2017, ഫെബ്രുവരി 12, ഞായറാഴ്‌ച

Lakeshore Hospital - ലേക്‌ഷോറില്‍ സന്ധി മാറ്റിവെയ്ക്കലില്‍ വിജ്ഞാന കൈമാറ്റ പരിപാടിക്ക് തുടക്കമായി




കൊച്ചി: വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയില്‍ സന്ധി മാറ്റിവെയ്ക്കല്‍ പ്രക്രിയയില്‍ വിജ്ഞാന കൈമാറ്റ പരിപാടിക്ക് തുടക്കമായി. ഇതിന്റെ ആദ്യപടിയായി ന്യൂജേഴ്‌സിയിലെ പ്രമുഖ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. അസിത് ഷാ ആശുപത്രിയിലെത്തി. ഡോ. അസിത് ഷായുടെ സാന്നിധ്യത്തില്‍ വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ അസ്ഥിരോഗ-സന്ധി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ മുട്ടു മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. 

ഈ അവസരത്തില്‍ ഏഷ്യയിലും ഇന്ത്യയില്‍ പ്രത്യേകിച്ച് കൂടുതലായി കണ്ടുവരുന്ന മുട്ട്, ഇടുപ്പ് സംബന്ധിയായ വാതരോഗങ്ങള്‍ക്ക് നല്‍കുന്ന ചികിത്സകളെക്കുറിച്ച് ഡോ. ജേക്കബ് വര്‍ഗീസ് വിശദീകരിച്ചു. ഡോ. ജേക്കബ് വര്‍ഗീസിന് പുറമേ ഡോ. ബിപിന്‍ തെരുവില്‍, ഡോ. അപ്പു ബെന്നി തോമസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. 

ഡോ. അസിത് ഷായെ പോലുള്ള വിദഗ്ധരുമായി ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിശ്ചിത ഇടവേളകളില്‍ സന്ധി മാറ്റിവെയ്ക്കല്‍ പ്രക്രിയയിലെ വൈദഗ്ധ്യവും അനുഭവവും പങ്കുവെയ്ക്കാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. ഈ പ്രക്രിയയിലെ ഏറ്റവും പുതിയ കണ്ടുപിടുത്തങ്ങളെക്കുറിച്ച് അറിയാനും അതിലൂടെ ഇവിടുത്തെ രോഗികള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും ഈ പരിപാടി സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യയിലെയും ഇന്ത്യയിലെയും ജനങ്ങളുടെ വലിപ്പത്തിനും ആകൃതിക്കും അനുയോജ്യമായി രൂപകല്‍പന ചെയ്തിട്ടുള്ള 'ഫ്രീഡം നീ' എന്ന മുട്ടു മാറ്റിവെയ്ക്കലിലെ പുതിയ കണ്ടുപിടുത്തം കൊച്ചിയില്‍ ലഭ്യമാണെന്ന് അറിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അതിന്റെ ഡിസൈനര്‍ കൂടിയായ ഡോ. അസിത് ഷാ പറഞ്ഞു. 




ഫോട്ടോ ക്യാപ്ഷന്‍: വിപിഎസ് ലേക്‌ഷോറില്‍ നടന്ന സന്ധി മാറ്റിവെയ്ക്കല്‍ പ്രക്രിയയിലുള്ള വിജ്ഞാന കൈമാറ്റ പരിപാടിയുടെ ഭാഗമായി ന്യൂജേഴ്‌സിയിലെ പ്രമുഖ അസ്ഥിരോഗ വിദഗ്ധന്‍ ഡോ. അസിത് ഷായും വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഡോ. ജേക്കബ് വര്‍ഗീസും വിജ്ഞാന കൈമാറ്റ സര്‍ട്ടിഫിക്കറ്റുകള്‍ കൈമാറുന്നു. ഡോ. ബിപിന്‍ തെരുവില്‍ സമീപം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ