2014, ഏപ്രിൽ 23, ബുധനാഴ്‌ച

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന വാര്‍ത്ത വ്യാജമെന്ന്‌ ട്രാഫിക്‌ വാര്‍ഡന്‍ പത്മിനി


കൊച്ചി
കണ്ണീരും കയ്യുമായി ട്രാഫിക്‌ വാര്‍ഡന്‍ പത്മിനി വീണ്ടും വാര്‍ത്താ സമ്മേളനത്തിനെത്തി.
താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന വാദം വ്യാജമാണെന്നു ട്രാഫിക്‌ വാര്‍ഡന്‍ പത്മിനി. ശ്വാസതടസം, സന്ധിവേദന തുടങ്ങിയ നിരവധി രോഗങ്ങളില്‍ വലയുന്ന താന്‍ ഗുളിക കഴിക്കുന്നതു പതിവാണെന്നും സംഭവം നടന്ന ദിവസം മാനസിക സംഘര്‍ഷം അധികം ആയതിനാല്‍ പതിവില്ലാത്തതില്‍ ഇരട്ടിയോളം ഗുളിക കഴിച്ചതാണ്‌ ആശുപത്രിവരെ എത്തിച്ചതെന്നും പത്മിനി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ആറ്‌ ഗുളികകള്‍ കഴിക്കുന്നതിനു പകരം 12ഓളം ഗുളികള്‍ കഴിച്ചു.ഇതോടെ അവശനിലയിലായ താന്‍ മകളെ വിളിച്ചുവരുത്തിയാണ്‌ ആശുപത്രിയിലേക്കു പോയത്‌. തുടര്‍ന്നു മെഡിക്കല്‍ കോളേജിലേക്കു മാറ്റിയിരുന്നു. ആത്മഹത്യ ചെയ്യണമായിരുന്നുവെങ്കില്‍ ഫാനില്‍ തൂങ്ങി ആത്മഹത്യചെയ്യാമായിരുന്നുവെന്നും പത്മിനി പറഞ്ഞു.
പത്മിനിയെ കതൃക്കടവില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെ കാര്‍ യാത്രക്കാരനായ വിനോഷ്‌ വര്‍ഗീസ്‌ എന്ന കോണ്‍ഗ്രസ്‌ നേതാവ്‌ തല്ലിയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളെക്കുറിച്ചു അന്വേഷണം നടത്തുന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ തന്നോട്‌ കേസുമതിയാക്കി അടങ്ങിയൊതുങ്ങി കഴിയാന്‍ ഉപദേശിച്ചതാണ്‌ സമനില തെറ്റിച്ചതെന്നു പത്മിനി പറഞ്ഞു.
തന്റെ കേസിലെ ഒന്നാം സാക്ഷി ദീപു പിന്മാറിയതും ബന്ധുക്കളും സുഹൃത്തുക്കളും ഒറ്റപ്പെടുത്തിയതുമാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമായതെന്നു പത്മിനി കൂട്ടിച്ചേര്‍ത്തു. പ്രണയനൈരാശ്യവും മകളെ പോലും കാണുവാന്‍ സാധിക്കാതെ വന്നതും തന്റെ മാനസിക നിലയെ താളം തെറ്റിച്ചുവെന്നു പത്മിനി പറഞ്ഞു.ആത്മഹത്യ വാര്‍ത്ത വന്നതോടെ പത്മിനിയെ വിവാഹം കഴിച്ചു പോയ മകളും ഇതുവരെ തന്നെ സഹായിച്ചിരുന്ന മഹിളാ സംഘടനകളും കൈവിട്ടിരിക്കുകയാണെന്നു പത്മിനി പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ