2017, ഫെബ്രുവരി 12, ഞായറാഴ്‌ച

മത്സ്യഫെഡിൽ അഴിമതിയും സാമ്പത്തിക ക്രമക്കേടുമാരോപിച്ച്

കൊച്ചി : മത്സ്യഫെഡിൽ അഴിമതിയും സാമ്പത്തിക ക്രമക്കേടുമാരോപിച്ച് സഹകരണ സംഘം രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെ ചെയർമാൻ വി. ദിനകരൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.
കേരള സഹകരണ സംഘ നിയമ പ്രകാരം രജിസ്ട്രാർ അന്വേഷണത്തിന് ഉത്തരവിട്ടതിൽ അപാകതയുണ്ടെന്നും അന്വേഷണച്ചുമതലയുള്ള ഫിഷറീസ് ജോയിന്റ് ഡയറക്ടർ മാനേജിംഗ് കമ്മിറ്റിയുടെ വാദം കേട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മത്സ്യഫെഡ് മുൻ ചെയർമാൻ കൂടിയായ ഫിഷറീസ് മന്ത്രിയാണ് അഴിമതിയാരോപണമുന്നയിച്ചുള്ള പരാതിക്കു പിന്നിലെന്നും രാഷ്ട്രീയ വൈരമാണ് പരാതിക്കടിസ്ഥാനമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ അന്വേഷണത്തിന് ഉത്തരവിട്ടതിൽ  അപാകതയില്ലെന്നു വിലയിരുത്തിയ സിംഗിൾ ബെഞ്ച് അന്വേഷണം ഹർജിക്കാരന്റെ അവകാശങ്ങളെ ഹനിക്കുന്നില്ലെന്നും വ്യക്തമാക്കി. മത്സ്യഫെഡിൽ വൻതോതിൽ അഴിമതിയും ക്രമക്കേടും പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിച്ചെന്നും സഹകരണ സംഘം രജിസ്ട്രാർ ബോധിപ്പിച്ചു. കേരള സഹകരണ സംഘ നിയമത്തിലെ സെക്‌ഷൻ 65  പ്രകാരം ഒരാളെ മാത്രമേ അന്വേഷണത്തിന് നിയമിക്കാനാവൂ എന്നിരിക്കെ പ്രത്യേക സംഘത്തെ തന്നെ നിയമിച്ചത് നിയമവിരുദ്ധമെന്നായിരുന്നു ഹർജിക്കാരന്റെ മറ്റൊരു വാദം. എന്നാൽ സംസ്ഥാനത്തുടനീളം ഒാഫീസുകളുള്ള മത്സ്യഫെഡിൽ സമയബന്ധിതമായി അന്വേഷണം നടത്താൻ  ഒരു സംഘത്തെ രജിസ്ട്രാർ നിയോഗിച്ചതിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി തള്ളിയത്. 

ചെലവന്നൂരിലെ വിവാദ ഫ്ളാറ്റിന്

കൊച്ചി : ഹൈക്കോടതി ഉത്തരവനുസരിച്ച് ഒരുകോടി രൂപ പിഴയായി കെട്ടിവെച്ചിട്ടും ചെലവന്നൂരിലെ വിവാദ ഫ്ളാറ്റിന് കൊച്ചി കോർപ്പറേഷൻ കെട്ടിട നമ്പർ അനുവദിക്കുന്നില്ലെന്നാരോപിച്ച് ഡി.എൽ.എഫ് അധികൃതർ ഹൈക്കോടതിയിൽ ഹർജി നൽകി. ചെലവന്നൂരിൽ കായൽ കയ്യേറിയാണ് ഫ്ളാറ്റ് നിർമിച്ചതെന്ന പരാതിയിൽ ഡി.എൽ.എഫിന്റെ ഫ്ളാറ്റ് പൊളിച്ചു നീക്കാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഡി.എൽ.എഫ് നൽകിയ ഹർജിയിൽ ഫ്ളാറ്റ് പൊളിക്കേണ്ടെന്നും ഒരുകോടി രൂപ പിഴയായി  കെട്ടിവച്ചാൽ കെട്ടിട നിർമാണം സാധൂകരിച്ച് നൽകാമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇതനുസരിച്ച് പണം കെട്ടിവച്ചിട്ടും കെട്ടിട നിർമാണം സാധൂകരിച്ച് കൊച്ചി കോർപ്പറേഷൻ കെട്ടിട നമ്പർ അനുവദിക്കുന്നില്ലെന്നാണ് ഹർജിയിലെ ആക്ഷേപം. കോർപ്പറേഷൻ കെട്ടിട നമ്പർ അനുവദിച്ച് ഒക്യുപെൻസി സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ വെള്ളം, വൈദ്യുതി തുടങ്ങിയവയ്ക്ക് അപേക്ഷ നൽകാനാവൂ എന്നും ഹർജിയിൽ പറയുന്നു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ