എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന വിഭൂതി തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ ആര്‍ച്ച്‌ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശുന്നു. |
കൊച്ചി :
`മനുഷ്യാ നീ പൊടിയാകുന്നു, അതിലേക്കു മടങ്ങുക' എന്ന് വിശ്വാസികളെ
അനുസ്‌മരിപ്പിച്ചുകൊണ്ട് ആഗോള കത്തോലിക്കാ സഭയ്‌ക്കൊപ്പം വരാപ്പുഴ അതിരൂപതയിലും
ക്രൈസ്‌തവരുടെ വലിയ നോമ്പുകാലത്തിന് തുടക്കമായി. വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന
ദൈവാലയമായ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ ബുധനാഴ്‌ച രാവിലെ
നടന്ന വിഭൂതി തിരുനാള്‍ തിരുക്കര്‍മങ്ങളിലും ദിവ്യബലിയിലും ആര്‍ച്ച്‌ബിഷപ് ഡോ.
ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
പ്രാര്‍ത്ഥനയിലൂടെയും
ഉപവാസത്തിലൂടെയും ദാനധര്‍മത്തിലൂടെയും ഈ വിശുദ്ധ കാലഘട്ടം ചെലവഴിക്കാന്‍ സഭ നമ്മെ
ക്ഷണിക്കുകയാണ്. `മനുഷ്യാ നീ പൊടിയാകുന്നു, അതിലേയ്‌ക്കു മടങ്ങുക' എന്നത് നമ്മെ
നമ്മുടെ ജീവിതത്തിന്റെ ക്ഷണികതയെ, നൈമിഷികതയെ അനുസ്‌മരിപ്പിക്കുന്നു.
ക്രിസ്‌തുനാഥന്റെ പീഢാസഹന രഹസ്യങ്ങള്‍ ആചരിക്കുന്ന ഒരുക്കകാലമാണ് വിശുദ്ധ
തപസുകാലം. നമ്മുടെ നോമ്പും പ്രാര്‍ത്ഥനയും ഉപവാസങ്ങളുമെല്ലാം അതില്‍ തന്നെ
മേന്മയുള്ളതാകണമെങ്കില്‍ ദൈവവുമായും സഹോദരനുമായും രമ്യതപ്പെടാനും ഉപയുക്തമാകുന്ന
വിധത്തിലുള്ളതാകണം ഈ നോമ്പാചരണമെന്ന് ആര്‍ച്ച്‌ബിഷപ് ഡോ. ജോസഫ്
കളത്തിപ്പറമ്പില്‍ വ്യക്തമാക്കി. ജോയേല്‍ പ്രവാചകന്‍ അനുസ്‌മരിപ്പിക്കുന്നു-
``നിങ്ങളുടെ വസ്‌ത്രങ്ങളല്ല, നിങ്ങളുടെ ഹൃദയങ്ങളാണ് കീറേണ്ടത്.''
പൂര്‍ണഹൃദയത്തോടെ ദൈവത്തിലേയ്‌ക്കു തിരിച്ചുവരിക. ജീവിതത്തിലേയ്‌ക്കുള്ള
തിരിച്ചുവരവാണ് ഈ വിശുദ്ധ നോമ്പുകാലം. ക്രിസ്‌തുവിന്റെ പീഢാസഹനത്തില്‍
ധ്യാനിക്കുവാനും സത്‌പ്രവര്‍ത്തികളിലൂടെ ആ പെസഹാരഹസ്യങ്ങള്‍ ആഘോഷിക്കുന്നതിനും
ഒരുങ്ങുന്നതിനുമായിട്ട് ഈ കാലഘട്ടം നാം വിനിയോഗിക്കണമെന്ന് ആര്‍ച്ച്‌ബിഷപ്
പറഞ്ഞു.
വിശുദ്ധ നോമ്പുകാലത്ത് നമ്മുടെ പരിത്യാഗത്തിന്റെ ഫലമായി വിശപ്പുമൂലം
അവശത അനുഭവിക്കുന്നവര്‍ക്ക് ആഹാരം ലഭ്യമാക്കാനും കിടപ്പാടമില്ലാത്തവര്‍ക്ക്
കിടപ്പാടം കൊടുക്കുവാനും വിശപ്പും ദാഹവും ദാരിദ്ര്യവും പട്ടിണിയും
അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമായി മാറുവാനും നമുക്ക് കഴിയണം. ഈ വിശുദ്ധ
നോമ്പുകാലം യഥാവിധം ആചരിച്ചുകൊണ്ട് നമുക്ക് നമ്മെ തന്നെ ആന്തരികമായി ഒരുക്കാം.
പൂര്‍ണഹൃദയത്തോടെ പാപകരമായ എല്ലാം പരിത്യജിച്ച് ദൈവത്തിങ്കലേക്ക് നമുക്ക് തിരികെ
വരാം. നമ്മുടെ പ്രാര്‍ത്ഥനാജീവിതം കൂടുതല്‍ ശക്തമാക്കാനും വിശുദ്ധ ഗ്രന്ഥപാരായണം
വഴി വചനത്തെ ധ്യാനിക്കുവാനും ആത്മാര്‍ത്ഥമായി പരിശ്രമിക്കാം. അങ്ങനെ യഥാവിധി ഈ
വിശുദ്ധ കാലഘട്ടം ആചരിച്ചുകൊണ്ട് ക്രിസ്‌തുനാഥന്റെ പെസഹാ രഹസ്യങ്ങള്‍
ആഘോഷിക്കുവാന്‍ നമുക്ക് നമ്മെ തന്നെ ഒരുക്കമെന്ന് ആര്‍ച്ച്‌ബിഷപ് ഡോ. ജോസഫ്
കളത്തിപ്പറമ്പില്‍ അനുസ്‌മരിപ്പിച്ചു.
തുടര്‍ന്ന് തപസ്സുകാലത്തിനു തുടക്കം
കുറിച്ചു കൊണ്ട് ത്യാഗത്തിന്റെയും അനുതാപത്തിന്റെയും നോമ്പുകാല അടയാളമായി
വിശ്വാസികളുടെ നെറ്റിയില്‍ ചാരം പൂശി കുരിശടയാളം വരച്ചു. തിരുക്കര്‍മങ്ങളിലും
തുടര്‍ന്നു നടന്ന ദിവ്യബലിയിലും വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍,
മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, പ്രൊക്യുറേറ്റര്‍
ഫാ. പീറ്റര്‍ കൊച്ചുവീട്ടില്‍, അസിസ്റ്റന്റ് പ്രൊക്യുറേറ്റര്‍ ഫാ. അലക്‌സ്
കുരിശുപറമ്പില്‍, കത്തീഡ്രല്‍ വികാരി ഫാ. ജൂഡിസ് പനക്കല്‍, സഹവികാരി ഫാ. റാഫേല്‍
കല്ലുവീട്ടില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
ഫോട്ടോ കാപ്‌ഷന്‍:
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ