2014, മേയ് 6, ചൊവ്വാഴ്ച

മെട്രോ റെയില്‍ സിപിഎം മാര്‍ച്ച്‌ നടത്തി









കൊച്ചി
മെട്രോ റെയില്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക,നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കെഎംആര്‍എല്‍ ഓഫീസിനു മുന്നിലേക്കു ജനകീയ മാര്‍ച്ച്‌ നടത്തി. മാര്‍ച്ചിനു ശേഷം ധര്‍ണ പി.രാജീവ്‌ എംപി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി സി.എം ദിനേശ്‌മണി സംസാരിച്ചു.
റോഡുകളും പാലങ്ങളും അനുബന്ധ നിര്‍മ്മാണങ്ങളും യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുക,വ്യാപാരികള്‍ക്ക്‌ നികുതി ഇളവ്‌ അനുവദിച്ച്‌ സമാശ്വാസ നടപടികള്‍ സ്വീകരിക്കുക,ഒഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്‌. കെഎംആര്‍എല്‍ ഓഫീസിനു മുന്നിലേക്കുള്ള മാര്‍ച്ച്‌ സെന്റ്‌ തേരാസാസ്‌ കോളേജിനു മുന്നില്‍ വച്ച്‌ പോലീസ്‌ ബാരിക്കേഡ്‌ ഉപയോഗിച്ചു തടഞ്ഞു. തുടര്‍ന്നു പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു.ഗതാഗതക്കുരുക്ക്‌ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌്‌ കഴിഞ്ഞ ദിവസം ഒരു മണിക്കൂറോളം മെട്രോ റെയിലിന്റ പണികള്‍ സ്‌തംഭിപ്പിച്ചിരുന്നു.
ഇന്ന്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗതാഗതപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന്‌്‌ ഉദ്യോഗസ്ഥര്‍ നേതാക്കള്‍ക്കു ഉറപ്പുനല്‍കി. വീതികൂടുതലുള്ള സ്ഥലത്തേക്ക്‌ പണിമാറ്റുന്ന കാര്യവും പരിഗണിക്കും.
മെട്രോ റെയിലിന്റെ പണികള്‍ ആരംഭിക്കുന്നതിനു മുന്‍പ്‌ സുഗമമായ ഗതാഗതം ഡിഎംആര്‍സിയും കെഎംആര്‍എല്ലും ഉറപ്പുനല്‍കിയിരുന്നതായും അത്‌ ലംഘിച്ചതായും സിപിഎം നേതാക്കള്‍ പറഞ്ഞു. നിര്‍മ്മാണം തുടങ്ങി നിര്‍മ്മാണം തുടങ്ങി പത്തുമാസം പിന്നിടുമ്പോഴേക്കും മെട്രോ റെയിലിന്റെ പണികളെതുടര്‍ന്നുള്ള ഗതാഗതക്കുരുക്ക്‌ രൂക്ഷമായതോടെയാണ്‌ സിപിഎം സമരരംഗത്തിറങ്ങിയത്‌. രാവിലെ 11 മണിയോടെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ കെഎംആര്‍എല്‍ ഓഫീസിലേക്ക്‌ എത്തുവാന്‍ തുടങ്ങി. ഇതോടെ കനത്ത പോലീസ്‌ കാവല്‍ ഓഫീസിനു മുന്നില്‍ ഏര്‍പ്പെടുത്തിക്കൊണ്ട്‌ പാര്‍ക്ക്‌ അവന്യുവിലൂടെയുള്ള ഗതാഗതം പ്രസ്‌ക്ലബ്‌ റോഡിലൂടെ തിരിച്ചുവിട്ടു.

ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം രാത്രി തന്നെ കുഴികള്‍ മൂടി ടാര്‍ ചെയ്യാന്‍ തുടങ്ങി. അതേസമയം ഗതാഗതം തിരിച്ചുവിടുന്ന പുല്ലേപ്പടി മേല്‍പ്പാലത്തിനു സമീപത്തെ റോഡ്‌ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്‌. പുല്ലേപ്പടിയില്‍ നിന്നും തമ്മനം വരെയുള്ള ഭാഗത്ത്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയാത്തതിനാല്‍ ഇവിടെയും ഗതാഗതക്കുരിക്കില്‍പ്പെട്ടിരിക്കുകയാണ്‌.
ആലുവയില്‍ നിന്നും ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കുവരെയുള്ള ഭാഗത്ത്‌ കാര്യമായ പ്രശ്‌നങ്ങളില്ലാതെ മുന്നേറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീതികുറഞ്ഞ റോഡുകളുള്ള നഗരപ്രദേശത്തേക്കു എത്തിയതോടെയാണ്‌ ഗതാഗതക്കുരുക്കിലായത്‌. മുന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനു നഗരസഭയും കെഎംആര്‍എല്ലും പരാജയപ്പെട്ടുവെന്ന ആക്ഷേപമാണ്‌ സിപിഎം ഉന്നയിക്കുന്നത്‌. സിപിഎം കൂടി രംഗത്തേക്കു ഇറങ്ങിയതോടെ ഇന്ന്‌ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗം ആരോപണ പ്രത്യാരോപണങ്ങള്‍ക്കുവേദിയാകുമെന്നുറപ്പായി.
വീതികുറഞ്ഞ റോഡിന്റെ പലഭാഗത്തും ബാരിക്കേഡ്‌ ഉയര്‍ത്തി പണിതുടങ്ങിയതോടെയാണ്‌ ഗതാഗതക്കുരുക്ക്‌ രൂക്ഷമായത്‌. വീതികുറഞ്ഞ റോഡിലെ കാണകള്‍ക്കു മുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടാനുള്ള ആലോചനയിലാണ്‌ അധികൃതര്‍ . കാനകള്‍ക്കുമുകളില്‍ പുതിയ സ്ലാബ്‌ ഇട്ട്‌ ടാറിംഗ്‌ നടത്തുവാനുള്ള നീക്കം അപകടകാരണമാകുമെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. ഇനി മഴക്കാലം വരുന്നതോടെ ഈ പോക്കുപോയാല്‍ നഗരത്തിലേക്കു വരുവാന്‍ കഴിയാത്ത നിലയിലാകും. വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ സ്ഥിതിഗതികള്‍ നിയന്തണാതീതമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ