2017, ഫെബ്രുവരി 12, ഞായറാഴ്‌ച

ഓൺലൈൻ ടാക്സികളുടെ പ്രവർത്തനം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 39 കേസുകൾ







കൊച്ചി : യൂബർ, ഒലെ തുടങ്ങിയ ഓൺലൈൻ ടാക്സികളുടെ പ്രവർത്തനം തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 2015 - കാലയളവിൽ 2017 വരെയുള്ള സംസ്ഥാനത്ത് 39 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ വിഷയത്തിൽ ക്രമസമാധാന പ്രശ്നമുണ്ടാകാതിരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. 
ഓൺലൈൻ ടാക്സികളുടെ സുഗമമായ പ്രവർത്തനത്തിന് പൊലീസ് സംരക്ഷണം നൽകണമെന്ന ഇടക്കാല ഉത്തരവു പാലിച്ചില്ലെന്ന് ആരോപിച്ച് എറണാകുളം സ്വദേശിയും യൂബർ ഓൺലൈൻ ടാക്സി ഡ്രൈവറുമായ നവാസ് നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഡി.ജി.പി ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്. കഴിഞ്ഞ മാർച്ചിലെ ഇടക്കാല ഉത്തരവു പാലിച്ചില്ലെന്ന ഹർജിയിൽ ഹൈക്കോടതി നിർദ്ദേശിച്ചതനുസരിച്ച് കഴിഞ്ഞ ഡിസംബറിൽ സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ കോഴിക്കോട് ഉൾപ്പടെ സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലെ സ്ഥിതി കൂടി വ്യക്തമാക്കി അഡിഷണൽ സത്യവാങ്മൂലം നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേസിന്റെ വിവരങ്ങൾ വ്യക്തമാക്കി പുതിയ സത്യവാങ്മൂലം നൽകിയത്. കോഴിക്കോട് നഗര പരിധിയിൽ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തതെന്നും ഇതിൽ ഒരു കേസിൽ തുടർ നടപടികൾ ഉപേക്ഷിച്ചു. ശേഷിച്ചവയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും തൃശൂരിൽ ഓൺലൈൻ ടാക്സിയുടെ പേരിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. 
സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്ത 39 കേസുകളിൽ 20 എണ്ണത്തിൽ കുറ്റം ചുമത്തി. നാലു കേസുകളിൽ പിഴശിക്ഷ നൽകി. ഒരു കേസിൽ തുടർ നടപടി അവസാനിപ്പിച്ചു. ശേഷിച്ച 14 കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്. എറണാകുളം റൂറൽ എസ്.പി നൽകിയ റിപ്പോർട്ടനുസരിച്ച് ആറു കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ മൂന്നെണ്ണത്തിൽ കുറ്റം ചുമത്തി. ശേഷിച്ചവയിൽ പിഴ ശിക്ഷ നൽകി. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ബസ് സറ്റേഷനുകളിലും പ്രധാന ജംഗ്ഷനിലുമൊക്കെ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെ സംഘർഷമൊഴിവാക്കാനുള്ള ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്ന് തൃശൂ റേഞ്ച് ഐ.ജി യുടെ റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ