കൊച്ചി: വ്യക്തിബന്ധങ്ങളിലെ സൂക്ഷ്‌മഭാവങ്ങളെ അനാവരണം ചെയ്യുന്നതിലെ സവിശേഷ ചാതുര്യം ക്ലാസ്സിക് കൃതികളുടെ മുഖമുദ്രയാണെന്ന് സാഹിത്യകാരന്‍ ഡോ.എസ്.കെ.വസന്തന്‍. മനുഷ്യസ്‌നേഹത്തിന്റെ ഇതിഹാസമായി ഇത്തരം കൃതികള്‍ ചരിത്രത്തില്‍ ഇടംനേടുന്നത് സ്വാഭാവിക പരിണാമമാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ജി.ഓഡിറ്റോറിയത്തില്‍ സമസ്‌തകേരള സാഹിത്യപരിഷത്തിന്റെ ക്ലാസിക് ഭാവനയുടെ കൊടുമുടികള്‍ പ്രതിമാസ പരമ്പരയില്‍ റൊമയിന്‍ റോളണ്ടിന്റെ ജീന്‍ ക്രിസ്റ്റോഫ് എന്ന ഫ്രഞ്ച് കൃതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീതം വിശുദ്ധിയുടെ ഭാഷയാണെന്ന് ക്രിസ്റ്റോഫ് എന്ന കഥാപാത്രത്തിലൂടെ ഉരുത്തിരിയുന്ന പ്രമേയത്തിലൂടെ റോളണ്ട് സ്ഥാപിക്കുന്നു. വിശ്വസിക്കാവുന്ന സുഹൃത്ത് സംഗീതം മാത്രമാണെന്നും ജനങ്ങളില്‍ നിന്ന് അകലുന്ന കലയ്‌ക്ക് നിലനില്‍പ്പില്ലെന്നുമുള്ള അദ്ദേഹത്തിന്റെ താത്വിക വിചാരം ഈ നോവലിനെ കാലാതിവര്‍ത്തിയാക്കുന്നതായി ജീന്‍ ക്രിസ്റ്റോഫിന്റെ മലയാള പരിഭാഷകന്‍ കൂടിയായ പ്രഭാഷകന്‍ പ്രസ്‌താവിച്ചു.
എല്ലാ കാലത്തും സമകാലീനമായിരിക്കാന്‍ കഴിയുന്നതാണ് ക്ലാസ്സിക്. ആവിഷ്‌ക്കരണ കൗശലം കൊണ്ടും മനുഷ്യന്റെ വൈകാരിക ലോകത്തില്‍ പ്രസക്തമായ കൃതിയാണ് ജീന്‍ ക്രിസ്റ്റോഫ് എന്ന് സമസ്‌ത കേരള സാഹിത്യപരിഷത്ത് വൈസ് പ്രസിഡന്റ് പ്രൊഫ.എം.തോമസ് മാത്യു അധ്യക്ഷപ്രസംഗത്തില്‍ സൂചിപ്പിച്ചു.
ചടങ്ങില്‍ ഡോ.ടി.എന്‍.വിശ്വംഭരന്‍ സ്വാഗതവും പി.യു.അമീര്‍ കൃതജ്ഞതയും പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ