2014, ഏപ്രിൽ 25, വെള്ളിയാഴ്‌ച

കൊച്ചി നഗരസഭ ജിസിഡിഎയെ പ്രതികാരദാഹവുമായി വേട്ടയാടുന്നു


കൊച്ചി
ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ്‌ അതോറിറ്റി (ജിസിഡിഎ ) നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളോട്‌ പ്രതികാരദാഹവുമായി വേട്ടയാടുന്ന സമീപനത്തില്‍ നിന്നും കൊച്ചി നഗരസഭ പിന്മാറണമെന്ന്‌ ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍. അംബേദ്‌കര്‍ സ്റ്റേഡിയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും കിന്‍കോ ജെട്ടി നിര്‍മ്മാണത്തിനും കൊച്ചി നഗരസഭ പാരവെക്കുകയാണെന്നു ജിസിഡിഎ .
പൊതുമേഖലാ സ്ഥാപനങ്ങളോട്‌ കൊച്ചി നഗരസഭയുടെ സമീപനം പുനഃപരിശോധനയ്‌ക്കു വിധേയമാക്കണമെന്ന്‌ എന്‍.വേണുഗോപാല്‍ അഭ്യര്‍ത്ഥിച്ചു. മേയറുടെ ഭാഗത്തു നിന്നും അറിവ്‌ കുറവോ , ഈഗോയോ ആയിരിക്കാം എന്നും അദ്ദേഹം പറഞ്ഞു
കൊച്ചിന്‍ കോര്‍പ്പറേഷന്റെ നടപടികള്‍മൂലം ജിസിഡിഎയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചുപോകുന്നതിനു കാരണമായിരിക്കുകയാണെന്ന്‌ അദ്ദേഹം കുറ്റപ്പെടുത്തി.
കിന്‍കോ ജെട്ടിയില്‍ വാക്ക്‌ വേയുടെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട്‌ കിന്‍കോ കൊച്ചി നഗരസഭയുടെ മുന്നില്‍ സമര്‍പ്പിച്ച പ്ലാന്‍ ഒന്നരവര്‍ഷമായി.എന്നാല്‍ ബോട്ട്‌ ജെട്ടി അവിടെ പാടില്ല എന്നാണ്‌ നഗരസഭയുടെ വാദം.കൊച്ചിന്‍ കോര്‍പ്പറേഷന്റെ ടൗണ്‍ പ്ലാനിംഗ്‌ കമ്മിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ്‌ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.
ബോട്ട്‌ ജെട്ടി ഏങ്ങനെയാണ്‌ എംജി റോഡില്‍ പണിയുന്നതെന്നു എന്‍.വേണുഗോപല്‍ ചോദിച്ചു.
ബോട്ട്‌ ജെട്ടി പണികഴിഞ്ഞാല്‍ മാത്രമെ ജിസിഡിഎയുടെ വാക്ക്‌ വേ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ നഗരസഭയുടെ ഈ നടപടി കാരണം പണി തടസപ്പെട്ടു നില്‍ക്കുകയാണ്‌.
അതേപോലെ അംബേദ്‌കര്‍ സ്റ്റേഡിയിത്തില്‍ കഴിഞ്ഞ ഒരുവര്‍ഷം മുന്‍പ്‌ കെഎഫ്‌എയുമായി ചേര്‍ന്നു ഒരു കരാര്‍ ഉണ്ടാക്കി.ആ കരാര്‍ പ്രകാരം 120 മീറ്റര്‍ നീളവും 80 മീറ്റര്‍ വീതിയും വരുന്ന ഗ്രൗണ്ട്‌ ഉണ്ടാക്കണമെങ്കില്‍ നിലവിലെ നാശോത്മുഖമായ ഗാലറി പൊളിച്ചു നീക്കേണ്ടിവരും. ഗാലറിയുടെ അടിയില്‍ 32 കടക്കാരുണ്ട്‌. ഇവരെ പുനഃരധിവസിപ്പിക്കേണ്ടിവരും. അതേപോലെ ലോക ജൂനിയര്‍ ലോകകപ്പിന്റെ വേദിയ്‌ക്കു വേണ്ടി മത്സരിക്കുന്ന കൊച്ചിയുടെ നെഹ്‌രു സ്റ്റേഡിയം കഴിഞ്ഞാല്‍ എടുത്തു പറയേണ്ട ഗ്രൗണ്ടാണ്‌ അംബേദകര്‍ സ്റ്റേഡിയം.എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച പ്ലാന്‍ നല്‍കിയപ്പോള്‍ ഉടമസ്ഥ അവകാശം ,രേഖ ,സത്യവാങ്‌മൂലം എന്നിങ്ങനെ ഒരു സ്വകാര്യമുതലാളിയോട്‌ ആവശ്യപ്പെടുന്നതുപോലെ ജിസിഡിഎയോട്‌ ചോദിച്ചിരിക്കുന്നുവെന്നു വേണുഗോപാല്‍ പറഞ്ഞു.


അതേസമയം ജിസിഡിഎ ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയായി വരുന്നതായും വേണുഗോപാല്‍ പറഞ്ഞു. ബണ്ട്‌ റോഡിന്റെ പണി ഏകദേശം പൂര്‍ത്തിയായി. ഏതാണ്ട്‌ 600 മീറ്റര്‍ വരുന്ന ഭൂമി ശാസ്‌ത്രി നഗറില്‍ നിന്നും വള്ളോന്‍ റോഡുവരെയുള്ള പണികള്‍ അവസാനഘട്ടത്തിലാണ്‌. ഡ്രെയ്‌നേജ്‌ സംവിധാനവും കലുങ്കിന്റെ പണികളും പൂര്‍ത്തിയായി. ഒരുമാസത്തിനകം പൂര്‍ത്തിയാക്കും.
മറ്റൊരു പദ്ധതി സൗത്ത്‌ മേല്‍പ്പാലത്തിന്റെ കിഴക്കേകവാടത്തില്‍ നിന്നും കടവന്ത്ര ഭാഗത്തേക്കു കയറുവാനുള്ള റോഡിലേക്കു കയറുവാന്‍ ഒരു കാല്‍നടപാത മാത്രമെയുള്ളു. അതിനുപരിഹാരമായി കടവന്ത്ര മാര്‍ക്കറ്റിനോടു ചേര്‍ന്ന്‌ വീതി കൂടിയ ഒരു പാലത്തിന്റെ നിര്‍മ്മാണം കഴിഞ്ഞ ഒരാഴ്‌ചയായി ആരംഭിച്ചു. ആറുമാസത്തിനുള്ളില്‍ ആ പാലം കിഴക്കേ കവാടത്തില്‍ നിന്നും മികടവന്ത്രയിലേക്കുള്ള പ്രധാന പാതയായി മാറുമെന്നു എന്‍.വേണുഗോപാല്‍ പറഞ്ഞു.
രാജേന്ദ്രമൈതാനത്തെ ലേസര്‍ ഷോയുടെ പണിക്ക്‌# ആദ്യ ഘട്ടത്തില്‍ പൊതുജനങ്ങളില്‍ നിന്നും പൗരപ്രമുഖന്മാരില്‍ നിന്നും എതിര്‍പ്പും ആശങ്കകളും ഉണ്ടായിരുന്നു. കാര്യങ്ങള്‍ അവര്‍ക്ക്‌ ബോധ്യപ്പെട്ടതോടുകൂടി അവരെല്ലാം ഇപ്പോള്‍ സമ്മതിച്ചതായും ജിസിഡിഎ ചെയര്‍മാന്‍ പറഞ്ഞു. ഇടതു യുവജന സംഘടനകളുമായും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായും എന്‍.വേണുഗോപാല്‍ പറഞ്ഞു.
32 ദിവസങ്ങള്‍ക്കു മുന്‍പ്‌ കോര്‍പ്പറേഷന്‍ ഇതുസംബന്ധിച്ചു പ്ലാന്‍ വേണമെന്നു പറഞ്ഞു. മേല്‍ക്കൂരയില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒന്നര അടി ഉയരമുള്ള ഒരു തൂണ്‍ മാത്രമാണ്‌ അവിടെ ഉള്ളത്‌. അവിടെ വേറെ ഒരു നിര്‍മ്മാണവും നടത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ കൊച്ചി നഗരസഭ പണി നിര്‍ത്തിവെക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട്‌ നോട്ടീസ്‌ നല്‍കിയതായും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഇനി പണി എല്ലാം കഴിഞ്ഞു.ഇനി ലേസര്‍ മെഷീന്‍ ഘടിപ്പിക്കേണ്ട പണി മാത്രമെ നടക്കാനുള്ളു. ഇക്കാര്യത്തില്‍ കോര്‍പ്പറേഷനു റോളില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
അതേസമയം ജിസിഡിഎ കോര്‍പ്പറേഷനു മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്ന മറൈന്‍ഡ്രൈവില്‍ നിന്നും രണ്ട്‌ റോഡുകള്‍ കടന്നുവരുന്ന സ്‌കൈവാക്കിന്റെ കാര്യം ചക്കുളത്തി പോരില്‍ സംശയകരമായി. പിഡബ്ലുഡിയില്‍ നിന്നും മറ്റു സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും അനുവാദം കിട്ടിയാലും മേയര്‍ ടോണി ചമ്മിണി ഒപ്പുവെക്കില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ