2017, മേയ് 5, വെള്ളിയാഴ്‌ച

എറണാകുളം സിഎസ്‌ഐ ഇമ്മാനുവല്‍ ഇടവകയ്‌ക്ക്‌ കത്തീഡ്രല്‍ പദവി





കൊച്ചി:
110 വര്‍ഷത്തെ ആത്മീയ പാരമ്പര്യത്തിനും സുസ്ഥിര സാമൂഹിക സേവനത്തിനുമുള്ള അംഗീകാരമായി എറണാകുളം സിഎസ്‌ഐ ഇമ്മാനുവല്‍ ഇടവകയെ കൊച്ചി മഹായിടവകയിലെ ആദ്യത്തെ കത്തീഡ്രലായി ഉയര്‍ത്തുന്നു. 
്‌ മൂന്നാമത്‌ മഹായിടവക കൗണ്‍സിലില്‍ ബിഷപ്‌ ബേക്കര്‍ നൈനാന്‍ ഫെന്നാണ്‌ പ്രഖ്യാപനം നടത്തിയത്‌. ഇടവക നേതൃത്വം നല്‍കുന്ന ദൈവികവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ്‌ തീരുമാനമെന്ന്‌ അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്രൈസ്‌തവചരിത്രത്തിന്റെ ഭാഗമായി കൊച്ചി തുറമുഖത്തിന്‌ അഭിമുഖമായി 1908ലാണ്‌ ഇമ്മാനുവല്‍ ഇടവക സ്ഥാപിതമായത്‌. അന്നത്തെ തിരുവിതാംകൂര്‍ കൊച്ചി സിഎംഎസ്‌ വൈദികന്‍ റവ. ജെ. എച്ച്‌. ബിഷപ്‌ നിര്‍മാണത്തിന്‌ ചുക്കാന്‍ പിടിച്ചു. പ്രമുഖ വൈദികരായിരുന്ന റവ. എഡ്‌വേര്‍ഡ്‌ ബച്ചലസ്‌ റസല്‍, റവ. ആല്‍ഫ്രഡ്‌ ഫോര്‍ബ്‌സ്‌ സിയലി എന്നിവരുടെ സ്‌മരണാര്‍ഥം നിര്‍മിക്കപ്പെട്ട ദൈവാലയം റസല്‍ സിയലി മെമ്മോറിയല്‍ ചര്‍ച്ച്‌ എന്ന പേരിലും അറിയപ്പെടുന്നു. 1908ല്‍ ഇടവകയെ ദൈവാരാധനയ്‌ക്കായി സമര്‍പ്പിച്ചത്‌ വൈസ്രോയി ആയിരുന്ന കഴ്‌സന്‍ പ്രഭുവിന്റെ സുഹൃത്തും ഇന്ത്യസിലോണ്‍ മെത്രാപ്പൊലീത്തയുമായ റവ. ആര്‍. എസ്‌. കോംപ്ലെസ്റ്റനാണ്‌. ഇടവകയുടെ 100ാം വാര്‍ഷികാഘോഷം 2006 ഡിസംബര്‍ ആറിന്‌ അന്നത്തെ പ്രസിഡന്റ്‌ ഡോ. എപിജെ അബ്ദുല്‍ കലാം നിര്‍വഹിച്ചു. 

വിശ്വാസപരമായ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഇടവക സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു. ഇടവകയിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ എല്ലാ വെള്ളിയാഴ്‌ചകളിലും ഇരുന്നൂറോളം പേര്‍ക്ക്‌ പ്രഭാതഭക്ഷണം നല്‍കുന്നുണ്ട്‌. ബിപിഎല്‍ കുടുംബാംഗങ്ങള്‍ക്ക്‌ ഓണസദ്യ, ഓണക്കിറ്റ്‌ വിതരണം എല്ലാ വര്‍ഷവും നല്‍കിപ്പോരുന്നു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക്‌ പഠനോപകരണങ്ങള്‍, എച്ച്‌ഐവി ബാധിതര്‍ക്ക്‌ സാമ്പത്തിക സഹായം, ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക്‌ താമസസൗകര്യത്തോടെ വിദ്യാഭ്യാസം, സൗജന്യ രക്തദാനചികില്‍സാക്യാംപുകള്‍, വൃദ്ധസദനത്തിലെ അംഗങ്ങള്‍ക്കൊപ്പവും പിന്നാക്ക വിഭാഗങ്ങള്‍ക്കൊപ്പവും ക്രിസ്‌മസ്‌ ആഘോഷം, സൗജന്യ കൗണ്‍സലിങ്‌ സെന്റര്‍, ഭവനരഹിതകരെ സംരക്ഷിക്കുന്ന പദ്ധതി തുടങ്ങിയ സേവനപ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇടവക നേതൃത്വം നല്‍കുന്നു. സാമൂഹികപദ്ധതിയുടെ ഭാഗമായി നിര്‍ധനര്‍ക്ക്‌ വീടു നിര്‍മിച്ചുകൊടുക്കാനും സാധിച്ചു. 

ഇടവക കത്തീഡ്രലായി ഉയര്‍ത്തുന്നതിന്റെ ചടങ്ങുകള്‍ ഞായാഴ്‌ച വൈകിട്ട്‌ മൂന്നിന്‌ പളളിയങ്കണത്തില്‍ നടക്കും. മോഡറേറ്റര്‍ റവ. തോമസ്‌ കെ ഉമ്മന്‍ നേതൃത്വം നല്‍കും. തുടര്‍ന്ന്‌ അഞ്ചിന്‌ പൊതുസമ്മേളനവും മോഡറ്റേറ്റര്‍ റവ. തോമസ്‌ കെ ഉമ്മനും മറ്റ്‌ സിനഡ്‌ ഭാരവാഹികള്‍ക്കും സ്വീകരണവും നല്‍കുമെന്ന്‌ സിഎസഐ കൊച്ചി മഹായിടവക ക്ലര്‍ജി സെക്രട്ടറി റവ. ജേക്കബ്‌ ജോണ്‍, ട്രഷറര്‍ പി. ജെ. ജേക്കബ്‌, ലേ സെക്രട്ടറി ഏബ്രഹാം സൈമണ്‍, ഇടവക സെക്രട്ടറി ബാബു ഏബ്രഹാം, റവ. പ്രദീപ്‌ ജോര്‍ജ്‌, പ്രോഗ്രാം കോഓഡിനേറ്റര്‍ ജിബു ജോസ്‌ എന്നിവര്‍ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ