കൊച്ചി: ഇടുപ്പിന്റെ ത്രിമാന
മാതൃക ഉപയോഗിച്ചുള്ള ആദ്യ ഇടുപ്പ് മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ കൊച്ചിയിലെ
വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ നടന്നു. 2014ലുണ്ടായ അപകടത്തില്‍
പരിക്കേറ്റതിനെത്തുടര്‍ന്നുണ്ടായ ഇടുപ്പുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ കോട്ടയം
സ്വദേശിനിയായ വീട്ടമ്മ പെണ്ണമ്മ മണിയ്‌ക്കാണ് (60) കേരളത്തിലെ ആദ്യ 3 ഡി മോഡല്‍
ഇടുപ്പ് മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ ആശ്വാസമായത്.
ഇടുപ്പ്
മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയില്‍ പ്രാവീണ്യം നേടിയ ഡോ. ബിപിന്‍ തെരുവിലിന്റെ
നേതൃത്വത്തിലുള്ള സംഘമാണ് ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയത്. രോഗിയുടെ
ഒടിഞ്ഞ ഇടുപ്പിന്റെ സിടി സ്‌കാനുകള്‍ സവിശേഷ സോഫ്‌റ്റ്‌വെയറിലൂടെ വിശകലനം
ചെയ്‌താണ് 3 ഡി പ്രിന്റര്‍ ഉപയോഗിച്ച് പ്രിന്റ് ചെയ്യുന്നത്. വലിപ്പത്തിലും
വിശദാംശങ്ങളിലും രോഗിയുടെ ഇടുപ്പിന്റെ കൃത്യമായ കോപ്പിയാണ് 18 മണിക്കൂറെടുക്കുന്ന
3 ഡി പ്രിന്റിംഗിലൂടെ പുറത്തു വന്നത്. ആദ്യം ഒരു പരീക്ഷണ ശസ്‌ത്രക്രിയയിലൂടെ
പ്രിന്റ് ചെയ്‌തെടുത്ത ഇടുപ്പിന്റെ കൃത്യത ഉറപ്പുവരുത്തിയ ശേഷമാണ് പിന്നീട്
യഥാര്‍ത്ഥ ശസ്‌ത്രക്രിയ നടത്തിയത്.
നാലു മണിക്കൂറെടുത്ത യഥാര്‍ത്ഥ
ശസ്‌ത്രക്രിയ ചെയ്‌ത അതേദിവസം തന്നെ രോഗിയ്‌ക്ക് നടക്കാനായി. സങ്കീര്‍ണമായ
കേസുകളില്‍ അവിശ്വനീയമായ കൃത്യത ഉറപ്പുവരുത്തുന്നതിനാല്‍ ഈ പുതുരീതി ഈ രംഗത്ത്
വിപ്ലവകരമാണെന്ന് ശസ്‌ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ ഡോ. ബിപിന്‍ തെരുവില്‍
പറഞ്ഞു. `3 ഡി പ്രിന്റഡ് ഇടുപ്പ് ഉപയോഗിച്ചുള്ള ഇടുപ്പ് മാറ്റിവെയ്‌ക്കല്‍
ശസ്‌ത്രക്രിയയില്‍ കാലേക്കൂട്ടി ആസൂത്രണം ചെയ്യാനും പരീക്ഷിക്കാനും സമയം ലഭിക്കാനും
രോഗശമനം നേരത്തേയാക്കാനും രക്ത നഷ്ടം പരമാവധി കുറയ്‌ക്കാനും സാധിക്കുന്നു,` അദ്ദേഹം
പറഞ്ഞു. താരതമ്യേന ചെലവുകുറഞ്ഞ രീതിയാണ് ഇതെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
രോഗികളുടെ ശരീരശാസ്‌ത്രം കൃത്യമായി മനസ്സിലാക്കി ചികിത്സ
ലഭ്യമാക്കുന്നുവെന്നതിനാല്‍ 3 ഡി പ്രിന്റിംഗ് ഉപയോഗിച്ചുള്ള ശസ്‌ത്രക്രിയകള്‍ ഈ
രംഗത്ത് അതിശയകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് വിപിഎസ് ലേക്ക്‌ഷോര്‍
ഓര്‍ത്തോപിഡിക്‌സ് വിഭാഗം തലവന്‍ ഡോ. ജേക്കബ് വര്‍ഗീസ് ചൂണ്ടിക്കാണിച്ചു.
ഡോ. മഹേഷ് കെ. സോഫ്‌റ്റ്‌വെയര്‍ ഒപ്‌റ്റിമൈസേഷനും 3 ഡി പ്രിന്റിംഗിനും
നേതൃത്വം നല്‍കി. ഡോ. ജോണ്‍ ഫേണ്‍സും സംഘത്തിന്റെ ഭാഗമായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ