2017, ഏപ്രിൽ 9, ഞായറാഴ്‌ച

അമൃത യൂണിവേഴ്‌സിറ്റി കണ്ടുപിടുത്തങ്ങളുടെ വന്‍ ശേഖരങ്ങളുമായി രംഗത്ത്‌



കോയമ്പത്തൂര്‍:
ഭാരരഹിത ബുള്ളറ്റ്‌ പ്രൂഫുകള്‍ മുതല്‍ കാര്‍ഷിക ആരോഗ്യ രംഗത്ത്‌ നിര്‍ണായക കണ്ടുപിടുത്തങ്ങളുമായി അമൃത സര്‍വകലാശാല രംഗത്ത്‌.
മെയ്‌ക്ക്‌ ഇന്‍ ഇന്ത്യ പദ്ധതിയ്‌ക്കു കരുത്തേകാന്‍ ഒരു ഡസനിലേറെ കണ്ടുപിടുത്തങ്ങളാണ്‌ അമൃത വിശ്വവിദ്യാപീഠം അവതരിപ്പിക്കുന്നത്‌. ഇതിലേറെ കണ്ടുപിടുത്തങ്ങളുടെയും പ്രോട്ടോ ടൈപ്പുകള്‍ തയ്യാറായി കഴിഞ്ഞു. 
ഡോ. അജീഷ്‌ മണ്ണാടിയാറിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റിനു നിലവിലുള്ള ജാക്കറ്റുകളെ ബഹുദൂരം പിന്തള്ളുവാനാകും. നിലവില്‍ സ്‌റ്റീലും അലൂമിനിയം എന്നിവ കൊണ്ടു നിര്‍മ്മിക്കുന്നവയാണ്‌ ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റുകള്‍ 
ഇവയടെ ഭാരം ഏകദേശം 13 കിലോഗ്രാം വരും. എന്നാല്‍ അമൃത യൂണിവേഴ്‌സിറ്റിയുടെ ഗവേഷണവിഭാഗം തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ്‌ വെയ്‌റ്റ്‌ ഹൈ ടെംപറേച്ചര്‍ തെര്‍മോപ്ലാസ്റ്റിക്‌ പോളിമര്‍ ഉപയോഗിച്ചുള്ള ജാക്കറ്റുകളിലേക്കു മാറുമ്പോള്‍ അവയുടെ ഭാരം വെറും 1.5 കിലോഗ്രാം ആയി കുറക്കുവാന്‍ കഴിയും. ഇതിന്റെ ആദ്യഘട്ടം പിന്നിട്ടു. ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി ഇവ കൈമാറുന്നതിന്റെ പ്രതിരോധ വകുപ്പിന്റെ പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്‌. നിലവില്‍ ഒരു ബുള്ളറ്റ്‌ പ്രൂഫ്‌ ജാക്കറ്റിനു 1.2 ലക്ഷം രൂപയോളം വിലവരും എന്നാല്‍ അമൃതയുടെ ഗവേഷണ വിഭാഗം വികസിപ്പിച്ചെടുത്ത ജാക്കറ്റിനു 30,000 രൂപമാത്രമെ വരുകയുള്ളു.
ആഭ്യന്തര വകുപ്പിന്റെ സഹായത്തിനെത്തുന്ന ഹൈ ആക്യുറസി സ്‌പീക്ക്‌ റെകഗ്നീഷ്യന്‍ സംവിധാനമാണ്‌ മറ്റൊരു നിര്‍ണായക കണ്ടുപിടുത്തം. ഏത്‌ ശബ്ദവും കൃത്യമായി ഏത്‌ വ്യക്തിയുടേതാണെന്നു സെക്കന്റുകള്‍ക്കുള്ളില്‍ തിരിച്ചറിയാന്‍ ഇതിലൂടെ കഴിയും. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ റോ ഉള്‍പ്പെടുയുള്ള കേന്ദ്ര ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ക്കു സഹായമാകുന്ന ഈ കണ്ടുപിടുത്തത്തിനു നേതൃത്വം വഹിക്കുന്നത്‌ മലയാളിയായ ഡോ.സന്തോഷ്‌ കുമാറാണ്‌. 
ഇന്ത്യന്‍ റെയില്‍വേയുടെ സഹായത്തിനെത്തുന്ന മാലിന്യസംസ്‌കരണ യൂണിറ്റാണ്‌ മറ്റൊരു സംഭാവന. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കക്കൂസ്‌ മാലിന്യങ്ങള്‍ അടിഞ്ഞു കൂടുന്നത്‌ റെയില്‍വേ ട്രാക്കുകളിലാണ്‌. നിലവില്‍ 1.5 കോടി രൂപ ചെലവില്‍ രാജ്യത്തെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ നിലവിലുള്ള ഈ ശുചീകരണ യൂണിറ്റിന്റെ കാല്‍ ഭാഗത്തോളം മാത്രമെ ഡോശ്രീറാമും സംഘവും രൂപകല്‍പ്പന ചെയ്‌ത റെയില്‍വേ ട്രാക്ക്‌ ക്ലീനിങ്ങ്‌ മെക്കാനിസത്തിനു വേണ്ടിവരുകയുള്ളു. അതേപോലെ വളരെയേറെ വിപുലമായി റെയില്‍വെ ട്രാക്കിനു സമീപത്തെ മാലിന്യങ്ങള്‍ കൂടി ശുചിയാക്കാനാകും. കക്കൂസ്‌ മാലിന്യങ്ങള്‍്‌കു പുറമെ ഖര മാലിന്യങ്ങളും പ്ലാസ്റ്റിക്‌ മാലിന്യങ്ങളും പ്രത്യേകമായി ശേഖരിക്കുവാനും അതിനുശേഷം ട്രാക്ക്‌ മാലിന്യവിമുക്ത ലായനിയും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കുവാനും കഴിയുന്ന സംവിധാനവും ഇതോടൊപ്പമുണ്ട്‌. അടുത്ത മൂന്നു നാല്‌ മാസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ പ്രോട്ടോ ടൈപ്പ്‌ അവതരിപ്പിക്കാന്‍ കഴിയും. 
ആരോഗ്യ പരിപാലന രംഗത്ത്‌ നോണ്‍ എന്‍സൈമാറ്റിക്‌ ഗ്ലൂക്കോസ്‌ സെന്‍സര്‍ ആന്റ്‌ ഗ്ലൂക്കോ മീറ്ററിന്റെ കണ്ടുപിടുത്തമാണ്‌ ശ്രദ്ധേയം. വിപ്രോയുടെ സഹായത്തോടെ ഇത്‌ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്‌. നിലവില്‍ 250 രൂപ വരുന്ന ഗ്ലൂക്കോ മീറ്ററിന്റെ വില ഇതോടെ കേവലം 30 രൂപയാക്കി മാറ്റുവാന്‍ കഴിയും. സാമൂഹ്യസേവന രംഗത്ത്‌ അമൃത സര്‍വകലാശാലയുടെ സഹകരണത്തോടെ ആദിവാസി മേഖലയില്‍ പൂല്‍ത്തൈലം നിര്‍മ്മിക്കുന്നതിനുള്ള ആധൂനിക സംവിധാനം തയ്യാറാക്കിയട്ടുണ്ട്‌. വിറക്‌ ഉപയോഗിച്ചു പൂല്‍ത്തൈലം വാറ്റി എടുക്കുന്നതിനു പകരം സൗരോര്‍ജ്ജത്തിന്റെ സഹായത്തോടെയാണ്‌ നിര്‍മ്മാണം.. കൂടുതല്‍ തൈലം ലഭിക്കുന്നതിനോടൊപ്പം നിര്‍മ്മാണ ചെലവും കുറക്കുവാനാകും. ഒരു വര്‍ഷം എട്ട്‌ ലക്ഷം രൂപയുടെ ലാഭം ഇതിലൂടെ മാത്രം ലഭിക്കും. കോയമ്പത്തൂരിനു അടുത്ത ശിരുവാണിമലയിലെ 70ഓളം ആദിവാസികള്‍ക്ക്‌ ജീവിത മാര്‍ഗം ഒരുക്കുന്ന ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിലും അമൃത വിപ്ലവത്തിനു തുടക്കം കുറിച്ചു. ചൂരല്‍ ഉല്‍പ്പന്നങ്ങള്‍ക്കു സമാനമായ ഗൂണമേന്മയോടെയുളള ലാന്റാന കമാറ എന്ന കാട്ടുചെടിയാണ്‌ ഇതിനുപയോഗിക്കുന്നത്‌. ഡോ . മായാ മഹാജന്‍ നേതൃത്വം നല്‍കി തമിഴ്‌നാട്‌ വനംവകുപ്പിന്റെ സാഹയത്തോടെ ആദിവാസികള്‍ തയ്യാറാക്കിയ വിവിധ ഫര്‍ണച്ചറുകള്‍ ഇതിനകം വിപണയില്‍ ലഭ്യമായിട്ടുണ്ട്‌. കൂടുതല്‍ ആദിവാസി മേഖലയിലേക്കും ഇതിന്റെ പ്രചാരം നേടുവാനുള്ള ശ്രമത്തിലാണ്‌ അമൃത സര്‍വകലാശാല. 
അമൃത സര്‍വകലാശാല പ്രൊവൈസ്‌ ചാന്‍സലര്‍ ബ്രഹ്മചാരി അഭയാമൃത ചൈതന്യ, വൈസ്‌ ചാന്‍സലര്‍ ഡോ.വെങ്കട്‌ രംഗന്‍, പ്രൊഫ.പ്രശാന്ത്‌ ആര്‍ നായര്‍,സ്‌കൂള്‍ ഓഫ്‌ എന്‍ജിനിയറിങ്ങ്‌ ഡീന്‍ ഡോ. ശശാങ്കന്‍ രാമനാഥന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ