2017, ഏപ്രിൽ 17, തിങ്കളാഴ്‌ച

മുട്ടാർ പുഴയിൽ ശുചീകരണ പ്രവർത്തനങ്ങൾ പാതിവഴിയിലായി

കളമശേരി: പെരിയാറിൻെറ കൈവഴിയായ മുട്ടാർ പുഴയിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ച  ശുചീകരണ പ്രവർത്തനങ്ങൾ പാതിവഴിയിലായി. കളമശേരി മേഖലയിൽ പൂർത്തിയാകും മുമ്പേ ഏലൂർ മേഖലയിലേക്ക് പോയെങ്കിലും യന്ത്രഭാഗങ്ങൾ കേടായതോടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്. ഇപ്പോൾ കളമശേരിയിലും ഏലൂരിലും  ശുചീകരണം എങ്ങുമെത്താത്ത അവസ്ഥയിലാണ്.


ഇതിനെ തുടർന്ന് മുട്ടാർ പുഴ കടന്നു പോകുന്ന കളമശേരി, ഏലൂർ നഗരസഭകളിലെ കയ്യേറ്റവും  മാലിന്യക്കുഴലുകൾ സ്ഥാപിച്ചിരിക്കുന്നതും നിർബാധം തുടരുകയാണ്. നിലവിൽ മുട്ടാർ പുഴയുടെ 30 ശതമാനം മാത്രമാണ് വൃത്തിയാക്കൽ ഇതുവരെ നടന്നിട്ടുള്ളത്. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞതോടെ തുടർപ്രവർത്തനങ്ങൾക്ക് ഇരു നഗരസഭകളും താത്പര്യം കാണിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.

കളമശേരി വ്യവസായ മേഖല വരെയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രണ്ടാഴ്ച മുമ്പ് പുഴയെ ശുചിയാക്കൽ ആരംഭിച്ചത്. മൂന്ന് ദിവസം നീണ്ടു നിന്ന പ്രവർത്തനത്തിൽ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടഞ്ഞ പായലും പുല്ലുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും ഫ്ലോട്ടിംഗ് ജെസിബിയുടെ സഹായത്തോടെ എടുത്ത് മാറ്റിയിരുന്നു. മൂന്നോളം കടവുകളും വൃത്തിയായി.

എന്നാൽ വ്യവസായ മേഖലയുടെ സമീപത്തെത്തിയപ്പോൾ പ്രവർത്തനം നിർത്തി ഏലൂർ നഗരസഭയിലേക്ക് യന്ത്രങ്ങൾ കൊണ്ടുപോയി. ഏലൂരിലും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്ന് ഏലൂർ ചെയർപേഴ്സൺ കളമശേരിയിലെത്തി ആവശ്യപ്പെട്ട പ്രകാരമാണ് ഏലൂരിൽ എല്ലാം എത്തിച്ചത്.

പായലുകൾ നീക്കാൻ പ്രത്യേകതരം യന്ത്രം വേണമെന്ന ആവശ്യത്തെ തുടർന്ന് ഏലൂരിൽ ആലപ്പുഴയിൽ നിന്ന് മറ്റൊരു യന്ത്രവും എത്തിച്ചു. പക്ഷെ ഡീസൽ ഇല്ലായെന്ന പേരിൽ ശുചീകരണ പ്രവർത്തനങ്ങൾ ഇടയ്ക്ക് മുടങ്ങുന്നതായാണ് ജനങ്ങളുടെ പരാതി. കളമശേരിയിലേയും ഏലൂരിലേയും പുഴ വൃത്തിയാക്കൽ പുന:രാരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.



ഫോട്ടോ: കളമശേരി വ്യവസായ മേഖലയിൽ നിന്ന് മുട്ടാർ പുഴയിലേക്ക് തുറന്നു വച്ചിരിക്കുന്ന മാലിന്യക്കുഴൽ. പുഴയിൽ മണ്ണിട്ട് വാഴകൾ നട്ടിരിക്കുന്നതും കാണാം. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ