2014, മേയ് 6, ചൊവ്വാഴ്ച

മദ്യ ഉത്‌പാദന -വിപണന മേഖലകളില്‍ മാറ്റം വേണമെന്നു ടൂറിസം രംഗത്തെ സംഘടനകള്‍


കൊച്ചി
സംസ്ഥാനത്തു നിലവിലുള്‌ല മദ്യ ഉത്‌പാദന-വിതരണ-വിപണന നയങ്ങള്‍ അപ്പാടെ പൊളിച്ചെഴുതണമെന്നു ടൂറിസം രംഗത്തെ സംഘടനകള്‍ ആവശ്യപ്പെട്ടു.
കൃത്യമായ മദ്യനയം രൂപപ്പെടുത്തുന്നതിലെ അനിശ്ചിതത്വം ,അതു നടപ്പാക്കുന്നതിലെ വ്യക്തിതയില്ലായ്‌മ, ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്കുമാത്രമായ മദ്യ ലൈസന്‍സുകള്‍ പരിമതപ്പെടുത്തല്‍ എന്നിവ കേരളത്തിലെ ടൂറിസം വ്യവസായത്തെ തകര്‍ക്കുമെന്നു സംഘടനകള്‍ പറഞ്ഞു.

കേരള ബ്രാന്‍ഡ്‌ മദ്യം നിര്‍മ്മിക്കുക, റസ്റ്റോറന്റുകള്‍ക്കും ബാര്‍ ലൈസന്‍സ്‌ അനുവദിക്കുക, ആരാധനനാലയങ്ങള്‍ ,വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധി 200 മീറ്ററില്‍ നിന്നും 50 മീറ്റര്‍ ആയി കുറക്കുക,ബാറുകളുടെ സമയപരിധി രാവിലെ 10 മുതല്‍ രാത്രി 12 വരെയാക്കുക,ബിയര്‍ -വൈന്‍ വില്‍പ്പന ലൈസന്‍സുകള്‍ വ്യാപകമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ്‌ ടൂറിസം രംഗത്തെ സംഘടനകള്‍ സര്‍ക്കാരിനു മുന്നില്‍ ധവളപത്രമായി
മുന്നോട്ടുവെച്ചിട്ടുള്ളത്‌.
സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ 9.5ശതമാനം ടൂറിസത്തില്‍ നിന്നാണു ലഭിക്കുന്നത്‌. അതേപോലെ തൊഴില്‍ അവസരങ്ങളില്‍ 23.52ശതമാനവും ടൂറിസം മേഖലയിലാണ്‌. ഏകദേശം 15ലക്ഷത്തോളം പേരാണ്‌ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നത്‌.
ഇതെല്ലാം കണക്കിലെടുത്തുകൊണ്ടു ഈ മേഖലയ്‌ക്കു സഹായമാകുന്ന നിലപാടാണ്‌ സര്‍ക്കാര്‍ എടുക്കേണ്ടത്‌.നിലവിലുള്ള മദ്യനയവും മദ്യത്തിനു കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതും ടൂറിസം മേഖലയെ വലിയതോതില്‍ പ്രതികൂലമായി ബാധിക്കുമെന്നു ടൂറിസം രംഗത്തെ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
പഞ്ചനക്ഷത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ടൂറിസം അല്ല കേരളത്തില്‍ നടക്കുന്നത്‌. ഹൗസ്‌ബോട്ടുകളില്‍ ഒരു കുപ്പി ബിയറോ വൈനോ കഴിക്കുന്നതിനു നിയന്ത്രണം വരുകയാണെങ്കില്‍ വിനോദസഞ്ചാരമേഖലയ്‌ക്കു അതൊട്ടും ആശ്വാസരമാകില്ല.
വണ്‍ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ്‌ അനുവദിക്കണമെന്നും റസ്റ്റോറന്റുകള്‍ക്കു മദ്യ ലൈസന്‍സ്‌ നല്‍കിയിരുന്ന മുന്‍കാല രീതി പുനസ്ഥാപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. അതേപോലെ ഫുള്‍ ബാറിനുള്ള ലൈസന്‍സ്‌ ഫീസ്‌ 10ലക്ഷം ആയും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കുള്ള ലൈസന്‍സ്‌ 5000രൂപയായും നിജപ്പെടുത്തണം. അതേപോലെ നിലവില്‍ ലൈസന്‍സുള്ള ഹൗസ്‌ ബോട്ടുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ്‌ വില്ലകള്‍ എന്നിവയ്‌ക്കും ബിയര്‍-വൈന്‍ ലൈസന്‍സ്‌ നല്‍കണം
എല്ലാ മാസവും ഒന്നാം തീയതി മാത്രമായുള്ള മദ്യനിരോധനം പ്രഹസനമാണെന്നു തലേദിവസം ബിവറേജിനു മുന്നിലുള്ള നീണ്ടക്യൂ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗാന്ധിജയന്തി ,സമാധി എന്നിവ ഒഴിച്ചുള്ള മുഴുവന്‍ ദിനങ്ങളിലും മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണം.
വീര്യം കൂടിയ മദ്യം കഴിക്കുന്നവരെ മദ്യത്തിന്റെ വിപത്തില്‍ നിന്നും മെല്ലെ അകറ്റാന്‍ വീര്യം കുറഞ്ഞ വൈന്‍,കള്ള്‌ എന്നിവ കൂടുതല്‍ ലഭ്യമാക്കുക.അതേപോലെ ഗുണമേന്മയുള്ള വ്യത്യസ്‌തങ്ങളായ വൈന്‍ അടക്കമുള്ളവ ലഭ്യമാക്കണം. മെയ്‌ഡ്‌ ഇന്‍ കേരള മദ്യത്തിനെ പ്രോത്സാഹിപ്പിക്കണം. ഇപ്പോള്‍ ഇന്ത്യയിലെ വന്‍കിട മദ്യരാജാക്കന്മാര്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്‌പിരിറ്റ്‌ ആണ്‌ കേരളത്തിലേക്കു ഒഴുകുന്നത്‌. ഇതവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നിലവാരമുള്ള ചാരായം ഉത്‌പാദിപ്പിക്കണം. തദ്ദേശിയമായ മദ്യത്തിന്റെ രുചിയറിയാനാണ്‌ വിദേശ സഞ്ചാരികള്‍ക്കു താല്‍പ്പര്യം. തെങ്ങിന്‍ കള്ളില്‍ നിന്നും ചാരയം ഉത്‌പാദിപ്പിക്കുന്ന ശീലങ്ക തന്നെ ഇതിനുദാഹരണം. മൗറീഷ്യസിലും കരീബിയന്‍ രാജ്യങ്ങളിം ഒക്കെ ഇതുകാണാം. തെങ്ങ്‌,പന എന്നിവയില്‍ നിന്നുള്ള കള്ള്‌ ഉപയോഗിച്ചു സ്‌പിരിറ്റ്‌ നിര്‍മ്മിക്കാന്‍ കേരളത്തിനു നല്ല അവസരമാണ്‌.ചക്കപ്പഴം,കശുമാങ്‌, കൈതച്ചക്ക,വാഴപ്പഴം എന്നിവയൊക്കെ ഇതിനു പ്രയോജനപ്പെടുത്താം.ഇതുവരെ മദ്യം ഇറക്കുമതി ചെയ്‌തിരുന്ന കേരളത്തിനു സ്വന്തം ബ്രാന്‍ഡ്‌ കയറ്റുമതി ചെയ്യാനുള്ള വലിയൊരു സാധ്യതയും ഇതിലൂടെ ഉരിത്തിരിയുന്നുവെന്നും കേരള ട്രാവല്‍ മാര്‍ട്ട്‌ പ്രസിഡന്റ്‌ ജോണി എബ്രാഹം ജോര്‍ജ്‌, ക്ലാസിഫൈഡ്‌സ്‌ ഹോട്ടല്‍സ്‌ പ്രസിഡന്റ്‌ ഗോപിനാഥ്‌,ട്രാവല്‍മാര്‍ട്ട്‌ മുന്‍ പ്രസിഡന്റ്‌ ജോസ്‌ ഡോമനിക്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ