കൊച്ചി : ചിലവന്നൂർ കായൽ തീരം കയ്യേറി നിർമിച്ച അനധികൃത നിർമാണങ്ങളെല്ലാം
പൊളിച്ചു നീക്കണമെന്ന് കേരള തീരദേശ പരിപാലന അതോറിറ്റി ഹൈക്കോടതിയിൽ നൽകിയ
റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. കൊച്ചി, മരട് നഗരസഭകളാണ് തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള അനധികൃത നിർമാണങ്ങൾക്ക് വളംവച്ചു
കൊടുക്കുന്നതെന്നും ഇതിനെതിരെ കർശന നടപടി വേണമെന്നും റിപ്പോർട്ടിൽ അടിവരയിട്ടു
പറയുന്നുണ്ട്.
ചിലവന്നൂർ കായലിനെ
തണ്ണീർത്തടമായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ചെഷയർ ടാർസൻ നൽകിയ
ഹർജിയിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് നൽകിയത്. 2008 മുതൽ ചിലവന്നൂർ കായൽ തീരം
കയ്യേറി അനധികൃത നിർമാണം നടത്തുന്നത് അതോറിറ്റിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതു
സംബന്ധിച്ച് വിദഗ്ദ്ധ സമിതി 2011 ൽ റിപ്പോർട്ടും നൽകിയിരുന്നു. അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം നടത്തിയ പരിശോധനയിൽ
അപ്പാർട്ട്മെന്റുകളും വൻകിട കെട്ടിടങ്ങളും തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണ്
നിർമിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കൊച്ചി, മരട് നഗരസഭകൾ ഇത്തരം നിർമാണങ്ങൾ അംഗീകരിച്ച് നൽകുകയാണ്. ഇത്തരത്തിൽ അനധികൃത
നിർമാണം അംഗീകരിച്ചു നൽകിയതിലൂടെ രണ്ട് നഗരസഭകളും തീരദേശ പരിപാലനനിയമത്തിലെ
വ്യവസ്ഥകൾ ലംഘിച്ചു. രണ്ടു നഗരസഭകളോടും ഇക്കാര്യത്തിൽ അതോറിറ്റി വിശദീകരണം
തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. തുടർന്ന് തദ്ദേശ ഭരണ വകുപ്പ്
സെക്രട്ടറിയോട് ഇക്കാര്യം നഗരസഭകളോടു നിർദേശിക്കാൻ ആവശ്യപ്പെട്ടു. ഇതോടൊപ്പം
നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെ വിവരങ്ങൾ നൽകാനും തുടരുന്ന നിർമാണങ്ങൾക്ക്
സ്റ്റോപ്പ് മെമ്മോ നൽകാനും നിർദേശിച്ചു. എന്നാൽ ഈ നിർദേശങ്ങളൊന്നും കൊച്ചി, മരട് നഗരസഭകൾ പാലിച്ചില്ല.
പിന്നീട് നഗരസഭകൾക്ക് നിർദേശം നൽകാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. ഇതിലൊന്നും
ഫലപ്രദമായ പുരോഗതി ഉണ്ടായില്ല.
ഇതിനിടെ നിയമം ലംഘിച്ച്
നിർമിച്ച ഒരു അപ്പാർട്ട്മെന്റിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ വിധിയുണ്ടായി.
ഇതിനെതിരായ അപ്പീലും തള്ളി. ഇതിനെ സുപ്രീം കോടതിയിൽ ചോദ്യംചെയ്തിട്ടുണ്ട്. തീരദേശ
പരിപാലന അതോറിറ്റി അതത് സമയങ്ങളിൽ ഇടപെട്ട് അനധികൃത നിർമാണങ്ങൾ തടയാൻ
നിർദേശിക്കുന്നുണ്ട്. എന്നാൽ പദ്ധതി നടത്തിപ്പുകാർ സ്വന്തം നിലയിൽ നിർമാണം
നടത്തുകയാണെന്നും മെമ്പർ സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ പറയുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ