കൊച്ചി
മലയാള സിനിമ കണ്ട മഹാനായ നടന്‍ തിലകനെ ക്രിസ്‌ത്യന്‍ ബ്രദേഴ്‌സ് എന്ന സിനിമയില്‍ അഭിനയിക്കുന്നതില്‍ നിന്നും വിലക്കിയ ഫെഫ്‌കയും അമ്മയുമാണ് ഇപ്പോള്‍ ഒരു സൂപ്പര്‍ താര ചിത്രത്തിനു എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ മലയാള സിനിമ സ്‌തംഭിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നതെന്ന് സംവിധായകന്‍ വിനയന്‍.
തിലകന്‍ എന്ന നടന്‍ മരിച്ചെന്നും അദ്ദേഹം അഭിനയിക്കുന്ന ചിത്രത്തില്‍ സഹകരിക്കില്ലെന്നും ഫെഫ്‌കയുടെ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണന്‍ പറഞ്ഞപ്പോള്‍ പ്രതീകരിക്കാന്‍ സുകുമാര്‍ അഴിക്കേട് അല്ലാതെ മറ്റൊരു സാംസ്‌കാരിക നേതാവും മുന്നോട്ടുവന്നില്ലെന്നും വിനയന്‍ പറഞ്ഞു. മരിക്കുന്നതുവരെ താനൊരു കമ്യൂണിസ്റ്റാണെന്നു അഭിമാനിച്ചിരുന്ന തിലകനുവേണ്ടി ഒരു കമ്യുണിസ്റ്റുകാരനും ഉണ്ടായില്ല. ഇപ്പോള്‍ ഇന്നസെന്റിനെ ചുമന്നുകൊണ്ടു നടക്കുന്നു. വീടിന്റെ ഗേറ്റ് കടന്നുവരുന്ന ആരോടും പ്രതിഫലതുക വാങ്ങുന്നയാളാണ് ഇന്നസെന്റ്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി തന്നെ വിലക്കിയിരിക്കുന്ന ഫെഫ്‌കയും അമ്മയും തന്റെ കൂടെ സഹകരിച്ചതിനു നിരവധി കലാകാരന്മാരെ വിലക്കിയിട്ടുണ്ട്. അമ്മ സെക്രട്ടറി ഇന്നസെന്റ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നു ഷമ്മി തിലകന്‍ പോലും പ്രതിഫല തുക മടക്കി നല്‍കി തന്റെ പുതിയ ചിത്രമായ ലിറ്റില്‍ സൂപ്പര്‍മാനില്‍ അഭിനയിക്കാന്‍ തയ്യാറല്ലെന്നു പറഞ്ഞു പോയതായും വിനയന്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ് വിലക്കിയതാണ് ഫാസിസം എന്നു പറയുന്നവര്‍ കഴിഞ്ഞകാലങ്ങളിലേക്കു തിരിഞ്ഞുനോക്കണം. വിനയന്റെ ചിത്രങ്ങള്‍ ഞങ്ങള്‍ വിലക്കില്ലെ എന്നു തന്റേടത്തോടെ പറഞ്ഞ സംഘടനയാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ . ലിബര്‍ട്ടി ബഷീര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ പങ്കെടുക്കില്ലെന്നു പറയുന്ന ഇന്നസെന്റിനോട് നിങ്ങളുടെ സെക്രട്ടറി മോഹന്‍ലാലിന്റെ ചിത്രം പ്രദര്‍ശിപ്പിക്കില്ല എന്നു പറയാന്‍ ബഷീറിനും അവകാശമുണ്ടെന്നു വിനയന്‍ പറഞ്ഞു.
ഡ്രാക്കുള എന്ന തന്റെ ചിത്രത്തിന്റെ ഫൈനല്‍ മിക്‌സിംഗ് ചെന്നൈയിലെ പ്രിയദര്‍ശന്റെ സ്റ്റുഡിയോയില്‍ നടക്കുമ്പോള്‍ അതു വിലക്കിയത് ബി.ഉണ്ണികൃഷ്‌ണനാണെന്ന് വിനയന്‍ ആരോപിച്ചു.
സിനിമ രംഗത്തെ ഫാസിസ്റ്റുകളായ ഇന്നസെന്റും ഉണ്ണികൃഷ്‌ണനും വിലക്കുവന്നപ്പോള്‍ വേവലാതി കൊള്ളുകയാണ്. ഇവരുടെ തനിനിറം ജനങ്ങളെ അറിയിക്കണം എന്നു വിതരണക്കാരും ടെക്‌നീഷ്യന്മാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതീകരിക്കേണ്ടിവന്നതെന്നു വിനയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാറ്റലൈറ്റ് അവകാശം അടക്കം നിരവധി പ്രധാന പ്രശ്‌നങ്ങള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍
നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റായ സുരേഷ് കുമാറിനു ഇപ്പോള്‍ വലുത് ഉണ്ണികൃഷ്‌ണന്റെയും മോഹന്‍ലാലിന്റെയും പ്രശ്‌നങ്ങളാണ്.മിസ്റ്റര്‍ ഫ്രോഡിനു വേണ്ടി ഇറങ്ങിത്തിരിച്ചതിന്റെ രഹസ്യ അജണ്ട സൂപ്പര്‍ താരങ്ങളോടുള്ള വിധേയത്വം ആണെന്നു വിനയന്‍ കുറ്റപ്പെടുത്തി.
അമ്മയുടേയും ഫെഫ്‌കയുടേയും കാലം കഴിഞ്ഞുവെന്നും പുതിയ താരനിരയും പുതിയ ടെക്‌നീഷ്യന്മാരും അവസരങ്ങള്‍ക്കുവേണ്ടി കാത്തിരിക്കുകയാണെന്നും വിനയന്‍ ഓര്‍മ്മിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ