2015, ഫെബ്രുവരി 19, വ്യാഴാഴ്‌ച

ജേക്കബ്‌ ഗ്രൂപ്പില്‍ നിന്നും രാജി


കൊച്ചി: കേരള കോണ്‍ഗ്രസ്‌ ജേക്കബ്‌ ഗ്രൂപ്പ്‌ ഹൈപവര്‍ കമ്മിറ്റിയംഗവും ലോയേഴ്‌സ്‌ ഫ്രണ്ട്‌ (ജേക്കബ്‌) സംസ്ഥാന പ്രസിഡന്റും ബാര്‍ കൗണ്‍സില്‍ ട്രഷററുമായ അഡ്വ. മത്തായി വര്‍ക്കി മുതിരേന്തിയും സഹപ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ്‌ (ജേക്കബ്‌) ഗ്രൂപ്പില്‍ നിന്നും രാജിവച്ച്‌ കേരള കോണ്‍ഗ്രസ്‌ നാഷണലിസ്റ്റില്‍ ചേര്‍ന്നതായി അഡ്വ. മത്തായി വര്‍ക്കി മുതിരേന്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജേക്കബ്‌ ഗൂപ്പിന്റെ അഴിമതിയിലും കുടുംബാധിപത്യത്തിലും പ്രതിഷേധിച്ചാണ്‌ രാജി വെച്ചതെന്നും അദ്ദേഹം.
നാളെ വൈകിട്ട്‌ വൈറ്റില ജംക്‌ഷനില്‍ നടക്കുന്ന കേരള കോണ്‍ഗ്രസ്‌ നാഷണലിസ്റ്റിന്റെ സംസ്ഥാനതല മെമ്പര്‍ഷിപ്പ്‌ വിതരണോദ്‌ഘാടന സമ്മേളനത്തില്‍ അഡ്വ. മത്തായി വര്‍ക്കി മുതിരേന്തി ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ മെമ്പര്‍ഷിപ്പ്‌ നല്‍കുമെന്ന്‌ കേരളാ കോണ്‍ഗ്രസ്‌ നാഷണലിസ്റ്റ്‌ ചെയര്‍മാന്‍ അഡ്വ. നോബിള്‍ മാത്യു പറഞ്ഞു. സമ്മേളനത്തില്‍ ബിജെപി നേതാക്കളും എന്‍ഡിഎ ഘടകക്ഷി നേതാക്കളും പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ നാഷണലിസ്റ്റ്‌ വര്‍ക്കിങ്‌ ചെയര്‍മാന്‍ പി.ടി. എബ്രഹാം, സെക്രട്ടറി ജനറല്‍ കുരുവിള മാത്യു, എ.എ.വി. കെന്നഡി എന്നിവര്‍ പങ്കെടുത്തു. 



നവീകരിച്ച മന്ദിരോദ്‌ഘാടനം നാളെ

കൊച്ചി: കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ എറണാകുളം ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ട്രെയിനിങ്‌ ആന്‍ഡ്‌ മാനേജ്‌മെന്റിന്റെ (ഐടിഎം) നവീകരിച്ച മന്ദിരോദ്‌ഘാടനം നാളെ നടക്കും. വൈകിട്ട്‌ 4 മണിക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം നിര്‍വഹിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിക്കും. 
യോഗത്തില്‍ മന്ത്രിമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്‌, കെ. ബാബു, അനൂപ്‌ ജേക്കബ്ബ്‌, എംപിമാരായ പി. രാജീവ്‌, കെ.വി. തോമസ്‌, എംഎല്‍എമാരായ ഹൈബി ഈഡന്‍, കെ. ശിവദാസന്‍ നായര്‍, ബെന്നി ബഹ്നാന്‍, എസ്‌. ശര്‍മ, ഡൊമിനിക്‌ പ്രസന്റേഷന്‍, വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത്‌, ലൂഡി ലൂയിസ്‌, ജോസഫ്‌ വാഴയ്‌ക്കന്‍, റ്റി.യു. കുരുവിള, വി.പി. സജീന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുമെന്നും പറഞ്ഞു. സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെയും മറ്റു കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെയും പ്രവര്‍ത്തനമികവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക എന്നതാണ്‌ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്നും അവര്‍. സംസ്ഥാന ബാങ്കിലെയും പ്രാഥമിക കാര്‍ഷിക ഗ്രാമവികസന ബാങ്കുകളിലെയും ഉദ്ദ്യോഗസ്ഥര്‍, മറ്റുജീവനക്കാര്‍, ഭരണസമിതിയംഗനത്തില്‍ ബാങ്ക്‌ ഡയറക്‌റ്റര്‍മാരായ കെ.കെ. ജിന്നാസ്‌, എ. മുഹമ്മദ്‌ ബഷീര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സിന്ധു ആര്‍. നായര്‍, വിജയന്‍ ബി. നായര്‍ എന്നിവരും പങ്കെടുത്തു.



അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മത്സരം
കൊച്ചി: റോട്ടറി ക്ലബ്‌ ഓഫ്‌ കൊച്ചിന്‍ മെട്രോപോളിസിന്റെ നേതൃത്വത്തില്‍ ഇന്നും നാളെയുമായി അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മത്സരം `സ്‌ക്രിപ്‌്‌റ്റ്‌ 2015' സംഘടിപ്പിക്കുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേള}ത്തില്‍ അറിയിച്ചു. രാവിലെ 8.30 മുതല്‍ വൈകിട്ട്‌ 5 മണിവരെ എംജി റോഡിലെ ഇംപീരിയല്‍ ട്രേഡ്‌ സെന്ററില്‍ ഇന്‍സിഗ്നിയ ഹാളിലാണ്‌ പ്രദര്‍ശനം. 30 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങളാണ്‌ മത്സരത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്‌. അഞ്ച്‌ ഇനങ്ങളിലായി 52 ഹൃസ്വ ചിത്രങ്ങള്‍പ്രദര്‍ശിപ്പിക്കും. 
സ്‌പെയില്‍,ഇറാഖ്‌ എന്നിവിടങ്ങളില്‍ നിന്നുള്ള ഹ്രസ്വചിത്രങ്ങള്‍ മേളയിലെ ആകര്‍ഷണങ്ങളാണ്‌. ഗൗരി വാരുദിയുടെ തോഫ, ഉണ്ണിക്കന്‍ സംവിധാനം ചെയ്‌ത പ്രധാന വാര്‍ത്തകള്‍ ഒരിക്കല്‍ കൂടി, നടന്‍ ജയസൂര്യയുടെ അഭിനയം, ആന്റണി സോണി സംവിധാനം ചെയ്‌ത മൂന്നാമിടം, ലിജിന്‍ ജോസിന്റെ അണ്‍ഫ്രണ്ട്‌ എന്നിവ പ്രദര്‍ശിപ്പിക്കും. കൂടാതെ ടിഐഎസ്‌എസ്‌ മുംബൈ, എന്‍ഐഡി, അമൃത, നിയോ മീഡിയ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്‌. ഒന്നാമതെത്തുന്ന ചിത്രത്തിന്‌ ഗോള്‍ഡന്‍ ഹാലോ പുരസ്‌കാരവും 25,000 രൂപയും നല്‍കും. രണ്ടാം സമ്മാനം 15,000 രൂപയാണെന്നും പറഞ്ഞു. കൂടാതെ പ്രത്യേക ജൂറി അവാര്‍ഡുകളും നല്‍കും. നടി ഗൗതമിയുടെ നേതൃത്വത്തിലുള്ള ജൂറിയില്‍ സംവിധായകന്‍ സഞ്‌ജീവ്‌ ശിവന്‍, ഷിബു ചക്രവര്‍ത്തി, ജബ്ബാര്‍ കല്ലറയ്‌ക്കല്‍ എന്നിവരുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ