2017, ഏപ്രിൽ 18, ചൊവ്വാഴ്ച

ഇതിഹാസം കൊച്ചിയില്‍' സ്‌മരണിക പ്രകാശനം ചെയ്‌തു

'
കൊച്ചി: ഖസാക്കിന്റെ ഇതിഹാസം നാടകാവതരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'ഇതിഹാസം കൊച്ചിയില്‍' എന്ന സ്‌മരണിക പ്രകാശനം ചെയ്‌തു. എറണാകുളം പ്രസ്‌ ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രൊഫ. എം.കെ. സാനുവാണ്‌ സ്‌മരണികയുടെ പ്രകാശനം നിര്‍വഹിച്ചത്‌. ഒ.വി. വിജയനെയും ഖസാക്കിന്റെ ഇതിഹാസം നോവലിനെയും നാടകാവിഷ്‌കരണത്തെയും കുറിച്ചുള്ള പ്രമുഖരുടെ ഓര്‍മകളും അനുഭവങ്ങളും അടങ്ങുന്നതാണ്‌ സ്‌മരണിക. 
പ്രൊഫ. എം.കെ. സാനു, ഡോ. എം.ജി.എസ്‌. നാരായണന്‍, ഒ.വി. വിജയന്റെ സഹോദരിയും കവിയുമായ ഒ.വി. ഉഷ, എഴുത്തുകാരന്‍ കെ.എല്‍. മോഹനവര്‍മ, സംവിധായകന്‍ ലാല്‍ ജോസ്‌, സംഗീത സംവിധായകന്‍ ബിജിബാല്‍, നാടക രംഗത്ത്‌ നിന്ന്‌ ടി.എം. എബ്രഹാം, ചന്ദ്രദാസന്‍, ശശിധരന്‍ നടുവില്‍ തുടങ്ങിയവരുടെ അനുഭവങ്ങള്‍ ഉള്‍കൊള്ളുന്ന സ്‌മരണികയുടെ എഡിറ്റര്‍ നടനും എഴുത്തുകാരനുമായ മദന്‍ ബാബുവാണ്‌. 
ഖസാക്കിന്റെ ഇതിഹാസത്തിന്‌ പശ്ചാത്തലമായ പാലക്കാടന്‍ ഗ്രാമം തസ്രാക്കിലൂടെയുള്ള യാത്രാനുഭവവും നാടകത്തെയും നോവലിനെയും ചേര്‍ത്തുവെയ്‌ക്കുന്ന പഠനവും സ്‌മരണികയിലുണ്ട്‌. 
ഇന്ത്യന്‍ നാടകവേദിയില്‍ ഇതിനകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വ്യത്യസ്‌ത രംഗാവതരണമായ, ദീപന്‍ ശിവരാമന്‍ സംവിധാനം നിര്‍വഹിച്ചിട്ടുള്ള 'ഖസാക്കിന്റെ ഇതിഹാസം' ഈ മാസം 21, 22, 23 തീയതികളില്‍ തേവര സേക്രഡ്‌ ഹാര്‍ട്ട്‌ കോളേജ്‌ മൈതാനിയിലാണ്‌ അരങ്ങേറുക. വൈകീട്ട്‌ 6.30-നാണ്‌ നാടകം ആരംഭിക്കുക. റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നാടകാവതരണത്തിലൂടെ സമാഹരിക്കുന്ന തുക എറണാകുളം ജനറല്‍ ആശുപത്രിയിലെ റീകണ്‍സ്‌ട്രക്‌റ്റിവ്‌ ശസ്‌ത്രക്രിയ വിഭാഗത്തിലേക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതിനാണ്‌ വിനിയോഗിക്കുക. റോട്ടറി കൊച്ചി യുണൈറ്റഡിന്റെ സാമൂഹ്യ സേവന - ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്‌ നാടകാവതരണത്തിന്‌ മുന്‍കൈയെടുക്കുന്നത്‌. തൃക്കരിപ്പൂരിലെ കെ.എം.കെ. സ്‌മാരക കലാസമിതിയിലെ അറുപതോളം വരുന്ന അഭിനേതാക്കളാണ്‌ ഖസാക്കിന്റെ ഇതിഹാസം നാടകത്തില്‍ വേഷമിടുന്നത്‌. നാടകം കാണാനുള്ള ഡോണര്‍ പാസുകള്‍ www.khasakkochiyil.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.


ഫോട്ടോ ക്യാപ്‌ഷന്‍: ഖസാക്കിന്റെ ഇതിഹാസം നാടകാവതരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച 'ഇതിഹാസം കൊച്ചിയില്‍' എന്ന സ്‌മരണിക പ്രൊഫ. എം.കെ. സാനു പ്രകാശനം ചെയ്യുന്നു. (ഇടത്ത്‌ നിന്ന്‌) അരബിന്ദ്‌ ചന്ദ്രശേഖര്‍, സ്‌മരണിക എഡിറ്റര്‍ മദന്‍ ബാബു, ഖസാക്ക്‌ കൊച്ചിയില്‍ പ്രോഗ്രാം ഡയറക്ടര്‍ ഹബീബ്‌ തങ്ങള്‍ എന്നിവര്‍ സമീപം.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ