2017, ഏപ്രിൽ 18, ചൊവ്വാഴ്ച

അണ്ടര്‍ 17 ലോക കപ്പ്‌ വേദി : ടെന്‍ഡറുകളിലെ അഴിമതി വിജിലന്‍സ്‌ അന്വേഷണം ആവശ്യപ്പെട്ടു




കൊച്ചി: അടുത്ത ഒക്ടോബറില്‍ ഇന്ത്യയിലെ ആറ്‌ വേദികളിലായി നടക്കുവാന്‍ പോകുന്ന അണ്ടര്‍ 17 ലോക കപ്പിന്റെ വേദികളില്‍ ഒന്നായ കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന്റെ നവീകരണം സംബന്ധിച്ചു നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വന്‍ തോതില്‍ അഴിമതി നടന്നതായും, ഇതു സംബന്ധിച്ചു വിജിലന്‍സ്‌ അന്വേഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നു.
ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വഴിവിട്ട്‌ ടെന്‍ഡറുകള്‍ സ്വീകരിച്ചതായി കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ആരോപിച്ചു. 
സ്‌റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ കരാറുകള്‍ ജിസിഡിഎ സ്വന്തം ഇഷ്ടക്കാര്‍ക്ക്‌ നിലവിലുള്ള ടെന്‍ഡര്‍ മര്യാദകള്‍ എല്ലാം ലംഘിച്ചു നല്‍കുകയായിരുന്നു. കുറഞ്ഞ ടെന്‍ഡര്‍ വിളിച്ച കരാറുകാരനെ തന്ത്രപൂര്‍വം ഒഴിവാക്കി പകരം ഉയര്‍ന്ന നിരക്കിലാണ്‌ കരാര്‍ നല്‍കിയിരിക്കുന്നത്‌. ഏറ്റവും ഒടുവില്‍ സ്‌റ്റേഡിയത്തിന്റെ ബക്കറ്റ്‌ സീറ്റുകള്‍ സംബന്ധിച്ചാണ്‌ വിവാദം. നിലവിലുള്ള സീറ്റുകള്‍ എല്ലാം മാറ്റി പുതിയ ബക്കറ്റ്‌ സീറ്റുകള്‍ സ്ഥാപിക്കണമെന്ന ഫിഫയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ 40,000 സീറ്റുകളാണ്‌ സ്ഥാപിക്കേണ്ടത്‌.
ഏഷ്യന്‍ ഗെയിംസ്‌ അഴിമതിയെ വെല്ലുന്ന അഴിമതിയാണ്‌ ജിസിഡിഎ നടത്തിയതെന്ന്‌ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ആരോപിച്ചു.നിശ്ചിത യോഗ്യതയുള്ള കരാറുകാര്‍ ടെന്‍ഡര്‍ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ കുറഞ്ഞ നിരക്ക്‌ അംഗീകരിക്കണമെന്ന വ്യവസ്ഥപോലും ലംഘിക്കപ്പെടുന്നു. ടെന്‍ഡര്‍ തുറന്നതിനു ശേഷമുള്ള വിലപേശല്‍ നിയമവിരുദ്ധമാണ്‌.അതുപോലെ ടെണ്ടര്‍ ഒഴിവാക്കി ഇഷ്ടക്കാര്‍ക്ക്‌ പ്രവര്‍ത്തികള്‍ നല്‍കുന്നതും തുടരുകയാണ്‌. നീതിരഹിതമായ ഇത്തരം നടപടികള്‍ യഥാസമയം കോടതികളില്‍ ചോദ്യം ചെയ്യുന്നതിനു പലപ്പോഴും ഇരകളാകുന്ന കരാറുകാര്‍ക്ക്‌ കഴിയുന്നില്ല. കരാര്‍ ഉറപ്പിച്ച്‌ പണി ആരംഭിച്ചതിനു ശേഷം കോടതിയുടെ പരിഗണനയ്‌ക്കു വന്നുവെന്ന പേരിലാണ്‌ ജിസിഡിഎയുടെ ടെന്‍ഡര്‍ അഴിമതിയില്‍ ഇടപെടാന്‍ കഴിയാതെ പോയത്‌.
ഇത്തരം അഴിമതികള്‍ ക്രിമിനല്‍ കുറ്റങ്ങളുടെ പരിധിയില്‍ വരണമെന്നും കുറ്റക്കാരെ ശിക്ഷിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിര നിയമനിര്‍മാണം നടത്തമെന്ന്‌ കേരള ഗവണ്മന്റ്‌ കോണ്‍ട്രാക്ടേഴ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്‌ ഒരു ലക്ഷം പേര്‍ ഒപ്പിട്ട്‌ മെയ്‌ മൂന്നിനു മുഖ്യമന്ത്രിക്ക്‌ ഭീമ ഹര്‍ജി നല്‍കും.മെയ്‌ അവസാനം പ്രധാനമന്ത്രിക്കും നിവേദനം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്‌ വര്‍ഗീസ്‌ കണ്ണമ്പിള്ളി, ജില്ലാ പ്രസിഡന്റ്‌ കെ.ഡി.ജോര്‍ജ്‌, ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ ഭാരവാഹി ക്യാപ്‌റ്റന്‍ ജോര്‍ജ്‌ തോമസ്‌, കെ.എ.പരീത്‌, കെ.എ. ജന്‍സണ്‍,വിനോദ്‌ തമ്പി എന്നിവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ