2021, ഓഗസ്റ്റ് 8, ഞായറാഴ്‌ച

കോവിഡിനെ നിർവീര്യമാക്കാനുള്ള യന്ത്രവുമായി ബോംബ് സ്ക്വാഡ് അംഗം

 

    വീടുകളിലും സ്ഥാപനങ്ങളിലും കോവിഡ് അണുനശീകരണത്തിന് ഉപയുക്തമായ അൾട്രാവയലറ്റ് യന്ത്രം സ്വന്തമായി വികസിപ്പിച്ച് ബോംബ് സ്ക്വാഡ് അംഗം. പൊതുവിപണിയിൽ അൻപതിനായിരം രൂപ മുതൽ 2.40 ലക്ഷം രൂപവരെ വിലവരുന്ന യന്ത്രം പതിനായിരം രൂപ മുതൽമുടക്കിൽ നിർമിച്ച് എറണാകുളം ബോംബ് സ്ക്വാഡ് സ്പെഷ്യൽ ബ്രാഞ്ച് ഓഫീസിനു നൽകിയത് ബോബ് സ്ക്വാഡിൽ അംഗമായ സിവിൽ പോലീസ് ഓഫീസർ എസ്. വിവേകാണ്. 
   രാസ രീതികളുപയോഗിച്ച് അണുനശീകരണം സാധ്യമാകാത്ത ലബോറട്ടറികൾ, ഓഫീസുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കുറഞ്ഞ സമയത്തിനുള്ളിൽ യന്ത്രമുപയോഗിച്ച് ശുദ്ധീകരിക്കാം.  പ്രവർത്തനം ആരംഭിച്ച് 20 സെക്കൻഡുകൾക്കു ശേഷം മാത്രമേ യന്ത്രം വികിരണങ്ങൾ പ്രസരിപ്പിക്കുകയുള്ളു. അൾട്രാവയലറ്റ് വികിരണങ്ങൾ മനുഷ്യന് ഹാനികരമാണെന്നതിനാൽ ആരെങ്കിലും അണുനശീകരണ മേഖലയിലേക്ക് പ്രവേശിച്ചാൽ തനിയേ  പ്രവർത്തം നിർത്തുന്ന മോഷൻ സെൻസറുകളും ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. 
   വൈറസുകളുടെയും ബാക്ടീരിയകളുടെയും ആർ.എൻ.എയും ഡി.എൻ.എയും നിർവീര്യമാക്കുവാനുള്ള യന്ത്രത്തിന്റെ കാര്യക്ഷമത തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിൽ പരീക്ഷിച്ചു വിജയിച്ചതാണ്. എരൂർ ആസ്ഥാനമായ എറണാകുളം റേഞ്ച് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ബോംബ് സ്ക്വാഡിൽ അംഗമാണ് ആലപ്പുഴ 
തുറവൂർ സ്വദേശിയായ എസ്. വിവേക്.
  പോലീസ് സേനക്ക് വേണ്ടി വിവേക് വികസിപ്പിച്ച നൂതന നിയന്ത്രിത സ്ഫോടന സംവിധാനം സാങ്കേതിക അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ഇതിന് അനുമതി ലഭിക്കുന്നതോടെ ഡിറ്റണേറ്ററുകൾക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിനായി രണ്ടാൾ ചേർന്ന് ബാറ്ററി ചുമക്കുന്ന രീതി പഴങ്കഥയാകും. പോക്കറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ് വിവേക് വികസിപ്പിച്ച സ്ഫോടന യന്ത്രം.  ഓട്ടോമാറ്റിക്ക് സാനിറൈസർ യന്ത്രങ്ങൾ കോട്ടയം ജില്ലാ പോലീസ് മേധാവിയുടേതടക്കം വിവിധ പോലീസ് ഓഫീസുകളിലേക്ക് ഇദ്ദേഹം നിർമിച്ച് നൽകിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ