2014, ഏപ്രിൽ 23, ബുധനാഴ്‌ച

ഇടപ്പള്ളി പള്ളി വിശുദ്ധ ഗീവര്‍ഗീസ്‌ സഹദായുടെ തിരുനാള്‍ 25 മുതല്‍ മെയ്‌ 15വരെ


കൊച്ചി
ചരിത്ര പ്രസിദ്ധമായ ഇടപ്പള്ളി സെന്റ്‌ ജോര്‍ജ്‌ ഫൊറോന ദേവാലയത്തിലെ വിശുദ്ധ ഗീവര്‍ഗ്ഗീസ്‌ സഹദായുടെ തിരുനാള്‍ ഈ മാസം 25 മുതല്‍ മെയ്‌ 15വരെ ആചരിക്കും.
25നു വൈകിട്ട്‌ 5.30നു തിരുനാളിനു കൊടികയറും പള്ളി വികാരി റവ.ഫാ.സെബാസ്റ്റ്യന്‍ വാഴപ്പിള്ളി മുഖ്യകാര്‍മ്മികനായിരിക്കും. തുടര്‍ന്നു ഓരോ ദിവസവും സാല്‍വേ ലദീഞ്ഞ്‌, നൊവേന,വാഴ്‌വ്‌, വിശുദ്ധ കുര്‍ബാന തുടങ്ങിയവ നടത്തപ്പെടും. മെയ്‌ ഒന്നിനു രാവിലെ 10നു തിരുസ്വരൂപത്തില്‍ സ്വര്‍ണാഭരണം അണിയിക്കല്‍ വൈകിട്ട്‌ 4.30നു ആഘോഷമായ തിരുസ്വരൂപം എഴുന്നുള്ളിക്കല്‍ ചടങ്ങുനടക്കും. മാര്‍ ജോസഫ്‌ പുത്തന്‍ വീട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുനാള്‍ മെയ്‌ 3.4 തിയതികളില്‍ ആഘോഷപൂര്‍വം നടക്കും. മെയ്‌ മൂന്നിനു വേസ്‌പര ദിനമായിരിക്കും. സഭയിലെ വൈദിക ശ്രേഷ്‌ഠര്‍ ഓരോ ദിവസത്തെയും പരിപാടികള്‍ക്കു നേതൃത്വം നല്‍കും.
മെയ്‌ 10.11 തീയതികളില്‍ എട്ടാമിടം ഫാ.മാത്യു വട്ടക്കുഴിയുടെ കാര്‍മ്മകത്വത്തില്‍ നടക്കും. മെയ്‌ 15നു കൊടിയറങ്ങും.
25 ദിവസം നീളുന്ന പെരുന്നാളിനു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു ഭക്തജനങ്ങളാണ്‌ എത്തിച്ചേരുക.
കോഴിയാണ്‌ ഇവിടത്തെ പ്രധാന നേര്‍ച്ച. സര്‍പ്പ ശല്യത്തില്‍ നിന്നും മാറാ രോഗങ്ങളില്‍ നിന്നും തങ്ങളെ രക്ഷിച്ചു പരിപാലിക്കുന്ന വിശുദ്ധ ഗീവര്‍ഗീസിനു വിശ്വാസികള്‍ കോഴികളെ നേര്‍ച്ചയായി നല്‍കുന്നു. സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ആള്‍രൂപങ്ങളും പാമ്പ്‌,മുട്ട എന്നിവയും വിവിധ മതസ്ഥര്‍ വിശുദ്ധനു നേര്‍ച്ചയായി സമര്‍പ്പിച്ചുവരുന്നു.
വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആഘോഷമായ പട്ടണപ്രദക്ഷിണം, വ്യാപാരമേള എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനങ്ങളില്‍ പ്രസിദ്ധമായ നേര്‍ച്ച കോഴി പാചകം ചെയ്യുന്നതിനായി സെന്റ്‌ ജോര്‍ജ്‌ സ്‌കൂളില്‍ വിശാലമായ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. അഞ്ചുമന അമ്പലത്തിന്റെ പരിസരങ്ങളില്‍ ഒഴിച്ച്‌ ബാക്കി സ്ഥലങ്ങളില്‍ നേര്‍ച്ച കോഴി പാചകത്തിനു പോലീസ്‌ അനുമതി നല്‍കിയിട്ടുണ്ട്‌.മെട്രോ റെയില്‍ പണി നടക്കുന്നതിനാല്‍ വാഹന തിരക്ക്‌ ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പോലീസ്‌ ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. ഏപ്രില്‍ 25, മെയ്‌1,2,11 ദിനങ്ങളില്‍ തിരുക്കര്‍മ്മങ്ങളുടെ തല്‍സമയ സംപ്രേഷണം ഇടപ്പള്ളിചര്‍ച്ച്‌ഡോട്ട്‌ഒആര്‍ജി,ലൈവ്‌ഓണ്‍എയര്‍ഡോട്ട്‌ഇന്‍ എന്നീ വെബ്‌സൈറ്റുകളില്‍ ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ വികാരി ഫാ സെബാസ്റ്റ്യന്‍ വാഴപ്പിള്ളി, കൈക്കാരന്മാരായ മാര്‍ട്ടിന്‍ ഞാണയ്‌ക്കല്‍, ആന്റണി പരവര, പ്രസുദേന്തി തോമസ്‌ അമ്പാട്ട്‌ എന്നിവര്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ