കൊച്ചി
കേരളത്തിലെ സാമൂഹ്യപരിഷകര്‍ത്താക്കളില്‍ പ്രധാനിയായ കവി തിലകന്‍ പണ്ഡിറ്റ് കെ.പി കറുപ്പന്റെ കുണ്ടന്നൂരില്‍ സ്ഥാപിച്ച പ്രതിമ ജെസിബി ഉപയോഗിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രധാന ഉത്തരവാദികളായ എറണാകുളം ജില്ലാ കലക്‌ടര്‍ എം.ജി രാജമാണിക്യം, ഡപ്യുട്ടി തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നു അഖിലകേരള ധീവരസഭ സെക്രട്ടറി വി.ദിനകരന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ അഖിലകേരള ധീവരസഭ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരപരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്നും പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത പതിനൊന്നു സെന്റ് സ്ഥലം ധീവരസഭയുടെ 261-ാം നമ്പര്‍ കരയോഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഭഗവല്‍സഹായ സംഘത്തിനു വിട്ടുകൊടുക്കണമെന്നും സര്‍ക്കാര്‍ ചിലവില്‍ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ തല്‍സ്ഥാനത്തു പുനഃസ്ഥാപിക്കണമെന്നും വി.ദിനകരന്‍ ആവശ്യപ്പെട്ടു
കഴിഞ്ഞ ശനിയാഴ്‌ച 129-ാം ജന്മദിനത്തിന്റെ ഭാഗമായി പ്രാര്‍ത്ഥനയും പുഷ്‌പാര്‍ച്ചനയും നടത്തിയ പ്രതിമയാണു ജില്ലാ കലക്‌ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റവന്യു അധികൃതര്‍ ജെസിബി ഉപയോഗിച്ചു പിഴുതെറിഞ്ഞത്.
ഇതില്‍ പ്രതിഷേധിച്ചു വിവിധ സംഘടനകള്‍ ആഹ്വാന ചെയ്‌ത ഹര്‍ത്താലില്‍ മരടിലും കുമ്പളത്തും കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. കുമ്പളത്ത് കരിദിനവും ആചരിച്ചു.
സംസ്ഥാനത്തെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളെക്കുറിച്ചു അറിയാത്തവരെ എറണാകുളം പോലുള്ള പ്രധാന ജില്ലയില്‍ ജില്ലാകലക്‌ടറായി നിയമിക്കരുതെന്നും ജില്ലാ കലക്‌ടര്‍ രാജമാണിക്യത്തിന്റെ നടപടി അങ്ങയേറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ദിനകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതുവരെ ജില്ലയിലെ ഒരു എംപിയോ, എംഎല്‍എ മാരില്‍ ആരും തിരിഞ്ഞു നോക്കാതിരിക്കുന്നതും സംശയം ഉളവാക്കുന്നുവെന്ന് ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിമസ്ഥാപിച്ചിരിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്ന വാദത്തിനു അടിസ്ഥാനമില്ലെന്നു ദിനകരന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 90 ശതമാനം പ്രതിമകളും സ്ഥാപിച്ചിരിക്കുന്നത് പുറമ്പോക്കിലാണ്. എന്നാല്‍ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമ സ്ഥാപിച്ചത് മത്സ്യ ഉത്‌പാദന സഹകരണസംഘത്തിന്റെ പേരില്‍ 1970ല്‍ വാങ്ങിയ 11 സെന്റ് സ്ഥലത്താണെന്ന് ദിനകരന്‍ പറഞ്ഞു. ഈ സ്ഥലം കേവലം 4710 രൂപ തിരിച്ചടക്കാന്‍ വൈകിയതിനെ തുടര്‍ന്നു സര്‍ക്കാര്‍ കണ്ടുകെട്ടുകയായിരുന്നു.പിന്നീട് 1982ല്‍ സംഘത്തിന്റെ അപേക്ഷയില്‍ തുക ഗഡുക്കളായി അടക്കുവാന്‍ നടപടി ആയെങ്കിലും ട്രഷറി അധികൃതര്‍ തുക സ്വീകരിച്ചില്ല.
സര്‍ക്കാര്‍ ഏറ്റെടുത്ത ഈ ഭൂമി കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് ഒളിമ്പ്യന്‍ മേഴ്‌സികുട്ടനു നല്‍കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ