2017, മാർച്ച് 2, വ്യാഴാഴ്‌ച

വിജിലൻസ് കേസിലെ പ്രതികൾക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് നടപടി തുടരാമെന്ന്

കൊച്ചി : മലബാർ സിമന്റ്‌സിലേക്ക് ഫ്ളൈ ആഷ് , പാക്കിംഗ് ബാഗ് എന്നിവ വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലെ പ്രതികൾക്കെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് നടപടി തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റപത്രം നൽകുന്നതിന് കോടതിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു.
മലബാർ സിമന്റ്സ് അഴിമതിക്കേസിലെ പ്രതികൾക്കെതിരെ സാമ്പത്തിക വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയാരംഭിച്ചത്. ഇതിനെതിരെ പ്രതികളായ മുംബയിലെ ഋഷി പാക്കേഴ്സ് മാനേജിംഗ് ഡയറക്ടർ ഹർഷിദ്. ബി. പട്ടേൽ, എ.ആർ.കെ വുഡ്സ് ആൻഡ് മെറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. വടിവേലു എന്നിവർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇത്തരം കേസുകളിൽ എൻഫോഴ്സ്മെന്റിന് നടപടിയെടുക്കാൻ 2005 നു ശേഷമാണ് അധികാരം ലഭിച്ചതെന്നും 2003 - 2004 കാലഘട്ടത്തിൽ നടന്ന ഇടപാടുകളുടെ പേരിൽ എൻഫോഴ്സ്മെന്റിന് നടപടിയെടുക്കാൻ കഴിയില്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. കോഴിക്കോട് സബ് സോണൽ ഓഫീസിൽ ഹാജരാകാനാണ് എൻഫോഴ്സ്മെന്റ് അധികൃതർ നിർദേശിക്കുന്നതെന്നും തുടർച്ചയായി ഇങ്ങനെയെത്താൻ ബുദ്ധിമുട്ടുണ്ടെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇത്തരം കേസുകളിൽ ഇടപെടാൻ അനുവാദം ലഭിക്കുന്നതിനു മുമ്പാണ് സാമ്പത്തിക ഇടപാട് നടന്നതെങ്കിൽ പോലും ആ തുകയുടെ ആനുകൂല്യം നിക്ഷേപമായും മറ്റും പ്രതികൾക്ക് ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നിയമപ്രകാരം നടപടി സാധ്യമാണെന്നും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് നടപടി തുടരാൻ ഹൈക്കോടതി അനുവദിച്ചത് . 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ