2020, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താന്‍ പഠിപ്പിക്കുന്ന വീഡിയോ ഫിലിമുമായി കുഫോസ് വിദ്യാര്‍ത്ഥികള്‍



കൊച്ചി- ഭക്ഷ്യവസ്തുക്കളിലെ മായം ശാസ്ത്രീയമായി കണ്ടെത്താനുള്ള ലളിതമായ മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ ഫിലിം പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ച് ലോക ഭക്ഷ്യദിനാചരണം വ്യത്യസ്തമാക്കിയിരിക്കുകയാണ് കേരള ഫിഷറീസ്-സമുദ്രപഠന സര്‍വ്വകലാശാലയിലെ (കുഫോസ് ) ഫുഡ് സയന്‍സ് വിദ്യാര്‍ത്ഥികള്‍. 1945 ല്‍ ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ രൂപീകരിച്ച ഒക്ടോബര്‍ 16 ആണ് ലോക ഭക്ഷ്യ ദിനമായി ആചരിക്കുന്നത്.

മുളക്, മല്ലി, തേന്‍, നെയ്യ്, മഞ്ഞള്‍ പൊടി, വെളിച്ചണ്ണ തുടങ്ങി മലയാളിയുടെ അടുക്കളയിലെ നിത്യവിഭവങ്ങളെല്ലാം മായം കലര്‍ന്നതാണോ ശുദ്ധമായത് ആണോ എന്ന് തിരിച്ചറിയുന്നത് എങ്ങിനെയെന്ന് വിശദമാക്കുന്നതാണ് എട്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ഈ വിഡിയോ ഫിലിം. കുഫോസിലെ ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി വകുപ്പില്‍ എം.എസ്.സി ഫുഡ് സയന്‍സ് കോഴ്‌സിലെ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികളാണ് ഫിലിം തയ്യാറാക്കിയത്.

വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ നിന്ന് പുറത്ത് പോകാതെ തന്നെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം അളക്കാനും മായം കലര്‍ന്നിട്ടുണ്ടോ എന്ന് കണ്ടെത്താനും കഴിയുന്ന ലളിതമായ മാര്‍ഗ്ഗങ്ങളാണ് ഫിലിമില്‍ വിശദീകരിക്കുന്നത്. ഫിലിമിന്റെ പ്രകാശനം കുഫോസ് ഭരണസമിതി യോഗത്തില്‍ വൈസ് ചാന്‍സലര്‍ ടിങ്കു ബിശ്വാള്‍ ഐ.എ.എസ് നിര്‍വഹിച്ചു. കുഫോസിന്റെ യൂട്യൂബ് ചാനലില്‍ പൊതുജനങ്ങള്‍ക്ക് കാണം ( https://youtu.be/xrPZHOL7cjQ ) how to find food adulteration at your home എന്ന് യൂ ട്യൂബ് ചാനലില്‍ സേര്‍ച്ച് ചെയ്താല്‍ ഫിലിമിന്റെ ലിങ്ക് ലഭിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ