2014, ഏപ്രിൽ 26, ശനിയാഴ്‌ച

ബിഒടി പാലത്തിലെ ടോള്‍ പിരിവ്‌ നിര്‍ത്തില്ലെന്ന്‌ ഗാമണ്‍



കൊച്ചി
മട്ടാഞ്ചേരി ബിഒടി പാലത്തിലെ ടോള്‍ പിരിവ്‌ നിര്‍ത്തില്ലെന്ന്‌ ഗാമണ്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു കൊണ്ട്‌ കൊച്ചിന്‍ ബ്രിഡ്‌ജസ്‌ ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ കമ്പനി ലിമിറ്റഡ്‌ (സിബിഐസിഎല്‍ ) വാര്‍ത്താകുറിപ്പ്‌ പുറത്തിറക്കി.
ജിസിഡിഎയെയും കേരള സര്‍ക്കാരിനെയും കുറിപ്പില്‍ വിമര്‍ശിച്ചു. കരാര്‍ ലംഘിച്ചുകൊണ്ട്‌ സര്‍ക്കാര്‍ വിശ്വാസ വഞ്ചന കാണിച്ചതായും വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.
1999 ഒക്‌ടോബര്‍ 27നു പദ്ധതി സംബന്ധിച്ചു കരാറാകുകയും ബിഒടി വ്യവസ്ഥയില്‍ പണി ആരംഭിക്കുന്നതിനു ഗാമണ്‍ ഇന്ത്യയെ ചുമതലപ്പെടുത്തിക്കൊണ്ട്‌ 2001 ജനുവരി ആറിനു കരാര്‍ ഉണ്ടാക്കുകയും ചെയ്‌തു. ജിസിഡിഎ,ഗാമണ്‍ ഇന്ത്യ,കേരള സര്‍ക്കാര്‍ ,കൊച്ചിന്‍ ബ്രിഡ്‌ജ്‌സ്‌ ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ കമ്പനി എന്നിവയുടെ പ്രതിനിധികളാണ്‌ ഇടക്കാല കരാറില്‍ ഒപ്പുവെച്ചത്‌. പ്രതീക്ഷിച്ചതിനും നേരത്തെ 2001 ഓഗസ്റ്റ്‌18നു പൂര്‍ത്തിയാക്കിയ പാലം ഓഗസ്റ്റ്‌ 20നു ഉദ്‌ഘാടനം നടത്തി.13 വര്‍ഷവും ഒന്‍പതു മാസവും ടോള്‍ പിരിവ്‌ നടത്താനുള്ള അധികാരം ഗാമണ്‍ ഇന്ത്യ തുടര്‍ന്നു സിബിഐസിഎലിനു വിട്ടുകൊടുത്തു. ഇതനുസരിച്ച്‌ ഓരോ വര്‍ഷവും ടോള്‍ നിരക്കും പാസിന്റെ നിരക്കും കൂട്ടുവാനുള്ള അധികാരവും സിബിഐസിഎല്ലിനു കൈമാറി. എന്നാല്‍ പിന്നീട്‌ 2005 ജനുവരി 24നു കേരള സര്‍ക്കാര്‍ ടോള്‍ നിരക്ക്‌ വര്‍ധിപ്പിക്കാനുള്ള അധികാരം റദ്ദാക്കി.പകരം ആറു വര്‍ഷത്തേക്ക്‌ വര്‍ഷം 1.54 കോടി രൂപ വീതം നിശ്ചിത തുക നല്‍കാമെന്നു സമ്മതിക്കുകയായിരുന്നു.എന്നാല്‍ മൂന്നുവര്‍ഷത്തോളം ഈ തുക ലഭിക്കാതിരുന്നതിനാല്‍ കോടതി 2008 ജനുവരിയില്‍ ആര്‍ബിട്രേഷനെ ചുമതലപ്പെടുത്തുകയായിരുന്നു.ആര്‍ബിട്രേഷന്‍ നിശ്ചിയിച്ചതു പ്രകാരം 2011 സെപ്‌തംബറില്‍ ടോള്‍ പിരിവ്‌ തുടരുവാനുള്ള അധികാരം സിബിഐസിഎലിനാണെന്നു വ്യക്തമാക്കുകയും ചെയ്‌തു.ആര്‍ബിട്രേഷന്റെ ഈ ഉത്തരവ്‌ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു സിബിഐസിഎല്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ചു അടുത്ത ചൊവ്വാഴ്‌ച വിചാരണയ്‌ക്കു വെച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ ജിസിഡിഎയുടെ ടോള്‍ പിരിവ്‌ നിര്‍ത്താനുള്ള തീരുമാനമെന്നും സിബിഐസിഎല്‍ ആരോപിച്ചു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ