2016, മാർച്ച് 23, ബുധനാഴ്‌ച

തീവ്രപ്രണയയവുമായ്‌ അടൂരിന്റെ പുതിയചിത്രം പ്രധാന റോളില്‍ ദീലീപും കാവ്യയും


തീവ്രപ്രണയയവുമായ്‌ അടൂരിന്റെ പുതിയചിത്രം പ്രധാന റോളില്‍ ദീലീപും കാവ്യയും 



കൊച്ചി
പ്രണയത്തിന്‌ വാര്‍ദ്ധക്യമെന്നോ, ചെറുപ്പമെന്നോ ഇല്ല, ഏത്‌ പ്രായത്തിലും പ്രണയിക്കാം. പ്രണയം നഷ്ടപ്പെടുമ്പോള്‍ ജീവിതം തന്നെ അവസാനിക്കും... തീവ്ര പ്രണയം ഇതിവൃത്തമാക്കി നിര്‍മിക്കുന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവയ്‌ക്കുകയായിരുന്നു ദേശീയ, സംസ്ഥാന അവാര്‍ഡുകളുടെ തോഴനായ അടൂര്‍ ഗോപാലകൃഷ്‌ണന്‍. തൂവെള്ള നിറത്തില്‍ നരച്ചു നീണ്ട മുടിയും വരയന്‍ ജുബ്ബയും അല്‍പം ഗൗരവം തോന്നിപ്പിച്ചുവെങ്കിലും പതിവ്‌ ശൈലിയില്‍ സരസമായിരുന്നു സംഭാഷണം. ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ പകരുന്ന ജനപ്രിയ താരങ്ങളായ ദിലീപും കാവ്യാ മാധവനും അടൂരിനൊപ്പം ഉണ്ടായിരുന്നു. 
എട്ട്‌ വര്‍ഷത്തെ ഇടവേളക്ക്‌ ശേഷമാണ്‌ അടൂര്‍ വീണ്ടും പ്രേക്ഷകര്‍ക്കായി ഒരു ദൃശ്യ വിരുന്നൊരുക്കുന്നതെന്ന പ്രത്യേകതയുമുണ്ട്‌. 
മെയ്‌ മാസം ഷൂട്ടിങ്‌ തുടങ്ങാനിരിക്കുന്ന ചിത്രത്തെ കുറിച്ച്‌ അദ്ദേഹം വാചാലനായി. ഒരു സിനിമ റിലീസ്‌ ചെയ്യുന്നതോടെ അടുത്തതിനെ കുറിച്ച്‌ ചിന്തിക്കുന്നതല്ല തന്റെ പതിവ്‌. റിലീസ്‌ ചെയ്‌തു കഴിഞ്ഞാലും തന്റെ സിനിമകള്‍ക്ക്‌ ലോകമെമ്പാടും വിവിധ ഫെസ്റ്റിവലുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ തുടരും. തുടര്‍ന്ന്‌ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി ലോകം ചുറ്റലാണ്‌ പ്രധാന പരിപാടി. ദീര്‍ഘനാള്‍ ഒരു സിനിമയ്‌ക്ക്‌ വേണ്ടി താന്‍ ചിലവഴിക്കും. ഇതിനു ശേഷമാണ്‌ അടുത്ത സിനിമ ആലോചനയില്‍ വരുന്നത്‌. അതുകൊണ്ട്‌ തന്നെ മുന്‍പ്‌ ചെയ്‌ത സിനിമകളുടെ സ്വാധീനം തന്റെ സിനിമകളില്‍ ഉണ്ടാവാറില്ല. ആറോ, ഏഴോ വര്‍ഷത്തെ ആലോചനയില്‍ നിന്നാണ്‌ പിന്നെയും എന്ന സിനിമ. തിരക്കഥ പൂര്‍ത്തിയാക്കിയശേഷം ബേബി മാത്യു സോമതീരവുമായി ഇക്കാര്യം സംസാരിക്കുകയുണ്ടായി. അദ്ദേഹം താല്‍പര്യമറിയിച്ചതോടെയാണ്‌ പിന്നെയും എന്ന സിനിമയ്‌ക്ക്‌ തുടക്കമാകുന്നത്‌. 
തീവ്ര പ്രണയമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ കഥയെ സംബന്ധിച്ച്‌ ഒന്നുംതന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും അടൂര്‍.
മെയ്‌ 11 ന്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ തുടങ്ങി ജൂണ്‍ 10 ഓടെ പൂര്‍ത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ശാസ്‌താംകോട്ടക്കടുത്താണ്‌ പ്രധാന ലൊക്കേഷന്‍. 
ചിത്രത്തിലേക്ക്‌ ദിലീപ്‌ കാവ്യ ജോടികളെ തെരഞ്ഞെടുത്തതിനു പിന്നിലെ രഹസ്യത്തെ കുറിച്ചുള്ള ചോദ്യത്തിന്‌ ദിലീപിന്റെ സിനിമകള്‍ താന്‍ ശ്രദ്ധിക്കാറുണ്ടായിരുന്നു, അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രമുണ്ടായിരുന്നു. പിന്നെയും കാണുമ്പോള്‍ എന്തുകൊണ്ടാണ്‌ ദിലീപിനെയും കാവ്യയെയും തിരഞ്ഞെടുത്തതെന്നു ബോധ്യമാകുമെന്നായിരുന്നു മറുപടി. 
അവാര്‍ഡ്‌ സിനിമകള്‍ താന്‍ എടുത്തിട്ടില്ല, പലപ്പോഴും അത്‌ അങ്ങനെ സംഭവിച്ചു പോയതാണ്‌. ആരെയും സ്വാധീനിച്ച്‌ അവാര്‍ഡ്‌ വാങ്ങിയിട്ടില്ല. പത്രത്തില്‍ വാര്‍ത്ത വരുമ്പോഴാണ്‌ തന്റെ സിനിമയക്ക്‌ അവാര്‍ഡ്‌ ലഭിച്ചതായി അറിയാറെന്നും അടൂര്‍...


ചാന്‍സ്‌ തേടി ചെന്ന ഏക സംവിധായകന്‍ 

അഭിനയിക്കാന്‍ ഒരു അവസരം തേടി ചെന്ന ഏക സംവിധായകനായിരുന്നു അടൂര്‍ ഗോപാലകൃഷ്‌ണനെന്നായിരുന്നു ദിലീപിന്റെ കമന്റ്‌. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ അടൂരിനെ കണ്ടപ്പോഴായിരുന്നു ഇത്‌. എന്നാല്‍ അടൂര്‍ തന്റെ സിനിമകള്‍ കാണാറുണ്ടായിരുന്നുവെന്ന്‌ അറിയില്ലായിരുന്നു. ജീവിതത്തില്‍ ഭാഗ്യങ്ങള്‍ പലതരത്തില്‍ വരാറുണ്ട്‌. അടൂരിനൊപ്പം ഒരു സിനിമ തന്റെ വലിയ ആഗ്രഹമായിരുന്നു. ആദ്യമായി അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യുന്നതിന്റെ ത്രില്ലിലാണ്‌ താനെന്നും ദിലീപ്‌. 

ഡയലോഗ്‌ പഠിപ്പിക്കുന്നത്‌ സ്‌കൂള്‍ കുട്ടികളെ പോലെ..


അടൂര്‍ ഗോപാലകൃഷ്‌ണന്റെ നാലുപെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള കാവ്യ മാധവന്‍ അന്നത്തെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്തു. മുന്‍ കൂട്ടി കഥയോ തിരക്കഥയോ പറയാറില്ല. സെറ്റില്‍ ചെല്ലുമ്പോള്‍ മാത്രമാണ്‌ എന്താണ്‌ ചെയ്യാന്‍ പോകുന്നതെന്ന്‌ അറിയുക. ഡയലോഗുകള്‍ അദ്ദേഹം തന്നെ നേരിട്ട്‌ പറഞ്ഞു പഠിപ്പിക്കും. അതൊരു വല്ലാത്ത അനുഭവമാണ്‌. അടൂര്‍ ഗോപാലകൃഷ്‌ണന്റെ സ്‌ക്രിപ്‌റ്റ്‌ തൊടാന്‍ താന്‍ ഏറെ ആഗ്രഹിച്ചിട്ടുണ്ട്‌. പുതിയ സിനിമ ഏറെ പ്രതീക്ഷ തരുന്നുണ്ടെന്നും കാവ്യ. 



അടൂര്‍ ഗോപാലകൃഷ്‌ണന്‍ തന്നെയാണ്‌ പിന്നെയും എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്‌. മെയ്‌ 11ന്‌ തിരുവനന്തപുരത്ത്‌ ആദ്യ ദൃശ്യം ചിത്രീകരിക്കും. ബേബി മാത്യു സോമതീരവും അടൂര്‍ ഗോപാലകൃഷ്‌ണനുമാണ്‌ നിര്‍മാണം. നെടുമുടി വേണു, വിജയരാഘവന്‍, ഇന്ദ്രന്‍സ്‌, കെ.പി.എ.സി. ലളിത, നന്ദു, ശ്രിന്ദ, രവി വള്ളത്തോള്‍, പ്രൊഫ. അലിയാര്‍, പി. ശ്രീകുമാര്‍, ജോണ്‍ സാമുവല്‍, സുധീര്‍ കരമന, എം.കെ. ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍. മറാത്തി സിനിമയിലെ പ്രശസ്‌ത താരമായ സുബോധ്‌ ഭാവേ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്‌. എം.ജെ. രാധാകൃഷ്‌ണന്‍ ഛായാഗ്രഹണവും ഹരികുമാര്‍ ശബ്ദലേഖനവും ബി. അജിത്‌ കുമാര്‍ സന്നിവേശവും മാര്‍ത്തണ്ഡം രാജശേഖരന്‍ കലാസംവിധാനവും നിര്‍വഹിക്കും. കെട്ടിടത്തില്‍ വിജയന്‍ നിര്‍മാണ മേല്‍നോട്ടവും കുക്കു പരമേശ്വരന്‍ പ്രൊഡക്ഷന്‍ ഡിസൈനിങ്ങും കാസ്റ്റിങ്ങും നിര്‍വഹിക്കും. മീരാ സാഹേബ്‌ മുഖ്യ സഹായിയായി ചേരും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ