2017, മാർച്ച് 2, വ്യാഴാഴ്‌ച

വൈറ്റിലയിൽ ഫ്ളൈ ഓവർ ഹൈക്കോടതി ഇടപെടണം

കൊച്ചി : വൈറ്റിലയിൽ ഫ്ളൈ ഓവർ യാഥാർത്ഥ്യമാക്കാൻ ഹൈക്കോടതി ഇടപെടണമെന്ന ആവശ്യവുമായി വൈറ്റില സ്വദേശി ഫ്രാൻസിസ് മാഞ്ഞൂരാൻ ഹർജി നൽകി. 
ഏറെ ഗതാഗതക്കുരുക്കും തിരക്കമുള്ള വൈറ്റില ജംഗ്ഷനു ശാപമോക്ഷം ലഭിക്കാൻ ഫ്ളൈ ഓവർ അനിവാര്യമാണ്. ഇതിനായി കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 2016 ഫെബ്രുവരി 28 ന് ശിലാസ്ഥാപനം നടത്തിയിരുന്നു. 2017 സെപ്തംബറിൽ ഫ്ളൈ ഓവർ യാഥാർത്ഥ്യമാകുമെന്നായിരുന്നു അന്ന് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പദ്ധതി ഏറെക്കുറേ ഉപേക്ഷിച്ച മട്ടാണെന്നും അടുത്തകാലത്തൊന്നും വൈറ്റിലയിൽ ഫ്ളൈ ഓവർ നിർമാണം നടക്കില്ലെന്ന സ്ഥിതിയായെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. 
വൈറ്റിലയിൽ എവിടെയാണ് ഫ്ളൈ ഓവർ നിർമിക്കുന്നതെന്ന കാര്യത്തിൽ പോലും ഇതുവരെ തീരുമാനമായിട്ടില്ല. ഈ ഭാഗത്തെ മെട്രോ റെയിലിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ ഫ്ളൈ ഓവർ നിർമാണം പിന്നീട് നടക്കില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളും ദേശീയ പാത അതോറിറ്റിയും ഫ്ളൈ ഓവർ നിർമാണത്തെക്കുറിച്ച് പുതിയ പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. പത്തു കോടി രൂപ ചെലവിട്ട് ഇതിനകം തന്നെ വിവിധ ഏജൻസികളെക്കൊണ്ട് പഠനം നടത്തി തയ്യാറാക്കിയ മൂന്നു റിപ്പോർട്ടുകൾ ഇവർ സ്വീകരിച്ചിരുന്നു. ഇതിനു പുറമേയാണ് പുതിയ പഠനത്തിന് ഒരുങ്ങുന്നത്. വൈറ്റിലയിലെ ഫ്ളൈ ഓവർ നിർമാണത്തെക്കുറിച്ച് കൊച്ചി മെട്രോ അധികൃതർക്കും വ്യക്തതയില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ദേശീയ പാത അതോറിറ്റിയുടെയുമൊക്കെ കൂട്ടായ പ്രവർത്തനമാണ് ഫ്ളൈ ഓവർ നിർമാണത്തിനാവശ്യം. ഇതിനു പകരം പരസ്പരം പഴിചാരി ഇക്കൂട്ടർ കാലം കഴിച്ചാൽ വൈറ്റിലയിലെ ഗതാഗതക്കുരുക്ക് നിത്യശാപമായി തുടരും. ഈ അവസ്ഥ ഒഴിവാക്കാനും വൈറ്റില ഫ്ളൈ ഓവർ നിർമാണത്തിനും ഹൈക്കോടതി നിർദ്ദേശിക്കണമെന്നാണ്  ഹർജിയിലെ ആവശ്യം. അടുത്ത ദിവസം ഹൈക്കോടതി ഹർജി പരിഗണിച്ചേക്കും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ