കൊച്ചി : സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യാനെന്ന പേരിൽ കൊച്ചിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് 55 കോടി രൂപയുടെ കള്ളപ്പണമെത്തിയെന്ന കേസിൽ എറണാകുളം എളമക്കര സ്വദേശി ജോർജ് ജോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ഹർജിക്കാരനെതിരായ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്. കൊച്ചി ഹാർബറിലെ എസ്.ബി.ഐയുടെ ഓവർസീസ് ബ്രാഞ്ചിലുള്ള ജോർജ് ജോസിന്റെ അക്കൗണ്ടിലേക്ക് അഞ്ച് മാസം മുമ്പാണ് പണമെത്തിയത്. ഇതിൽ 29.5 കോടി രൂപ 15 ദിവസത്തിനുള്ളിൽ പിൻവലിച്ചു. ഈ തുക ജോർജ് ജോസിന്റെ തന്നെ മറ്റൊരു അക്കൗണ്ടിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും എത്തിയതായി കണ്ടെത്തിയിരുന്നു. പണമിടപാടിൽ ബാങ്ക് അധികൃതർ സംശയം പ്രകടിപ്പിച്ചതോടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും പൊലീസും അന്വേഷണം ആരംഭിച്ചു. ഇതിൽ ഫോർട്ട് കൊച്ചി സി.ഐയുടെ നേതൃത്വത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ജോർജ് ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. സൂര്യകാന്തി എണ്ണ കയറ്റുമതി ചെയ്യാൻ ബൾഗേറിയയിലെ സ്വസ്താ ഡി എന്ന കമ്പനിയാണ് പണം അക്കൗണ്ടിലേക്ക് നൽകിയതെന്നും ഇതിൽ ക്രമവിരുദ്ധമായി ഒന്നുമില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ ഈ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ