2015, ഫെബ്രുവരി 18, ബുധനാഴ്‌ച

തമിഴ്‌നാട്‌ സ്വദേശി യുവതിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ ആറു പേര്‍ അറസ്റ്റില്‍




കൊച്ചി: ജോലി നല്‍കാമെന്നു വാഗ്‌ദാനം നല്‍കി തമിഴ്‌നാട്‌ സ്വദേശി യുവതിയെ ഓട്ടൊറിക്ഷയില്‍ കൂട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ ആറു പേര്‍ അറസ്റ്റില്‍. കളമശേരി തേവക്കല്‍ വികെസി കോളനിയില്‍ പറക്കാട്ട്‌ അതുല്‍ പി. ദിവാകരന്‍(22), കങ്ങരപ്പടി വടകോട്‌ മുണ്ടക്കല്‍ നിയാസ്‌ (മസ്‌താന്‍ നിയാസ്‌ 28), എടത്തല മണലിമുക്ക്‌ പാറയില്‍ മനോജ്‌ (മനു 21), എടത്തല മാളിയംപടി കൊല്ലാറ അനീഷ്‌ (28), പട്ടിമറ്റം പഴന്തോട്ടം കുറുപ്പശേരി കെ.വി. ബിനീഷ്‌ (32), ഇയാളുടെയൊപ്പം താമസിച്ചിരുന്ന ഫോര്‍ട്ടുകൊച്ചി സ്വദേശിനി ജാസ്‌മിന്‍ (35) എന്നിവരെയാണു കളമശേരി പൊലീസ്‌ പിടികൂടിയത്‌.
പ്രതികള്‍ക്ക്‌ ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയതിനും കവര്‍ച്ച ചെയ്‌ത മുതലുകള്‍ വില്‍പ്പന നടത്താന്‍ സഹായിച്ചതിനുമാണു ബിനീഷിനെയും ജാസ്‌മിനെയും അറസ്റ്റ്‌ ചെയ്‌തത്‌. ശനിയാഴ്‌ച്ച രാവിലെ ഒമ്പതോടെയാണു നഗരത്തെ ഞെട്ടിച്ച സംഭവം. അഞ്ചുവര്‍ഷമായി കൂനംതൈ എകെജി റോഡില്‍ താമസിക്കുന്ന തമിഴ്‌നാട്‌ തിരുപ്പൂര്‍ ധാരാപുരം സ്വദേശിനി 37കാരിയാണ്‌ ക്രൂരതയ്‌ക്കിരയായത്‌. ഇടപ്പള്ളി ടോളില്‍ നില്‍ക്കവെ ഒട്ടൊറിക്ഷയിലെത്തിയ അതുലും അനീഷും പുല്ലുവെട്ടുന്ന ജോലി നല്‍കാമെന്നു പറഞ്ഞാണു യുവതിയെ സമീപിച്ചത്‌.
ഒറ്റയ്‌ക്കു വരില്ലെന്നും കൂടെയുള്ള സ്‌ത്രീയെക്കൂടി ജോലിക്കായി വിളിക്കണമെന്നും യുവതി ആവശ്യപ്പെട്ടു. തുടര്‍ന്ന്‌ ഇരുവരെയും കയറ്റി ഉണിച്ചിറ ഭാഗത്തേക്കു നീങ്ങിയപ്പോള്‍ മനോജും നിയാസും കൂടി ഓട്ടൊറിക്ഷയില്‍ കയറി. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയെങ്കിലും പണം കൂടുതല്‍ നല്‍കാമെന്ന വാഗ്‌ദാനത്തില്‍ സ്‌ത്രീകള്‍ കൂടെ പോവുകയായിരുന്നു. കളമശേരി മെഡിക്കല്‍ കോളെജിനടുത്തു സൈബര്‍ സിറ്റിയുടെ വിജനമായ സ്ഥലത്തെത്തിച്ചു ജോലി തുടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
യുവാക്കളുടെ അസാധാരണ പെരുമാറ്റത്തില്‍ സംശയം തോന്നിയ സ്‌ത്രീകള്‍ തിരികെ പോകാന്‍ തുടങ്ങിയപ്പോള്‍ ഇവരിലൊരാളെ തള്ളി താഴെയിട്ട നാലംഗ സംഘം മാറി മാറി പീഡിപ്പിക്കുകയായിരുന്നു. സ്‌ത്രീകള്‍ ബഹളം വച്ചെങ്കിലും വിജന പ്രദേശമായതിനാല്‍ ആരും കേട്ടില്ല.
പീഡനത്തിനുശേഷം യുവതിയുടെ നഗ്‌നചിത്രം മൊബൈലില്‍ എടുക്കുകയും സംഭവം മാധ്യമപ്രവര്‍ത്തകരോടോ പൊലിസിനോടോ അറിയിച്ചാല്‍ ഇന്‍റര്‍നെറ്റ്‌ വഴി ഫോട്ടൊ പ്രദര്‍ശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തു. അവശയായ യുവതിയുടെ സ്വര്‍ണമാലയും കമ്മലും മോതിരവും ഊരിയെടുത്ത ശേഷം സംഘം ഓട്ടോയില്‍ കടന്നുകളഞ്ഞു.
രക്ഷപെട്ട സ്‌ത്രീകള്‍ റോഡിലെത്തി അതുവഴി വന്ന ഓട്ടൊയില്‍ കയറി കൂനംതൈയിലെ വീട്ടിലെത്തുകയും ഭര്‍ത്താവിനെ വിവരമറിയിക്കുകയും ചെയ്‌തു. തുടര്‍ന്നു ഭര്‍ത്താവും സുഹൃത്തും യുവതിയെ കൊച്ചി മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണു പ്രതികളെ പിടികൂടാനായത്‌. പ്രതി മനോജിനെ ഒരാഴ്‌ച മുമ്പ്‌ എന്‍എഡിയില്‍ നിന്നും കഞ്ചാവ്‌ വിറ്റതിന്‌ പിടികൂടിയിരുന്നു. ഇയാള്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിരുന്നു. സുഹൃത്ത്‌ അതുലിന്‍റേതായിരുന്നു വാഹനം. പരാതിയില്‍ പറയുന്ന അടയാളങ്ങളുമായി അതുലിന്‍റെ സാദൃശ്യം തിരിച്ചറിഞ്ഞ പൊലീസ്‌ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ്‌ ഇവരെ പിടികൂടിയത്‌. സംഭവത്തിന്‌ ശേഷം ഓട്ടോയില്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ, കോലഞ്ചേരി, പട്ടിമറ്റം ഭാഗങ്ങളില്‍ കറങ്ങിയ ഇവരെ മഴുവന്നൂരില്‍ നിന്നാണ്‌ പിടികൂടുന്നത്‌.
കലൂര്‍ കതൃക്കടവ്‌ റോഡില്‍ സ്വകാര്യസ്ഥാപനത്തിലെ ഫിസിയോതെറാപ്പിസ്റ്റാറ്റാണ്‌ അതുല്‍. നിയാസ്‌, അനീഷ്‌ എന്നിവര്‍ക്കെതെിരേ നിരവധി കേസുകളുണ്ട്‌. പൊന്‍കുന്നത്ത്‌ വൃദ്ധരെ കെട്ടിയിട്ട്‌ കവര്‍ച്ച ചെയ്‌ത കേസിലെ 11ാം പ്രതിയാണ്‌ ബിനീഷ്‌. ജാസ്‌മിന്‍ വിവാഹം കഴിക്കാതെ തന്നെ ബിനീഷിനൊപ്പം താമസിക്കുകയാണ്‌. സിറ്റി പൊലീസ്‌ കമ്മീഷണര്‍ കെ.ജി. ജെയിംസ്‌, ഡിസിപി ടി. നാരായണന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ തൃക്കാക്കര പൊലീസ്‌ അസിസ്റ്റന്‍റ്‌ കമ്മീഷണര്‍ ബിജോ അലക്‌സാണ്ടര്‍, കളമശേരി സിഐ സി ജെ മാര്‍ട്ടിന്‍, എസ്‌ഐ എസ്‌. വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്ന്‌ പൊലീസ്‌ സംഘത്തിന്‍റെ അന്വേഷണത്തിലാണ്‌ പ്രതികള്‍ പിടിയിലാകുന്നത്‌. സീനിയര്‍ സിപിഒമാരായ ഇബ്രാഹിം ഷുക്കൂര്‍, ആന്‍റണി സെബാസ്റ്റ്യന്‍, സിപിഒമാരായ ബിജു, ബിജു വിന്‍സെന്‍റ്‌, അബ്ദുള്‍ സമദ്‌, സവിന്‍, പ്രഷീല എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ