2021, മേയ് 1, ശനിയാഴ്‌ച

കൊവിഡ് രോഗികള്‍ക്ക് 370 അധിക കിടക്കകള്‍ ഏര്‍പ്പെടുത്തണം; എഎച്ച്പിഐ



തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് 370 കിടക്കകള്‍കൂടി ഏര്‍പ്പെടുത്തണമെന്ന് അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്കെയര്‍ പ്രൊവൈഡേഴ്സ് ഇന്ത്യയുടെ (എഎച്ച്പിഐ) കേരള സ്റ്റേറ്റ് ചാപ്റ്ററിന്‍റെ പ്രസിഡന്‍റും കിംസ്ഹെല്‍ത്ത് ഗ്രൂപ്പ്  ചെയര്‍മാനുമായ ഡോ. എം ഐ സഹദുള്ള ആവശ്യപ്പെട്ടു. ജില്ലയില്‍ കൊവിഡ് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രധാന ആശുപത്രികളുടെ പ്രതിനിധികളുമായി നടത്തിയ അടിയന്തരയോഗത്തിലാണ് ഈ ആവശ്യമുന്നയിച്ചത്.

ഓക്സിജന്‍ ലഭ്യതയുള്ള കിടക്കകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കര്‍മ്മപദ്ധതി രൂപീകരിച്ചതായി അദ്ദേഹം അറിയിച്ചു. പ്രത്യേക പരിഗണന ആവശ്യമുള്ള കൊവിഡ്  രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനയാണ് തലസ്ഥാനത്തെ ആശുപത്രികള്‍ നേരിടുന്ന പ്രധാന പ്രശ്നം. ഓക്സിജന്‍ പിന്തുണയും അതിതീവ്ര പരിചരണവും വെന്‍റിലേഷനും അവര്‍ക്ക് ആവശ്യമാണ്. നിലവില്‍ ഓക്സിജന്‍ പിന്തുണയുള്ള എല്ലാ കിടക്കകളും അതിതീവ്ര പരിചരണവിഭാഗങ്ങളിലെ കിടക്കകളും നിറഞ്ഞിരിക്കുകയാണ്. നിരവധിപേര്‍ പരിചരണത്തിനായി കാത്തുനില്‍ക്കുകയാണ്.  ഈ ഗുരുതര പ്രതിസന്ധിയില്‍ മാനവവിഭവശേഷിയുടെ അഭാവമാണ് പ്രധാന വെല്ലുവിളി.  കൊവിഡ് രോഗീപരിചരണത്തിന് നിരവധി ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കേണ്ടതും പരിശീലനം നല്‍കേണ്ടതും അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അത്യാസന്ന നിലയിലെത്തുന്നവര്‍ക്കുള്ള കിടക്കകളുടെ ശേഷിയും  ഓക്സിജന്‍റെ ലഭ്യതയും യോഗം വിലയിരുത്തി. എല്ലാ ആശുപത്രികളും അത്യാസന്ന നിലയിലുള്ള രോഗീപരചരണവുമായി  മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയാണ്.  കൊവിഡ് പ്രത്യേക ഡ്യൂട്ടിക്കായി ഡോക്ടര്‍മാരേയും നഴ്സുമാരേയും പാരാമെഡിക്കല്‍ ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. അണുബാധാ വ്യാപനം തടയുന്നതിന് ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ആശുപത്രികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ പ്രത്യേകമായാണ് നടത്തിവരുന്നത്.
 
ഓക്സിജന്‍ വിതരണം ഉറപ്പാക്കുന്നതിനും മനവവിഭവശേഷി കണ്ടെത്തുന്നതിനും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കി നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഉപസമിതി രൂപീകരിച്ചു. വിഭവ സമാഹരണത്തിന് വിവിധ എന്‍ജിഒകള്‍, പൗര സംഘടനകള്‍, സര്‍ക്കാര്‍ എന്നിവയുമായി ചേര്‍ന്നായിരിക്കും  ഉപസമിതിയുടെ പ്രവര്‍ത്തനം. ശ്രീ. മുരുകന്‍ (പിആര്‍എസ്), ശ്രീ ഫൈസല്‍ ഖാന്‍ (നിംസ്), ശ്രീ മനോജ് (ഗോകുലം), ശ്രീ അശോകന്‍ (എസ്പി ഫോര്‍ട്ട്) , ശ്രീമതി രശ്മി ഐഷ (കിംസ്ഹെല്‍ത്ത്) ഡോ.ആനന്ദ് മാര്‍ത്താണ്ഡ പിള്ള (അനന്തപുരി), ഡോ. അശോക് മേനോന്‍ (കോസ്മോപൊളിറ്റന്‍ ഹോസ്പിറ്റല്‍), ശ്രീ രഞ്ജിത്ത് കാര്‍ത്തികേയന്‍ (ആറ്റുകാല്‍ ഹോസ്പിറ്റല്‍) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ