2015, ഫെബ്രുവരി 18, ബുധനാഴ്‌ച

ഗസല്‍ മധുരവുമായി ഉമ്പായി ആര്‍ട്‌സ്‌ ആന്‍ഡ്‌ മെഡിസിനില്‍


കൊച്ചി: മധുരഗാനങ്ങളുടെ മഴപൊഴിച്ച്‌ മലയാളത്തിന്റെ പ്രിയഗസലുകാരനെത്തിയപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക്‌ മറക്കാനാകാത്ത മറ്റൊരു സംഗീതസാന്ത്വനം കൂടി ലഭിച്ചു. കൊച്ചി മുസിരിസ്‌ ബിനാലെയുടെ പ്രതിവാര ആര്‍ട്‌സ്‌ ആന്‍ഡ്‌ മെഡിസിന്‍ പരിപാടിയിലൂടെയാണ്‌ ഗസല്‍ സംഗീതത്തിലെ മലയാള ശബ്ദം ഉമ്പായി രോഗികള്‍ക്ക്‌ സാന്ത്വനം പകരാനെത്തിയത്‌. 

വേദനയകറ്റുന്ന സംഗീതാനുഭവമെന്നതിലുപരി ഗസല്‍ഗാനശാഖയ്‌ക്ക്‌ ഉമ്പായി നല്‍കിയ സംഭാവനയെന്തെന്ന്‌ ഓര്‍മ്മിപ്പിക്കുന്നതു കൂടിയായിരുന്നു ആശുപത്രി പരിസരത്ത്‌ ഒഴുകിനടന്ന ഗാനങ്ങള്‍. ജഗ്‌ജീത്‌ സിങ്‌, ഉസ്‌താദ്‌ ഗുലാം അലി, മെഹ്‌ദി ഹസന്‍ തുടങ്ങിയ ഇതിഹാസഗായകരുടെ പാട്ടുകള്‍ ഉമ്പായി തനതു ശൈലിയില്‍ ആലപിച്ചപ്പോള്‍ ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ ഗീതകങ്ങളെന്നു പുകഴ്‌പെറ്റ ഗസലുകള്‍ രോഗികളും കൂട്ടിരിപ്പുകാരും തിങ്ങി നിറഞ്ഞ സദസ്സില്‍ ആശ്വാസഗീതങ്ങളായി.

എംഎസ്‌ ബാബുരാജിന്റെ 'ഒരു പുഷ്‌പം മാത്രമെന്‍', 'താമസമെന്തേ വരുവാന്‍' തുടങ്ങിയ ഗാനങ്ങള്‍ സംഗീത സമ്പന്നമായ ഭൂതകാലത്തിന്റെ സ്‌മരണയുണര്‍ത്തി. മെഹ്‌ബൂബിന്റെ 'ചെറുപ്പത്തില്‍ നമ്മളന്ന്‌', 'അന്നൊരു രാവില്‍' എന്നീ മലയാളം ഗസലുകളും ശ്രോതാക്കള്‍ കരഘോഷത്തോടെയാണ്‌ വരവേറ്റത്‌. 

അറിഞ്ഞോ അറിയാതെയോ സംഗീതം എല്ലാ മനുഷ്യരുടേയും അവിഭാജ്യ ഘടകമാകുന്നുവെന്ന്‌ ഉമ്പായി പറഞ്ഞു. ആത്മാവിനും ശരീരത്തിനും ഒരുപോലെ സുഖം പകരാന്‍ സംഗീതത്തിനാകുമെന്ന ചരിത്രാതീതകാലം മുതല്‍ക്കുതന്നെ മനുഷ്യനറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഹബൂബ്‌ മെമ്മോറിയല്‍ ഓര്‍ക്കസ്‌ട്രയുടെ സഹായത്തോടെയാണ്‌ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ആര്‍ട്‌സ്‌ ആന്‍ഡ്‌ മെഡിസിന്‍ പരിപാടി സംഘടിപ്പിക്കുന്നത്‌. സംഗീത സംവിധായകന്‍ ബേണി, പെര്‍കഷനിസ്റ്റ്‌ ജോര്‍ജ്ജ്‌ കുട്ടി, തബലിസ്റ്റ്‌ ജീതു ഉമ്മന്‍ തോമസ്‌ എന്നിവര്‍ക്കൊപ്പം ഉമ്പായിയുടെ മകനായ ഗിറ്റാറിസ്റ്റ്‌ സമീറും പരിപാടിയില്‍ പങ്കെടുത്തു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ