കൊച്ചി: യു.ജി.സിയുടെ പുതിയ മാർഗ നിർദ്ദേശത്തിന്റെ പേരിൽ പത്തനംതിട്ട തുമ്പമൺ സ്വദേശി ഡ്യുവൽ സാമിന് പി.എച്ച്.ഡിക്ക് പ്രവേശനം നിഷേധിച്ച കാർസകോട്ടെ കേന്ദ്ര സർവകലാശാലയുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
ഇക്കണോമിക്‌സ് പി.എച്ച്.ഡിയ്ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെ ഡ്യുവൽ നൽകിയ ഹർജിയിലാണ് ഉത്തരവ്. 2016 ൽ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ നൽകിയ ഹർജിക്കാരന് സർവകലാശാലയിലെ അസി. പ്രൊഫസർ അൻവർ സാദത്തിനെ ഗൈഡായി അനുവദിച്ചിരുന്നു. ഈ സമയത്താണ് ഒരു അസി. പ്രൊഫസർക്ക് നാലു ഗവേഷണ വിദ്യാർത്ഥികളെ നൽകിയാൽ മതിയെന്ന യു.ജി.സി നിർദ്ദേശം വന്നത്. അൻവർ സാദത്തിന് നാല് വിദ്യാർത്ഥികളുള്ളതിനാൽ ഹർജിക്കാരന് പ്രവേശനം നിഷേധിച്ചു. പിന്നീട് പുതിയൊരു അസി. പ്രൊഫസറെ നിയമിച്ചപ്പോൾ പ്രവേശനത്തിന് അനുമതി തേടിയെങ്കിലും സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി നിഷേധിച്ചു. തുടർന്നാണ് ഡ്യുവൽ ഹർജി നൽകിയത്.
സർവകലാശാല ചട്ടമനുസരിച്ച് ഗവേഷണ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനുള്ള ഇന്റർവ്യൂ കഴിഞ്ഞാലുടൻ അഡ്മിറ്റ് മെമ്മോ നൽകും. മെമ്മോ ലഭിച്ചാൽ 15 ദിവസത്തിനകം അഡ്മിഷൻ എടുക്കണം. സർവകലാശാലയ്ക്ക് മൂന്നു മാസം വരെ സമയം നീട്ടി നൽകാനുമാവും. ഡ്യുവലിന്റെ കാര്യത്തിൽ ഈ കാലാവധിയൊക്കെ കഴിഞ്ഞെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. പക്ഷേ, തനിക്ക് അഡ്മിറ്റ് മെമ്മോ നൽകിയില്ലെന്ന് ഡ്യുവൽ വ്യക്തമാക്കി. തുടർന്നാണ് തന്റേതല്ലാത്ത കാരണത്താൽ ഹർജിക്കാരന് ഗവവേഷണം നടത്താൻ അവസരം നിഷേധിച്ച സർവകലാശാലയുടെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ