2021, ഓഗസ്റ്റ് 8, ഞായറാഴ്‌ച

ഗ്രീന്‍ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കി കിംസ്ഹെല്‍ത്ത് ഈസ്റ്റ്



തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ ആശുപത്രികളില്‍ ആദ്യമായി ന്യൂ ബില്‍ഡിംഗ് വിഭാഗത്തില്‍ ഗ്രീന്‍ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ സ്വന്തമാക്കി തിരുവനന്തപുരത്തെ കിംസ്ഹെല്‍ത്ത് ഈസ്റ്റ്. പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്ന കേരളത്തിലെ ആദ്യ പദ്ധതി കൂടിയാണിത്. ഹരിത കെട്ടിട നിര്‍മ്മാണ പദ്ധതികള്‍ക്ക് ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലാണ് (ഐജിബിസി) ഈ അംഗീകാരം നല്‍കുന്നത്.

സുസ്ഥിരത ഉറപ്പുവരുത്തി പരിസ്ഥിതി സൗഹൃദമായി കിംസ്ഹെല്‍ത്ത് ക്യാംപസിനോടു ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത കിംസ്ഹെല്‍ത്ത് ഈസ്റ്റിന് ഗ്രീന്‍ പ്ലാറ്റിനം സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് കിംസ്ഹെല്‍ത്ത് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. ഊര്‍ജ്ജ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി നിര്‍മ്മിച്ച 270 കിടക്കകളുള്ള കിംസ്ഹെല്‍ത്ത് ഈസ്റ്റിന്‍റെ നിര്‍മ്മാണത്തിനു പിന്നിലുള്ള ദീര്‍ഘവീക്ഷണവും അര്‍പ്പണമനോഭാവവുമാണ് അംഗീകാരത്തിന് അര്‍ഹമാക്കിയത്. കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ടാണ് 4.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ കിംസ്ഹെല്‍ത്ത് ഈസ്റ്റിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

കിംസ്ഹെല്‍ത്തിന്‍റെ എല്ലാ പുതിയ കെട്ടിടങ്ങളും ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷന് അനുസൃതമായി ദീര്‍ഘവീക്ഷണത്തോടെയാണ് നിര്‍മ്മിക്കുന്നത്. കിംസ്ഹെല്‍ത്തിന്‍റെ കൊല്ലം മള്‍ട്ടിസ്പെഷ്യലിറ്റി ഹോസ്പിറ്റലിന് 2018 ല്‍ ഗ്രീന്‍ ഗോള്‍ഡ് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃദ സമീപനത്തിലൂടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെല്ലാം സുസ്ഥിരത  കൈവരിക്കുകയാണ് ലക്ഷ്യം.

കിംസ്ഹെല്‍ത്ത് ഈസ്റ്റിന്‍റെ പ്രകാശ ക്രമീകരണങ്ങളില്‍ രാജ്യാന്തര മാനദണ്ഡമായ  എല്‍എം 79 ഉം എല്‍എം 80 ഉം  പാലിച്ചിട്ടുണ്ടെന്ന് കിംസ്ഹെല്‍ത്ത് പ്രോജക്ട് ജനറല്‍ മാനേജര്‍ ബിജു എസ് എ പറഞ്ഞു. ഉയര്‍ന്ന ഗുണമേന്‍മയുള്ള വാട്ടര്‍ കൂള്‍ഡ് സ്ക്രൂ ചില്ലറുകളും  എയര്‍കണ്ടീഷന്‍ മുറികളുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ സെന്‍ട്രല്‍ പ്ലാന്‍റ് മാനേജറും സജ്ജമാക്കിയിട്ടുണ്ട്. കൊവിഡാനന്തര ഘട്ടത്തില്‍  പ്രസിദ്ധീകരിച്ച ആരോഗ്യപരിരക്ഷാ സംവിധാനങ്ങളുടെ വായുസഞ്ചാര മാനദണ്ഡം അഷ്റേ 170 പാലിച്ചിട്ടുണ്ട്. ഹീറ്റ് റിക്കവറി വീലുകള്‍ ഉപയോഗിച്ച്  ഫ്രഷ് എയര്‍ വെന്‍റിലേഷന്‍ ക്രമീകരിച്ചിട്ടുണ്ട്.  പ്രകാശം അകത്തു കടക്കുന്നരീതിയിലും എന്നാല്‍ ചൂട് അകത്തുകടക്കാത്ത രീതിയിലുമാണ്  കെട്ടിടത്തിന്‍റെ മുന്‍വശം  ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ