2014 മേയ് 30, വെള്ളിയാഴ്‌ച

ഒഡീഷ ഗ്രാമീണ്‍ മേള കൊച്ചിയില്‍ ആരംഭിച്ചു
























ഒഡീഷ ഗ്രാമീണ്‍ മേള കൊച്ചിയില്‍ ആരംഭിച്ചുരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പരമ്പരാഗത വസ്‌ത്ര നിര്‍മ്മാതാക്കളുടേയും കലാകാരന്മാരുടേയും ശില്‍പ്പികളുടേയും ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വില്‍പ്പനയായ ഒഡീഷ ഹാന്‍ഡ്‌ലൂം ഹാന്‍ഡി ക്രാഫ്‌റ്റ്‌സ്‌ എറണാകുളം ചിറ്റൂര്‍ റോഡില്‍ രാജാജി ജംക്ഷനിലെ ഗംഗോത്രിഹാളില്‍ ആരംഭിച്ചു.
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ ഭൂവനേശ്വര്‍ ഡവലപ്പ്‌മെന്റ്‌ കമ്മീഷണര്‍ ആര്‍.കെ മിശ്ര മേള ഉദ്‌ഘാടനം ചെയ്‌തു. ഹാന്‍ഡിക്രാഫ്‌റ്റിന്‌ 10ശതമാനവും ഹാന്‍ഡ്‌ലൂമിന്‌ 20ശതമാനവും വരെ ഡിസ്‌കൗണ്ട്‌ ലഭ്യമാണ്‌.
ഒറീസ സാരികള്‍, ഒറീസ ആര്‍ട്ട്‌സ്‌ ആന്‍ഡ്‌ പെയിന്റിങ്ങ്‌സ്‌,പിലിഗിരി ജ്വല്ലറി ,യൂട്ടിലിറ്റി ബ്രാസ്‌ മെറ്റല്‍,വുഡന്‍ ക്രാഫ്‌റ്റ്‌സ്‌,ഹാന്‍ഡ്‌ലൂം ഉല്‍പ്പന്നങ്ങള്‍,ബെഡ്‌ഷീറ്റുകള്‍, ഡ്രസ്‌ മെറ്റീരിയലുകള്‍,ടോപ്പുകള്‍, കാശ്‌മീരി ഷാളുകള്‍,ശാന്തിനികേതന്‍ ബാഗുക ള്‍,കൊല്‍ക്കത്ത സാരികള്‍, ടെറാകോട്ട വസ്‌തുക്കള്‍,മിനാകിരി സ്റ്റോണുകള്‍,ഗോള്‍ഡ്‌ പ്ലേറ്റഡ്‌ ജ്വല്ലറി,മധുബനി-രാജസ്ഥാനി പെയിന്റിംഗ്‌സ്‌,ഗുജറാത്തി ടോപ്പുകള്‍,ഛന്ദേരി സാരികള്‍, ഗുജറാത്തി ഡ്രസുകള്‍,ഛന്ദേരി ഡ്രസ്‌ മെറ്റീരിയലുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഇവിടെയുണ്ട്‌.
വെജിറ്റബിള്‍ ഡൈകള്‍ ഉപയോഗിച്ച സാല്‍വാര്‍ കമ്മീസുകള്‍,മിറര്‍ വര്‍ക്ക്‌ മെറ്റീരിയലുകള്‍ ട്രെന്‍ഡി കുര്‍ത്തി എന്നിവയ്‌ക്കുപുറമെ പ്രത്യേകമായ കുഷ്യന്‍-ബാഗ്‌,ലെറ്റര്‍ സ്റ്റാന്‍ഡ്‌,ആനകളുടെ രൂപം തുടങ്ങിയ കരകൗശല വസ്‌തുക്കള്‍,തുണിയിലും വെല്‍വെറ്റിലും ചെയ്‌ത പപ്പറ്റസ്‌,വോള്‍പീസുകള്‍, ഹാള്‍ഡറുകള്‍,ഡിഷ്‌ മാറ്റ്‌സ്‌ എന്നിവയടക്കം ആകര്‍ഷകമായ ഒട്ടേറെ കരകൗശല വസ്‌തുക്കളും ഇവിടെയുണ്ട്‌. 
സാല്‍വാര്‍ സ്യുട്ടുകള്‍,ജാക്കറ്റുകള്‍,സ്‌കര്‍ട്‌സ്‌,ബെഡ്‌ കവറുകള്‍,കുഷ്യന്‍ കവറുകള്‍ എന്നിവയില്‍ പലതും ബ്ലോക്ക്‌ പ്രിന്റ്‌ ചെയ്‌തവയാണ്‌. പുരുഷന്മാര്‍ക്കായി ചികാന്‍ കുര്‍ത്താസ്‌, കുട്ടികള്‍ക്ക്‌ ചന്യചോളി,കിഷന്‍ഗാട്ടെ, ഫര്‍ണിച്ചറുകള്‍,സംഭാല്‍പ്പുരി കോട്ടണ്‍സാരികള്‍ ,ഖാദി വസ്‌ത്രങ്ങള്‍, ജൂട്ട്‌്‌ കസരേകള്‍,ജൂട്ട്‌ വാള്‍ ഹാംഗിങ്ങുകള്‍, ജൂട്ട്‌ ഫ്രെയ്‌മുകള്‍, ജൂട്ട്‌ ലെയ്‌സ്‌, ജൂട്ട്‌ ഹെഡ്‌ ക്ലിപ്പുകള്‍ എന്നിവയും മേളയെ ആകര്‍ഷകമാക്കുന്നു. 

കാനറാ ബാങ്കിന്റെ സര്‍ക്കിള്‍ ഓഫീസ്‌ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു


കൊച്ചി

കാനറാ ബാങ്കിന്റെ കേരളത്തിലെ മൂന്നാമത്തെ സര്‍ക്കിള്‍ ഓഫീസ്‌ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എറണാകുളം ടി.ഡി റോഡ്‌ നോര്‍ത്ത്‌ എന്‍ഡിലെ പുതിയ ഓഫീസ്‌ മന്ദിരം ബാങ്ക്‌ ചെയര്‍മാനും എംഡിയുമായ ആര്‍.കെ ദുബെ ഉദ്‌ഘാടനം ചെയ്‌തു. എംപിമാരായ കെ.വി തോമസ്‌,പി.രാജീവ്‌,ഹൈബി ഈഡന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു.
ബാങ്കിന്റെ 40-#ാമത്തെ സര്‍ക്കിളായ എറണാകുളം ജില്ലയിലെ 39ഉം തൃശൂര്‍ ജില്ലയിലെ 42ഉം ഇടുക്കിയിലെ മൂന്നും അടക്കം 125 ശാഖകളുടെ മേല്‍നോട്ടം കൊച്ചി സര്‍ക്കിളിനായിരിക്കും. നേരത്തെ കോഴിക്കോടും തിരുവനന്തപുരത്തുമാണ്‌ സര്‍ക്കള്‍ ഓഫീസുകള്‍ ഉണ്ടായിരുന്നത്‌. ഒരു വര്‍ഷത്തിനകം പാലക്കാട്‌ അല്ലെങ്കില്‍ തൃശൂരില്‍ അഞ്ചാമത്തെ സര്‍ക്കിള്‍ ഓഫീസ്‌ തുറക്കുവാനും പദ്ധതിയുണ്ട്‌. വന്‍ നഗരങ്ങളില്‍ 27ഉം പട്ടണങ്ങളിലെ 82ഉം ഗ്രാമങ്ങളിലെ 16ഉം ശാഖകളില്‍ നിന്നായി 13,000 കോടിയുടെ ബിസിനസ്‌ ഇപ്പോള്‍ നിലവിലുണ്ട്‌. ഈ സാമ്പത്തിക വര്‍ഷം 75 പുതിയ ശാഖകള്‍ കൂടി തുറന്ന്‌ ,ശാഖകളുടെ എണ്ണം 200 ആക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. എറണാകുളം സര്‍ക്കിളിലെ 13,000 കോടിയുടെ മൊത്ത ബിസിനസില്‍ 3000 കോടി കൃഷിക്കും 1500 കോടി ചെറുകിട വ്യവസായങ്ങള്‍ക്കും 4000 കോടിയോളം മുന്‍ഗണന വായ്‌പയും നല്‍കികൊണ്ട്‌ 86ശതമാനം വായ്‌പ നിക്ഷേപ അനുപാതം നേടിയിട്ടുണ്ട്‌. 
പുതിയ സാമ്പത്തികവര്‍ഷത്തില്‍ നിക്ഷേപത്തില്‍ 16 മുതല്‍ 17ശതമാനം വളര്‍ച്ചയും വായ്‌പയില്‍ 20ശതമാനം വരെയും വളര്‍ച്ചയും നേടാനായി. 8.5ലക്ഷം കോടി മൊത്ത ബിസിനസ്‌ ആണ്‌ ബാങ്കിന്റെ ലക്ഷ്യം. 
ഗ്രാമീണ മേഖലയില്‍ യുവാക്കള്‍ക്ക്‌ സ്വന്തമായി തൊഴില്‍ നടത്തുവാനുള്ള പരിശീലനവും അതിനുവേണ്ട സാമ്പത്തിക സഹായം ഉറപ്പിക്കുവാനുമായി തൃശൂര്‍,മലപ്പുറം,പാലക്കാട്‌,കോഴിക്കോട്‌ എന്നീ ജില്ലാകളില്‍ സെല്‍ഫ്‌ എംപ്ലോയിമെന്റ്‌ പരിശീലന ഇന്‍സ്റ്റിറ്റിയൂട്ടുകള്‍ നടത്തിവരുന്നു. 
ഉദ്‌ഘാടന വേളയില്‍ കുടുംബശ്രീ മിഷനുമായി സഹകരിച്ച്‌ 10.16 കോടി രൂപയുടെ വിദ്യാഭ്യാസ വായ്‌പളുടേയും 0.25 കോടിയുടെ ചെറുകിട വ്യവസായ വായ്‌പകളുടേയും വിതരണം നടത്തി. ഡപ്യുട്ടി ജനറല്‍ മാനേജര്‍മാരായ ഡി.എസ്‌ സുരേഷ്‌, കിഷോര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. 

സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ വമ്പിച്ച നേട്ടം


കൊച്ചി

സമുദ്രോല്‍പ്പന്ന കയറ്റുമതിയില്‍ ഇന്ത്യക്ക്‌ വന്‍ നേട്ടം. കഴിഞ്ഞ വര്‍ഷം 6007.70 ദശലക്ഷം ഡോളറിന്റെ കയറ്റുമതിയാണ്‌ ഉണ്ടായത്‌. ഇതൊരു സര്‍കാല റെക്കോര്‍ഡാണ്‌. വിദേശ നാണ്യത്തില്‍ മാത്രമല്ല മത്സ്യകയറ്റുമതിയിലൂടെ അളവിലും രൂപയുടെ മൂല്യത്തിലും വര്‍ധനവ്‌ ഉണ്ടായി. 30213 .28 കോടി രൂപയുടെ വിദേശനാണ്യം നേടി തന്ന 983,745 മെട്രിക്‌ ടണ്‍ സമുദ്രോല്‍പ്പന്നങ്ങളാണ്‌ കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞത്‌.
ചെമ്‌മീന്‍ കയറ്റുമതിയിലൂടെയാണ്‌ വിദദേശനാണ്യം ഏറ്റവും കൂടുതല്‍ ലഭിച്ചത്‌. മൊത്തം മത്സ്യ കയറ്റുമതില്‍ 64ശതമാനത്തോളം വരുമാനം ശീതീകരിച്ച ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നാണ്‌ . ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കാണ്‌ പ്രധാന കയറ്റുമതി. യുറോപ്യന്‍ യുണിയന്‍ ,തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍, ജപ്പാന്‍ എന്നിവയാണ്‌ അടുത്ത സ്ഥാനങ്ങളില്‍. മത്സ്യ കയറ്റുമതിയില്‍ കണവയാണ്‌ ഒന്നാമത്‌ 19.78 ശതമാനം.ശീതീകരിച്ച കൂന്തലിന്റെ യും ഉണക്കമത്സ്യത്തിന്റെയും കയറ്റുമതിയിലും വന്‍ വര്‍ധനവ്‌ ഉണ്ടായി. 
മറൈന്‍ പ്രോഡക്‌ട്‌സ്‌ എക്‌സ്‌പോര്‍ട്ട്‌ ഡെവലപ്പ്‌മെന്റ്‌ അതോറിറ്റിയുടെ മൂന്നാമത്‌ അക്വ അക്വേറിയ 2015 ഫെബ്രുവരി 20-22 വരെ വിജയവാഡയിലെ ലൊയോള കോളേജ്‌ കാമ്പസില്‍ നടക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മേളയില്‍ 300ഓളം സ്റ്റാളുകള്‍ ഉണ്ടാകും. ഉല്‍പ്പാദന,വിളവെടുപ്പ്‌ സാങ്കേതിക വിദ്യകളും കയറ്റുമതിക്കു വേണ്ടിയുള്ള യന്ത്രസാമഗ്രികളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.

അന്യസംസ്ഥാന തൊഴിലാളികളുടെ 10 ക്യാമ്പുകള്‍ അടച്ചുപൂട്ടി




കൊച്ചി
എറണാകുളം ജില്ലയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ 10 ക്യാമ്പുകള്‍ അടച്ചുപൂട്ടി. 
ഇവിടെ നിന്നുള്ള തൊഴിലാളികളെ മറ്റു ക്യാമ്പുകളിലേക്കു മാറ്റുവാന്‍ ആരോഗ്യവകുപ്പ്‌ നിര്‍ദ്ദേശം നല്‍കി.
ആരോഗ്യവകുപ്പിന്റെ 20ഓളം സ്‌ക്വാഡുകള്‍ നൂറു കണക്കിനു കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. മിക്ക ക്യാമ്പുകളില്‍ നിന്നും നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു. അന്യസംസ്ഥാന തൊഴിലാളികള്‍ പലരും നാട്ടില്‍ നിന്നാണ്‌ ഇത്തരം നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്‌. 
ക്യാമ്പുകളില്‍ മലിന ജലമാണ്‌ കുടിക്കാന്‍ ഉപയോഗിക്കുന്നതെന്നും പരിശോധനയില്‍ വ്യക്തമായി. വൃത്തിഹീനമായ സാഹചര്യത്തിലാണ്‌ പലയിടത്തും ഭക്ഷണം പാകം ചെയ്യുന്നത്‌.പരിശോധന പൂര്‍ത്തീകരിച്ച ക്യാമ്പുകളില്‍ പലതും ശുദ്ധീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇതിനു തയ്യാറിയില്ലെങ്കില്‍ ക്യാമ്പ്‌ നിര്‍ത്തലമാക്കുമെന്നും ആരോഗ്യ വകുപ്പ്‌ അറിയിച്ചു. 
ഡിഎംഒ ഹസീന മുഹമ്മദ്‌ ,റൂറല്‍ ഹെല്‍ത്ത്‌ ഓഫീസര്‍ ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു റെയ്‌ഡ്‌

പോഷകാഹാര ചികിത്സാരീതിയെക്കുറിച്ചുള്ള രാജ്യാന്തര ശില്‍പ്പശാല തുടങ്ങി


കൊച്ചി
വിദേശരാജ്യങ്ങളില്‍ പ്രചാരത്തിലുള്ള പോഷകാഹാര ചികിത്സാരീതിയെക്കുറിച്ചുള്ള രാജ്യാന്തര ശില്‍പ്പശാല പാലാരിവ്‌ട്ടം ഐഎംഎ ഹാളില്‍ ആരംഭിച്ചു.
ഇന്ത്യയ്‌ക്കു പുറമേ ഇംഗ്ലണ്ട്‌, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌, മലേഷ്യ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഡോക്‌ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു മെഡിക്കല്‍ സ്റ്റാഫുകള്‍, ഹോസ്‌പിറ്റല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയ 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്‌.
ഔദ്യോഗിക ഉദ്‌ഘാടനം ഇന്നു വൈകിട്ട്‌ ഏഴിന്‌ മന്ത്രി കെ. ബാബു നിര്‍വഹിക്കും. ഐഎന്‍എംഎ പ്രസിഡന്റ്‌ ഡോ. എ. ശ്രീകുമാര്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷന്‍ അംഗം സിറിയക്‌ ജോസ്‌ മുഖ്യ പ്രഭാഷണം നടത്തും. കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, ഡോ. ദേവരാജന്‍, ഡോ. ബാബു, ഡോ. പ്രതാപന്‍ നായര്‍, ഡോ. ജുനൈദ്‌ റഹ്മാന്‍, സിബി മാസ്റ്റര്‍, പ്രൊഫ. ഇയാന്‍ ഡെറ്റ്‌മെന്‍, ഡോ. സുജിത്‌ നായര്‍, ഡോ, സുധീര്‍ എന്നിവര്‍ പങ്കെടുക്കും.

വിദ്യാഭ്യാസം മാത്രം പോര- ഇന്നസെന്റ്‌








കൊച്ചി
വിദ്യാഭ്യാസ വിഷയത്തില്‍ കേന്ദ്രമന്ത്രിയും സീരിയല്‍ നടിയുമായ സമൃതി ഇറാനിയെ ചാലക്കുടി എംപിയും സിനിമാ താരവുമായ ഇന്നസെന്റ്‌ പിന്തുണച്ചു. വിദ്യാഭ്യാസം ഉണ്ടായതുകൊണ്ടു മാത്രം കാര്യമായില്ല. കാര്യങ്ങള്‍ മനസിലാക്കാനും പ്രവര്‍ത്തിക്കാനുമുള്ള ശേഷിയാണ്‌ വേണ്ടത്‌. 18 ഭാഷ അറിയാവുന്നയാള്‍ 18 ഭാഷയിലും വിഢിത്തം മാത്രം പറഞ്ഞാല്‍ എന്തുകാര്യമാണെന്നു ഇന്നസെന്റ്‌ ചോദിച്ചു. . ബുദ്ധി അല്ലെങ്കില്‍ വിവരം പുസ്‌തകത്തില്‍ നിന്നും കിട്ടുന്നതല്ലെന്നും ഒരാള്‍ക്ക്‌ എത്രത്തോളം വിദ്യാഭ്യാസം ഉണ്ട്‌ എന്നതിലല്ല പ്രായോഗിക ബുദ്ധിയുണ്ടോ എന്നതാണ്‌ പ്രധാനമെന്ന്‌ ഇന്നസെന്റ്‌. വിദ്യാഭ്യാസ യോഗ്യതയിലോ സര്‍ട്ടിഫിക്കറ്റിലോ കാര്യമില്ലെന്നും ഇന്നസെന്റ്‌ പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ്‌ ദ പ്രസ്‌ പരിപാടിയില്‍ കേന്ദ്രമാനവ വിഭവശേഷി വകുപ്പ്‌ മന്ത്രി സ്‌മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഭരിക്കാന്‍ കഴിവുണ്ടായതിനാലാവാം സ്‌മൃതിക്ക്‌ ആ വകുപ്പ്‌ നല്‍കിയതെന്നും കാര്യങ്ങള്‍ കാണാന്‍ കഴിവുള്ളയാള്‍ക്ക്‌ മന്ത്രിയാകാമെന്നും ഇന്നസെന്റ്‌ പറഞ്ഞു. സ്‌മൃതി ഇറാനിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചു പറയാന്‍ താന്‍ ആളെല്ലെന്നും സ്‌മൃതി ഇറാനിയുടെ പകുതി , എട്ടാം ക്ലാസ്‌ വിദ്യാഭ്യാസമേയുള്ളുവെന്നും ഇന്നസെന്റ്‌ പറഞ്ഞു. തമിഴ്‌ നാട്‌ മുഖ്യമന്ത്രിയായിരുന്ന കാമരാജിനും വിദ്യാഭ്യാസം കുറവായിരുന്നു..സ്‌കൂളില്‍ പഠിക്കുമ്പോല്‍ റാങ്ക്‌ കിട്ടിയ ആളുകളൊക്കെ ഏതെങ്കിലും പഠിക്കാത്ത ആളുകളുടെ സ്ഥാപനത്തില്‍ ജോലിചെയ്യുന്നതു കണ്ടിട്ടുണ്ടെന്നു ഇന്നസെന്റ്‌ പറഞ്ഞു
ഇത്രയേറെ സീറ്റുകള്‍ ബിജെപി നേടിയത്‌ അവര്‍ക്കു ലഭിച്ച ജനപിന്തുണയുടെ തെളിവാണ്‌. ബിജെപിയുടെ വിജയം അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടതിനു ശേഷം മാത്രമെ അദ്ദേഹത്തിനെ വിമര്‍ശിക്കുന്നതില്‍ കാര്യമുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വഴക്കുണ്ടാക്കേണ്ട കാര്യമില്ലെന്നും നല്ലത്‌ ചെയ്‌താല്‍ അതിനെ എതിര്‍ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ പരിചയക്കാരുണ്ട്‌. റാംജി റാവു സ്‌പീക്കിംഗ്‌ ചിത്രത്തില്‍ ഉള്‍പ്പെടെ താന്‍ ചെയ്‌ത കഥാപാത്രങ്ങളെ ഹിന്ദിയില്‍ അവതരിപ്പിച്ച പരേഷ്‌ റാവല്‍ പാര്‍ലമെന്റിലുണ്ട്‌. ഇവരുമായിട്ടുള്ള സൗഹൃദം സഹായകരമാണെന്നും ഇന്നസെന്റ്‌ പറഞ്ഞു.
വഷത്തില്‍ മൂന്ന്‌ സിനിമയിലെങ്കിലും അഭിനയിക്കണമെന്നാണ്‌ ആഗ്രഹം എന്നും രാഷ്ട്രീയത്തിലെത്തിയതുകൊണ്ട്‌ സ്വന്തം തൊഴില്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്മയുടെ ജനറല്‍ ബോഡി യോഗം ജൂണ്‍ 29 ന്‌ ചേരുമ്പോള്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിക്കും. അവര്‍ അംഗീകരിച്ചാല്‍ സ്ഥാനം ഒഴിയുമെന്നും ഇന്നസെന്റ്‌ വ്യക്തമാക്കി. സിനിമ മേഖലയ്‌ക്ക്‌ വേണ്ടി ന്യായമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലി ബൈപാസിന്റെയും അതിരപ്പിള്ളിയുടെയും കാര്യത്തില്‍ എംപി എന്നനിലയില്‍ പ്രധാന്യം നല്‍കുമെന്നും ഇന്നസെന്റ്‌ കൂട്ടിച്ചേര്‍ത്തു.ആരോഗ്യരംഗത്തിനു പ്രാമുഖ്യം നല്‍കാനാണ്‌ തീരുമാനം. . തീരെ പാവപ്പെട്ട അസുഖബാധിതര്‍ക്ക്‌ മരുന്ന്‌ ഫ്രീ ആയി ലഭിക്കാന്‍ മാര്‍ഗം ആരായും
എല്‍ഡിഎഫ്‌ സ്വന്ത്രന്മാരായി വന്ന ചിലര്‍ പിന്നീട്‌ കാലുമാറിയത്‌ തെറ്റാണെന്നു ഇന്നസെന്റ്‌ പറഞ്ഞു. തന്റെ വ്യക്തിപ്രഭാവം കൊണ്ടായിരുന്നില്ല എല്‍ഡിഎഫ്‌ പിന്തുണ ലഭിച്ചതുകൊണ്ടുമാത്രമാണ്‌ ജയിച്ചതെന്നും ഇന്നസെന്റ്‌ പറഞ്ഞു. ജനപ്രതിനിധി മണ്ഡലത്തില്‍ ഉണ്ടാകുക എന്നാല്‍ ചരമം,കല്യാണം ,ചോറൂണ്‌ എന്നീ ചടങ്ങുകള്‍ക്ക്‌ മുടങ്ങാതെ എത്തുക എന്ന ധാരണ തിരുത്തണം. ചരമത്തിനും കല്യാണത്തിനും ചോറൂണിനും പോകുകയല്ല ജനപ്രതിനിധിയുടെ പണിയെന്നു ഇന്നസെന്റ്‌ പറഞ്ഞു. പാര്‍ലമെന്റില്‍ സിപിഎം എംപിമാര്‍ ബഹളം വെക്കുമ്പോള്‍ മുന്നില്‍ ചാടി ഇറങ്ങി നില്‍ക്കില്ലെങ്കിലും മാറിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. . ഇത്രയും നാള്‍ കഷ്‌ടപ്പെട്ടു ജീവിച്ചത്‌ പാര്‍ലമെന്റില്‍ പോയി തല്ലുകൊണ്ടു ചാവാനല്ലെന്നും തമാശകൈവിടാതെ ഇന്നസെന്റ്‌ വ്യക്തമാക്കി.

2014 മേയ് 29, വ്യാഴാഴ്‌ച

റവ. മോണ്‍.ജോര്‍ജ്‌ കൂര്‍സ്‌ അറയ്‌ക്കലിന്റെ 75-ാംചരമ വാര്‍ഷികാചരണം



കൊച്ചി
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശിയ ലത്തീന്‍ വികാരി ജനറല്‍ ആയിരുന്ന റൈറ്റ്‌ റവ.മോണ്‍. ജോര്‍ജ്‌ കൂര്‍സ്‌ അറയ്‌ക്കലിന്റെ 75-ാം ചരമവാര്‍ഷികാചരണം ജൂണ്‍ 4.7 തീയതികളില്‍ വാടേല്‍ സെന്റ്‌ ജോര്‍ജ്‌ പള്ളി, എറണാകുളം ഇന്‍ഫന്റ്‌ ജീസസ്‌ പള്ളി എന്നിവടങ്ങളിലായി നടക്കും.
വിദേശീയായ മെത്രാപ്പൊലീത്ത ഏഞ്ചല മേരി റോമിലേക്കു പോയ ഒഴിവിലാണ്‌ കൊച്ചി രൂപതയുടെ ചുമതല ആദ്യമായി തദ്ദേശിയ പുരോഹിതനായ റൈറ്റ്‌ റവ. മോണ്‍.ജോര്‍ജ്‌ കൂര്‍സ്‌ അറയ്‌ക്കലിനു കൈമാറിയത്‌. നല്ലൊരു എഴുത്തുകാരന്‍ കൂടിയായ അദ്ദേഹം മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപത്രമായ സത്യനാദത്തിന്റെയും ഐഎസ്‌ പ്രസിന്റെയും മാനേജര്‍ സ്ഥാനം വഹിച്ചിരുന്നു..കൊച്ചി ദിവാന്‍ എറണാകുളം മുന്‍സിപ്പല്‍ കൗണ്‍സിലറായും അദ്ദേഹത്തെ തിരഞ്ഞടുത്തിരുന്നു. കൗണ്‍സിലര്‍ സ്ഥാനം ലഭിച്ച ആദ്യത്തെ പുരോഹിതന്‍ കൂടിയായിരുന്നു അദ്ദേഹം. കൂനമ്മാവ്‌ സെന്റ്‌ ഫിലോമിനാസ്‌ സ്‌കൂള്‍ പ്രിഫക്‌ട്‌,എറണാകുളം സെന്റ്‌ ആല്‍ബര്‍ട്‌സ്‌ ഹൈസ്‌കൂള്‍ മാനേജര്‍,അഖിലകേരള കാത്തലിക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌,വരാപ്പുഴ അതിരൂപതാ ക്യൂറിയ തലവന്‍,അപ്പോസ്‌തലിക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍,ഡോമസ്റ്റിക്‌ പ്രിലേറ്റ്‌,വിശ്വാസ പ്രചാരകസംഘം അതിരൂപതാ ഡയറക്‌ടര്‍ എന്നിങ്ങനെ ഒട്ടനവധി സ്ഥാനങ്ങള്‍ വഹിച്ചു.

ജൂണ്‍ നാലിനു നാരമ്പലം വാടേല്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ രാവിലെ 11നു ദിവ്യബലിയ്‌ക്ക്‌ വരാപ്പുഴ അതിരൂപത റവ.മോണ്‍ ജോസ്‌ പടിയാരംപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. കോഴിക്കോട്‌ മദര്‍ ഓഫ്‌ ഗോഡ്‌സ്‌ കത്തീഡ്രല്‍ വികാരി മോണ്‍.വിന്‍സെന്റ്‌ അറയ്‌ക്കല്‍ അനുസ്‌മരണ പ്രഭാഷണം നടത്തും . തുടര്‍ന്നു ഫോട്ടോ അനാഛാദനം റവ.ഡോ.പീറ്റര്‍ കൊച്ചൂവീട്ടില്‍ നിര്‍വഹിക്കും.
ജൂണ്‍ ഏഴിനു വൈകിട്ട്‌ മൂന്നരയ്‌ക്ക്‌ സെമിത്തേരി മുക്കിലെ ഇന്‍ഫന്റ്‌ ജീസസ്‌ പള്ളി സെമിത്തേരിയില്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്‌ക്ക്‌ മോണ്‍. അംബ്രോസ്‌ അറയ്‌ക്കല്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്നു എറണാകുളം ഇന്‍ഫന്റ്‌ ജീസസ്‌ പള്ളിയില്‍ നടക്കുന്ന ദിവ്യബലിയ്‌ക്ക്‌ വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത റവ.ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട്‌ ആറിനു ചേരുന്ന അനുസ്‌മരണ സമ്മേളനം ഡോ.ചാള്‍സ്‌ ഡയസ്‌ എംപി ഉദ്‌ഘാട
കൈമാറിയത്‌
ജൂണ്‍ നാലിനു നാരമ്പലം വാടേല്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ രാവിലെ 11നു ദിവ്യബലിയ്‌ക്ക്‌ വരാപ്പുഴ അതിരൂപത റവ.മോണ്‍ ജോസ്‌ പടിയാരംപറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. കോഴിക്കോട്‌ മദര്‍ ഓഫ്‌ ഗോഡ്‌സ്‌ കത്തീഡ്രല്‍ വികാരി മോണ്‍.വിന്‍സെന്റ്‌ അറയ്‌ക്കല്‍ അനുസ്‌മരണ പ്രഭാഷണം നടത്തും . തുടര്‍ന്നു ഫോട്ടോ അനാഛാദനം റവ.ഡോ.പീറ്റര്‍ കൊച്ചൂവീട്ടില്‍ നിര്‍വഹിക്കും.
ജൂണ്‍ ഏഴിനു വൈകിട്ട്‌ മൂന്നരയ്‌ക്ക്‌ സെമിത്തേരി മുക്കിലെ ഇന്‍ഫന്റ്‌ ജീസസ്‌ പള്ളി സെമിത്തേരിയില്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്‌ക്ക്‌ മോണ്‍. അംബ്രോസ്‌ അറയ്‌ക്കല്‍ കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്നു എറണാകുളം ഇന്‍ഫന്റ്‌ ജീസസ്‌ പള്ളിയില്‍ നടക്കുന്ന ദിവ്യബലിയ്‌ക്ക്‌ വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത റവ.ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട്‌ ആറിനു ചേരുന്ന അനുസ്‌മരണ സമ്മേളനം ഡോ.ചാള്‍സ്‌ ഡയസ്‌ എംപി ഉദ്‌ഘാടനം ചെയ്യും. കേരള ലാറ്റിന്‍ കാത്തലിക്‌ ഹിസ്റ്ററി അസോസിയേഷന്‍ പ്രസിഡന്റ്‌ റവ.മോണ്‍.ജോര്‍ജ്‌ വെളിപ്പറമ്പില്‍, റവമോണ്‍.സെബാസ്‌റ്‌യന്‍ ലൂയിസ്‌, കൗണ്‍സിലര്‍ ലിനോ ജേക്കബ്‌,കെഎല്‍സിസെ വരാപ്പുഴ അതിരൂപത പ്രസിഡന്റ്‌ അഡ്വ.വി.എ ജെറോം ,മാത്തപ്പന്‍ കാനപ്പിള്ളി എന്നിവര്‍ സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഫാ.ആന്റണി അറയ്‌ക്കല്‍, മാത്തച്ചന്‍ അറയ്‌ക്കല്‍, വിന്‍സെന്റ്‌ ജി അറയ്‌ക്കല്‍ എന്നിവര്‍ പങ്കെടുത്തു.

2014 മേയ് 26, തിങ്കളാഴ്‌ച

രണ്ടു പെണ്‍കുട്ടികളുടെ മരണത്തില്‍ ദുരൂഹത


സ്വന്തം മാതാവിനെ മക്കള്‍ പറമ്പില്‍ ഉപേക്ഷിച്ചു


കട്‌ലറ്റും സമൂസയും പഫ്‌സും തിന്നുന്നവര്‍ ഓര്‍മ്മിക്കുക






കലക്‌ടര്‍ അടക്കം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം -ധീവരസഭ


കൊച്ചി
കേരളത്തിലെ സാമൂഹ്യപരിഷകര്‍ത്താക്കളില്‍ പ്രധാനിയായ കവി തിലകന്‍ പണ്ഡിറ്റ്‌ കെ.പി കറുപ്പന്റെ കുണ്ടന്നൂരില്‍ സ്ഥാപിച്ച പ്രതിമ ജെസിബി ഉപയോഗിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രധാന ഉത്തരവാദികളായ എറണാകുളം ജില്ലാ കലക്‌ടര്‍ എം.ജി രാജമാണിക്യം, ഡപ്യുട്ടി തഹസില്‍ദാര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തി നടപടികള്‍ സ്വീകരിക്കണമെന്നു അഖിലകേരള ധീവരസഭ സെക്രട്ടറി വി.ദിനകരന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ അഖിലകേരള ധീവരസഭ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ്‌ സമരപരിപാടികള്‍ നിര്‍ത്തിവെച്ചിരിക്കുന്നതെന്നും പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത പതിനൊന്നു സെന്റ്‌ സ്ഥലം ധീവരസഭയുടെ 261-ാം നമ്പര്‍ കരയോഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ശ്രീഭഗവല്‍സഹായ സംഘത്തിനു വിട്ടുകൊടുക്കണമെന്നും സര്‍ക്കാര്‍ ചിലവില്‍ പണ്ഡിറ്റ്‌ കറുപ്പന്റെ പ്രതിമ തല്‍സ്ഥാനത്തു പുനഃസ്ഥാപിക്കണമെന്നും വി.ദിനകരന്‍ ആവശ്യപ്പെട്ടു
കഴിഞ്ഞ ശനിയാഴ്‌ച 129-ാം ജന്മദിനത്തിന്റെ ഭാഗമായി പ്രാര്‍ത്ഥനയും പുഷ്‌പാര്‍ച്ചനയും നടത്തിയ പ്രതിമയാണു ജില്ലാ കലക്‌ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റവന്യു അധികൃതര്‍ ജെസിബി ഉപയോഗിച്ചു പിഴുതെറിഞ്ഞത്‌.
ഇതില്‍ പ്രതിഷേധിച്ചു വിവിധ സംഘടനകള്‍ ആഹ്വാന ചെയ്‌ത ഹര്‍ത്താലില്‍ മരടിലും കുമ്പളത്തും കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. കുമ്പളത്ത്‌ കരിദിനവും ആചരിച്ചു.

സംസ്ഥാനത്തെ സാമൂഹ്യപരിഷ്‌കര്‍ത്താക്കളെക്കുറിച്ചു അറിയാത്തവരെ എറണാകുളം പോലുള്ള പ്രധാന ജില്ലയില്‍ ജില്ലാകലക്‌ടറായി നിയമിക്കരുതെന്നും ജില്ലാ കലക്‌ടര്‍ രാജമാണിക്യത്തിന്റെ നടപടി അങ്ങയേറ്റം മനുഷ്യത്വരഹിതമായ പ്രവൃത്തിയാണെന്നും ദിനകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതുവരെ ജില്ലയിലെ ഒരു എംപിയോ, എംഎല്‍എ മാരില്‍ ആരും തിരിഞ്ഞു നോക്കാതിരിക്കുന്നതും സംശയം ഉളവാക്കുന്നുവെന്ന്‌ ദിനകരന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിമസ്ഥാപിച്ചിരിക്കുന്നത്‌ പുറമ്പോക്ക്‌ ഭൂമിയിലാണെന്ന വാദത്തിനു അടിസ്ഥാനമില്ലെന്നു ദിനകരന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ 90 ശതമാനം പ്രതിമകളും സ്ഥാപിച്ചിരിക്കുന്നത്‌ പുറമ്പോക്കിലാണ്‌. എന്നാല്‍ പണ്ഡിറ്റ്‌ കറുപ്പന്റെ പ്രതിമ സ്ഥാപിച്ചത്‌ മത്സ്യ ഉത്‌പാദന സഹകരണസംഘത്തിന്റെ പേരില്‍ 1970ല്‍ വാങ്ങിയ 11 സെന്റ്‌ സ്ഥലത്താണെന്ന്‌ ദിനകരന്‍ പറഞ്ഞു. ഈ സ്ഥലം കേവലം 4710 രൂപ തിരിച്ചടക്കാന്‍ വൈകിയതിനെ തുടര്‍ന്നു സര്‍ക്കാര്‍ കണ്ടുകെട്ടുകയായിരുന്നു.പിന്നീട്‌ 1982ല്‍ സംഘത്തിന്റെ അപേക്ഷയില്‍ തുക ഗഡുക്കളായി അടക്കുവാന്‍ നടപടി ആയെങ്കിലും ട്രഷറി അധികൃതര്‍ തുക സ്വീകരിച്ചില്ല.
സര്‍ക്കാര്‍ ഏറ്റെടുത്ത ഈ ഭൂമി കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത്‌ ഒളിമ്പ്യന്‍ മേഴ്‌സികുട്ടനു നല്‍കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു.

സൊലസ്‌ സ്‌നേഹസംഗമം




മാരകമായ രോഗങ്ങല്‍ വന്നു ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കും കുടുംബത്തിനും തുണയേകുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന സൊലസിന്റെ കൊച്ചി യൂണിറ്റിന്റെ ആദ്യ വാര്‍ഷികത്തിന്റെ ഭാഗമായി 28നു ആലുവ കീഴ്‌മാട്‌ ഏലി ഹില്‍സില്‍ അഭ്യുദയകാംക്ഷികളുടെ ഒത്തു ചേരല്‍ നടത്തും.
കാന്‍സര്‍,തലസേമിയ,നെഫ്രോട്ടിക്‌ സിന്‍ഡ്രം,സെറിബ്രല്‍ പാല്‍സി,ഹിമോഫീലിയ തുടങ്ങിയ രോഗങ്ങള്‍കൊണ്ട്‌ ചികിത്സയ്‌ക്കു വകയില്ലാതെ നട്ടം തിരിയുന്ന 600ഓളം കുട്ടികള്‍ക്കാണ്‌ സൊലസ്‌ പ്രതിമാസം ആറുലക്ഷത്തോളം രൂപ വിലവരുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കിവരുന്നത്‌. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ ലുക്കീമിയ വാര്‍ഡിനോടു ചേര്‍ന്ന്‌ ഒരു പ്ലേ തെറാപ്പി യൂണിറ്റ്‌ സൊലസ്‌ സ്ഥാപിച്ചിട്ടുണ്ട്‌. കൊച്ചി മെഡിക്കല്‍ കോളേജിനോടു ചേര്‍ന്നു ഇതേ രീതിയില്‍ ഒരു പ്ലേ തെറാപ്പി യൂണിറ്റ്‌ ആരംഭിക്കാനും സൊലസിനു അനുമതി ലഭിച്ചിട്ടുണ്ടെന്ന്‌ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട്‌ ഷീബ അമീര്‍, ജോര്‍ജ്‌ സി കോശി, ഇ.ടി കുമാരി, അഷിത സുപോഷ്‌, ലൈസ ജേക്കബ്‌ ,ഇ.എ അബൂബക്കര്‍ എന്നിവര്‍ അറിയിച്ചു. 

വയര്‍മെന്‍-സൂപ്പര്‍വൈസേഴ്‌സ്‌ അസോസിയേഷന്‍ കൂട്ടധര്‍ണ


കൊച്ചി
ഇലക്‌ട്രിക്കല്‍ ലൈസന്‍സിങ്ങ്‌ ബോര്‍ഡും കേരള ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനും ആവിഷ്‌കരിച്ചു നടപ്പാക്കിയിട്ടുള്ള ജനദ്രോഹപരമായ നിയമങ്ങളും സപ്ലൈകോഡ്‌ 2014ലെ ന്യൂനതകളും പുനഃപരിശോധിച്ച്‌ വയറിംഗ്‌ തൊഴിലാളികള്‍ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ സംസ്ഥാന വ്യാപകമായി കേരള ഇലക്‌ട്രിക്കല്‍ വയര്‍മെന്‍ ആന്റ്‌ സൂപ്പര്‍വൈസേഴ്‌സ്‌ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ടര്‍ക്കു മുന്നില്‍ കൂട്ടധര്‍ണ നടത്തുമെന്ന്‌ ജില്ലാ പ്രസിഡന്റ്‌ എം.ആര്‍ വേണുഗോപാല്‍,ജില്ലാ സെക്രട്ടറി വി.രമേഷ്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
വയര്‍മെന്‍ പെര്‍മിറ്റ്‌ ഓണ്‍ലൈനായി പുതുക്കാനുള്ള തീരുമാനം നടപ്പാക്കുക,മീറ്റര്‍ ടെസ്റ്റിങ്ങ്‌ ലാബ്‌ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുക,വീട്‌ കണക്ഷനു ഇപ്പോള്‍ നല്‍കുന്ന ടെമ്പററി കണക്‌ഷന്‍ നിര്‍ത്തലാക്കി പെര്‍മെനന്റ്‌ കണ്‍ക്ഷന്‍ സമ്പ്രദായം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്‌ച രാവിലെ 10മണിക്ക്‌ വൈറ്റില ജംക്‌ഷനില്‍ നിന്നാംരഭിക്കുന്ന പ്രകടനത്തിനെ തുടര്‍ന്നു ജില്ലാ ഇല്‌ക്‌ടിക്കല്‍ ഇന്‍സ്‌പെക്‌ട്രേറ്റിനു മുന്നില്‍ നടത്തുന്ന കൂട്ട ധര്‍ണ എസ്‌.ശര്‍മ്മ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. പി.ജെ തോമസ്‌, എം.എബ്രാഹം എന്നിവര്‍ പങ്കെടുക്കും

മോദിയ്‌ക്കു പ്രശംസകളും ആശംസകളുമായി കെ.വി തോമസ്‌


കൊച്ചി
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കു പ്രശംസകളും നിറയെ ആശംസകളുമായി മുന്‍ കേന്ദ്ര മന്ത്രിയും എംപിയുമായ കെ.വി തോമസ്‌
രാജ്യത്ത്‌ വ്യത്യസ്‌തമായ ഒരു ഭരണം കാഴ്‌ചവെക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ എന്നു കെ.വി തോമസ്‌ പറഞ്ഞു.
പൊതുമേഖലസ്ഥാപനങ്ങളുടെ വളര്‍ച്ചയ്‌ക്കു വേണ്ടി കേന്ദ്രസഹായം തേടുമെന്നും അദ്ദേഹം എറണാകുളം പ്രസ്‌ ക്ലബില്‍ നടന്ന സ്വീകരണത്തില്‍ സംസാരിച്ചുകൊണ്ടു പറഞ്ഞു.
നരേന്ദ്രമോദിയെ പ്രശംസിച്ചുകൊണ്ടാണ്‌ കെ.വി തോമസ്‌ മീറ്റ്‌ ദി പ്രസ്‌ പരിപാടിയില്‍ സംസാരം തുടങ്ങിയത്‌. നരേന്ദ്ര മോദിയ്‌ക്കും ബിജെപിക്കും വ്യത്യസ്ഥമായൊരു ഭരണം കാഴ്‌ചവെക്കാന്‍ കഴിയട്ടെ എന്നു അദ്ദേഹം ആശംസിച്ചു. കേന്ദ്രത്തില്‍ ആരു ഭരിച്ചാലും രാഷ്‌ട്രീയം മാറ്റിവെച്ചു സഹകരിച്ചു മുന്നോട്ടുപോകുമെന്ന്‌ കെ.വി തോമസ്‌ പറഞ്ഞു. കേന്ദ്ര ഗവണ്മന്റുമായി ഒരു ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. രാഷ്‌ട്രീയം മാറ്റിവെച്ചുകൊണ്ടു വികസനത്തിനുവേണ്ടി യോജിച്ചുള്ള നിലപാട്‌ ആയിരിക്കും സ്വീകരിക്കുക. നല്ലൊരു കാവല്‍ പ്രതിപക്ഷമായി കോണ്‍ഗ്രസ്‌ പ്രവര്‍ത്തിക്കും. ലോകസഭയില്‍ ക്രീയാത്മകമായ പ്രതിപക്ഷമായി കോണ്‍ഗ്രസ്‌ നിലകൊളളുമെന്നും അദ്ദേഹം പറഞ്ഞു
ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ്‌ ആണ്‌ ഇത്തവണത്തെ തിരഞ്ഞെടുപ്പിനു നേതൃത്വം കൊടുത്തതെന്നു അദ്ദേഹം പറഞ്ഞു.
ഫാക്‌ട്‌ ,എച്ച്‌എംടി,എച്ച്‌ഒസി,കൊച്ചിന്‍ പോര്‍ട്ട്‌,എച്ച്‌സിഎല്‍ തുടങ്ങിയ പൊതുമേഖലസ്ഥാപനങ്ങളുടെ വളര്‍ച്ചയ്‌ക്ക്‌ കേന്ദ്രസഹായം തേടും .രണ്ടാം യുപിഐ സര്‍ക്കാരിനു പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്നു സമ്മതിക്കുന്നതായും കെ.വി തോമസ്‌ അഭിപ്രായപ്പെട്ടു
വില്ലിങ്‌ടണ്‍ ഐലന്റിലെയും എറണാകുളത്തെ ഓള്‍ഡ്‌ റെയില്‍വെ സ്റ്റേഷന്റെ കാര്യവും മുന്നോട്ടുവെക്കും. നിര്‍ത്തിവെച്ച കേരളത്തിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നകാര്യത്തിനും മുന്‍ഗണന കൊടുക്കും. കുമ്പളങ്ങി-ചെല്ലാനം കാര്‍ഷിക ഗ്രാമപദ്ധതി, എംപിയെന്ന നിലയില്‍ തുടങ്ങിവെച്ചിട്ടുള്ള ,വിജ്ഞാനവീഥി പദ്ധതി, വിദ്യാജ്യോതി പദ്ധതി ഗ്രാമദീപം പദ്ധതി തുടങ്ങിയവ തുടരാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കെ.വി തോമസ്‌ പറഞ്ഞു 


കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാര്‍ച്ച്‌



മൈട്രോ റെയില്‍ നിര്‍മ്മാണത്തോടെ ഗതികേടിലായ എംജി റോഡിലേയും കലൂര്‍ മുതല്‍ കച്ചേരിപ്പടി വരെയുള്ള വ്യാപാര വാണിജ്യ സ്ഥാപനങ്ങളുടെ ഉടമകള്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ കെഎംആര്‍എല്‍ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച്‌ പി.രാജീവ്‌ എംപി ഉദ്‌ഘാടനം ചെയ്യുന്നു 

2014 മേയ് 11, ഞായറാഴ്‌ച

50 ക്ലൈമാക്‌സുകളുമായി സിനിമ കര്‍മ്മ


കൊച്ചി
അന്‍പത്‌ ക്ലൈമാക്‌സുകളുമായി സിനിമ വരുന്നു. നവാഗതനായ വിപിന്‍ കൃഷ്‌ണനാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. ലോക സിനിമയില്‍ തന്നെ ഇതാദ്യത്തെ സംഭവമാണെന്ന്‌ സംവിധായകന്‍ പറഞ്ഞു.
ചിത്രം പൂര്‍ത്തിയായി തീയേറ്ററുകള്‍ വഴി എത്തുവാന്‍ രണ്ടു വര്‍ഷം എടുക്കും.
ഇരട്ട ക്ലൈമാക്‌സുകളുള്ള സിനിമകള്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്കു മുന്നിലേക്കാണ്‌ 50 ക്ലൈമാക്‌സുകളുള്ള ചിത്രം വരുന്നത്‌.
സിനിമ ഇംഗ്ലീഷില്‍ ആണെങ്കിലും അണിയറ പ്രവര്‍ത്തകരെല്ലാം മലയാളികളാണ്‌.
നഗരത്തില്‍ എത്തുന്ന നായകനു മുന്നില്‍ മൂന്നു വീടുകളാണ്‌ താമസിക്കാന്‍ ബ്രോക്കര്‍ കാണിച്ചു കൊടുക്കുന്നത്‌. ഈ മൂന്നു വീടുകള്‍ റൊമാന്‍സ്‌- കോമഡി,സസ്‌പെന്‍സ്‌,ഹൊറര്‍ പശ്ചാത്തലമുള്ളവയാണ്‌. ഇതില്‍ ഏതു വീട്‌ തിരഞ്ഞെടുക്കണമെന്നും തുടര്‍ന്നുള്ള ഭാഗങ്ങളും തിരഞ്ഞെടുക്കേണ്ടതും പ്രേഷകരാണ്‌. തുടര്‍ന്നു 15 മിനിറ്റുകളില്‍ കഥ ഏതു രീതിയില്‍ തിരിയണമെന്ന കാര്യവും പ്രേഷകന്റെ പക്കലാണ്‌. ഇതോടെ ആറ്‌,12,24 എന്നീ രിതിയില്‍ അവസാനം എത്തുമ്പോള്‍ 50ഓളംക്ലൈമാക്‌സുകളിലായിരിക്കും പടം പൂര്‍ത്തിയാകുക.
പ്രേഷകന്റെ പക്കല്‍ വോട്ടിംഗ്‌ മേഷീന്‍ ഉണ്ടാകും. പ്രേഷകര്‍ വോട്ടുചെയ്യുന്നതിനു അനുസരിച്ചാകും സിനിമ മുന്നേറുക. ആദ്യ 15 മിനിറ്റില്‍ തന്നെ പ്രേഷകര്‍ക്കു സിനിമയുടെ ഗതി നിയന്ത്രിക്കുന്ന ആദ്യ വോട്ടിംഗ്‌ രേഖപ്പെടുത്താം. തീയേറ്ററില്‍ എറ്റവും കൂടുതല്‍ പേര്‍ വോട്ടുചെയ്യുന്ന സിനിമയാണ്‌ പ്രേഷകന്‍ കാണേണ്ടത്‌.ഇന്റര്‍നെറ്റ്‌ ,ബ്ലൂറേ പ്രേഷകര്‍ക്കായിരിക്കും ഈ രീതി ഏറെ പ്രയോജനപ്പെടുകയെന്നു സംവിധായകന്‍ പറയുന്നു. സിനിമയിലെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. സിനിമയുടെ സ്‌ക്രിപ്രിറ്റ്‌ പൂര്‍ത്തിയാകാന്‍ മാത്രം രണ്ടുവര്‍ഷം എടുക്കുമെന്നാണ്‌ അണിയറ പ്രവര്‍ത്തകരുടെ പക്ഷം. 

ഗതകാല സ്‌മരണയില്‍ ഫെഡറല്‍ ബാങ്ക്‌ ജീവനക്കാരുടെ മഹാസംഗമം




കൊച്ചി
ഫെഡറല്‍ ബാങ്കില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന മഹാസംഗമത്തിനു കഴിഞ്ഞ ദിവസം (11നു) നെടുമ്പാശേരി സാജ്‌ എര്‍ത്ത്‌ റിസോര്‍ട്ട്‌ സാക്ഷ്യം വഹിച്ചു. പ്രണാമം എന്നുപേരിട്ട മഹാസംഗമത്തില്‍ എറണാകുളം ,തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള അറുന്നൂറോളം വരുന്ന ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നു.
ദീര്‍ഘനാളുകള്‍ ബാങ്കിനു വേണ്ടി സേവനം ചെയ്‌തവര്‍ക്കു ബാങ്കിന്റെ നന്ദിയും ആദരവും അര്‍പ്പിക്കുന്നിതിനുവേണ്ടിയാണ്‌ പ്രണാമം എന്ന പേരില്‍ ഈ ചടങ്ങ്‌ സംഘടിപ്പിച്ചത്‌. ചടങ്ങില്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ ദീപം തെളിയിച്ചു. എഴുപത്തഞ്ചു വയസു പിന്നിട്ട മുന്‍ ഫെഡറല്‍ ബാങ്ക്‌ ജീവനക്കാരെ അദ്ദേഹം പൊന്നാട അണിയിച്ചു ആദരിച്ചു.
ബാങ്കിന്റെ ഇന്നത്തെ വളര്‍ച്ചയ്‌ക്കും നേട്ടങ്ങള്‍ക്കും പിന്നില്‍ കഴിഞ്ഞ തലമുറയുടെ നിസ്വാര്‍ത്ഥമായ സേവനങ്ങളാണെന്നു ജനറല്‍ മാനേജരും എച്ച്‌ ആര്‍ വിഭാഗം തലവനുമായ തമ്പി കുര്യന്‍ വികാരനിര്‍ഭരമായ ചടങ്ങിനിടെ അനുസ്‌മരിച്ചു. വിവിധ കാലഘട്ടങ്ങളുടെ പ്രതിനിധികളായി വന്നെത്തിയ മുന്‍ ജീവനക്കാരുടെ കൂടികാഴ്‌ച പുതിയ വെളിച്ചം പകര്‍ന്നു. ഫെഡറല്‍ ബാങ്കിനെ ഈ നിലയില്‍ എത്തിക്കുവാന്‍ അക്ഷീണപ്രയത്‌നം നടത്തിയവരെ ഒരിക്കലും മറക്കുവാന്‍ കഴിയില്ലെന്നു എംഡി ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യയിലെ മറ്റു സ്ഥാപനങ്ങള്‍ക്കും കൂടി മഹത്തായ മാതൃകയാണ്‌ ബാങ്കിന്റേതെന്ന്‌ ചടങ്ങില്‍ റിട്ടയേഴ്‌സ്‌ ഫോറത്തിനെ പ്രതിനിധീകരിച്ചു സംസാരിച്ച സേവ്യര്‍ ഗ്രിഗറി പറഞ്ഞു. തുടര്‍ന്നു വര്‍ണാഭമായ കലാപരിപാടികളും അരങ്ങേറി. ഫെഡറല്‍ ബാങ്കിന്റെ മറ്റു മേഖലകളിലും മഹാസംഗമത്തിനു വേദിയൊരുക്കും. 

2014 മേയ് 6, ചൊവ്വാഴ്ച

കേന്ദ്രസര്‍ക്കാര്‍ രഹസ്യമാക്കിയ കിട്ടാക്കടക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു


കൊച്ചി
കേന്ദ്ര സര്‍ക്കാരും റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയും രഹസ്യമായി വെച്ചിരുന്നു ബാങ്കുകളില്‍ നിന്നും വന്‍ വായ്‌പകള്‍ എടുത്തു അടക്കാത്ത വമ്പന്മാരുടെ പട്ടിക ആള്‍ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ പ്രസിദ്ധികരിച്ചു.
ബാങ്കുകളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കിട്ടാക്കടങ്ങള്‍ ഈടാക്കാനുള്‌ള അടിയന്തിര നടപടികള്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ്‌ ബാങ്കും മാനേജ്‌മെന്റുകളുടെ ഏകോപനത്തോടെ സ്വീകരിക്കണെന്ന്‌ ആള്‍ ഇന്ത്യ ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഈ കടങ്ങളില്‍ ബഹുഭൂരിഭാഗവും അതിസമ്പന്ന കോര്‍പ്പേറേറ്റുകള്‍ മനഃപൂര്‍വം വരുത്തിയിട്ടുള്ളതാണ്‌. ചെറുകടിക്കാര്‍ക്ക്‌ ജപ്‌തി വന്‍ കിടക്കാര്‍ക്ക്‌ സ്വസ്‌തിയുമെന്ന രീതി അംഗീകരിക്കാനാവില്ല. 2013 മാര്‍ച്ച്‌# 31 രെയുള്ള 24 പൊതുമേഖല ബാങ്കുകളിലെ കേവലം 460 അക്കൗണ്ടുകളിലെ മാത്രം കിട്ടാക്കടം 70,300 കോടി രൂപയാണ്‌. അതിസമ്പന്ന ഇന്ത്യാക്കാരില്‍ അറുപതാം സ്ഥാനത്തുള്ള വിജയ്‌ മല്യയുടെ കിംഗ്‌ ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടം മാത്രം 2673 കോടിരൂപ വരും. വിന്‍സം ഡയമണ്ട്‌ ആന്റ്‌ ജ്യൂവല്‍സ്‌ (3156കോടി രൂപ), സൂം ഡെവലപ്പേഴ്‌സ്‌ (1810കോടിരൂപ), സ്റ്റെര്‍ലിംഗ്‌ ഗ്രൂപ്പ്‌ (3672കോടി രൂപ) എന്നിവയാണ്‌ ബാങ്കുകളില്‍ വന്‍ കടബാധ്യത വരുത്തിയിട്ടുള്ള പ്രമുഖര്‍. ഈ വന്‍ കിട്ടാക്കടക്കാരുടെ പട്ടിക എഐബിഇഎ ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടും കേന്ദ്ര ധനമനത്രാലയവും റിസര്‍വ്‌ബാങ്കും പേരുവിവരങ്ങള്‍ നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. നേരത്തെ കഴിഞ്ഞ ഡിസംബറില്‍ എഐബിഇഎ 90 കമ്പനികളുടെ 40,528 കോടി രൂപയുടെ കിട്ടാക്കടങ്ങളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനു പകരം കണക്കു പുസ്‌തകത്തില്‍ തുക കുറച്ചു കാണിച്ചുകൊണ്ടുള്ള നടപടികള്‍ക്കാണ്‌ അധികാരികള്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്‌.ഇത്തരത്തില്‍ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ 42,00 കോടി രൂപയുടെ കിട്ടാക്കടങ്ങളാണ്‌ മാറ്റപ്പെട്ടത്‌. പൊതുജനങ്ങളെ കൊള്ളയടിക്കുന്ന ഈ സ്ഥിതി വിശേഷത്തിനു മാറ്റമുണ്ടാകണമെങ്കില്‍ ബാങ്കുകളുടെ ഓഡിറ്റിംഗ്‌ ഓഡിറ്റര്‍ ജനറലിന്റെ പരിധിയില്‍ കൊണ്ടുവരണം.അതേപോലെ കിട്ടാക്കടങ്ങളുടെ ഉത്തരവാദികളക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊള്ളണം,കമ്പനികളുടെ വായ്‌പകള്‍ക്ക്‌ പ്രൊമോട്ടര്‍മാരുടെ വ്യക്തിഗത ഗ്യാരന്റി എടുക്കുന്നതിനുള്ള നിയമഭേദഗതി ഉണ്ടാകണം ഈ ആവശ്യങ്ങളുന്നയിച്ചു എഐബിഇഎ പ്രചാരണ പ്രക്ഷോഭം ശക്തമാക്കും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക്‌ ആയ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ബാങ്കിങ്ങ്‌ സേവനങ്ങള്‍ റിലയന്‍സ്‌ മണി ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ ലിമിറ്റഡുമായി ചേര്‍ന്നു പുറം കരാര്‍വല്‍ക്കരിക്കാനുള്ള തീരുമാനം ജനവിരുദ്ധമാണന്നും എഐബിഇഎ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 26നു ഒപ്പുവെച്ച കരാറിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുന്നതും ജുഗുപ്‌ത്സാവഹമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ എഐബിഇഎ ജോയിന്റ്‌ സെക്രട്ടരി വി.പി വര്‍ഗീസ്‌,എഐബിഇഎഫ്‌ പ്രസിഡന്റ്‌ കെ.മുരളീധരന്‍ പിളള ,ഡിഡി ജോസണ്‍,കെ.എസ്‌ കൃഷ്‌ണ, മാത്യു ജോര്‍ജ്‌ എന്നിവര്‍ പറഞ്ഞു. 

മെട്രോ റെയില്‍ സിപിഎം മാര്‍ച്ച്‌ നടത്തി









കൊച്ചി
മെട്രോ റെയില്‍ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുക,നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സിപിഎമ്മിന്റെ നേതൃത്വത്തില്‍ കെഎംആര്‍എല്‍ ഓഫീസിനു മുന്നിലേക്കു ജനകീയ മാര്‍ച്ച്‌ നടത്തി. മാര്‍ച്ചിനു ശേഷം ധര്‍ണ പി.രാജീവ്‌ എംപി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി സി.എം ദിനേശ്‌മണി സംസാരിച്ചു.
റോഡുകളും പാലങ്ങളും അനുബന്ധ നിര്‍മ്മാണങ്ങളും യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കുക,വ്യാപാരികള്‍ക്ക്‌ നികുതി ഇളവ്‌ അനുവദിച്ച്‌ സമാശ്വാസ നടപടികള്‍ സ്വീകരിക്കുക,ഒഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്‌. കെഎംആര്‍എല്‍ ഓഫീസിനു മുന്നിലേക്കുള്ള മാര്‍ച്ച്‌ സെന്റ്‌ തേരാസാസ്‌ കോളേജിനു മുന്നില്‍ വച്ച്‌ പോലീസ്‌ ബാരിക്കേഡ്‌ ഉപയോഗിച്ചു തടഞ്ഞു. തുടര്‍ന്നു പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു.ഗതാഗതക്കുരുക്ക്‌ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌്‌ കഴിഞ്ഞ ദിവസം ഒരു മണിക്കൂറോളം മെട്രോ റെയിലിന്റ പണികള്‍ സ്‌തംഭിപ്പിച്ചിരുന്നു.
ഇന്ന്‌ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഗതാഗതപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന്‌്‌ ഉദ്യോഗസ്ഥര്‍ നേതാക്കള്‍ക്കു ഉറപ്പുനല്‍കി. വീതികൂടുതലുള്ള സ്ഥലത്തേക്ക്‌ പണിമാറ്റുന്ന കാര്യവും പരിഗണിക്കും.
മെട്രോ റെയിലിന്റെ പണികള്‍ ആരംഭിക്കുന്നതിനു മുന്‍പ്‌ സുഗമമായ ഗതാഗതം ഡിഎംആര്‍സിയും കെഎംആര്‍എല്ലും ഉറപ്പുനല്‍കിയിരുന്നതായും അത്‌ ലംഘിച്ചതായും സിപിഎം നേതാക്കള്‍ പറഞ്ഞു. നിര്‍മ്മാണം തുടങ്ങി നിര്‍മ്മാണം തുടങ്ങി പത്തുമാസം പിന്നിടുമ്പോഴേക്കും മെട്രോ റെയിലിന്റെ പണികളെതുടര്‍ന്നുള്ള ഗതാഗതക്കുരുക്ക്‌ രൂക്ഷമായതോടെയാണ്‌ സിപിഎം സമരരംഗത്തിറങ്ങിയത്‌. രാവിലെ 11 മണിയോടെ നൂറുകണക്കിനു പ്രവര്‍ത്തകര്‍ കെഎംആര്‍എല്‍ ഓഫീസിലേക്ക്‌ എത്തുവാന്‍ തുടങ്ങി. ഇതോടെ കനത്ത പോലീസ്‌ കാവല്‍ ഓഫീസിനു മുന്നില്‍ ഏര്‍പ്പെടുത്തിക്കൊണ്ട്‌ പാര്‍ക്ക്‌ അവന്യുവിലൂടെയുള്ള ഗതാഗതം പ്രസ്‌ക്ലബ്‌ റോഡിലൂടെ തിരിച്ചുവിട്ടു.

ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം രാത്രി തന്നെ കുഴികള്‍ മൂടി ടാര്‍ ചെയ്യാന്‍ തുടങ്ങി. അതേസമയം ഗതാഗതം തിരിച്ചുവിടുന്ന പുല്ലേപ്പടി മേല്‍പ്പാലത്തിനു സമീപത്തെ റോഡ്‌ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്‌. പുല്ലേപ്പടിയില്‍ നിന്നും തമ്മനം വരെയുള്ള ഭാഗത്ത്‌ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കഴിയാത്തതിനാല്‍ ഇവിടെയും ഗതാഗതക്കുരിക്കില്‍പ്പെട്ടിരിക്കുകയാണ്‌.
ആലുവയില്‍ നിന്നും ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കുവരെയുള്ള ഭാഗത്ത്‌ കാര്യമായ പ്രശ്‌നങ്ങളില്ലാതെ മുന്നേറിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീതികുറഞ്ഞ റോഡുകളുള്ള നഗരപ്രദേശത്തേക്കു എത്തിയതോടെയാണ്‌ ഗതാഗതക്കുരുക്കിലായത്‌. മുന്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനു നഗരസഭയും കെഎംആര്‍എല്ലും പരാജയപ്പെട്ടുവെന്ന ആക്ഷേപമാണ്‌ സിപിഎം ഉന്നയിക്കുന്നത്‌. സിപിഎം കൂടി രംഗത്തേക്കു ഇറങ്ങിയതോടെ ഇന്ന്‌ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന യോഗം ആരോപണ പ്രത്യാരോപണങ്ങള്‍ക്കുവേദിയാകുമെന്നുറപ്പായി.
വീതികുറഞ്ഞ റോഡിന്റെ പലഭാഗത്തും ബാരിക്കേഡ്‌ ഉയര്‍ത്തി പണിതുടങ്ങിയതോടെയാണ്‌ ഗതാഗതക്കുരുക്ക്‌ രൂക്ഷമായത്‌. വീതികുറഞ്ഞ റോഡിലെ കാണകള്‍ക്കു മുകളിലൂടെ വാഹനങ്ങള്‍ കടത്തിവിടാനുള്ള ആലോചനയിലാണ്‌ അധികൃതര്‍ . കാനകള്‍ക്കുമുകളില്‍ പുതിയ സ്ലാബ്‌ ഇട്ട്‌ ടാറിംഗ്‌ നടത്തുവാനുള്ള നീക്കം അപകടകാരണമാകുമെന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു. ഇനി മഴക്കാലം വരുന്നതോടെ ഈ പോക്കുപോയാല്‍ നഗരത്തിലേക്കു വരുവാന്‍ കഴിയാത്ത നിലയിലാകും. വിദ്യാലയങ്ങള്‍ തുറക്കുന്നതോടെ സ്ഥിതിഗതികള്‍ നിയന്തണാതീതമാകും.

മദ്യ ഉത്‌പാദന -വിപണന മേഖലകളില്‍ മാറ്റം വേണമെന്നു ടൂറിസം രംഗത്തെ സംഘടനകള്‍


കൊച്ചി
സംസ്ഥാനത്തു നിലവിലുള്‌ല മദ്യ ഉത്‌പാദന-വിതരണ-വിപണന നയങ്ങള്‍ അപ്പാടെ പൊളിച്ചെഴുതണമെന്നു ടൂറിസം രംഗത്തെ സംഘടനകള്‍ ആവശ്യപ്പെട്ടു.
കൃത്യമായ മദ്യനയം രൂപപ്പെടുത്തുന്നതിലെ അനിശ്ചിതത്വം ,അതു നടപ്പാക്കുന്നതിലെ വ്യക്തിതയില്ലായ്‌മ, ഫൈവ്‌ സ്റ്റാര്‍ ഹോട്ടലുകള്‍ക്കുമാത്രമായ മദ്യ ലൈസന്‍സുകള്‍ പരിമതപ്പെടുത്തല്‍ എന്നിവ കേരളത്തിലെ ടൂറിസം വ്യവസായത്തെ തകര്‍ക്കുമെന്നു സംഘടനകള്‍ പറഞ്ഞു.

കേരള ബ്രാന്‍ഡ്‌ മദ്യം നിര്‍മ്മിക്കുക, റസ്റ്റോറന്റുകള്‍ക്കും ബാര്‍ ലൈസന്‍സ്‌ അനുവദിക്കുക, ആരാധനനാലയങ്ങള്‍ ,വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ എന്നിവയില്‍ നിന്നുള്ള ദൂരപരിധി 200 മീറ്ററില്‍ നിന്നും 50 മീറ്റര്‍ ആയി കുറക്കുക,ബാറുകളുടെ സമയപരിധി രാവിലെ 10 മുതല്‍ രാത്രി 12 വരെയാക്കുക,ബിയര്‍ -വൈന്‍ വില്‍പ്പന ലൈസന്‍സുകള്‍ വ്യാപകമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ്‌ ടൂറിസം രംഗത്തെ സംഘടനകള്‍ സര്‍ക്കാരിനു മുന്നില്‍ ധവളപത്രമായി
മുന്നോട്ടുവെച്ചിട്ടുള്ളത്‌.
സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തില്‍ 9.5ശതമാനം ടൂറിസത്തില്‍ നിന്നാണു ലഭിക്കുന്നത്‌. അതേപോലെ തൊഴില്‍ അവസരങ്ങളില്‍ 23.52ശതമാനവും ടൂറിസം മേഖലയിലാണ്‌. ഏകദേശം 15ലക്ഷത്തോളം പേരാണ്‌ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു തൊഴില്‍ ചെയ്യുന്നത്‌.
ഇതെല്ലാം കണക്കിലെടുത്തുകൊണ്ടു ഈ മേഖലയ്‌ക്കു സഹായമാകുന്ന നിലപാടാണ്‌ സര്‍ക്കാര്‍ എടുക്കേണ്ടത്‌.നിലവിലുള്ള മദ്യനയവും മദ്യത്തിനു കൂടുതല്‍ നിയന്ത്രണം കൊണ്ടുവരുന്നതും ടൂറിസം മേഖലയെ വലിയതോതില്‍ പ്രതികൂലമായി ബാധിക്കുമെന്നു ടൂറിസം രംഗത്തെ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
പഞ്ചനക്ഷത്രങ്ങളെ കേന്ദ്രീകരിച്ചുള്ള ടൂറിസം അല്ല കേരളത്തില്‍ നടക്കുന്നത്‌. ഹൗസ്‌ബോട്ടുകളില്‍ ഒരു കുപ്പി ബിയറോ വൈനോ കഴിക്കുന്നതിനു നിയന്ത്രണം വരുകയാണെങ്കില്‍ വിനോദസഞ്ചാരമേഖലയ്‌ക്കു അതൊട്ടും ആശ്വാസരമാകില്ല.
വണ്‍ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ്‌ അനുവദിക്കണമെന്നും റസ്റ്റോറന്റുകള്‍ക്കു മദ്യ ലൈസന്‍സ്‌ നല്‍കിയിരുന്ന മുന്‍കാല രീതി പുനസ്ഥാപിക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. അതേപോലെ ഫുള്‍ ബാറിനുള്ള ലൈസന്‍സ്‌ ഫീസ്‌ 10ലക്ഷം ആയും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കുള്ള ലൈസന്‍സ്‌ 5000രൂപയായും നിജപ്പെടുത്തണം. അതേപോലെ നിലവില്‍ ലൈസന്‍സുള്ള ഹൗസ്‌ ബോട്ടുകള്‍, ഹോംസ്റ്റേകള്‍, സര്‍വീസ്‌ വില്ലകള്‍ എന്നിവയ്‌ക്കും ബിയര്‍-വൈന്‍ ലൈസന്‍സ്‌ നല്‍കണം
എല്ലാ മാസവും ഒന്നാം തീയതി മാത്രമായുള്ള മദ്യനിരോധനം പ്രഹസനമാണെന്നു തലേദിവസം ബിവറേജിനു മുന്നിലുള്ള നീണ്ടക്യൂ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഗാന്ധിജയന്തി ,സമാധി എന്നിവ ഒഴിച്ചുള്ള മുഴുവന്‍ ദിനങ്ങളിലും മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണം.
വീര്യം കൂടിയ മദ്യം കഴിക്കുന്നവരെ മദ്യത്തിന്റെ വിപത്തില്‍ നിന്നും മെല്ലെ അകറ്റാന്‍ വീര്യം കുറഞ്ഞ വൈന്‍,കള്ള്‌ എന്നിവ കൂടുതല്‍ ലഭ്യമാക്കുക.അതേപോലെ ഗുണമേന്മയുള്ള വ്യത്യസ്‌തങ്ങളായ വൈന്‍ അടക്കമുള്ളവ ലഭ്യമാക്കണം. മെയ്‌ഡ്‌ ഇന്‍ കേരള മദ്യത്തിനെ പ്രോത്സാഹിപ്പിക്കണം. ഇപ്പോള്‍ ഇന്ത്യയിലെ വന്‍കിട മദ്യരാജാക്കന്മാര്‍ ഉല്‍പ്പാദിപ്പിക്കുന്ന സ്‌പിരിറ്റ്‌ ആണ്‌ കേരളത്തിലേക്കു ഒഴുകുന്നത്‌. ഇതവസാനിപ്പിക്കാന്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ നിലവാരമുള്ള ചാരായം ഉത്‌പാദിപ്പിക്കണം. തദ്ദേശിയമായ മദ്യത്തിന്റെ രുചിയറിയാനാണ്‌ വിദേശ സഞ്ചാരികള്‍ക്കു താല്‍പ്പര്യം. തെങ്ങിന്‍ കള്ളില്‍ നിന്നും ചാരയം ഉത്‌പാദിപ്പിക്കുന്ന ശീലങ്ക തന്നെ ഇതിനുദാഹരണം. മൗറീഷ്യസിലും കരീബിയന്‍ രാജ്യങ്ങളിം ഒക്കെ ഇതുകാണാം. തെങ്ങ്‌,പന എന്നിവയില്‍ നിന്നുള്ള കള്ള്‌ ഉപയോഗിച്ചു സ്‌പിരിറ്റ്‌ നിര്‍മ്മിക്കാന്‍ കേരളത്തിനു നല്ല അവസരമാണ്‌.ചക്കപ്പഴം,കശുമാങ്‌, കൈതച്ചക്ക,വാഴപ്പഴം എന്നിവയൊക്കെ ഇതിനു പ്രയോജനപ്പെടുത്താം.ഇതുവരെ മദ്യം ഇറക്കുമതി ചെയ്‌തിരുന്ന കേരളത്തിനു സ്വന്തം ബ്രാന്‍ഡ്‌ കയറ്റുമതി ചെയ്യാനുള്ള വലിയൊരു സാധ്യതയും ഇതിലൂടെ ഉരിത്തിരിയുന്നുവെന്നും കേരള ട്രാവല്‍ മാര്‍ട്ട്‌ പ്രസിഡന്റ്‌ ജോണി എബ്രാഹം ജോര്‍ജ്‌, ക്ലാസിഫൈഡ്‌സ്‌ ഹോട്ടല്‍സ്‌ പ്രസിഡന്റ്‌ ഗോപിനാഥ്‌,ട്രാവല്‍മാര്‍ട്ട്‌ മുന്‍ പ്രസിഡന്റ്‌ ജോസ്‌ ഡോമനിക്‌ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  

മറ്റൊരു അഭയകൂടി ,നീതി എവിടെ ?


ബലാല്‍സംഗത്തിനിടെ കൊല്ലപ്പെട്ടനഴ്‌സിങ്ങ്‌ വിദ്യാര്‍ഥിനിയുടെ അമ്മഹൈക്കോടതിക്കു മുന്നില്‍ സത്യാഗ്രഹത്തിന്‌ 

കൊച്ചി
ബലാല്‍സംഗത്തിനിടെ അതിക്രുരമായി കൊല്ലപ്പെട്ട നഴ്‌സിങ്ങ്‌ വിദ്യാര്‍ഥിനിയുടെ അമ്മയും അമ്മൂമ്മയും ഒന്‍പതു വര്‍ഷമായി നീതി നിഷേധിക്കുന്നതിനെതിരെ ഹൈക്കോടതിക്കു മുന്നില്‍ സത്യാഗ്രത്തിനു ഒരുങ്ങുന്നു.
2005 ഡിസംബര്‍ അഞ്ചിനാണ്‌ സിസ്റ്റര്‍ അഭയുടെ കൊലപാതകവുമായി സാമ്യമുള്ള ഈ കേസിനാസ്‌പദമായ സംഭവം നടക്കുന്നത്‌ തൃശൂര്‍ പാവര്‍ട്ടിയിലെ സാന്‍ ജോസ്‌ ആശുപത്രിയിലെ അവസാനവര്‍ഷ നഴ്‌സിങ്ങ്‌ വിദ്യാര്‍ഥിനി ആയിരുന്ന ജിസ മോള്‍ പി.ദേവസ്യയുടെ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു ജിസയുടെ മാതാപിതാക്കള്‍ എത്തുമ്പോഴേക്കും മൃതദേഹം താഴെ ഇറക്കി വസ്‌ത്രങ്ങള്‍ മാറ്റി മുറിമുഴുവനും കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നു. ഇതേതുടര്‍ന്നു സംശയം തോന്നിയ മാതാപിതാക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ സാന്‍ ജോസ്‌ ആശുപത്രി മാനേജ്‌മെന്റ്‌ മൃതദേഹം ഇന്‍ക്വസ്റ്റിനു വിട്ടുകൊടുത്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ധരിച്ചിരുന്ന അടിവസ്‌ത്രത്തിലും ഗുഹ്യഭാഗത്തും ശുക്ലത്തിന്റെ അംശം കണ്ടെത്തി എന്നാല്‍ തുടര്‍ അന്വേഷണം ഇതുവരെ നടന്നില്ല. കേസ്‌ ആത്മഹത്യയാക്കി മാറ്റാനായിരുന്നു പോലീസിന്റെ ശ്രമം. ആശുപത്രി അധികൃതരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നു പോലീസ്‌ അന്വേഷണവമായി സഹകരിക്കാന്‍ പോലും തയ്യാറായില്ല.
നഴ്‌സിങ്ങ്‌ ഹോമിന്റെ ചുമതല വഹിച്ചിരുന്നു പാവറട്ടി പളളിവികാരിയും സാന്‍ജോസ്‌ പാരീഷ്‌ ഹോസ്‌പിറ്റലിന്റെ ഡയറക്ടറുമായിരുന്ന ഫാ.പോള്‍ പയ്യപ്പിള്ളിയാണ്‌ കേസിലെ ഒന്നാം പ്രതിയെന്നു ജിസയുടെ അമ്മ ബിന്നി ദേവസ്യ, അമ്മൂമ്മ ഏല്യക്കുട്ടി ജോസഫ്‌ എന്നിവര്‍ ആരോപിച്ചു.സംഭവം മറച്ചുവെക്കാന്‍ ഹോസ്റ്റല്‍ സൂപ്രണ്ട്‌, നഴ്‌സിങ്ങ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍,ട്യൂട്ടര്‍ ലിന്‍ഡ, മൃതദേഹം കെട്ടിത്തൂക്കാന്‍ മോഡസ്റ്റ, എലിസബത്ത്‌, എലൈസ എന്നീ സിസ്റ്റര്‍മാരുടേയും സഹായവും ഫാദര്‍ പോള്‍ പയ്യപ്പിള്ളിയ്‌ക്കു ലഭിച്ചു. സംഭവത്തെ തുടര്‍ന്നു തൃശൂര്‍ രൂപത ഫാദര്‍ പോള്‍ പയ്യപ്പിള്ളിയെ ഒല്ലൂരിലുള്ള ഒരു ഇടവകയിലേക്കു മാറ്റിയിരിക്കുകയാണ്‌. ഇതിനിടെ ജിസ മോള്‍ മോഡല്‍ പരീക്ഷയില്‍ കോപ്പിയടിച്ചതിനു പിടിച്ചതിലെ മനോവിഷമത്തിലാണ്‌ ആത്മഹത്യചെയ്‌തതെന്നാക്കി മാറ്റാനുള്ള ശ്രവും ആരോപണവിധയേവരായവര്‍ നടത്തി.എന്നാല്‍ മോഡല്‍ പരീക്ഷ സംഭവത്തിനു ഒരു മാസം മുന്‍പ്‌ തന്നെ കഴിഞ്ഞിരുന്നുവെന്ന്‌ ജിസിയുടെ അമ്മ പറഞ്ഞു.
പ്രതികള്‍ക്കു ഉന്നതതലങ്ങളിലുള്ള സ്വാധീനം ലഭിക്കുന്നതുകൊണ്ട്‌ പോലീസിന്റെ ഭാഗത്തുനിന്നും നീതിപൂര്‍വമായ അന്വേഷണം നടക്കില്ലെന്നു വ്യക്തമായതോടെയാണ്‌ കേസ്‌ സിബിഐയ്‌ക്കു വിടണമെന്നു ആവശ്യപ്പെട്ടുകൊണ്ട്‌ 2007ല്‍ ജിസയുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ റിട്ട്‌ ഹര്‍ജി നല്‍കിയത്‌. അഡ്വ.രാംകുമാറാണ്‌ പ്രതികള്‍ക്കുവേണ്ടി ഹാജരായത്‌. എന്നാല്‍ പ്രതികളുടെ ഭാഗത്തേക്കു അഭിഭാഷകനും കൂറുമാറിയ നിലയിലാണെന്നു സിറ്റിസണ്‍ എഗെയ്‌ന്‍സ്‌റ്റ്‌ കറപ്‌ഷന്‍ ആന്റ്‌ ജസ്റ്റിസ്‌ കണ്‍വീനര്‍ ആന്റണി ചിറ്റാട്ടുകര ആരോപിച്ചു.
റിട്ട്‌ ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസ്‌ ബസന്ത്‌ സിബിഐ അന്വേഷണത്തിനു ശുപാര്‍ശ നല്‍കി ചീഫ്‌ സെക്രട്ടറിക്കു കത്തെഴുതിയിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന ഹൈക്കോടതി ജഡ്‌ജി സി.ടി രവികുമാര്‍ 2013ഏപ്രില്‍ 10നു തുറന്ന കോടതിയില്‍ വാക്കാല്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും ഡിക്രി പുറപ്പെടുവിക്കാന്‍ കഴിയാത്ത ജസ്റ്റിസിനെ അയോഗ്യനാക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടാണ്‌ ധര്‍മ്മനീതി സത്യാഗ്രഹം ആരംഭിക്കുന്നത്‌.
അതിനിടെ ജിസിയുടെ മരണത്തെ തുടര്‍ന്നു സഭയുടെ നിരന്തര പീഡനങ്ങളില്‍ മനം നൊന്ത്‌ ജിസമോളുടെ പിതാവ്‌ ദേവസ്യ (59) മേയ്‌ രണ്ടിനു ജീവനൊടുക്കി. രാഷ്‌ട്രപതിക്കും ചീഫ്‌ ജസ്റ്റിസിനും കത്തെഴുതിയെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും മേല്‍ നടപടികള്‍ ഒന്നും ഉണ്ടായില്ല.
ഒന്‍പതു വര്‍ഷമായി നീതിക്കുവേണ്ടി പൊരുതുന്ന ജിസയുടെ കുടുംബം അവസാനശ്രമമെന്ന നിലയിലാണ്‌ വേനല്‍അവധി കഴിഞ്ഞു ഹൈക്കോടതി തുറക്കുന്ന മെയ്‌ 21നു കണ്ണ്‌ കെട്ടി കത്തിച്ച മെഴുകുതിരികളുമായി സത്യാഗ്രഹം നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്‌.