു ട്രാഫിക് വാര്‍ഡന്‍ പത്മിനി. ശ്വാസതടസം, സന്ധിവേദന തുടങ്ങിയ നിരവധി രോഗങ്ങളില്‍ വലയുന്ന താന്‍ ഗുളിക കഴിക്കുന്നതു പതിവാണെന്നും സംഭവം നടന്ന ദിവസം മാനസിക സംഘര്‍ഷം അധികം ആയതിനാല്‍ പതിവില്ലാത്തതില്‍ ഇരട്ടിയോളം ഗുളിക കഴിച്ചതാണ് ആശുപത്രിവരെ എത്തിച്ചതെന്നും പത്മിനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആറ് ഗുളികകള്‍ കഴിക്കുന്നതിനു പകരം 12ഓളം ഗുളികള്‍ കഴിച്ചു.ഇതോടെ അവശനിലയിലായ താന്‍ മകളെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലേക്കു പോയത്. തുടര്‍ന്നു മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിരുന്നു. ആത്മഹത്യ ചെയ്യണമായിരുന്നുവെങ്കില്‍ ഫാനില്‍ തൂങ്ങി ആത്മഹത്യചെയ്യാമായിരുന്നുവെന്നും പത്മിനി പറഞ്ഞു.
പത്മിനിയെ കതൃക്കടവില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ കാര്‍ യാത്രക്കാരനായ വിനോഷ് വര്‍ഗീസ് എന്ന കോണ്‍ഗ്രസ് നേതാവ് തല്ലിയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളെക്കുറിച്ചു അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് കേസുമതിയാക്കി അടങ്ങിയൊതുങ്ങി കഴിയാന്‍ ഉപദേശിച്ചതാണ് സമനില തെറ്റിച്ചതെന്നു പത്മിനി പറഞ്ഞു.
തന്റെ കേസിലെ ഒന്നാം സാക്ഷി ദീപു പിന്മാറിയതും ബന്ധുക്കളും സുഹൃത്തുക്കളും ഒറ്റപ്പെടുത്തിയതുമാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നു പത്മിനി കൂട്ടിച്ചേര്‍ത്തു. പ്രണയനൈരാശ്യവും മകളെ പോലും കാണുവാന്‍ സാധിക്കാതെ വന്നതും തന്റെ മാനസിക നിലയെ താളം തെറ്റിച്ചുവെന്നു പത്മിനി പറഞ്ഞു.ആത്മഹത്യ വാര്‍ത്ത വന്നതോടെ പത്മിനിയെ വിവാഹം കഴിച്ചു പോയ മകളും ഇതുവരെ തന്നെ സഹായിച്ചിരുന്ന മഹിളാ സംഘടനകളും കൈവിട്ടിരിക്കുകയാണെന്നു പത്മിനി പറഞ്ഞു.
പൊന്നുരുന്നി മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് നീക്കം ജനങ്ങള്‍ തടഞ്ഞു
കൊച്ചി
പൊന്നുരുന്നി മേല്‍പ്പാലത്തില്‍ ടോള്‍
പിരിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇതേ തുടര്‍ന്നു ടോള്‍
പിരിക്കാനുള്ള നീക്കം റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് കോര്‍പ്പറേഷന്‍ താല്‍ക്കാലികമായി
നിര്‍ത്തി.
പ്രതിഷേധത്തെ തുടര്‍ന്നു നിര്‍ത്തിവെച്ചിരുന്ന ടോള്‍ പിരിവ് രണ്ടു
ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ടോള്‍ പിരിവ്
നടന്നിരുന്നില്ല. എന്നാല്‍ ഇന്നലെ രാവിലെ മുതല്‍ റോഡ്‌സ് ആന്റ് ബ്രിഡ്‌ജ്‌സ്
കോര്‍പ്പറേഷന്‍ പുനരാംരംഭിക്കുകയായിരുന്നു. ടോള്‍ പിരിക്കുന്നതറിഞ്ഞ് നാട്ടുകാരും
ഡിവൈഎഫ്‌ഐ , എവൈഎഫ്‌ഐ പ്രതിഷേധവുമായി എത്തുകയായിരുന്നു പ്രതിഷേധം കണക്കിലെടുത്ത്
ശക്തമായ പോലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ടോളിലേക്കു ഇടിച്ചു കയറാന്‍
ശ്രമിച്ച പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു പോലീസും പ്രതിഷേധക്കാരും തമ്മില്‍ നേരിയ
ഉന്തും തള്ളും ഉണ്ടായി. ബിജെപി ,യുവ മോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധത്തില്‍
പങ്കെടുത്തു. റോഡില്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ ടോള്‍
പിരിക്കുന്നത് തടഞ്ഞു .തുടര്‍ന്നു റോഡ്‌സ് ആന്റ് ബ്രിഡ്‌ജ്‌സ് കോര്‍പ്പറേഷന്‍
അധികൃതര്‍ എത്തി ചര്‍ച്ച നടത്തിയ ശേഷം ടോള്‍ പിരിക്കുന്നതു താല്‍ക്കാലികമായി
നിര്‍ത്തിവെച്ചു. തുടര്‍ന്നു പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി.
25 കോടി
രൂപയ്‌ക്കാണ് റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് കോര്‍പ്പറേഷന്‍ പൊന്നുരുന്നി
മേല്‍പ്പാലം പൂര്‍ത്തിയാക്കിയിരിക്കുന്നത്.ഈ തുക 15 വര്‍ഷം കൊണ്ടു
പിരിച്ചെടുക്കാനാണ് റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് കോര്‍പ്പറേഷന്റെ തീരുമാനം.
എന്നാല്‍ പാലം നിര്‍മ്മാണം ജനറം പദ്ധതിയില്‍പ്പെടുത്തിയിരിക്കുന്തിനാല്‍
കേന്ദ്‌സഹായമായി അഞ്ച് കോടി രൂപയും റെയില്‍വെ വിഹിതമായി 10 കോടി രൂപയും
ലഭിക്കുമെന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.അതിനാല്‍ ടോള്‍ പിരിവ്
ജനങ്ങളെ ചൂഷണം ചെയ്യുന്നതാണെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു
ടോള്‍ പിരിക്കാന്‍
ആദ്യം നീക്കം വന്നപ്പോള്‍ മേയറുടെ ചേംബറില്‍ മേയറും എംഎല്‍എയും ചേര്‍ന്നു നടത്തിയ
യോഗത്തില്‍ ബാക്കി വരുന്ന അഞ്ച് കോടി രൂപയുടെ കാര്യത്തില്‍ സര്‍ക്കാരുമായി
സംസാരിച്ച ശേഷം കൊച്ചിന്‍ കോര്‍പ്പറേഷന്റെ കൗണ്‍സില്‍ ഇക്കാര്യം
തീരുമാനിക്കുമെന്നാണ്# അറിയിച്ചിരുന്നത്.
കൊര്‍പ്പറേഷന്‍ കൗണ്‍സില്‍
കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ടോള്‍ പിരിക്കേണ്ട എന്നു തീരുമാനിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് വീണ്ടും ടോള്‍ പിരിക്കാനുള്ള നീക്കം. ജനറം
പദ്ധതിയില്‍പെടുത്തി കേന്ദ്ര സര്‍ക്കാരില്‍ നിന്നും തുക വാങ്ങുന്നതിനു കെ.വി തോമസ്
എംപിയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം വാങ്ങുന്ന കാര്യത്തില്‍ ഹൈബി ഈഡന്‍
എംഎല്‍എയും കാണിച്ച വീഴ്‌ചയ്‌ക്കു ജനങ്ങള്‍ കപ്പം കൊടുക്കില്ലെന്നു സമരക്കാര്‍
പറഞ്ഞു
അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ രണ്ട് ടോള്‍ പിരിവ് കൊടുക്കേണ്ട
ഗതികേടിലാണ് കൊച്ചി നഗര വാസികള്‍. എന്നാല്‍ ഈ തുക ഒന്നും ലഭ്യമായിട്ടില്ലെന്നും
പൂര്‍ണമായി ലോണ്‍ എടുത്താണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നാണ്
റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് കോര്‍പ്പറേഷന്‍ അധികൃതര്‍
പറയുന്നത്.ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്‌തശേഷമാണ് ടോള്‍ പിരിവ്
പുനഃരാംരംഭിക്കാന്‍ തീരുമാനിച്ചതെന്നും റോഡ്‌സ് ആന്റ് ബ്രിഡ്‌ജസ് കോര്‍പ്പറേഷന്‍
അധികൃതര്‍ വ്യക്തമാക്കി.
2014 ഏപ്രിൽ 21, തിങ്കളാഴ്‌ച
വീട് പുതുക്കി പണിയുന്നവര്‍ക്ക് കെഎസ്‌ഇബിയുടെ ഇരുട്ടടി വരുന്നു
കൊച്ചി
ഗാര്‍ഹിക ഉപഭോക്താക്കളെ വട്ടം ചുറ്റിച്ചുകൊണ്ട് കെഎസ്‌ഇബി വീട് പുതുക്കിപണിയുന്നവരെ നിലവിലുള്ള കണ്‌ക്‌ഷനില്‍ നിന്നും മാറ്റി കണ്‍സ്‌ട്രക്‌ഷന്‍ തലത്തില്‍ 7എയില്‍ പെടുത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. ഇതോടെ പഴയ വൈദ്യുതി കണക്‌ഷന്‍ നമ്പര്‍ മാറ്റി പുതിയ തലത്തിലാക്കും. ഇതോടെ പഴയ സിഡി,ഒവൈസി എന്നിവ റദ്ദാക്കി പുതിയ സ്ലാബിലേക്കു മാറ്റും. നിലവില്‍ ഗാര്‍ഹിക ഉപഭോക്താവ് നല്‍കുന്ന തുകയുടെ മൂന്നിരട്ടി ഇതോടെ നല്‍കേണ്ടിവരുമെന്നും വീടുപണി പൂര്‍ത്തിയായാല്‍ വീണ്ടും ഗാര്‍ഹിക സ്‌ലാബിലേക്കു മാറുന്നതിനു വീണ്ടും രേഖളെല്ലാം ഹാജരാക്കേണ്ടി വരുമെന്നും കേരള ഇലക്‌ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്രവൈസേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് യാതൊരു യോഗ്യതയും ഇല്ലാത്ത അനധികൃത വയറിങ്ങ് തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കെഎസ്‌ഇബി സ്വീകരിച്ചിരിക്കുന്നതെന്നും കെഇഡബ്ല്യുഎസ്‌എ ആരോപിച്ചു. ലൈസന്‍സിങ്ങ ബോര്‍ഡിന്റെ പരീക്ഷ പാസായ അരലക്ഷത്തോളം പേരെ ഒഴിവാക്കിയാണ് വ്യാജ ഇലക്‌ട്രിക്കല്‍ തൊഴിലാളികള്‍ ഈ മേഖലയില്‍ കടന്നുകൂടിയിരിക്കുന്നത്.
അതേപോലെ എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മസ്‌ദൂര്‍ തസ്‌തികയില്‍ കയറിയവര്‍ ലൈന്‍മാന്‍, ഓവര്‍സിയര്‍, സബ് എഞ്ചിനയര്‍ വരെയാകുന്ന സ്ഥിതിവിശേഷവും നിലനില്‍ക്കുന്നുണ്ടെന്നു കേരള ഇലക്‌ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്രവൈസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു.
ഇതിനെതിരെ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് കേരള ഇലക്‌ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്രവൈസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.എസ് സജീവന്‍, ജനറല്‍ സെക്രട്ടറി പി.തമ്പാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)


































